UPDATES

വീടും പറമ്പും

ഷവര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് വലിയൊരു തെറ്റാണ്

ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം

ബാത്ത്‌റൂം ഫിറ്റിംഗ്‌സില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഷവറിങ്ങ് ടാപ്പ്. ഷവറിന് കീഴെ നിന്ന് ഒരു കുളി കഴിഞ്ഞാല്‍ അത്യാവശ്യം ചൂടും ക്ഷീണവുമൊക്കെ പറപറക്കും. എന്നാല്‍ വേനല്‍ കനക്കുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന ഈ സമയത്ത് ഷവര്‍ ഒരു വില്ലന്‍ കഥാപാത്രമായി മാറുകയാണ്.

മിക്കവാറും ഷവറിലെ കുളി കഴിഞ്ഞാല്‍ പലരും അത് മുറുക്കി അടക്കാന്‍ ശ്രദ്ധിക്കാറില്ലെന്നതാണ് . പല വീടുകളിലും ദിവസം മുഴുവന്‍ അതില്‍ നിന്നും വെള്ളം ഇറ്റിക്കൊണ്ടിരിക്കും. പത്ത് തുള്ളി ഒരു മിനിറ്റില്‍ എന്ന വണ്ണം വെള്ളം ചോര്‍ന്നാല്‍ തന്നെ ഒരു ദിവസം ഏതാണ്ട് ഏഴര ലിറ്റര്‍ വെള്ളമാണ് പാഴായി പോകുക. ആവശ്യത്തിന് മഴയും ഭൂഗര്‍ഭ ജലവും ലഭിച്ചു കൊണ്ടിരുന്ന നമുക്കത് നിസ്സാര കാര്യമാകും. എന്നാല്‍ ലോകം കഠിനമായ ജലക്ഷാമത്തെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്രയും വെള്ളത്തിന് വലിയ വിലയുണ്ട്. ഈ ഷവര്‍ ഒരു വര്‍ഷം മുഴുവന്‍ ഇത് തുടര്‍ന്നാല്‍ 3785 ലിറ്റര്‍ വെള്ളമാണ് വെറുതേ ഒഴുകിപ്പോകുന്നത്.

അത്രയും ശുദ്ധജലം പുറത്ത് നിന്ന് വാങ്ങുകയാണെങ്കില്‍ ആയിരങ്ങള്‍ മുടക്കേണ്ടി വരുന്നത്ര രൂക്ഷമായ മലീനീകരണവും വരള്‍ച്ചയുമാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഒരു ലിറ്റര്‍ കുപ്പിയിലടച്ച കുടിവെള്ളത്തിന്റെ കുറഞ്ഞ വില ഇരുപത് രൂപയാണ്.

കുളിമുറിയില്‍ നിന്ന് പാഴാക്കി കളയുന്ന ഈ ജലം ചെന്നെത്തുന്നത് അഴുക്കു വെള്ളം പോകുന്ന ചാലിലേക്കാകും. അങ്ങനെ മണ്ണിലേക്ക് നേരിട്ട് ഇറങ്ങി ഭൂഗര്‍ഭ ജലശേഖരത്തിലെത്താന്‍ പോലുമാകാതെയാണ് ശുദ്ധജലം പാഴാകുന്നത്. ഈ അഴുക്കു ചാലിലേക്ക് കൂടുതല്‍ അളവ് വെള്ളം എത്തുന്നതും പരിസ്ഥിതിക്ക് മാത്രമല്ല പോക്കറ്റിനും ഭീഷണിയാണ്. വെള്ളം ഒഴുകി പോകാന്‍ പറമ്പില്ലാത്ത ഭൂരിഭാഗം വീട്ടുകാരും ഈ ഡ്രെയിനേജ് വൃത്തിയാക്കാനും തടസമില്ലാതെ പോകാനും പുറത്തുള്ളവരെയാണ് ആശ്രയിക്കുന്നത്. എത്രയും കുറവ് വെള്ളം അവിടെ എത്തുന്നോ അത്രയും കുറവ് പണി അതിനായി എടുത്താല്‍ മതി.

ഇതിനൊക്കെ പുറമേ ആലോചിച്ച് നോക്കൂ. ഒരു വീട്ടിലെ ഒരു ബാത്തറൂമിലല്ല ഈ വെള്ളമിറ്റുന്ന ഷവറുകള്‍ ഉള്ളത്. ഒരു കുടുംബത്തില്‍ കുറഞ്ഞത് രണ്ട് കുളിമുറികള്‍, അത് പോലെ അയല്‍ക്കാര്‍ക്കും. എത്ര ടണ്‍ വെള്ളമാണ് പാഴാകുന്നത്. ഒരാള്‍ക്ക് ഒറ്റക്ക് ഇതൊന്നും പരിഹരിക്കാനാകില്ല. എന്നാല്‍ ചെയ്യാനാകുന്ന ഒന്നുണ്ട്.

ഷവര്‍ മുറുക്കിയടയ്ക്കുക. അടച്ചാലും വെള്ളം ഇറ്റുന്നുണ്ടെങ്കില്‍ എത്രയും വേഗം പ്ലംബറെ വിളിച്ച് ആ ചോര്‍ച്ച പരിഹരിക്കുക. ഒപ്പം ഷവര്‍ തിരഞ്ഞെടുക്കുക്കുമ്പോള്‍ ചെറിയ അളവില്‍ വെള്ളം വരുന്നത് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. ഏറെ വെള്ളം ഊക്കോടെ വരുന്നവയേക്കാള്‍ സുഖകരമായ കുളിയും അവയ്ക്ക് നല്‍കാനാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍