UPDATES

ട്രെന്‍ഡിങ്ങ്

പോകും പോകും എന്നു പറഞ്ഞിട്ട് എങ്ങോട്ടു പോകാന്‍? ബിഡിജെഎസ് ലാഭമില്ലാത്ത ബിസിനസായല്ലോ തുഷാറേ…

ഒരിക്കല്‍ കൂടി ഒരു മുന്നറിയിപ്പ് കൊടുത്തിട്ട്, ഇത്തവണ കൂടി ക്ഷമിക്കാനാകും വെള്ളാപ്പള്ളി നടേശന്റെ മകന്റെ തീരുമാനം

ചേര്‍ത്തലയില്‍ ചാരങ്കാട്ട് കുഞ്ഞിക്കുട്ടന്‍ മുതലാളി എന്നൊരാള്‍ ഉണ്ടായിരുന്നു. വലിയ ഈഴവ പ്രമാണി. കുഞ്ഞിക്കുട്ടന്‍ മുതലാളിയുടെ തിരുവായ്ക്ക് എതിര്‍വാക്കില്ലായിരുന്നു. എതിരാളികളോടും ഒട്ടും ക്ഷമിക്കാത്ത വ്യക്തി. ഒരു ദിവസം കുഞ്ഞിക്കുട്ടന്‍ മുതലാളിക്ക് ഒരു എതിരാളി ഉണ്ടായി. ആദ്യമായിട്ടല്ലാ തന്നെ എതിരിടാന്‍ ആളു നില്‍ക്കുന്നതെങ്കിലും ഇത്തവണത്തെ ശത്രു നിസ്സാരക്കാരനല്ലെന്നു മുതലാളിക്ക് തോന്നി. അടിവേരു തന്നെ വെട്ടി ശത്രുവിനെ ഇല്ലാതാക്കാന്‍ നോക്കിയെങ്കിലും, വിജയിച്ചില്ല. അതോടെ മുതലാളിയുടെ ശനിദശയും തുടങ്ങി. എതിരാളി ഇറക്കിയ ഒരു തുറുപ്പുഗുലാനില്‍ കുഞ്ഞിക്കുട്ടന്‍ മുതലാളിയുടെ അടിതെറ്റി..പിന്നെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല…അതോടെ കുഞ്ഞിക്കുട്ടന്‍ മുതലാളി യുഗം അവസാനിക്കുകയും മറ്റൊരു മുതലാളി ഉദയം ചെയ്യുകയും ചെയ്തു.

കാലം പിന്നെയുമുരുണ്ടപ്പോള്‍, കോണ്‍ഗ്രസുകാരുടെ കൈയില്‍ നിന്നും ശ്രീനാരയണ പ്രസ്ഥാനത്തെ പിടിച്ചെടുക്കാന്‍ പുതിയ മുതലാളിയെ ചില വിപ്ലവനേതാക്കള്‍ തുരുപ്പ് ചീട്ടാക്കി ഇറക്കി…മുതലാളിയാകട്ടെ എല്ലാവരുടെയും ചീട്ടുകീറി…തന്റെ മുതലാളിത്വം അരക്കിട്ട് ഉറപ്പിച്ചു. കൊങ്കണ്‍ പാതയിലൂടെ കൂകി പായുന്നൊരു തീവണ്ടി കണക്കെ മുതലാളി മുന്നോട്ടങ്ങനെ പോയി…

ഈ കഥയൊക്കെ അറിയാവുന്ന ചേര്‍ത്തലക്കാര്‍ക്കിടയിലാണ് ഭാരതീയ ധര്‍മ ജന സേന എന്ന പാര്‍ട്ടിക്കാര്‍ വരുന്ന ബുധനാഴ്ച ഒരു അടിയന്തര യോഗം കൂടുന്നത്. വിഷയം ഇനിയും നാണംകെട്ട് ബിജെപിയുടെ വാല്യക്കാരായി കഴിയണോ, അതോ ഒഴിമുറി വാങ്ങി പോണോ എന്നതാണ്? പോകുന്നതാണ് അഭിമാനം അല്‍പ്പമെങ്കിലും മിച്ചം വയ്ക്കാന്‍ നല്ലതെങ്കിലും അമ്മാത്ത് നിന്ന് ഇറങ്ങിയിട്ട് പിന്നെ എങ്ങോട്ട് പോകും എന്നൊരു ഒന്നൊന്നര ചോദ്യം ബാക്കിയുണ്ട്. അതിനൊരുത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത്തവണയും ബിജെപിയോട് ക്ഷമിക്കുക തന്നെ…അടുത്തവട്ടം ഉറപ്പായും തേങ്ങ ഉടച്ചാല്‍ മതി.

ആദ്യം പറഞ്ഞ മുതലാളിയെ പോല അല്ല എല്ലാ ചേര്‍ത്തലക്കാരും. എന്റെ അച്ഛന്‍ ആനപ്പുറത്ത് ഇരുന്നിട്ടുണ്ടെന്നും അതുകൊണ്ട് സ്‌പെഷ്യല്‍ റെക്കമെന്‍ഡേഷന്‍ വഴി ആ തഴമ്പ് എന്റെ ആസനത്തിലും ഉണ്ടെന്നു വീമ്പളിക്കുന്ന മക്കള്‍ക്ക് പഴേപോലെ ഡിമാന്‍ഡ് ഒന്നും ഇപ്പോള്‍ ഇല്ല… അല്ലെങ്കിലും രാഷ്ട്രീയം സനാതന ധര്‍മം പുലര്‍ത്താന്‍ വേണ്ടിയല്ലല്ലോ. ലോക്‌സഭ, രാജ്യസഭ എംപി ആവുക എന്നൊക്കെ പറഞ്ഞാല്‍ എസ് എന്‍ ട്രസ്റ്റ് പ്രസിഡന്റ് ആകുന്നപോലെ നിസ്സാരമാണോ? ഇവിടെയാകുമ്പോള്‍ ട്രഷറര്‍ ആക്കാനും പ്രസിഡന്റ് ആക്കാനും, ഇപ്പോഴത്തെ ആളു കട്ടിലൊഴിയുമ്പോള്‍ യോഗം ജനറല്‍ സെക്രട്ടറിയാകാനുമൊന്നും ആരുടെയും അനുവാദവും ഔദാര്യവുമൊന്നും വേണ്ട..പക്ഷേ, ലോക്‌സഭ എംപി ആകുന്നതിനൊക്കെ അത്തരം ചില അനുവാദങ്ങളും മറ്റും വേണം.

മോദിയോ ഷായോ അര്‍ദ്ധമനസ് വച്ചാല്‍ തന്നെ തുഷാര്‍ വെള്ളാപ്പള്ളി പാര്‍ലമെന്റിനകത്ത് കയറും. സുരേഷ് ഗോപി എംപി ആയില്ലേ, അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിയായില്ലേ…അവരൊക്കെ എന്നാ ചെയ്തിട്ടാ? അവരെക്കാളൊക്കെ എത്രയോ മുകളിലാണ് ബിഡിജെസ് നേതാക്കന്മാര്‍. ഒന്നുമില്ലെങ്കിലും കേരളത്തിലെ ഒരു പ്രബലവിഭാഗമായ ഈഴവരുടെ തലതൊട്ടപ്പന്മാരല്ലേ… സുരേഷ് ഗോപിയോ കണ്ണന്താനമോ വിചാരിച്ചാല്‍ ആളെ കുട്ടാന്‍ പറ്റുമോ? പക്ഷേ, തുഷാര്‍ ഒന്നു ഞൊടിച്ചാല്‍ കൂടുന്നത് പതിനായിരങ്ങളാണ്. എന്നിട്ടും വെറുതെ പറഞ്ഞു പറ്റിക്കുന്നു…എംപി സ്ഥാനം പോയിട്ട്, ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പോലും കിട്ടിയില്ല, ആ രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയുടെ കേരളഘടകം നേതാക്കള്‍ക്ക് വരെ സര്‍ക്കാര്‍ കസേരകള്‍ കിട്ടി. അവരെയൊക്കെ ആരെങ്കിലും അറിയുമോ? ദേ..ഏറ്റവും ഒടുവില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി എംപി സ്ഥാനം തരാന്നു പറഞ്ഞതാണ്. അതും ഇല്ല… ഇനിയും എന്തിനാണ് ഇങ്ങനെ അപമാനവും പേറി നടക്കുന്നത്? അതിലൊരു തീരുമാനം എടുക്കാന്‍ തന്നെയാണ് ബുധനാഴ്ച്ച യോഗം കൂടുന്നത്.

വാളെടുത്ത അച്ഛനെ തോക്കെടുത്തു പേടിപ്പിച്ചെന്നു പറഞ്ഞപോലെ, ഞങ്ങള്‍ പോകും പോകും എന്നു പറഞ്ഞു പേടിപ്പിക്കാന്‍ നോക്കിയിട്ട് ഒരൊറ്റ ബിജെപിക്കാരനും ഇതുവരെ പേടിച്ചിട്ടില്ല എന്നോര്‍ക്കുമ്പോഴാണ് സ്വയം പേടിക്കുന്നത്. യുഡിഎഫിലേക്ക് പോകാന്നു വച്ചാല്‍, അവിടെ വേക്കന്‍സി ഉണ്ടെങ്കില്‍ പോലും മാനേജ്‌മെന്റിനു വല്യ താത്പര്യം ഇല്ല. അവിടുത്തെ മേജര്‍ ഷെയര്‍ ഹോള്‍ഡേഴ്‌സ് പ്രശ്‌നം ഉണ്ടാക്കും. ഇനി, എല്‍ഡിഎഫിലേക്കാണെങ്കിലും അവിടെയും വല്യ പ്രതീക്ഷയില്ല…മറ്റു ചില അഡ്മിഷന്റെ പേരില്‍ അവിടെ ഇപ്പോള്‍ തന്നെ അടിനടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ ചില കാരണവന്മാര്‍ക്ക് പഴയ വൈരാഗ്യവും മനസിലുണ്ട്.

ഈ അച്ഛനും മോനും അറിയുന്നുണ്ടോ കുമ്മനംജിയുടെ സങ്കടങ്ങള്‍?

സത്യം പറഞ്ഞാല്‍ ബിഡിജെഎസ് ഇപ്പോള്‍ ത്രിശങ്കുവില്‍ ആണ്. ഇനി സമദൂര തന്ത്രം പയറ്റിയാലോ എന്നുവരെ ചിന്ത പോയി. പക്ഷേ ബിഡിജെഎസ് സമുദായസംഘടനയല്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ചിലര്‍ മനസിലാക്കി കൊടുക്കുകയായിരുന്നു. സമുദായസംഘടനയ്ക്ക് സമദൂരമാണ് അഭികാമ്യം. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും എല്ലാം ഒരേ ദൂരം. പക്ഷേ, ബിഡിജെഎസ് എല്ലാ പാര്‍ട്ടിയേയും ഒരുപോലെ പിന്തുണയ്ക്കാന്‍ പറ്റുമോ? ഇതു നേരത്തെ തിരിച്ചറിഞ്ഞ ഒരാളാണ് സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളി ബിഡിജെഎസിന്റെ ഒരൗദ്യോഗിക സ്ഥാനവും ഏറ്റെടുക്കാതെ എസ്എന്‍ഡിപിയുമായി മാത്രം മാറി നിന്നത് അദ്ദേഹത്തിന്റെ തന്ത്രം. കാരണം, സമുദായനേതാവ് എ്ന്ന നിലയില്‍ ഏല്ലാ പാര്‍ട്ടികളോടും സര്‍ക്കാരുകളോടും അടുപ്പം വേണം. രാഷ്ട്രീയക്കാരനായാല്‍ ആ അടുപ്പം പുലര്‍ത്താന്‍ പറ്റില്ല. അച്ഛന്റെ ആ തന്ത്രം മകന് ഉപയോഗിക്കാന്‍ പറ്റില്ല. അതെന്നല്ല, ഒരു തന്ത്രവും അറിയാവുന്ന മകനല്ല, തുഷാര്‍ എന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞതുമാണ്.

അപ്പോള്‍ വെള്ളാപ്പള്ളിക്ക് കാര്യം മനസിലായിക്കാണുമെല്ലോ അല്ലേ?

അതു കൂടുതല്‍ വ്യക്തതയോടെ മനസിലാക്കിയത് ബിജെപിക്കാരാണ്. കാരണം, തുഷാറിനോ ബിഡിജെഎസ്സിനോ, എന്തിന് വെള്ളിപ്പള്ളിക്കു പോലുമോ കാര്യമായ ഒരു ഉപകാരം തങ്ങള്‍ക്ക് ഉണ്ടാക്കുക ബുദ്ധിമുട്ടാണ്. പത്ത് എംഎല്‍എമാരെ ഉണ്ടാക്കി തരാം എന്നൊക്കെയുള്ള അവകാശവാദം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പറഞ്ഞിരുന്നു. പ്രചരണയോഗത്തില്‍ ആളെ കൂട്ടാന്‍ കഴിഞ്ഞു, വോട്ടിലും കുറച്ചു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നൊക്കെ പറയാമെങ്കിലും ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ അതിവടെ സംഭവിക്കുന്ന ഹിന്ദു ധ്രുവീകരണമാണ്. അങ്ങനെ ധ്രുവീകരിച്ച് തങ്ങള്‍ക്ക് അനുകൂലമായി മാറുന്നവരില്‍ ഭൂരിഭാഗവും സവര്‍ണരാണ്. ഇപ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ കേരളത്തെ ഞെട്ടിക്കും എന്നവര്‍ക്ക് പറയാന്‍ കഴിയുന്നതുപോലും ആ സവര്‍ണവോട്ടുകള്‍ വിശ്വസിച്ചാണ്. അതേസമയം ഈഴവര്‍ ജാതിയമായല്ല, രാഷ്ട്രീയമായാണ് ചിന്തിക്കുന്നതെന്ന തിരിച്ചറിവും ബിജെപിക്ക് ഉണ്ട്. പോരാത്തതിന് ബിഡിജെഎസോ, എസ്എന്‍ഡിപിയോ പറഞ്ഞാല്‍ അനുസരിക്കാന്‍ വളരെ ചുരുക്കമേ തയ്യാറാവു എന്നതും സത്യം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് എംപി സ്ഥാനം നല്‍കാമെന്നു പറഞ്ഞു പറ്റിച്ചെന്നു തുഷാര്‍ പറയുമ്പോള്‍, ബിജെപി ചെയ്തത് ബുദ്ധിപരമായ കാര്യമാണ്. കാരണം, ചെങ്ങന്നൂരിലെ സവര്‍ണവോട്ടുകള്‍ അവര്‍ക്ക് വേണം.

‘ത്രികാലജ്ഞാനി’ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പ്രവചനങ്ങള്‍; തുഷാറിന് പോലും സുഖിക്കുന്നില്ല

എന്തായാലും ബിഡിജെഎസ്സിനോട് നിങ്ങള്‍ പോയ്‌ക്കോളാന്‍ ബിജെപി പറയില്ല. അവരായിട്ട് ഇവിടെ ഉണ്ടാക്കിയ പാര്‍ട്ടിയാണ്. തങ്ങളുടെ ഒരു കോര്‍ഡിനേഷന്‍ ഗ്രൂപ്പായി തുഷാരും കൂട്ടരും ഇവിടെ വേണമെന്നു തന്നെയാണ് അവര്‍ക്ക്. വാഗ്ദാനങ്ങള്‍ ഇനിയും നല്‍കാമല്ലോ…വെറും വാഗ്ദാനങ്ങളെ ഉണ്ടാകൂ എന്നറിഞ്ഞാലും തുഷാറും പാര്‍ട്ടിയും പോകില്ലെന്നും അറിയാം. കാരണം, പോകാന്‍ അവര്‍ക്ക് വേറിയിടമില്ല, അങ്ങനെ പോയാല്‍ ആ പാര്‍ട്ടി അകാലചരമം അടയും. പിന്നെ, കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച അവരും മുന്നില്‍ കാണുന്നുണ്ട്. അങ്ങനെയൊരു കാലം വന്നാല്‍, കൂടെ ഉണ്ടെന്നെങ്കിലും പറയാലോ…അതുകൊണ്ടെല്ലാം, ഒരിക്കല്‍ കൂടി ഒരു മുന്നറിയിപ്പ് കൊടുത്തിട്ട്, ഇത്തവണ കൂടി ക്ഷമിക്കാനാകും വെള്ളാപ്പള്ളി നടേശന്റെ മകന്റെ തീരുമാനം.

ടീം കുമ്മനം വിട്ട് വെള്ളാപ്പള്ളി ഇറങ്ങുകയായി സുഹൃത്തുക്കളേ; അടുത്തത് ജാനുവോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍