UPDATES

യാത്ര

ബേക്കലും മട്ടാഞ്ചേരി കൊട്ടാരവും ‘വിറ്റു’; ചരിത്രസ്മാരകങ്ങള്‍ക്ക് വേണ്ടി കേരളത്തിലെങ്കിലും പ്രതിഷേധങ്ങള്‍ നടക്കേണ്ടിയിരിക്കുന്നുവെന്ന് എംജിഎസ്

ബേക്കല്‍ കോട്ട സംരക്ഷിക്കാന്‍ ഡിവൈഎഫ് ഐ പ്രക്ഷോഭം ഇന്ന്

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 95 ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുകയാണ്. സ്മാരകങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും മറ്റും കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്ന ‘പൈതൃകകേന്ദ്രങ്ങള്‍ ഏറ്റെടുക്കല്‍’ പദ്ധതി 2017ലെ ലോക വിനോദസഞ്ചാര ദിനത്തില്‍ ആരംഭിച്ചെങ്കിലും പട്ടിക ചെയ്യപ്പെട്ട പൈതൃക കേന്ദ്രങ്ങള്‍ ഏറ്റെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ എത്തിയതോടെ പദ്ധതി വിവാദമാവുകയായിരുന്നു. നാല് ഘട്ടമായി സ്വകാര്യവല്‍ക്കരിക്കുന്ന പൈതൃക കേന്ദ്രങ്ങളില്‍ ജന്തര്‍മന്തിറും, ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖമായ പൗരാണിക ക്ഷേത്രങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളും പള്ളികളുമെല്ലാം ഉണ്ട്. 95 സ്മാരകങ്ങള്‍ ഏറ്റെടുക്കാന്‍ 31 സ്ഥാപനങ്ങള്‍ രംഗത്തുണ്ട്.

ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയതിന് പിന്നാലെ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും, നടത്തിപ്പ് ചുമതല മാത്രമാണ് കമ്പനികള്‍ക്കുള്ളതെന്നും, യാതൊരു വിധത്തിലും അവര്‍ക്ക് ലാഭമുണ്ടാക്കാന്‍ സാധിക്കില്ലെന്നും, സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം സര്‍ക്കാരിന് തന്നെ ലഭിക്കുമെന്നും, പരസ്യങ്ങളില്‍ സ്മാരകങ്ങള്‍ ഉപയോഗിക്കാമെന്നത് മാത്രമാണ് അവര്‍ക്കുള്ള നേട്ടമെന്നുമാണ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും മെച്ചപ്പെട്ട മേല്‍നോട്ടം ഉറപ്പാക്കാനുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ പാട്ടത്തിന് കൊടുക്കലായി കാണേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് എന്തെങ്കിലും പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്നും മന്ത്രി ന്യായീകരിച്ചു. എന്നാല്‍, കമ്പനികള്‍ സഞ്ചാരികളില്‍നിന്ന് നിരക്കുകള്‍ ഈടാക്കുമോയെന്ന ചോദ്യത്തിന് മന്ത്രിക്കും വ്യക്തതയില്ല.

ടൂറിസം മന്ത്രാലയം മുന്‍കൈയെടുത്തുള്ള പദ്ധതി സാംസ്‌കാരിക മന്ത്രാലയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓരോ പൈതൃകകേന്ദ്രവും തല്‍ക്കാലം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത്. അഞ്ചുവര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ നീട്ടി നല്‍കാവുന്ന തരത്തിലാണ് കരാറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

“തികച്ചും അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാന്‍. ചരിത്ര സ്മാരകങ്ങളും, പൈതൃക കേന്ദ്രങ്ങളും സ്വകാര്യ വ്യക്തികളെ ഏല്‍പിച്ചാല്‍ അവരുടെ കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കിടയില്‍ സ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുകൂടായ്കയില്ല. ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കൃത്യമായി പഠനം നടത്തി എത്തേണ്ട ആളുകളെ നിയമിക്കുന്നതിന് പകരം രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി, അനുഭാവികളേയും, പ്രവര്‍ത്തകരേയും തിരുകി കയറ്റുന്ന പ്രവണത കുറച്ച് കാലമായി തുടരുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുമ്പോഴും, ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മൗനം പാലിക്കുന്നത്. ചരിത്രസ്മാരകങ്ങള്‍ക്ക് വേണ്ടി കേരളത്തിലെങ്കിലും പ്രതിഷേധങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. മുന്നില്‍ നില്‍ക്കാന്‍ തീര്‍ച്ചയായും ഞാനുണ്ടാകും. കൂടെ നില്‍ക്കാന്‍ ആരൊക്കെ വരുമെന്ന് നോക്കട്ടെ.” പ്രമുഖ ചരിത്രകാരനായ എംജിഎസ് നാരായണന്‍ പ്രതികരിച്ചു.

കേരളത്തില്‍ വില്‍പനയ്ക്ക് വെച്ച ചരിത്ര സ്മാരകങ്ങളില്‍ ബേക്കല്‍ കോട്ടയും, മട്ടാഞ്ചേരി കൊട്ടാരവുമാണുള്ളത്. കേന്ദ്രം തയ്യാറാക്കിയ ആദ്യഘട്ട പട്ടികയില്‍ത്തന്നെ മട്ടാഞ്ചേരി കൊട്ടാരം, മ്യൂസിയം എന്നിവയെ ഉള്‍പ്പെടുത്തി. കൊച്ചിയിലെ ചരിത്രസ്മാരകം ഏറ്റെടുക്കാന്‍ ട്രാവല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് മുന്നോട്ടു വന്നത്. രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട ബേക്കല്‍ കോട്ട ഏറ്റെടുക്കാന്‍ താല്‍പ്പര്യമറിയിച്ചത് ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ സ്ഥാപനമാണ്. കാസറഗോഡ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ ബേക്കല്‍ കോട്ട വില്‍ക്കുന്നതിനെതിരെ ഡി.വൈ.എഫ.ഐ ശനിയാഴ്ച പ്രതിഷേധ സംഗമം നടത്തുന്നുണ്ട്. വൈകീട്ട് നാല് മണിക്ക് നടക്കുന്ന സംഗമത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിനോടൊപ്പം പ്രമുഖ ചരിത്രകാരന്‍മാരും, ഗവേഷകരും, ചിത്രകാരന്‍മാരും, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും പങ്കെടുക്കും.

“ഇന്ന് അഞ്ച് വര്‍ഷത്തേക്ക് മേല്‍നോട്ടത്തിനായി നല്‍കിയ ചരിത്രസ്മാരകങ്ങളും, പൈതൃക കേന്ദ്രങ്ങളും, നാളെ ഒരു നൂറ് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയാലോ? അതിന്റെ തുടക്കമായി തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റ ഈ നീക്കത്തെ ഡിവൈഎഫ്‌ഐ കാണുന്നത്. ഇപ്പോള്‍ എവിടെ നിന്നും പ്രതികരണങ്ങളൊന്നും ഇല്ലെന്ന് കണ്ടാല്‍ അവര്‍ക്ക് പാട്ടത്തിന് കൊടുക്കുന്ന പദ്ധതി എളുപ്പം ചെയ്യാം. അതിലേക്ക് എത്തുന്നതിന് മുന്നേ തന്നെ പ്രതിഷേധങ്ങളും, വിഷയത്തിനെതിയുള്ള ചര്‍ച്ചകളുമെല്ലാം നടക്കേണ്ടതായുണ്ട്. അതിന്റെ തുടക്കമെന്ന നിലയിലാണ് കാസറഗോഡ് ജില്ലാ ഡിവൈഎഫ്‌ഐ നേതൃത്വം ഇത്തരമൊരു പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ അവര്‍ക്കിഷ്ടമുള്ള പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യും. 25 കോടി രൂപ നല്‍കി ചെങ്കോട്ട വാങ്ങിക്കാന്‍ ഒരു കമ്പനി തയ്യാറായിട്ടുണ്ടെങ്കില്‍ അവര്‍ അതില്‍ നിന്നും കുറഞ്ഞത് അന്‍പത് കോടിയിലധികം വരുമാനമുണ്ടാക്കും. അതിനായി അവര്‍ സ്വീകരിക്കുന്ന വഴികള്‍ നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ആര്‍ക്കിയോളജിക്കല്‍ വകുപ്പാണല്ലോ നിലവില്‍ ഇവയുടെ പരിപാലനം നടത്തുന്നത്. അതിനാവശ്യമായ വരുമാനവും അവര്‍ക്ക് ഈ കോട്ടകളില്‍ നിന്നും മറ്റും കൃത്യമായി ലഭിക്കുന്നുമുണ്ട്. എന്നിട്ടും ഇവ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത് അവരുടെ നയങ്ങളുടെ ഭാഗമായാണ്. വരും തലമുറയെ ഓര്‍ത്തെങ്കിലും രാജ്യ വ്യാപകമായി പ്രതിഷേധം ഉയരേണ്ടതുണ്ട്. അതിന്റെ ഒരു ചെറിയ തുടക്കമാണ് ഞങ്ങള്‍ ആസൂത്രണം ചെയ്ത് നടത്തുന്നത്. ഡിവൈഎഫ്‌ഐ ദേശീയ തലത്തില്‍ തന്നെ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.” ഡിവൈഎഫ് ഐ കാസറഗോഡ് ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ പറഞ്ഞു.

കാതിക്കൂടം; തങ്ങളെ പൊതിഞ്ഞു പിടിച്ച ജീവനെ നിലനിര്‍ത്താന്‍ ഒരു ജനത നടത്തുന്ന പോരാട്ടം അവസാനിക്കുന്നില്ല

മാര്‍ക്‌സിന്റെ മൂലധനത്തിന് 150 വയസ്

ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് സ്വീകരിക്കും; കാനം ‘ട്രോളി’യത് കോടിയേരിയെയോ മാണിയെയോ?

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍