UPDATES

ട്രെന്‍ഡിങ്ങ്

ഇവര്‍ പ്രളയ കാലത്തെ ഗജഫ്രോഡുകള്‍

ഇനിയും നാമെന്നാണ് മനുഷ്യരാകാൻ പഠിക്കുക എന്നാണ് ദുരിതാശ്വാസ ക്യാമ്പിലെ പ്രായം ചെന്ന ഒരു സ്ത്രീ ചോദിക്കുന്നത്

പ്രളയ ദുരിതത്തിലായ സഹജീവികൾക്കായി കേരള ജനത ഒന്നടങ്കം കൈകോർക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തങ്ങളാലാകുന്ന സഹായമെത്തിക്കാൻ ജനങ്ങൾ ഒന്നിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഒരു ദുരന്തത്തെ നേരിടേണ്ടതെങ്ങനെയാണെന്ന് കേരളം ഇവിടെ മാതൃക കാണിക്കുകയാണ്. ഭരണ പക്ഷവും പ്രതിപക്ഷവും രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി നിൽക്കുന്നു. ഒരു നാട്ടില്‍ ഒരു ഭരണകൂടം ഉണ്ടെന്നത് ഇത്രമാത്രം അനുഭവപ്പെട്ട ദിവസങ്ങൾ മുമ്പുണ്ടായിട്ടില്ല. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു, പ്രതിപക്ഷ നേതാവ് ഒപ്പം നില്‍ക്കുന്നു, മന്ത്രിമാര്‍, കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ തുടങ്ങിയ ഭരണകൂടത്തിന്റെ യന്ത്രങ്ങൾ എണ്ണയിട്ടതു പോലെ പ്രവര്‍ത്തിക്കുന്നു.

ഈ ഒത്തൊരുമയ്ക്കിടയിലും കല്ലുകടിയായി പ്രവർത്തിക്കുന്ന ചിലരെയും നാം കണ്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രാഷ്ട്രീയ ലക്ഷ്യം കാണുന്നവർ, സാമ്പത്തിക നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഗജഫ്രോഡുകൾ. ഇവരോടെല്ലാം ‘നോ’ പറയാൻ ആദ്യം നാമിവരെ തിരിച്ചറിയേണ്ടതുണ്ട്.

പ്രളയ ദുരിതം നേരിട്ടല്ലാതെ ജനങ്ങൾ അനുഭവിച്ചത് വിപണിയിലാണ്. അവശ്യ സാധനങ്ങൾ പോലും മാർക്കറ്റിൽ ലഭ്യമല്ലാതെ വന്നു. ക്ഷാമം മുൻകൂട്ടി കണ്ട് കൂടുതൽ സ്റ്റോക്ക് ചെയ്ത വ്യാപാരികൾ ജനങ്ങൾക്ക് ന്യായവിലയിലും ചിലർ സൗജന്യമായി പോലും സാധനങ്ങൾ നൽകി. എന്നാൽ ഈ ക്ഷാമത്തെയും ദുരിതത്തെയും അക്ഷരാർത്ഥത്തിൽ മുതലെടുത്തവരും കുറവല്ല. വിപണി നിരക്കിലും ഇരട്ടി വിലയ്ക്ക് വിറ്റവരും ഉണ്ടായിരുന്നു. കിഴക്കമ്പലത്തെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ചെറിയ ഡാമേജുകളുള്ള വസ്ത്രങ്ങൾ ശേഖരിക്കാനെത്തിയ ദുരിതാശ്വാസ പ്രവർത്തകരെ കടയുടമ ഇറക്കിവിട്ട സംഭവമുണ്ടായിട്ടുണ്ട്. എന്നാൽ സംഭവം വാർത്തയായതോടെ നാട്ടുകാർ ഇടപെടുകയും ഓണം തീരും വരെ ഈ കട തുറക്കാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയുമാണ്.

ഒരു കോഴിമുട്ടയ്ക്ക് 10 രൂപ വരെ വാങ്ങിയ കട വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപെട്ട് അടപ്പിച്ചിരിക്കുകയാണ്. പ്രളയ ദുരിതം ഏറ്റവുമധികം ബാധിച്ച ആലുവയിലെ കടകളിൽ നിന്നും മോഷണം പോയത് ലക്ഷങ്ങളുടെ സാധനങ്ങളാണ്. അതിൽ ഫർണിച്ചറുകൾ വരെ ഉൾപ്പെടുന്നുവെന്നതാണ് അത്ഭുതം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ തിരുത്തിയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. അക്കൗണ്ട് നമ്പർ തിരുത്തി നൽകി ആ തുക സ്വന്തം അക്കൗണ്ടിലേക്കെത്തിക്കാനാണ്‌ ഇവർ ശ്രമിച്ചത്. ഓൺലൈൻ വഴി പണമടയ്ക്കുന്നവരെയാണ് ഇവർ ലക്ഷ്യമിട്ടത്.

പക്ഷെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്സപ്പ് ഗ്രൂപ്പ് പോലും ദുരിതാശ്വാസ പ്രവർത്തനത്തിനെതിരെ ഉപയോഗിക്കപ്പെട്ടത് നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ്. ഉണ്ണി എസ് നായര്‍ എന്നയാളാണ് സൈനിക വേഷത്തില്‍ വീഡിയോയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണം നടത്തിയത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത് എന്നു കൈരളി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാവിലെ 9:47 നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്. അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രചരിക്കുന്നത്.

ഈ വ്യാജ പ്രചരണത്തിനെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു. പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നേരിട്ട് ഉത്തരവിടുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകൾ ആവശ്യമുണ്ടെന്ന പോസ്റ്റിന് ”എന്നാൽ കുറച്ച് ക്വാണ്ടം കൂടിയാകട്ടെ” എന്ന് മറുപടി പറഞ്ഞവന്റെ ബോധം അത്രേയുള്ളൂ. അയാളെ ജോലിയിൽ നിന്ന് ലുലു ഗ്രൂപ്പ് പുറത്താക്കി മാതൃകയായി.

നിരവധി പേര്‍ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ചെങ്ങന്നുരിലെ എരമല്ലിക്കരയിക്കരയിലെ ശ്രീ അയ്യപ്പ കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നടന്ന കയ്യേറ്റ ശ്രമമാണ് ഇതിലൊന്ന്. ദിവസങ്ങളായി കോളജിന്റെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടികള്‍ക്ക് നേരെ സമീപവാസികളായ സ്ത്രീകള്‍ ഹോസ്റ്റലില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കാനായെത്തിയ ഹെലികോപ്റ്ററിന്റെ കാറ്റ് സമീപത്തെ വീടിനും മരങ്ങള്‍ക്കും നാശം ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

പ്രളയം ബാധിച്ച കേരളത്തിലുള്ളവരെല്ലാം ധനികരാണെന്നും അവര്‍ക്ക് സഹായമൊന്നും വേണ്ടെന്നും സംഘപരിവാര്‍ അനുകൂലികളുടെ പ്രചാരണം. മലയാളിയെന്നും സുരേഷ് എന്നും സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഈ മനുഷ്യത്വവിരുദ്ധമായ ഓഡിയോ സന്ദേശം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചിരിക്കുന്നത്. മെഴുകുതിരി, നാപ്കിന്‍ പോലുള്ള വസ്തുക്കളൊന്നും മധ്യവര്‍ഗ, ഉപരി മധ്യവര്‍ഗക്കാരായ മലയാളികള്‍ക്ക് ആവശ്യമില്ലെന്ന് ഇയാള്‍ പറയുന്നു. ഇംഗ്ലീഷിലാണ് സന്ദേശം. കേരളത്തിലെ ദുരിതബാധിതര്‍ക്ക് ധനസഹായമടക്കമെത്തിക്കാന്‍ സന്നദ്ധത കാണിക്കുന്ന വിദേശികള്‍ക്കിടയിലും മറ്റ് സംസ്ഥാനക്കാര്‍ക്കിടയിലും മറ്റും ഏറെ തെറ്റിദ്ധാരണ പരത്താനിടയുള്ളതാണ് ഇംഗ്ലീഷില്‍ ഇയാള്‍ നല്‍കുന്ന സന്ദേശം. ആര്‍എസ്എസിന്റെ സംഘടനയായ സേവാ ഭാരതിക്ക് മാത്രം പണമയയ്ക്കാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.മോദിയുടെ സോഷ്യല്‍ മീഡിയ ടീമിലുള്ള സുരേഷ് കൊച്ചാട്ടിലാണ് ഇയാളെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി.

മത്സ്യ ബന്ധന തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനത്തെയും വിമർശിച്ചവരുണ്ട്. “അവർ കടലിൽ പോകുന്നവരാണ് അവർക്കിത് സാധിക്കും” എന്നാണ് പറഞ്ഞത്. പൊലയർ പാകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിച്ചവരെയും ആലുവ യു സി കോളേജിലെയും കരിങ്ങാച്ചിറ എംഡിഎം സ്കൂളിലെ ക്യാമ്പുകളിൽ കണ്ടും. ഇനിയും നാമെന്നാണ് മനുഷ്യരാകാൻ പഠിക്കുക എന്നാണ് ദുരിതാശ്വാസ ക്യാമ്പിലെ പ്രായം ചെന്ന ഒരു സ്ത്രീ ചോദിക്കുന്നത്.

‘പ്രബുദ്ധ മലയാളി’; അകറ്റി നിര്‍ത്തുക ദുരന്തമുഖത്തെ ഈ വിഷജീവികളെ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍