UPDATES

ഒരു ടെക്കിയുടെ സൈക്കിള്‍ കമ്പം കൊച്ചി മെട്രോ ഏറ്റെടുത്തപ്പോള്‍

2011 ല്‍ തിരുവന്തപുരം ടെക്‌നോപാര്‍ക്കിലാണ് അതിരൂപ് സൈക്കിള്‍ സവാരി ആദ്യമായി കൊണ്ടു വരുന്നത്. പിന്നീട് 2013 ഇന്‍ഫോപാര്‍ക്കില്‍ നടപ്പാക്കി

കൊച്ചി മെട്രോയുടെ ഭാഗമായി നിരത്തുകളില്‍ സൈക്കിളുകള്‍ ലഭ്യമാക്കിയതിനു പിന്നില്‍ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിഎംഎസ് അതിരൂപ്. 2013 ല്‍ ഇദ്ദേഹത്തിന്റെ ആതീസ് സൈക്കിള്‍ ക്ലബാണ് കൊച്ചി മെട്രോ അധികൃതര്‍ക്ക് മുന്നില്‍ ഇത്തരമൊരു ആശയം അറിയിച്ചെത്തിയത്. അതിരൂപിന്റെ ആശയത്തിന് പൂര്‍ണപിന്തുണ അറിയിച്ച് കൊച്ചി മെട്രോ അധികൃതര്‍ പദ്ധതി നടപ്പില്‍ വരുത്തുകയായിരുന്നു. ആതീസ് സൈക്കിള്‍ ക്ലബ് പല ഇടങ്ങളിലും ഈ രീതിയില്‍ സൈക്കിള്‍ ക്രമീകരിച്ചും അതിന് ഉപയോക്താക്കള്‍ ഉണ്ടെന്നും റിപോര്‍ട്ട് കാണിച്ചതോടെ കൊച്ചി മെട്രോ പദ്ധതിക്ക് താത്പര്യം അറിയിക്കുകയായിരുന്നു. സൈക്കിള്‍ സവാരി നടത്തിയവരില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍, സവാരി പ്രയോജനപ്പെടുത്തിയവരുടെ എണ്ണം, തുടങ്ങിയ കാര്യങ്ങള്‍ റിപോര്‍ട്ടിലുണ്ടായിരുന്നു. മെട്രോ സൈക്കിള്‍ പദ്ധതി ആരംഭിച്ച് രണ്ടു ദിവസം കൊണ്ട് 1200 ലധികം ആളുകള്‍ ആതീസ് ക്ലബ്ബില്‍ അംഗങ്ങളായതായി അതിരൂപ് പറയുന്നു.

സൈക്കിള്‍ സവാരിയോട് കമ്പം കയറിയ എന്‍ജിനിയറിംഗ് ബിരുദധാരി
2011 ല്‍ തിരുവന്തപുരം ടെക്‌നോപാര്‍ക്കിലാണ് അതിരൂപ് സൈക്കിള്‍ സവാരി ആദ്യമായി കൊണ്ടു വരുന്നത്. പിന്നീട് 2013 ഇന്‍ഫോപാര്‍ക്കില്‍ നടപ്പാക്കി അവിടെയെല്ലാം വിജയമായതോടെ മെട്രോ വരുമ്പോള്‍ മെട്രോയുമായി ബന്ധിച്ച് ചെയ്യാമെന്ന് പദ്ധതിയിട്ടിരുന്നു. അന്ന് മുതലേ ഇതിനുള്ള പ്ലാനുകള്‍ നടത്തിയിരുന്നു. തിരുവന്തപുരത്തും കൊച്ചിയിലും കൂടാതെ ചെന്നെ മെട്രോയുടെ ഭാഗമായും ആതീസ് ക്ലബ് സൈക്കിള്‍ സവാരി പദ്ധതി നടത്തുന്നു. 2011 മുതല്‍ ആതീസ് ക്ലബ് പ്രവര്‍ത്തിക്കുന്നു. വലിയ ലാഭം ലഭിക്കുന്ന ബിസിനസ് അല്ലെങ്കിലും സൈക്കിള്‍ സവാരിയോട് കമ്പം കയറിയാണ് ഇതിലേക്ക് വരുന്നത്. കേരളത്തിലെ വിവിധ കമ്പനികളിലെ വിവിധ തരം ജോലികളുടെ കരാര്‍ ഏറ്റെടുത്ത് നടത്തുകയയിരുന്നു ആതീസ് സൈക്കിള്‍ ക്ലബിന്റെ സ്ഥാപകനായ അതിരൂപ്. വിവിധ സ്ഥലങ്ങളില്‍ ജോലിയുടെ ഭാഗമായി പോകുന്നിടത്ത് സൈക്കിള്‍ വാങ്ങിച്ച് ഒരിടത്ത് വയ്ക്കുകയും ബസും ട്രെയിനും ഇറങ്ങിയ ശേഷം സൈക്കിളില്‍ യാത്ര ചെയ്താണ് അതാത് സ്ഥലങ്ങളില്‍ അതിരൂപ് എത്തിച്ചേരുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ ജോലിക്കാരും ഇതു പിന്തുടര്‍ന്നു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളത്തെ സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങി പോകുന്നിടത്തെല്ലാം സൈക്കിള്‍ വെച്ച് സവാരി നടത്തി അതിരൂപ് ജനശ്രദ്ധ നേടിയിരുന്നു. വര്‍ധിച്ച ഇന്ധന ചിലവ്, വാഹന തിരക്ക്, പാര്‍ക്കിംഗ് സ്‌പേസുകളുടെ അഭാവം എന്നിവ സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കാം. ഉപയോഗിക്കാന്‍ എളുപ്പം, ആരോഗ്യത്തിന് ഗുണം, മലീനീകരണമില്ല, ഇങ്ങനെ സൈക്കിള്‍ സവാരികൊണ്ട് ഗുണങ്ങള്‍ ഏറെയാണെന്ന് അതിരൂപ് പറയുന്നു.

കൊച്ചി സര്‍വകലാശാലയില്‍ നിന്ന് 2003 ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ എം.എസ് അതിരൂപ് സ്വന്തമായി എന്‍ജിനീയറിംഗ് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്നു. തന്റെ അനുഭവത്തിലൂടെ സൈക്കിള്‍ സവാരി പൊതുജനത്തിന് കൂടുതല്‍ ഗുണമുണ്ടാക്കും എന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഈ രംഗത്തേക്ക് കടന്നു വരുന്നതെന്ന് ഇദ്ദേഹം പറയുന്നു. പഴയ ബിസിനസിന്റെ പകുതി ലാഭം ഈ ബിസിനസിനില്ലെങ്കിലും കൂടുതല്‍ സന്തോഷം കിട്ടുന്നു. അതിരൂപിന്റെ ആതീസ് ക്ലബില്‍ ഇതുവരെ 8000 ത്തിലധികം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈക്ലിംഗ് ഹോബിയായിരുന്നു ഇന്ത്യയിലങ്ങോളം ഇങ്ങോളം സൈക്കിളില്‍ സവാരി ചെയ്തിട്ടുണ്ട്. നീണ്ട 15 വര്‍ഷത്തെ സൈക്കിള്‍ യാത്രക്കൊടുവിലാണ് സൈക്കിള്‍ സവാരി ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന വിധം വിവിധ ഇടങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. 15 വര്‍ഷം കൊണ്ട് 15,000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചിട്ടുള്ളതായും അതിരൂപ് പറയുന്നു.

സൈക്കിള്‍ സവാരി ആസ്വദിച്ച് സിറാജുദ്ദീനും

താരതമ്യേന മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൊച്ചിയില്‍ സൈക്കിള്‍ സവാരി ഏറ്റവും അനുയോജ്യമാണ്. പോരാത്തതിന് പാര്‍ക്കിംഗ് സൗകര്യം കുറവാണ്, ഒരു റോഡില്‍ നിന്ന് മറ്റൊരു റോഡിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല, ഇന്ധന ചിലവ് ലാഭിക്കാം, യഥേഷ്ടം കൊണ്ടുനടക്കാം എല്ലാം കൊണ്ടും കൊച്ചി മെട്രോയുടെ ഭാഗമായി നിരത്തുകളില്‍ സൈക്കിള്‍ ലഭ്യമാക്കിയത് വളരെ നല്ല കാര്യമാണെന്നാണ് മദ്രസ അധ്യാപകനും സ്വകാര്യ കമ്പനി ജീവനക്കാരനുമായ സിറാജുദ്ദീന്‍ പറയുന്നത്. എറണാകുളം കച്ചേരിപ്പടിയില്‍ നിന്ന് സൈക്കിള്‍ എടുത്ത് സിറാജ് കലൂര്‍ വരെ സവാരി നടത്തി. സൈക്കിള്‍ സവാരിയെ കുറിച്ചു സിറാജിന് നല്ല കാര്യങ്ങളായിരുന്നു പറയാനുള്ളത്. കൊച്ചിയില്‍ ചിലര്‍ക്കെങ്കിലും സൈക്കിളില്‍ യാത്ര ചെയ്യുന്നത് മോശമണെന്നുള്ള കാഴ്ചപാടാണ്. പലരുടെയും മനോഭാവത്തില്‍ താന്‍ മൂലം ഒരു മാറ്റം ഉണ്ടാകട്ടെ എന്ന് കരുതിയുമാണ് സൈക്കിള്‍ സവാരി നടത്തിയത്. എന്നാല്‍ നിരത്തുകളില്‍ ചില ഇടങ്ങളില്‍ റോഡിന് വീതി കുറവായതിനാല്‍ യാത്രാ ബുദ്ധിമുട്ടുണ്ട്. സൈക്കിള്‍ സവാരിക്കായി റോഡുകളുടെ ഇരുവശവും സൈക്കിള്‍ വേ നിര്‍മ്മിച്ചാല്‍ കൂടുതല്‍ ആളുകള്‍ സവാരിക്കെത്തുമെന്നാണ് സിറാജിന്റെ അഭിപ്രായം. സൈക്കിള്‍ സവാരി കൂടുതലായി നടത്തുന്നത് വിദ്യാര്‍ഥികളാണ്. അവര്‍ രാവിലെ ബസിറങ്ങിയാല്‍ സൈക്കിള്‍ എടുത്ത് സ്‌കൂളുകളില്‍ എത്തി അവിടെ തന്നെ സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നു. ഇങ്ങനെ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് സൈക്കിള്‍ ലഭ്യമാകില്ല. ഇതൊഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗം സ്വീകരിക്കണമെന്നും ഇദ്ദേഹം പറയുന്നു. എറണാകുളം കച്ചേരിപ്പടിയില്‍ നിന്ന് താന്‍ സൈക്കിള്‍ എടുക്കുമ്പോള്‍ അവിടെ ആകെ ഒരു സൈക്കിള്‍ മാത്രമാണുണ്ടായിരുന്നത്. കൊച്ചിയുടെ നിരത്തുകളില്‍ കൂടുതല്‍ സൈക്കിളുകള്‍ ലഭ്യമാക്കണം. മാത്രമല്ല എല്ലാ സൈക്കിളുകളിലും സൈക്കിള്‍ ലഭ്യമാക്കുന്ന സ്്ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ട് പിടിക്കുന്നതിനായി സ്റ്റിക്കറുകള്‍ പതിപ്പിക്കണമെന്നും സറാജ് ആവശ്യപ്പെടുന്നു.

"</p

കൊച്ചിയില്‍ സൈക്കിള്‍ സവാരി നടത്താന്‍ ചെയ്യേണ്ടത്

കൊച്ചി മെട്രോ ആതീസ് സൈക്കിള്‍ ക്ലബുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതി പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതിനായി ആതീസ് സൈക്കിള്‍ ക്ലബില്‍ അംഗമാകുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു മാസം 100 മണിക്കൂര്‍ ആര്‍ക്കുവേണമെങ്കിലും സൈക്കിളില്‍ സവരി നടത്താം. എംജി റോഡ് മുതല്‍ ഇടപ്പള്ളിവരെയുള്ള എട്ട് മെട്രോ സ്‌റ്റേഷനുകളില്‍ സൈക്കിളുകള്‍ സജ്ജമായിരിക്കും. ആദ്യ ഘട്ടത്തില്‍ 50 ഓളം സൈക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ആതീസ് സൈക്കിള്‍ ക്ലബില്‍ അംഗമാകേണ്ടതിന് 964551155 എന്ന നമ്പരിലേക്ക് പേര്, വിലാസം, ഇമെയില്‍ ഐഡി, ജോലി എന്നിവ സഹിതം സന്ദേശം അയക്കണം. സൈക്കിള്‍ സവാരി നടത്താന്‍ സ്‌റ്റേഷനിലെത്തുന്നവര്‍ റാക്ക് കോഡും ബൈസിക്കിള്‍ ഐഡിയും വാങ്ങി 9645511155 എന്ന നമ്പരിലേക്ക് സന്ദേശം അയക്കണം. ഉടന്‍ സൈക്കിളിന്റെ ലോക്ക് തുറക്കാനുള്ള മൊബൈല്‍ സന്ദേശം വഴി ലഭിക്കും. അതുപയോഗിച്ച് സൈക്കിള്‍ തുറന്ന് സവാരി നടത്താം. സൈക്കിള്‍ തിരിച്ചേല്‍പ്പിക്കണമെങ്കില്‍ 9744011777 എന്ന നമ്പറിലേക്ക് തിരിച്ചും സന്ദേശം അയക്കണം. 24 മണിക്കൂറാണ് സൈക്കിള്‍ കൈവശം വയക്കാവുന്ന സമയ പരിധി. അല്ലാത്ത പക്ഷം ഇവരെ തേടി ക്ലബ് അംഗങ്ങള്‍ എത്തും. ഉപേയോഗത്തിനിടെ സൈക്കിളിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് നഷ്ട പരിഹാരം നല്‍കേണ്ടി വരും. 100 മണിക്കൂര്‍ സൗജന്യ യാത്രക്ക് ശേഷം സെക്കിള്‍ ഉപയോഗിക്കുന്നവര്‍ കുറച്ച നിരക്ക് നല്‍കേണ്ടി വരും. കൊച്ചിയുടെ നിരത്തുകളില്‍ സജീകരിച്ചിരിക്കുന്ന മെട്രോ സൈക്കിളുകള്‍ ഉപയോഗിച്ച് സവാരി നടത്തുന്നവര്‍ ഏറെയാണെന്നും ഉപയേക്താക്കള്‍ കൂടുന്നതനുസരിച്ച് സൈക്കിളുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍