UPDATES

സിനിമ

സുരേഷ് ഗോപിക്കു വേണ്ടി വോട്ട് ചോദിച്ചാല്‍ ബിജു മേനോന്‍ സംഘിയാകുമോ? വാദപ്രതിവാദങ്ങളുമായി സോഷ്യല്‍ മീഡിയ

ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയില്‍ പങ്കെടുത്താണ് തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുരേഷ് ഗോപിക്കു വേണ്ടി ബിജു വോട്ട് അഭ്യര്‍ത്ഥിച്ചത്

പൊതുവെ വിവാദങ്ങളൊന്നും ഉണ്ടാക്കാതെ പോകുന്നയാളായതുകൊണ്ട് ബിജു മേനോന്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചകളില്‍ കഥാപാത്രമായി വരാറില്ലാത്തയാളാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ പേരില്‍ മാത്രമാണ് സോഷ്യല്‍ മീഡിയ ബിജുവിനെക്കുറിച്ച് സംസാരിക്കാറുള്ളത്. അതും പോസിറ്റീവ് ആയി. പക്ഷേ, ആ രീതിക്കൊരു മാറ്റം വന്നിരിക്കുകയാണ്. കുറെപ്പേര്‍ ഉപദേശങ്ങളുമായും കുറിച്ചുപേര്‍ കുറ്റപ്പെടുത്തലും പരിഹാസങ്ങളുമൊക്കെയായി ബിജുവിനെ തേടിയെത്തിയിരിക്കുകയാണ്. ഈ കൂട്ടരെ നേരിടാനും ബിജുവിനെ പിന്തുണയ്ക്കാനുമായി മറ്റൊരു കൂട്ടരും രംഗത്ത് ഇറങ്ങിയതോടെ സോഷ്യല്‍ മീഡയയില്‍ ഇപ്പോള്‍ ബിജു മേനോനാണ് താരം; പതിവില്‍ നിന്നും വിരുദ്ധമായി.

തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റം ഭാഗമായി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയില്‍ പങ്കെടുത്താണ് തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുരേഷ് ഗോപിക്കു വേണ്ടി ബിജു വോട്ട് അഭ്യര്‍ത്ഥിച്ചത്. സുരേഷ് ഗോപി ജനപ്രതിനിധിയായാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നാണ് തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍കൂടിയായ ബിജു പറഞ്ഞത്. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ആരുടെ പ്രശ്‌നത്തിലും ഏതു സമയത്തും എപ്പോഴും കൂടെയുണ്ടാകുന്ന മഹത് വ്യക്തിയാണ് സുരേഷ് ഗോപിയെന്നു കൂടി ബിജു മേനോന്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. സുരേഷ് ഗോപിക്കു വേണ്ടി ഇത്രയ്ക്ക് ആത്മാര്‍ത്ഥതയോടു കൂടി വോട്ട് ചോദിക്കുന്നത് കേട്ടതോടെയാണ് ബിജു മേനോന്‍ ‘സംഘി’ ആയോന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം എത്തിയത്.

തങ്ങളുടെ ഇഷ്ടനടനാണെങ്കിലും ഇത്തരമൊരു കാര്യത്തിനു പോയത് ശരിയായില്ലെന്നും പ്രതിഷേധം രേഖപ്പെടുത്തകയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിനെ എതിര്‍ക്കുന്നവര്‍ ബിജു മേനോനോട് പറയുന്നത്. വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയാണ് വോട്ട് ചോദിക്കാന്‍ പോയതെന്നും സൗഹൃദവും സിനിമയയൊന്നും പറഞ്ഞ് അതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അഭിനയം കൊണ്ട് ഇത്രനാളും സ്‌നേഹിച്ചവരെല്ലാം ബിജെപിയെ പോലൊരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ താങ്കളെ കൈവിടുകയാണെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് കേരളത്തിന്റെ മതേതര മനസില്‍ ഒരു സ്ഥാനമുണ്ട്. അത് സുരേഷ് ഗോപിക്കു വക്കാലത്ത് പിടിച്ചു കളയാന്‍ നിക്കല്ലേ ബിജുവേട്ടാ എന്നു സ്‌നേഹത്തോടെ ഉപദേശിക്കുന്നവരുമുണ്ട്. താങ്കളുടെ സിനിമയ്ക്കു തരുന്ന പിന്തുണ ഇതുപോലെുള്ള പ്രവര്‍ത്തികള്‍ക്കും പ്രതീക്ഷകരുതെന്നാണ് ചിലര്‍ ഓര്‍മപ്പെടുത്തുന്നത്. സഹപ്രവര്‍ത്തകനോടുള്ള സ്‌നേഹമോ സഹായിച്ചിട്ടുള്ളതിന്റെ കടപ്പാടോ കാണിക്കേണ്ടത് ഇത്തരത്തില്‍ അല്ലെന്നു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവരുമുണ്ട്.

സുരേഷ് ഗോപിക്കു വേണ്ടി സംസാരിച്ചതിന്റെ പേരില്‍ ബിജു മേനോനെ സംഘപരിവാറുകാരനോ ബിജെപിക്കാരനോ ആക്കേണ്ടതില്ലെന്നും ഒരു സഹപ്രവര്‍ത്തകന്‍, സുഹൃത്ത് എന്ന നിലയില്‍ മാത്രം ബിജു മേനോന്റെ പ്രവര്‍ത്തിയെ കണ്ടാല്‍ മതിയെന്നും സമാധാനിപ്പിക്കുന്നൊരു ചെറു വിഭാഗവുമുണ്ട്.

എന്നാല്‍ ബിജു മേനോനെ പോലൊരാലെ തങ്ങളുടെ പക്ഷത്ത് കിട്ടിയത് ബിജെപി-സംഘപരിവാറുകാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നുണ്ട്. ബിജുവിനെ സംഘപരിവാറുകാരനാക്കി തന്നെയാണ് പ്രചാരണങ്ങള്‍ നടക്കുന്നതും. സുരേഷ് ഗോപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിന്‍രെ പേരില്‍ ബിജുവിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാനും ഇക്കൂട്ടര്‍ രംഗത്തുണ്ട്. ബിജുമേനോനെതിരേ വരുന്നത് ഒരു പ്രത്യേക മതവിഭാഗക്കാരാണെന്നാണ് ഇവരുടെ പ്രധാന ആക്ഷേപം. വ്യക്തിസ്വാതന്ത്ര്യവും മതേതരത്വമൊന്നും ബിജുവിനെതിരേ കമന്റ് ഇടുന്നവര്‍ക്കില്ലെന്നാണ് മറ്റൊരാക്ഷേപം. കമ്യൂണിസ്റ്റുകാരും ഒരു മതവിഭാഗക്കാരുമാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണം ബിജു മേനോനെതിരേ നടത്തുന്നതെന്നും സംഘപരിവാറും ബിജെപിയും കുറ്റപ്പെടുത്തുന്നു. മുകേഷിനും മുരളിക്കും ഇന്നസെന്റിനും കമ്യൂണിസ്റ്റാകാമെങ്കില്‍ ബിജു മേനോന്‍ സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചതില്‍ ഒരു തെറ്റുമില്ലെന്നു വാദിക്കുന്നവരുമുണ്ട്. സുരേഷ് ഗോപിയെന്ന മനുഷ്യ സ്‌നേഹിയെ കുറിച്ച് നാടിനു കൂടുതലറിയാന്‍ ബിജു മേനോന്‍ കാരണമായെന്നു കണ്ടെത്തിയവരുമുണ്ട്.

ഈ വാദങ്ങളും പ്രതിവാദങ്ങളും തര്‍ക്കങ്ങളും എതിര്‍പ്പുകളുമൊക്കെ കൊണ്ട് നിറഞ്ഞരിക്കുകയാണ് ബിജു മേനോന്റെ ഫെയ്‌സ്ബുക്ക് പേജ്. ഇനി ഇക്കാര്യത്തില്‍ ബിജു മേനോന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രതികരണങ്ങളോ വ്യക്തവരുത്തലോ ഉണ്ടാകുമോയെന്നാണ് കാത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍