UPDATES

എസ്എഫ്ഐക്കാര്‍ തല്ലിയ, ഉദ്യോഗസ്ഥര്‍ അയിത്തം കാണിച്ച ഒരു ആദിവാസിയാണ് ഞാന്‍; ബിനേഷ് ബാലന്‍ തുറന്നു പറയുന്നു

ഞങ്ങള്‍ നികുതി കൊടുക്കുന്ന പണംകൊണ്ട് നീയൊക്കെ പഠിക്കുന്നുവെന്ന ആക്ഷേപം കൂട്ടുകാര്‍ക്കിടയല്‍ നിന്നുപോലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എനിക്ക് ഉറപ്പില്ല, അവിടെ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമോയെന്ന്. സ്വാധീനമോ സമ്പത്തോ ഇല്ലാത്ത ഒരു ആദിവാസിയാണ് ഞാന്‍….

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം കിട്ടിയിട്ടും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയോടെ ഒരു വര്‍ഷം മുമ്പ് ബിനേഷ് ബാലന്‍ പറഞ്ഞ വാക്കുകളാണിത്. തടസങ്ങള്‍ ഏറെയുണ്ടായിട്ടും ബിനേഷ്, അയാള്‍ ആഗ്രഹിച്ചതുപോലെ ലണ്ടനില്‍ എത്തിയിരിക്കുന്നു. സസെക്‌സ് സര്‍വകലാശാലയില്‍ എംഎ ആന്ത്രപ്പോളജി കോഴ്‌സില്‍ പഠനം തുടങ്ങി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനവും മദര്‍ യൂണിവേഴ്‌സിറ്റിയായ സസെക്‌സിലെ 17 മാസത്തെ കോഴ്‌സിന്റെ ഭാഗമായി നടക്കും.

കാസര്‍ഗോഡ് കോളച്ചാല്‍ സ്വദേശി മാവില സമുദായത്തില്‍പ്പെട്ട ആദിവാസി യുവാവ് ലണ്ടനില്‍ എത്തി പഠനം തുടങ്ങിയ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ബിനേഷ് സന്തോഷിക്കുന്നു. ചിലര്‍ ബിനേഷ് ലണ്ടനിലെത്തിയതിന്റെ മൊത്തം പിതൃത്വവും ഏറ്റെടുത്താണ് വാര്‍ത്തകള്‍ തയ്യാറാക്കിയത്. മറ്റു ചിലര്‍ തങ്ങളുടെ ഇടപെടല്‍ ഒന്നുമാത്രമാണ് ബിനേഷിന് തുണയായെന്ന മട്ടിലും എഴുതി. ഉദ്യോഗസ്ഥരാല്‍ മുടങ്ങിപ്പോകേണ്ടിയിരുന്ന ജീവിതലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് താന്‍ ഒരിക്കലും വിസ്മരിക്കില്ലെന്നു പറയുമ്പോഴും ചില മാധ്യമങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ എഴുതുന്ന കാര്യങ്ങളോട് വിയോജിക്കേണ്ടിയും വരുന്നതായും ബിനേഷ്. ലണ്ടനില്‍ നിന്നും ബിനേഷ് അഴിമുഖത്തോട് പറഞ്ഞു തുടങ്ങുകയാണ്‌;

ഇനിയതിനെക്കുറിച്ച് പറഞ്ഞ് വിവാദങ്ങള്‍ വേണ്ട, പക്ഷേ പറയേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍, പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിപ്പോയതിന്റെ പേരില്‍, ഒരു ‘താണജാതി’ക്കാരന് ഏല്‍ക്കേണ്ടി വന്ന അപമാനം, മര്‍ദ്ദനം, നിരാശ…

ചിലപ്പോള്‍ ഞാനിതൊക്കെ പറയുമ്പോള്‍ നന്ദികെട്ടവനെന്നോ, നുണ പറയുന്നവനെന്നോ ഒക്കെയുള്ള ആരോപണങ്ങള്‍ വരാം. പക്ഷേ ഇതൊന്നും ഞാന്‍ എനിക്കു വേണ്ടിയല്ല പറയുന്നത്, എനിക്ക് പിറകെ ഒത്തിരി ബിനേഷ് ബാലന്‍മാരുണ്ട്. അവര്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഞാന്‍ കടന്നുവന്ന അതേ പാതയിലൂടെ സഞ്ചരിക്കേണ്ടി വരരുത്… അവര്‍ ആരുടെ മുന്നിലും തലകുനിയ്ക്കരുത്, കണ്ണുകലങ്ങി ഇറങ്ങിപ്പോകേണ്ടി വരരുത്… എതിര്‍ക്കാനുള്ള ശക്തിയുണ്ടാകട്ടെ. അവര്‍ക്കു വേണ്ടിയാണ് ഞാനിതൊക്കെ പറയുന്നത്… മറ്റുള്ളവര്‍ എന്റെ വാക്കുകള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നത് ഞാന്‍ കാര്യമാക്കുന്നില്ല…

27 ലക്ഷത്തിന്റെ കഥ
ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത് സംസ്ഥാന സര്‍ക്കാര്‍ എനിക്ക് 27 ലക്ഷം തന്നെന്നാണ്. ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകിച്ച് മന്ത്രി എ.കെ ബാലന്‍ എന്റെ കാര്യത്തില്‍ അനുകൂലമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നത് വാസ്തവമാണ്. അതൊരിടത്തും ഞാന്‍ തള്ളിപ്പറയില്ല. പക്ഷേ എനിക്കായി സര്‍ക്കാര്‍ നല്‍കിയത് ഒന്നരലക്ഷം രൂപയാണ്. ഈ പണത്തില്‍ നിന്നാണ് സ്വിറ്റ്സര്‍ലണ്ടിലെ ബേണ്‍ യുണിവേഴ്‌സിറ്റിയില്‍ ഞാന്‍ അപേക്ഷിച്ചത്. പക്ഷേ എന്റെ വീസ റിജക്ട് ചെയ്യപ്പെടുകയായിരുന്നു. ലണ്ടനിലെ പഠനകാര്യത്തില്‍ കാലതാമസം വരുന്നതുകൊണ്ടായിരുന്നു ബേണില്‍ അപേക്ഷിച്ചത്. ഇപ്പോള്‍ ഞാന്‍ ലണ്ടനില്‍ എത്തിയത് സര്‍ക്കാര്‍ അനുവദിച്ച പണം മാത്രം ഉപയോഗിച്ചല്ല, പേര് പറയരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരടക്കം സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പ്രസ്ഥാനങ്ങളുമെല്ലാം ചേര്‍ന്ന് സഹായിച്ചതുകൊണ്ടാണ്. സര്‍ക്കാര്‍ എന്നെ സഹായിച്ചിട്ടില്ലെന്ന് ഞാനൊരിടത്തും പറയില്ല. കേന്ദ്രസര്‍ക്കാരിന്റെ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് കിട്ടിത്തുടങ്ങാന്‍ ഒരു മാസം കൂടി പിടിക്കും. അതുവരെയുള്ള ചെലവുകള്‍ സഹിതം ഞാനിവിടെ തുടരുന്നത് മേല്‍പ്പറഞ്ഞ പലരുടെയും നല്ല മനസ് കൊണ്ടാണ്.

"</p

ഇനി 27 ലക്ഷത്തിന്റെ കഥയിലേക്ക് വരാം. 2014 ഡിസംബറില്‍ ആണ് പഠന ചെലവ് അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്.

എസ് ടി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് ഫ്രാന്‍സില്‍ പോയി ഉപരിപഠനം നടത്താന്‍ തുക അനുവദിച്ചിരുന്നു. ആ പ്രതീക്ഷയിലാണ് അപേക്ഷിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണിത്. എന്നാല്‍ അത്രയും തുക അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അഞ്ചുലക്ഷത്തില്‍ മുകളില്‍ അനുവദിക്കണമെങ്കില്‍ കാബിനറ്റ് അംഗീകാരം വേണം. പക്ഷേ കാബിനറ്റില്‍ എത്തും മുന്നേ എന്റെ ഫയല്‍ ക്ലോസ് ചെയ്തു. പിന്നീട് മന്ത്രി പി.കെ ജയലക്ഷ്മിക്കു അപേക്ഷ നല്‍കി. 2014 ല്‍ അപേക്ഷ നല്‍കിയ ഞാന്‍ 2015 മേയ് വരെ ആ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നറിയാന്‍ സെക്രട്ടേറിയിറ്റില്‍ കയറിയിറങ്ങി. 27 ലക്ഷം അനുവദിച്ചു. മലയാളത്തില്‍ തന്ന ഗവര്‍ണമെന്റ് ഓര്‍ഡറിന്‍ മേല്‍ ഞാന്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അത് നിരസിക്കപ്പെട്ടു. അത് എനിക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യത ചെറുതൊന്നുമല്ല. അനുവടിക്കപ്പെട്ടെങ്കിലും ആ പണം കിട്ടില്ല എന്നുറപ്പായി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ സ്‌കോളഷിപ്പിനു പ്രയത്‌നിച്ചു. 2014-15 സ്‌കീമിലെ സ്‌കോളഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള 20 പേരില്‍ ഞാനും ഒരാളായി. പഴയ IELTS ന്റെ കാലാവധി കഴിഞ്ഞു. വീണ്ടും എഴുതണം, പുറമെ വിസയ്ക്കും മറ്റും അനുബന്ധ ചിലവുകള്‍ വേണം. അതിനുള്ള സാമ്പത്തിക സ്രോതസ് എനിക്കില്ലായിരുന്നു. അതിനു വേണ്ടി പുതിയതായി വന്ന ഗവര്‍ണ്മെന്റിന് 1.5 ലക്ഷം അനുവദിക്കാന്‍ അപേക്ഷ നല്‍കി. ഒടുവില്‍ മന്ത്രി എന്റെ ഫയല്‍ അടിയന്തരമായി പരിഗണിക്കേണ്ടതെന്ന് എഴുതി നല്‍കിയിട്ടുപോലും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. ഒരു സര്‍ക്കാര്‍ പോയി അടുത്തവര്‍ വന്നിട്ടും എന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ല. പിന്നീടാണ് മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തതും മന്ത്രി ഇടപെടുന്നതുമെല്ലാം. പക്ഷേ ആ 27 ലക്ഷം എനിക്ക് കിട്ടിയിട്ടില്ല. കിട്ടുമെന്ന് പ്രതീക്ഷയുമില്ല.

ആ പണത്തിനു വേണ്ടി ഞാന്‍ അലഞ്ഞതിനും അനുഭവിച്ചതിനും കണക്കില്ല. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരോടും ഭരണകര്‍ത്താക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്; സര്‍ക്കാര്‍ സഹായം കിട്ടാന്‍ വേണ്ടി ഇനിയൊരു ആദിവാസിയോ ദളിതനോ ആ വിദ്യാര്‍ത്ഥിക്ക് ഇങ്ങനെ ബുദ്ധിമുട്ടുണ്ടാകരുത്. അത്രമേല്‍ ഞാന്‍ അനുഭവിച്ചു. എന്റെ ജാതി, നിറം ഒക്കെയാണ് എനിക്ക് പ്രശ്‌നമായത്. മേല്‍ജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റങ്ങള്‍ എന്തോരം സഹിച്ചു. ഒരുഘട്ടത്തില്‍ ഞാനവരുടെ സിംപതിക്കുവേണ്ടി പോലും ശ്രമിച്ചു. കേരളത്തില്‍ മറ്റൊരിടത്തുമില്ലെങ്കിലും തിരുവനന്തപുരത്തെ സെക്രട്ടേറിയില്‍ ഇന്നുമുണ്ട് ദളിതനോടും ആദിവാസിയോടുമെല്ലാമുള്ള അയിത്തം. ഞാനതിന്റെ തെളിവാണ്.

ജാതി സംവരണം എടുത്തുകളയണമെന്നു പറയുന്നതുകേള്‍ക്കുമ്പോള്‍ ഭയമാണ്. സംവരണം ഉണ്ടായിട്ടുപോലും ഇതാണ് ഞങ്ങളുടെ അവസ്ഥയെങ്കില്‍ അതില്ലാതാകുമ്പോഴോ? ഞങ്ങള്‍ നികുതി കൊടുക്കുന്ന പണംകൊണ്ട് നീയൊക്കെ പഠിക്കുന്നുവെന്ന ആക്ഷേപം കൂട്ടുകാര്‍ക്കിടയല്‍ നിന്നുപോലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ രാജ്യത്തെ ദളിതനും ആദിവാസിയുമെല്ലാം മറ്റുള്ളവര്‍ തരുന്ന സൗജന്യം ഉപയോഗിച്ചു ജീവിക്കുന്നവരാണെന്നാണോ? ഇവിടെ കൃഷിപ്പണി ചെയ്യുന്നവന്‍ തൊട്ട് തോട്ടിപ്പണി ചെയ്യുന്നവര്‍ വരെ ദളിതനും ആദിവാസിയുമൊക്കെയാണ്. ഞങ്ങള്‍ ഈ രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും ഒന്നും ചെയ്യുന്നില്ലെന്നാണോ? മേല്‍ജാതിക്കാരന്‍ അടയ്ക്കുന്ന നികുതികൊണ്ട് വളരുന്ന ഇന്ത്യ! എത്ര സംവരണം തന്നാലും സൗജന്യം തന്നാലും ദളിതനും ആദിവാസിക്കുമൊന്നും ഒരിക്കലും ഈ രാജ്യത്തിന്റെ വളര്‍ച്ചയിലോ പുരോഗതിയിലോ ഒരു പങ്കും തരരുത്…

വിദ്യാഭ്യാസമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതും സംവരണത്തിന്റെ പേരില്‍ കിട്ടുന്ന ഔദാര്യമായാണ് പലരും കാണുന്നത്. ദളിതന്‍ പഠിച്ചില്ലെങ്കിലും ജയിക്കുമെന്നുള്ള പരിഹാസം. എനിക്ക് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം കിട്ടിയപ്പോഴും ഇതേ ചോദ്യം വന്നു. സംവരണം കൊണ്ട് അവിടെ അഡ്മിഷന്‍ കിട്ടില്ലെന്ന് അറിയാഞ്ഞിട്ടല്ല, ഒരു ആദിവാസിയെ അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്.

സെക്രട്ടേറിയേറ്റിലെ അയിത്തം
സെക്രട്ടേറിയേറ്റിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും എനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും ആവര്‍ത്തിക്കുന്നത്, ഇനിയിങ്ങനെയൊന്നും ഒരാള്‍ക്കും വരാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്ന അഭ്യര്‍ത്ഥനയായിട്ടാണ്. ലജ്ജയോടുകൂടി പറയട്ടെ, കേരളത്തില്‍ ജാതിയില്ല, അയിത്തമില്ല എന്നൊക്കെ പറയുമ്പോഴും സെക്രട്ടേറിയേറ്റിലെ ആ അണ്ടര്‍ സെക്രട്ടറിയില്‍ നിന്നും സെക്ഷന്‍ ഓഫീസറില്‍ നിന്നുമെല്ലാം ഞാന്‍ നേരിട്ടത് ജാതീയമായ അവഗണന തന്നെയായിരുന്നു. ഒരാദിവസി, അല്ലെങ്കില്‍ ദളിതന്‍ നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാനോ എതിര്‍പ്പുകള്‍ ഉയര്‍ത്താനോ പാടില്ല എന്ന സവര്‍ണധാര്‍ഷ്ട്യം പേറുന്നവരാണ് നമ്മുടെ ഉദ്യോഗസ്ഥരെന്നു പറയേണ്ടി വരികയാണ്.

അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍ ബീന മോള്‍ എന്നിവര്‍ക്ക് എന്നോട് അല്‍പ്പമെങ്കിലും ദയ തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇതിനു മുമ്പേ ലണ്ടനില്‍ എത്തുമായിരുന്നു. പക്ഷേ അവര്‍ എന്നെ ഒരുതരത്തിലും സഹായിച്ചില്ല. എന്റെ ഫയലിന്റെ കാര്യം എന്തായി എന്ന അന്വേഷണംപോലും ഒരു ആദിവാസിയുടെ അഹന്തയായി അവര്‍ കരുതി. ഒരുഘട്ടത്തില്‍ ഞാന്‍ വിചാരിച്ചത് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമ്പോള്‍ അവര്‍ക്കെന്നോട് അനുകമ്പ തോന്നുമെന്നായിരുന്നു. നിര്‍ദ്ധനനായൊരു ആദിവാസിയാണു ഞാനെന്ന് അവരോടു പറഞ്ഞു നോക്കി. നീ ആരാണെങ്കിലും, നിന്റെ ഐഡന്റിറ്റി എന്തായാലും ഞങ്ങള്‍ക്കെന്താ. എന്ന പുച്ഛം മാത്രമായിരുന്നു പക്ഷേ അവര്‍ക്ക്. എന്നോട് സംസാരിക്കാന്‍ തന്നെ താത്പര്യം കാണിക്കാതിരുന്നവര്‍, എന്നെ അവഗണിച്ചവര്‍… പഠിക്കാന്‍ ആഗ്രഹിച്ചൊരു വിദ്യാര്‍ത്ഥിയായി മാത്രമായിരുന്നു ഞാന്‍; ഒരാദിവാസിയായിപ്പോയി എന്നതല്ലാതെ മറ്റെന്തു കുറ്റമാണ് അവര്‍ക്കെന്നില്‍ കണ്ടുപിടിക്കാനുണ്ടായിരുന്നത്.

"</p

അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാറിന് എന്റെ കാര്യത്തില്‍ ഉണ്ടായിരുന്ന താത്പര്യം എന്താണെന്ന് വ്യക്തമാക്കാന്‍ ഒരു ഉദാഹരണം പറയാം;

വികസനം എന്നാല്‍ എന്ത്?
ഫയലിന്റെ വിവരം അറിയാനെത്തിയ എന്നോട് അതുമായി ബന്ധപ്പെട്ട വിവരം പറയാതെ ഒരഭിമുഖകാരനെ പോലെ പെരുമാറുകയാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് സഹകരിച്ചു. എന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ മൂലം ഒന്നും മുടങ്ങരുത്. ഇവര്‍ വിചാരിച്ചാല്‍ എന്റെ യാത്ര മുടക്കാം. അതുകൊണ്ട്, എന്താണു വികസനം എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് എനിക്കറിയാവുന്ന വികസനത്തെ കുറിച്ച് ഉത്തരം പറഞ്ഞു. തുടക്കം മുതല്‍ എന്റെ സംസാരം മുടക്കി കൊണ്ട് അദ്ദേഹം ഇടപെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ വികസനത്തെ കുറിച്ച് ഞാന്‍ പറഞ്ഞത് അബദ്ധമാണെന്ന സ്വയം തീരുമാനത്തില്‍ അദ്ദേഹം എത്തി. പിന്നെ അറിയേണ്ടത് കേരളത്തിന്റെ അവസ്ഥയെകുറിച്ചായിരുന്നു. ആദ്യം സംഭവിച്ചതു തന്നെ ആവര്‍ത്തിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ വിലയിരുത്തല്‍; വിദേശത്ത്‌ പോയി പഠിക്കാനുള്ള യോഗ്യതയൊന്നും നിനക്കില്ല!

എനിക്ക് യോഗ്യത ഉണ്ടെന്നതിനു തെളിവാണ് ലണ്ടന്‍ സ്‌കൂളില്‍ നിന്നും വന്നിട്ടുള്ള, എന്റെ കൈയിലുള്ള ഓഫര്‍ ലെറ്റര്‍. പക്ഷേ എന്നെപ്പോലുള്ളവരുടെ യോഗ്യത അളക്കുന്നത് മറ്റു പലതും പരിഗണിച്ചാണല്ലോ.

ഞാന്‍ മന്ത്രിയുടെയോ പിഎസ്‌സി അംഗത്തിന്റെയോ മകനല്ലല്ലോ!
എന്റെ പരാജയം ജാതി മാത്രമായിരുന്നില്ല, എനിക്ക് സ്വാധീനമില്ല. കൂലിവേലക്കാരനായൊരുവന്റെ മകനാണ് ഞാന്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നൊരുവന്‍. ഞാന്‍ പട്ടിണിക്കാരനാണ്. കൈയും കാലും ഉറയ്ക്കുന്നതിനു മുന്നേ അടയ്ക്കാ തോട്ടത്തിലും വാര്‍ക്കല്‍ പണിക്കുമൊക്കെ പോയി പഠിക്കാനും ജീവിക്കാനും വക കണ്ടെത്തേണ്ടി വന്നൊരുവന്‍. എന്റെ ഇല്ലായ്മകളും എന്റെ പരാജയങ്ങളാണന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഇതേ ഉദ്യോഗസ്ഥര്‍ക്കു മുന്നിലാണ്. എസ് ടി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് വിദേശത്ത് പോയി പഠിക്കാന്‍ 20 ലക്ഷം പാസാക്കി നല്‍കിയത് ഒരു തടസവുമില്ലാതെയായിരുന്നു. കാരണം ആ വിദ്യാര്‍ത്ഥിയുടെ മാതാവ്‌ പിഎസ് സി മെംബറായിരുന്ന ഒരാളാണ്. അവര്‍ താമസിക്കുന്നവീട് തിരുവനന്തപുരം കവടിയാര്‍ ഗാര്‍ഡന്‍സിലാണ്. സ്വാധീനവും സാമ്പത്തുംകൊണ്ട് അവര്‍ ‘സവര്‍ണര്‍’ ആയിരുന്നു. എസ് സി വിഭാഗത്തില്‍ തന്നെ പെട്ട മന്ത്രിയുടെ മകന് വിദേശത്ത് പോയി പഠിക്കാനും പണം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു മടിയുമില്ലായിരുന്നു. കോളിച്ചാലിലെ കൂലിപ്പണിക്കാരനായ ആദിവാസി ബാലന്റെ മകന്‍ പഠിക്കാന്‍ ആഗ്രഹിച്ചതു തന്നെ വലിയ തെറ്റായിരുന്നു!

"</p

എന്റെ മാത്രം അനുഭവമല്ലിത്. എന്റെയാ പാച്ചിലിനിടയില്‍ കണ്ണീരോടെ മടങ്ങിപ്പോകുന്ന മറ്റു പല കുട്ടികളെയും ഞാന്‍ കണ്ടു. പൈലറ്റ് കോഴ്‌സിന് അഡ്മിഷന് കിട്ടിയിട്ട് ഇതുപോലെ വിദ്യാഭ്യാസ സഹായത്തിന് അപേക്ഷിച്ച ഒരു ദളിത് വിദ്യാര്‍ത്ഥി കരഞ്ഞുകൊണ്ടു പോകുന്നത് ഞാന്‍ കണ്ടു. അങ്ങനെയെത്രയെത്ര പേര്‍. ദളിതന്റെയും ആദിവാസിയുടെയുമൊക്കെ ക്ഷേമത്തിനും ഉന്നമനനത്തിനും വേണ്ടി പ്രസംഗിക്കുന്നവരെത്രപേരാണ്… പക്ഷേ എന്നിട്ടും ഞങ്ങള്‍ കരഞ്ഞും തലകുനിച്ചും ഇറങ്ങിപ്പോരേണ്ടി വരികയാണ്.

സമത്വം സാഹോദര്യം; ആ മുദ്രാവാക്യത്തില്‍ ദളിതനും ആദിവാസിക്കുമൊന്നും ഇടമില്ല
പൊതുവായൊരു കാര്യമാണ്, ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇന്നും ഈ കേരളത്തില്‍ കോളേജുകളില്‍ പ്രത്യേകിച്ച് പ്രൊഫഷണല്‍ കോളേജുകളില്‍ നേരിടുന്ന വിവേചനം. തുല്യത എന്നൊന്ന് അവര്‍ ഒരിടത്തുനിന്നും അനുഭവിക്കുന്നില്ല. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഞങ്ങളോട് പുച്ഛമാണ്. സംവരണം; അതാണ് ഞങ്ങളോടുള്ള വിദ്വേഷത്തിന്റെ കാരണം. അവരില്‍ പലരുടെയും അവസരം കളഞ്ഞിട്ടാണ് ഞങ്ങള്‍ അനര്‍ഹമായി പലതും നേടുന്നതെന്നാണ് ആരോപണം. ഈയടുത്ത് അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നല്ലോ സിഇടിയിലെ ആതിര എന്ന ആദിവാസി പെണ്‍കുട്ടിയുടെ അനുഭവം. എനിക്കിന്ന് ലണ്ടനില്‍ പഠിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് എന്റെ പ്രയത്‌നവും കഴിവും കൊണ്ടാണ്. സംവരണം കൊണ്ടല്ല. ഒരുവന്റെ അവസരം ഇല്ലാതാക്കി മറ്റൊരുവന് അനര്‍ഹമായി സ്ഥാനമൊരുക്കുന്നതല്ല സംവരണം. ഇനിയെങ്കിലും ഇത്തരം തെറ്റിദ്ധാരണകള്‍ മാറ്റണം. ഒരു വാക്കുകൊണ്ടോ ചിരി കൊണ്ടോ നിങ്ങള്‍ ഇതിങ്ങനെ ആവര്‍ത്തിക്കുമ്പോള്‍ മുറിയുന്നത് ഞങ്ങളുടെ മനസാണ്. ദളിതനും ആദിവാസിക്കും അഭിമാനം ഇല്ലെന്നാണോ? ഒരാളുടെയും അവസരം ഇല്ലാതാക്കി കൊണ്ടല്ല ഞാനിവിടെവരെയെത്തിയത്. ഒരാളെയെങ്കിലും കൈപിടിച്ച് ഉയര്‍ത്തണമെന്നു മാത്രമാണ് മനസില്‍. പറഞ്ഞു വന്ന കാര്യത്തിലേക്ക് വരാം. ഇത്തരം സ്ഥാപനങ്ങളില്‍ നമ്മളിങ്ങനെ ഒറ്റപ്പെടുകയോ അവഗണിക്കപ്പെടുകയോ ഒക്കെ ചെയ്യുമ്പോള്‍ പ്രതീക്ഷയോടെ ചെന്നെത്തുന്ന ചില പ്രസ്ഥാനങ്ങളുണ്ട്. അവരുടെ മുദ്രാവാക്യങ്ങളും ആശയങ്ങളും നമ്മളില്‍ ആത്മവിശ്വാസം ഉയര്‍ത്തും. പക്ഷേ വൈകിയാണ് മനസിലാകുക, അവര്‍ പറയുന്ന സമത്വത്തിലും സാഹോദര്യത്തിലും ഞങ്ങള്‍ക്ക് സ്ഥാനമില്ലെന്ന്.

കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാര്‍ എന്നെ തല്ലി
ഞാനിതും തുറന്നു പറയുകയാണ്. രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി ശബ്ദിക്കുന്നവരും സമരം ചെയ്യുന്നവരുമാണ് ഇടതുപക്ഷ യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും. എന്നാല്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കാര്യവട്ടം കാമ്പസിലെ എസ് എഫ് ഐക്കാര്‍ എന്നെ തല്ലുമ്പോള്‍ ഞാനൊരു ആദിവാസിയാണെന്ന് അവര്‍ക്ക് അറിയാതെയല്ല. അവരില്‍ എന്റെ സുഹൃത്തുക്കളായിരുന്നവരുമുണ്ടായിരുന്നല്ലോ. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നു ഭീഷണിപ്പെടുത്തിയതും അവര്‍ തന്നെയായിരുന്നു. എന്നെ ദളിത് ഭീകരനാക്കിയും മുസ്ലിം തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനാക്കിയും പോസ്റ്റുകള്‍ പതിച്ചതും അവര്‍ തന്നെയായിരുന്നു. പക്ഷേ ഇപ്പോഴവര്‍ എന്നെ ‘സഹായിച്ച’ കഥകള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഞാനത് ആസ്വദിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിക്കു കൊടുക്കാന്‍ ഒരു റെക്കമെന്‍ഡേഷന്‍ ലെറ്റര്‍ ശരിയാക്കി തരുമോയെന്നു ചോദിച്ചപ്പോള്‍ അവഗണിച്ചവര്‍ പിന്നീട് എന്റെ കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഒപ്പം കൂടാനെത്തിയതും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. പക്ഷേ നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ തങ്ങളുടെ പേര് ഇല്ലെന്നു പറഞ്ഞു ചോദിക്കാന്‍ വന്നപ്പോള്‍ എന്നെ സഹായിച്ച ആരെയും ഞാന്‍ മറക്കില്ലെന്ന മറുപടി അവര്‍ക്ക് മനസിലായിക്കാണുമെന്നു കരുതുന്നു. അതു തന്നെ ഇപ്പോഴും പറയുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍, അതിനു മുമ്പ് തന്നെ പല കാരണങ്ങള്‍ കൊണ്ട്, കാര്യവട്ടം കാമ്പസിലെ ഹോസ്റ്റല്‍ വിഷയത്തില്‍, സിഇടിയിലെ ആതിരയുടെ വിഷയത്തിലെല്ലാം ഞാനവര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി എനിക്കെതിരേ ഗൂഡാലോചന നടത്തി കാത്തിരിക്കുകയായിരുന്നു. മാര്‍ച്ച് മാസം അവിടെ സ്റ്റുഡന്റ് പോലും അല്ലാതായിരുന്ന സ്റ്റാലിന്‍, മണികണ്ഠന്‍, രാഹുല്‍മോന്‍, അതുല്‍, യദു കൃഷ്ണന്‍ ഇവരൊക്കെ എനിക്ക് എതിരെ ക്യാമ്പസില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഒടുവില്‍ അവസരം ഉണ്ടാക്കി എന്നെ മര്‍ദ്ദിച്ചു.

ആ സംഭവം ഇങ്ങനെയാണ്;
മാര്‍ച്ച് 17ന്, ആ ദിവസം ഞാന്‍ മാനസികമായി അസ്വസ്ഥനായിരുന്നു. വീസ റിജക്ഷന്‍ മൂലം സ്വിറ്റ്സര്‍ലണ്ടിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയില്‍ അപ്ലൈ ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമം. കാര്യവട്ടം കാമ്പസില്‍ ഞാന്‍ കൂടുതല്‍ സമയവും ലൈബ്രറിയിലാണ് ചെലവഴിച്ചിരുന്നത്. അന്ന് ലൈബ്രറിക്ക് മുന്നില്‍ എസ് എഫ് ഐ യൂണിയന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് പരിപാടി അവതരിപ്പിച്ചിരുന്നു. അതിന്റെ ശബ്ദം കേട്ട് ലൈബ്രറിയില്‍ ഇരിക്കുന്നതിന് അലോസരമായിരുന്നു. എന്റെ അന്നത്തെ മാനസികാവസ്ഥ കൂടിയായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു; cant go to the library… ഈ പോസ്റ്റ് ആയിരുന്നു അവരെ പ്രകോപിച്ചത്.

കുറച്ച് പണം കടം ചോദിക്കാനാണ് സുഹൃത്തായ തോമസിന്റെ ഹോസ്റ്റല്‍ മുറിയില്‍ ചെന്നത്. തോമസ് അപ്പോള്‍ പുറത്തു പോയിരിക്കുകയായിരുന്നു. ഉടന്‍ വരുമെന്ന് പറഞ്ഞതുകൊണ്ട് ഞാനും പിഎച്ഡി രജിസ്‌ട്രേഷന്റെ സ്റ്റാറ്റസ് അറിയാന്‍ വന്ന ഗോപിയെന്ന സുഹൃത്തും കൂടി മുറിയില്‍ ഇരുന്നു. ഈ സമയത്താണ് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു മനേഷ്, നജീബ്, പ്രഭാകരന്‍, വിഷ്ണു കെ പി, ഷാനു വി എന്നിവര്‍ കടന്നുവന്നത്. നീ എന്തിനാണ് പോസ്റ്റ് ഇട്ടതെന്ന് അവര്‍ ചോദിച്ചു. ഉണ്ട ചോറിനു നന്ദികാണിക്കാത്തവനെന്നു പറഞ്ഞ് മനേഷ് ആണ് ആദ്യം എന്നെ തല്ലിയത്. ആ അടിയില്‍ എന്റെ കഴുത്ത് ഉളുക്കിപ്പോയി. ഇടപെടാന്‍ നോക്കിയ ഗോപിയേയും അവര്‍ തല്ലി. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്നായിരുന്നു തല്ലുന്നതിനിടയില്‍ പ്രഭാകരന്‍ പറഞ്ഞത്. പലരും ഇതിനു ദൃക്‌സാക്ഷികളാണ്. അവര്‍ക്ക് എന്നോടുള്ള എല്ലാ ദേഷ്യവും അന്നു തീര്‍ത്തു. അവരുടെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. പിറ്റേദിവസം അവരും ആശുപത്രിയില്‍ അഡ്മിറ്റാവുകയും എനിക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ ഹോസ്റ്റല്‍ റൂമില്‍ അതിക്രമിച്ചു കയറി മദ്യപിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും അതു ചോദ്യം ചെയ്തപ്പോള്‍ അവരെ മര്‍ദ്ദിച്ചെന്നുമൊക്കെയായിരുന്നു പരാതി. പക്ഷേ പലരും യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങള്‍ക്ക് സാക്ഷികളായി ഉണ്ടായിരുന്നു.

"</p

എന്നെ മര്‍ദ്ദിച്ചതിനെതിരേ പെണ്‍കുട്ടികള്‍ അടക്കം പ്രതികരിക്കുകയും അവര്‍ കാമ്പസില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. പക്ഷേ എസ് എഫ് ഐ യുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പകരം എസ് എഫ് ഐ അവരുടെ പേരില്‍ തന്നെ എനിക്കെതിരായി പോസ്റ്ററുകള്‍ പതിച്ചു. കാമ്പസിലെ വിദ്യാര്‍ത്ഥിയല്ലാത്ത ഞാന്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എന്നായിരുന്നു ആക്ഷേപം. വിസയ്ക്ക് അപേക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പ് കാരണം എനിക്ക് പല തവണ ഡല്‍ഹിയിലും എംബസിയിലുമൊക്കെയായി പോകേണ്ടി വന്നിരുന്നു. കാര്യവട്ടത്ത് എം എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഈ വര്‍ഷം സെമസ്റ്റര്‍ ഔട്ട് ആയി എന്നത് ശരിയാണ്. പക്ഷേ ലൈബ്രറിയില്‍ ഞാന്‍ എന്നും ഉണ്ടായിരുന്നു. ഒരിടത്തും അതിക്രമിച്ചു കടന്നിട്ടില്ല. അതേസമയം എസ്എഫ്‌ഐ നേതാവായിരുന്ന സ്റ്റാലിന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ റിസര്‍ച്ച് ഹോസ്റ്റലില്‍ നാലുമാസത്തോളമാണ് മറ്റൊരാളുടെ മുറിയില്‍ താമസിച്ചത്. അതാണ് എസ്എഫ്‌ഐയുടെ ഏകാധിപത്യം.

എന്നെ പിന്തുണയ്ക്കുന്നവര്‍ മുസ്ലിം-ദളിത് തീവ്രസംഘടനയില്‍പ്പെട്ടവരാണെന്നും എനിക്കും ഗോപിക്കും അവരൊക്കെയായി ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു. ഒരു ദളിത് സംഘടന പ്രവര്‍ത്തകനോട് സംസാരിച്ചാല്‍ നമ്മളെ തീവ്രദളിത് സംഘടനാ പ്രവര്‍ത്തകനാക്കാനും മുസ്ലിം കുട്ടികളോട് സംസാരിച്ചാല്‍ മുസ്ലിം സംഘടന പ്രവര്‍ത്തകനാക്കുമൊക്കെ എസ് എഫ്ഐക്കാര്‍ക്ക് ഒരു മടിയുമില്ല. എസ് എഫ് ഐ എന്ന സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുകയല്ല. കാര്യവട്ടം കാമ്പസിലെ യൂണിറ്റ് പ്രവര്‍ത്തകരില്‍ പക്ഷേ പല കുഴപ്പങ്ങളുമുണ്ട്. നേതൃത്വത്തിലുള്ളവരെ അവര്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണ്. എന്റെ കാര്യത്തില്‍പ്പോലും ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. അവര്‍ ആരെയാണ് സംരക്ഷിക്കുന്നത്? തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറാകുമെന്ന് തന്നെയാണ് വിശ്വാസം.

"</p

എന്റെ അനുഭവങ്ങള്‍ എനിക്ക് പ്രചോദനമാണ്
ഞാന്‍ നേരിട്ട അനുഭവങ്ങള്‍ എനിക്ക് കൂടുതല്‍ കരുത്ത് നല്‍കിയിരിക്കുകയാണ്. ആരോടും പകവീട്ടാനല്ല. അതെനിക്കറിയില്ല. എനിക്ക് ചെയ്യാന്‍ വലിയ ഉത്തരവാദിത്വങ്ങളുണ്ട്. എന്റെ നാടിനും ജനതയ്ക്കും വേണ്ടി പലതും ചെയ്യേണ്ടതുണ്ട്. ജീവിത്തില്‍ വലിയ ഉയരങ്ങളില്‍ എത്തുമെന്നു കരുതിയിരുന്ന പലരും പാതി വഴിയില്‍ വീണുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇനി വരുന്നവര്‍ക്കെങ്കിലും അങ്ങനെ സംഭവിക്കരുത്. ഒരു പാട് ബിനേഷുമാര്‍ ഉണ്ടാകണമെന്നാണ് എന്റെയാഗ്രഹം. പക്ഷേ അവരാരും ഞാന്‍ അനുഭവിച്ചതൊന്നും നേരിടേണ്ടി വരരുത്. ഒരു വിദ്യാര്‍ത്ഥി പഠിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവന്‍ ദലിതനോ ആദിവാസിയോ ആയതുകൊണ്ട് ഒരിടത്തും തടയപ്പെടരുത്. ഞാന്‍ ഈ പറഞ്ഞതൊക്കെയും അതിനുവേണ്ടിയാണ്. സമൂഹവും ഭരണകൂടവും കൂടെ നില്‍ക്കണം. ഇന്നെനിക്ക് നിങ്ങള്‍ ചെയ്യുന്ന സഹായം നാളെ ഞാന്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുമെന്ന് ഉറപ്പ് പറയുന്നു…

ബിനേഷ് ബാലന്‍ ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് കടപ്പാട്; മണമ്പൂര്‍ സുരേഷ് ബാബു, കേരള കൌമുദി, ലണ്ടന്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍