UPDATES

ട്രെന്‍ഡിങ്ങ്

ബിഷപ്പിനെ ഇടയനെന്നാണ് പറയുന്നത്, എന്നാല്‍ കുഞ്ഞാടിനെ കൊന്നു തിന്ന അയാളാണ് സഭയെ അപമാനിച്ചത്- സാറാ ജോസഫ്

പി സി ജോര്‍ജ്ജ് മാപ്പര്‍ഹിക്കുന്നില്ല; ഇടതുപക്ഷ സര്‍ക്കാര്‍ അവരുടെ സ്ത്രീനയം വ്യക്തമാക്കണം

പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാറാ ജോസഫ്. ശക്തമായ നിലപാടുകളും വിമര്‍ശനങ്ങളും ഉന്നയിച്ചു കൊണ്ടാണ് സാറാ ജോസഫ് പിന്തുണ അറിയിച്ചത്. പോലീസ് ഈ വിഷത്തില്‍ കാണിക്കുന്ന അനാസ്ഥയെയും സഭയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും നയത്തെ അവര്‍ ചോദ്യം ചെയ്തു. അവരുടെ പ്രസംഗത്തില്‍ നിന്ന്.

സാക്ഷികളുടെ മൊഴി പരസ്പര വിരുദ്ധമായിരിക്കുന്നു. അതുകൊണ്ട് നമുക്ക് വളരെ വ്യക്തമാണ് ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലായ്‌പ്പോഴും പണത്തിന്റെയും അഴിമതിയുടെയും അടിമയാണ് പോലീസ്. അങ്ങനെ അഴിമതിയുടെയും പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഞെരുക്കങ്ങളില്‍ പെട്ട് ജനനീതി നിഷേധിക്കുന്ന പോലീസ് ജനാധിപത്യത്തിന്റെ പോലീസ് അല്ല.

ഈ സന്ദര്‍ഭത്തില്‍ ഒരു ജനാധിപത്യ സ്ഥാപനമെന്ന നിലയില്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ചത് മാധ്യമങ്ങളാണ്. രണ്ടാമത് നമ്മള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് കോടതിയെയാണ്. ജനാധിപത്യത്തിന്റെ നാല് സ്ഥാപനങ്ങളില്‍ ഏറ്റവും വലിയ കള്ളത്തരം കാണിക്കുന്നത് പോലീസും ഭരണകൂടവുമാണ്. മാധ്യമങ്ങളുടെ വളരെ ശക്തമായുള്ള ഇടപെടല്‍ മാത്രമാണ് ഈ വിഷയത്തില്‍ ഇങ്ങനെയൊരു അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.

സഭാനേതൃത്വം കന്യാസ്ത്രീകള്‍ക്ക് എതിരെ നടപടികള്‍ക്ക് മുതിരുന്ന ഒരു കാഴ്ചയാണ് കാണുന്നത്. സഭ പറയുന്നത് സഭ അപമാനിക്കപ്പെട്ടു, അതിന് ബലാല്‍സംഘത്തിന് ഇരയായ കന്യാസ്ത്രീ കാരണക്കാരിയായി. നീതിക്കായി തെരുവില്‍ ഇറങ്ങിയ കന്യാസ്ത്രീകള്‍ ഒന്നടങ്കം സഭയെ അവഹേളിക്കുന്നുവെന്നൊക്കെയാണ്. സത്യത്തില്‍ സഭയെ ആരാണ് അപമാനിച്ചത്? കന്യാസ്ത്രീകളല്ല, സഭയെ അവഹേളിച്ചത് ബിഷപ്പാണ്. ഒരു ബിഷപ്പ് അദ്ദേഹമിരിക്കുന്ന സ്ഥാനത്തെ ഏറ്റവും ആദരപൂര്‍വം കണ്ടുകൊണ്ട് ജനങ്ങളെ നയിക്കുന്ന ഇടയന്‍ എന്നാണ് പറയുന്നത്. ആപത്തില്‍ പെടാതെ നയിക്കേണ്ട ബിഷപ്പ് തന്നെ അതിലൊരു കുഞ്ഞാടിനെ കൊന്ന് തിന്നിട്ട് സഭയെ അപമാനിച്ചു. അപ്പോള്‍ എന്താണ് സഭ ചെയ്യേണ്ടത്? ആരാണോ തെറ്റ് ചെയ്തത് അവരെ പിടിച്ച് ആദ്യം പുറത്താക്കി സഭയെ സംരക്ഷിക്കുകയാണ് ആദ്യം വേണ്ടത്. അവരെ ചൂണ്ടിക്കാട്ടണം, അവരെ പുറത്താക്കണം, അവരെ തള്ളിപ്പറയണം. അതിന് പകരം കന്യാസ്ത്രീകളെ തള്ളിപ്പറയുന്ന നയത്തിലേക്ക് സഭ നീങ്ങിയിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇവിടെ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി ഹൈക്കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. സഭയ്ക്ക് അപ്പുറത്തു ഒരു നീതി സംവിധാനം ഇവിടെയുണ്ട്. ആ നീതി സംവിധാനം എല്ലാ ജനങ്ങള്‍ക്കും ജാതിമത വ്യത്യാസമില്ലാതെ അര്‍ഹതപ്പെട്ട ഒന്നാണ്. അതുകൊണ്ട് കന്യാസ്ത്രീകള്‍ വലിയ നീതിയുടെ ചിഹ്‌നമായി മാറിക്കൊണ്ട് നമുക്ക് നീതി വേണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

എന്താണ് ഈ വിഷയത്തില്‍ അധികാരികള്‍ ചെയ്യുക എന്ന് മനസിലാക്കണം ഇടതുപക്ഷ സര്‍ക്കാര്‍ അവരുടെ സ്ത്രീനയം വ്യക്തമാക്കണം. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളോട് അവര്‍ എന്ത് നയമാണ് മുന്നോട്ട് വെക്കുന്നത്? അതിലാണ് പി.കെ ശശിയുടെയും ബിഷപ്പിന്റെയും കാര്യം ഒന്നിച്ചു വരുന്നത്. പാര്‍ട്ടിക്ക് അകത്ത് ഒരു പെണ്ണിന് പ്രശ്‌നം വന്നാലും പുറത്ത് ഒരു പെണ്ണിന് പ്രശ്‌നം വന്നാലും അവര്‍ ഭരണത്തിലിരിക്കുമ്പോഴും അവര്‍ ആരുടെ കൂടെ നില്‍ക്കും എന്ന ചോദ്യം വളരെ അധികം സമൂഹത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. എണ്‍പതോളം ദിവസമായിട്ടും ഈ വിഷയത്തില്‍ എന്താണ് നടപടിയെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. കന്യാസ്ത്രീകളുടെ വിഷയത്തില്‍ എന്താണ് നടപടിയെന്ന് പറഞ്ഞിട്ടില്ല. അവിടെയുമിവിടെ ഇരുന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്ന് പറയുമ്പോഴും പോലീസ് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. പോലീസ് അറസ്റ്റ് ചെയ്യുന്നത് തന്നെ എത്ര വൈകിയാണെന്ന് നമ്മള്‍ കാണാന്‍ പോകുന്നു.

പിസി ജോര്‍ജിനെ പോലൊരാള്‍ ഒരു വാക്ക് പിന്‍വലിക്കുന്നുവെന്നാണ് പറയുന്നത്. വിടുവായത്തം പറയുന്ന കുറെയാളുകള്‍ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനകത്തുണ്ട്. അയാള്‍ ഒരു വാക്കും പിന്‍വലിക്കണ്ട. അയാളുടെ മനോഭാവം വെച്ച് കൊണ്ട് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒന്നിനെ ജനങ്ങള്‍ കൈകാര്യം ചെയ്തോളും. അയാള്‍ മാപ്പ് അര്‍ഹിക്കുന്നില്ല.

കേരളത്തിന്റെ ഹീറോകളാണ് നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ ആ കന്യാസ്ത്രീകൾ

സഭ അന്നെന്നെ ഭ്രാന്തിയാക്കി; ഇന്ന് പിന്തുണയുമായി മറ്റ് കന്യാസ്ത്രീകള്‍; ഇത് ചരിത്രമുഹൂര്‍ത്തം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍