UPDATES

ട്രെന്‍ഡിങ്ങ്

പുരുഷകേസരിമാര്‍ അരങ്ങുവാഴുന്ന രാഷ്ട്രീയത്തിന്റെ ഗതികേട്; പിസിയും പികെയും

ബഷീറിനെ വെച്ച് മുതലെടുപ്പ് നടത്തുന്ന മുസ്ലിം ലീഗിന്റെ പുതിയ നേതൃത്വവും അവർക്കു വശംവദരായ യു ഡി എഫ് നേതൃത്വവും ശശിമാരെ സംരക്ഷിക്കാൻ ബദ്ധപ്പെടുന്ന സി പി എമ്മും നട്ടപാതിരാക്കും ഇപ്പോൾ ചിലപ്പോഴൊക്കെ സൂര്യൻ ഉദിക്കാറുണ്ടെന്നു മനസ്സിലാക്കിയാൽ നന്ന്

കെ എ ആന്റണി

കെ എ ആന്റണി

മാംസം മാംസത്തിലേക്കു ആഞ്ഞാഞ്ഞിറങ്ങുമ്പോൾ അളവുകോലുമായി നിൽക്കണമായിരുന്നോ ഞാൻ എന്ന എൻ എൻ പിള്ളയുടെ ‘കാപാലിക’യുടെ ചോദ്യം ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിൽ പീഡിതയായ കന്യാസ്ത്രീ ഇനിയും ഉന്നയിക്കേണ്ടതുണ്ടോ? ചോദ്യം പൂഞ്ഞാർ പുലിയെന്നു സ്വയം നിഗളിക്കുന്ന പി സി ജോർജ്ജിനോടാണ്. കള്ളു വിറ്റു മുതൽ കൂട്ടിയ ഒരു കുടുംബത്തിലെ സന്തതി എന്ന നിലയിലല്ല, തനിക്കെതിരെ വന്ന പഴയകാല ജാര സന്തതിക്കേസിനെ എതിർത്ത് തോല്പിച്ചുവെന്ന ഹുങ്കുമായി നടക്കുന്ന ഏതെങ്കിലും ഒരു ഊച്ചാളിയോടുമല്ല ഈ ചോദ്യം. ചോദ്യം നിലവിൽ നിയമ നിർമാണ സഭയിലെ ഒരു അംഗത്തോടാണ് എന്ന് കുറഞ്ഞ പക്ഷം തരം പോലെ ഇടതു വലതു കളങ്ങളിൽ മാറിമാറി ചവിട്ടുന്ന പി സി ഇനിയെങ്കിലും മനസ്സിലാക്കുമെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിലും കാമം മൂത്തു പാതിരിമാർ പതിയിരിക്കുന്നതും പെൺ ശരീരങ്ങളിൽ ഒളിയാക്രമണം നടത്തുകയോ ആഞ്ഞു പതിക്കുകയോ ചെയ്യുന്നതും ചില ബിഷപ്പുമാർക്കു കാമ വിശപ്പുണ്ടാകുന്നതും അവർ വിഷപാമ്പുകളായി മാറുന്നതുമൊന്നും ഈ പൂഞ്ഞാറുകാരന് അറിയായ്കയുമല്ലല്ലോ. അറിഞ്ഞിട്ടും കാര്യമില്ലെന്നാണ് തോന്നുന്നത്. ഇത്തരം പൊണ്ണന്മാർ പണ്ട് കുഞ്ചൻ നമ്പ്യാർ പറഞ്ഞതുപോലെയാണ്. ‘പൊന്നാനിരിക്കും പടുകുഴി തന്നിൽ/വെള്ളം വന്നു നിറഞ്ഞു നനഞ്ഞു തുടങ്ങി/ വെള്ളപ്പട്ടു നനഞ്ഞു തുടങ്ങി’ എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. ഒരിക്കൽ വീണ്ടും നനഞ്ഞു തുടങ്ങും.

സത്യം പറയാമല്ലോ പൂഞ്ഞാറിലെ കുമ്പകുലുക്കി പുലിയെ ഈ എഴുത്തിലേക്ക് കെട്ടി എഴുന്നെള്ളിച്ചത് നിയമ നിർമാണസഭയുടെ ഭാഗമായിരിക്കുമ്പോഴും സ്വതവേ കൊണ്ടുനടക്കുന്ന സ്ത്രീ വിരുദ്ധത ഇപ്പോഴും കൊണ്ടു നടക്കുന്നതിന്റെ പേരിൽ തന്നെയാണ്. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറക്കുമെന്നത് തികച്ചും സ്വാഭാവികം തന്നെ. പോരെങ്കിൽ നാല് വോട്ടിനു സഭയില്ലാതെ എന്തുണ്ട് കാര്യമെന്ന് ഉദര നിമിത്തക്കാർ ചിന്തിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ. അല്ലെങ്കിലും ശശിമാർ വാഴുന്ന ഇടതുപക്ഷം മറുപുറം നിൽക്കുമ്പോൾ ഇടതും വലതും മാറിമാറി ക്ലാന്തുന്ന പി സി ജോർജുമാർ എന്തും പറഞ്ഞെന്നും ചെയ്‌തെന്നും ഇരിക്കും. അതാണ് മതത്തിലെന്നല്ല, പുരുഷ കേസരിമാർ മാത്രം വാഴുന്നുവെന്ന പൊതുധാരണയിൽ അധിഷ്ടിതമായ നമ്മുടെ രാഷ്ട്രീയത്തിന്റെയും ഗതികേട്.

ഇത്തരം ഒരു വലിയ ഗതികേടിൽ നിന്നു തന്നെ വേണം മുസ്ലിം ലീഗിന്റെ ഏറനാട് എം എൽ എയെയും വായിക്കാൻ. പി കെ ബഷീർ എന്ന എം എൽ എ യെ മാത്രമല്ല അയാൾ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ലീഗിനെയും വിലയിരുത്താൻ എന്നുകൂടി പറയേണ്ടി വരുന്നു. നിലവിൽ ഏറനാട് എം എൽ എ ആണ് പി കെ ബഷീർ. ടിയാൻ മുൻപേ പറഞ്ഞ പി സിയെപ്പോലെ തന്നെ വരും വരായ്കകളെക്കുറിച്ചാലോചിക്കാതെ എന്തും പറഞ്ഞു കളയും. അങ്ങനെയുള്ള ഒരു നാവു കരുത്താണ് ഇപ്പോൾ ബഷീറിനെയും ഒപ്പം അയാൾ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ലീഗിനെയും വെട്ടിലാക്കിയിരിക്കുന്നത്.

രാഷ്ട്രീയക്കാർ വായിൽ നാവുള്ളവരായിക്കണം എന്നതാണ് പൊതുധാരണ. പോലീസ് കസ്റ്റഡിയിൽ നിന്നും മണൽ കടത്തു കേസിലെ പ്രതികളെ ബലമായി മോചിപ്പിച്ച കോൺഗ്രസിലെ കെ സുധാകരനും തെരുവിൽ ജഡ്ജിയെ ശുംഭൻ എന്നധിക്ഷേപിച്ച സി പി എമ്മിലെ എം വി ജയരാജനുമൊക്കെ അവരുടെ ഹീറോകൾ ആകുന്ന കാലമാണിത്. അപ്പോൾ പിന്നെ അധ്യാപകനെ യൂത്ത് ലീഗുകാർ തൊഴിച്ചുകൊന്ന കേസിൽ സാക്ഷി പറയാൻ ആരെങ്കിലും കോടതിയിൽ പോയാൽ തട്ടിക്കളയും എന്നു പരസ്യമായി പ്രഖ്യാപിച്ച ബഷീറിനെ ലീഗുകാർ പൂമാല ചാർത്തി പൂജിച്ചതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. വെറും പൂമാലയായിരുന്നില്ല, പച്ച ഹാരമായിരുന്നു അതെന്നു കമ്മ്യൂണിസ്റ്റുകളെ കളിയാക്കിയ ലീഗ് സുഹൃത്തുക്കൾ ഇപ്പോഴും മലപ്പുറത്ത് ജീവനോടെയുണ്ട്. പക്ഷെ ബഷീർ എം എൽ എയെ മാത്രമല്ല ഹുങ്ക് മൂത്തു നടന്ന ലീഗ് നേതൃത്വത്തെയും അണികളെയും ഒരുപോലെ ആശങ്കാകുലരാക്കുന്ന ഒരു സംഭവമാണ് അധ്യാപകനെ തൊഴിച്ചു കൊന്ന കേസ് പുനഃസ്ഥാപിക്കുക വഴി കഴിഞ്ഞ ദിവസം സുപ്രീം കോടതി ചെയ്തത്. കേസിനു ഇത്തിരി പഴക്കമുണ്ട്. വി എസ് സർക്കാരിന്റെ കാലത്ത് 2008 ലാണ് ‘മതമില്ലാത്ത ജീവൻ’ എന്ന പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന യു ഡി എഫ് സംഘടനകളുടെ സമരകാലത്താണ് മലപ്പുറം അരീക്കോടിനടുത്ത വാലില്ലാപുഴപ്പുഴയിലെ പ്രധാനാധ്യാപകൻ ജെയിംസ് അഗസ്റ്റിൻ തൊഴിയേറ്റു മരിച്ചത്. കേസ് രജിസ്റ്റർ ചെയ്തു തൊട്ടടുത്ത വര്‍ഷം തന്നെ കുറ്റപത്രം സമർപ്പിച്ചെങ്കിലും ബഷീർ എം എൽ എയുടെ പരസ്യ ഭീഷണി പ്രസംഗത്തെ തുടർന്ന് സാക്ഷികൾ ആരും കോടതി പരിസരത്തേക്ക് തന്നെ പോയില്ല. വി എസ് മാറി ഉമ്മൻ ചാണ്ടി സർക്കാർ വന്നപ്പോൾ കേസ് കൂൾ കൂളായി അവസാനിപ്പിച്ചു. ഇതിനെതിരെ മഞ്ചേരിക്കാരൻ തന്നെയായ അബ്ദുൽ വഹാബ് എന്നൊരാൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മൂന്നാം കക്ഷി ന്യായം നിരത്തി ഹൈക്കോടതിയും കേസ് കൈവിട്ടതിനെതിരെയാണ് ഇന്നലത്തെ സുപ്രീം കോടതി നടപടി. എന്നുവെച്ചാൽ കാര്യങ്ങൾ കൈവിട്ടു പോയെന്നു സാരം.

ഇനിയിപ്പോൾ സീതി ഹാജിയാണോ അതോ കുഞ്ഞാപ്പയുടെ പുതിയ ലീഗാണോ ശരിയെന്നു മുസ്ലിം ലീഗ് തന്നെ മറുപടി പറയേണ്ട അവസ്ഥയായിരിക്കുന്നു. താൻ മുസ്ലിം ലീഗിന്റെ അമരത്തുണ്ടായിരുന്ന കാലത്തൊന്നും സൽപുത്രൻ ബഷീറിനെ പാർട്ടിയുടെ അഞ്ചയലത്തേക്ക് അടുപ്പിച്ചിട്ടില്ല. കോഴിക്കോട് അളകാപുരി ഹോട്ടലിൽ വെച്ച് കണ്ട അവസാന കൂടിക്കാഴ്ചയിലും മകനെക്കുറിച്ചുള്ള ഉത്കണ്ഠകൾ പങ്കുവെച്ച ഒരു നല്ല പിതാവായിരുന്നു സീതി ഹാജി. സി എച്ച് മുഹമ്മദ് കോയക്കൊപ്പം ഇന്നു കാണുന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എന്ന കരുത്തുറ്റ ഒരു രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുത്ത സീതിഹാജിയെക്കുറിച്ചുള്ള തമാശകൾ മാത്രമേ പുതുതലമുറക്കറിയൂ. പക്ഷെ സി എച്ചിനെയുമൊക്കെ ഇനിയും മനസ്സിലാക്കാൻ ഒരു പക്ഷെ മകൻ എം കെ മുനീർ ഉപകരിച്ചേക്കും. എന്നാൽ സീതി ഹാജിയെ അറിയാൻ ബഷീർ മാത്രം മതിയാവില്ല. പി സി ജോർജിന്റെ കാര്യം തീരുമാനിക്കാൻ തല്ക്കാലം പി സിക്കെ കഴിയൂ. പക്ഷെ ബഷീറിനെ വെച്ച് മുതലെടുപ്പ് നടത്തുന്ന മുസ്ലിം ലീഗിന്റെ പുതിയ നേതൃത്വവും അവർക്കു വശംവദരായ യു ഡി എഫ് നേതൃത്വവും ശശിമാരെ സംരക്ഷിക്കാൻ ബദ്ധപ്പെടുന്ന സി പി എമ്മും നട്ടപാതിരാക്കും ഇപ്പോൾ ചിലപ്പോഴൊക്കെ സൂര്യൻ ഉദിക്കാറുണ്ടെന്നു മനസ്സിലാക്കിയാൽ നന്ന്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍