UPDATES

ട്രെന്‍ഡിങ്ങ്

അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് തെളിഞ്ഞാല്‍ അനാവശ്യമായ ഹര്‍ത്താലിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് മറുപടി പറയേണ്ട ബാധ്യത കൂടി ബിജെപിക്കുണ്ടാകും

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞെന്നാണ് രാവിലെ മുതല്‍ കാണുന്ന ന്യൂസ് സ്‌ക്രോള്‍. തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിജെപി ഇന്നലെ അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പ്രതിഷേധിക്കാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അവകാശത്തെ അംഗീകരിക്കുമ്പോഴും ഇന്നലെ അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ അനാവശ്യമെന്നേ വിളിക്കാന്‍ സാധിക്കൂ. കേരളത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട ആദ്യത്തെ സംഭവമല്ല ഇത്. അപ്രതീക്ഷിതമായി ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അടിയന്തരമായി മുമ്പും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ തിരുവനന്തപുരത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഈ ഹര്‍ത്താലിനെയും നോക്കിക്കാണാനാകൂ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ കുടിപ്പക ഏതാനും ആഴ്ചകളായി തിരുവനന്തപുരത്ത് പുകഞ്ഞുകൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ ഈ സംഭവവികാസങ്ങളുടെ ബാക്കിയെന്ന് സംശയിക്കപ്പെടുന്ന കൊലപാതകമാണ് ഇവിടെ നടന്നിരിക്കുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എങ്കിലും ഇപ്പോള്‍ വരുന്ന സൂചനകള്‍ മറ്റ് സാധ്യതകളും ഉണ്ട് എന്ന രീതിയിലാണ്. അതെന്തായാലും അര്‍ദ്ധരാത്രിയില്‍ ഇത്തരം ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് ജനങ്ങളെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് തിരിച്ചറിയാനുള്ള വിവേകം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല എന്നതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ഇത്.

ആരുടെമേലും ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കരുതെന്നിരിക്കെ ഇത്തരത്തിലുള്ള അര്‍ദ്ധരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണ്. അവധി ദിവസമായതിനാല്‍ തന്നെ കുടുംബപരമായ നിരവധി ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ മാറ്റിവയ്ക്കുന്ന ദിവസമാണ് ഞായറാഴ്ച. ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ പലരും ഇത്തരം ആവശ്യങ്ങള്‍ക്കുള്ള യാത്രകളിലുമായിരുന്നിരിക്കും. ഇത്തരക്കാരെയാണ് അപ്രതീക്ഷിതമായ ഹര്‍ത്താല്‍ വലച്ചിരിക്കുന്നത്. ജനങ്ങളെ നോക്കാതെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒരുകാരണവശാലും ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ല. ഹര്‍ത്താലിന് അടിസ്ഥാനമായ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് പോലും ഇനിയും കൃത്യതയില്ലാതിരിക്കുന്ന സാഹചര്യമാണുള്ളത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന് മേല്‍ കെട്ടിവയ്ക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമി സംഘത്തെ പിടികൂടിയ പോലീസ് സംഘം ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമല്ലെന്ന സൂചനകളാണ് പുറത്തു വിടുന്നത്.

വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അക്രമാസക്തമായെന്ന് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കോട്ടയം- വൈക്കം കവലയില്‍ റോഡ് ഉപരോധിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തതായാണ് അറിയുന്നത്. സിപിഎം അനുകൂല ഫ്‌ളക്‌സുകളും ഇവിടെ അടിച്ചു തകര്‍ത്തിട്ടുണ്ട്. കൊല്ലത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ പോലും ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ അനുവദിച്ചില്ല. മലപ്പുറം, എടപ്പാള്‍, വണ്ടൂര്‍, നിലമ്പൂര്‍, കളമശേരി എന്നിവിടങ്ങളിലും ഹര്‍ത്താല്‍ അക്രമാസക്തമാണ്. രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയവര്‍ കുടുങ്ങിക്കിടക്കുകയാണ്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും അതിലൂടെ വിജയിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. കൊന്നത് ആരുതന്നെയായാലും സിപിഎം ഭരിക്കുന്ന സര്‍ക്കാരിനെതിരായ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കോഴ വിവാദത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ബിജെപിയെ സംബന്ധിച്ച് അണികളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഈ കൊലപാതകം മുഖ്യമായും സഹായിച്ചിരിക്കുന്നത് എന്ന ആരോപണങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. നേതൃത്വത്തിനെതിരെ അണികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളായിരുന്നു ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവന്നത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് തെളിഞ്ഞാല്‍ അനാവശ്യമായ ഹര്‍ത്താലിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് മറുപടി പറയേണ്ട ബാധ്യത കൂടി ബിജെപിക്കുണ്ടാവും. ഈ ഒരു വര്‍ഷത്തിനിടയില്‍ എത്ര ഹര്‍ത്താല്‍ തങ്ങള്‍ പ്രഖ്യാപിച്ചു എന്ന് ബിജെപിക്കാര്‍ക്ക് കൂടി ഒന്നാലോചിക്കാവുന്നതാണ്. ഇത്തരം അപ്രതീക്ഷിത പ്രഖ്യാപനങ്ങളിലൂടെ തങ്ങളുടെ കരുത്ത് തെളിയിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. ജനകീയ അടിത്തറ നഷ്ടമാകാന്‍ മാത്രമാണ് ഇത് സഹായിക്കുകയെന്ന് ബിജെപി മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിയണം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍