UPDATES

ട്രെന്‍ഡിങ്ങ്

ചാനല്‍ ചര്‍ച്ച: ബിജെപി മറ്റ് പാര്‍ട്ടികള്‍ക്കും ‘മാതൃക’യാണ്, പക്ഷേ, ‘സ്വതന്ത്ര’ രാഷ്ട്രീയ നിരീക്ഷകരെ ആര് വിലക്കും?

എതിരാളിയെ പ്രതിരോധിക്കാനാകുന്നില്ലെങ്കില്‍ അല്ലെങ്കില്‍ എതിരാളിയെ പ്രതിരോധത്തിലാക്കാനാകുന്നില്ലെങ്കില്‍ ഭീഷണിയോ പുലഭ്യമോ അങ്ങനെ എന്ത് വഷളത്തരവും വിളിച്ചു പറയാമെന്നുള്ള മനോഭാവമാണ് ചാനല്‍ ചര്‍ച്ചകള്‍ക്കെത്തുന്ന പലര്‍ക്കും

ചാനല്‍ ചര്‍ച്ചകളില്‍ പതിവായി വിവരക്കേട് മാത്രം വിളിച്ചുകൂവുന്ന ജെആര്‍ പത്മകുമാറിനെ ബിജെപി നേതൃത്വം നേരിട്ട് വിലക്കിയിരിക്കുകയാണ്. ഏറെ നാളായുള്ള ആര്‍എസ്എസിന്റെ ആവശ്യമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഇന്നത്തെ തീരുമാനത്തോടെ നടപ്പായിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നാണ് കുമ്മനം രാജശേഖരന്‍ പത്മകുമാറിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍എസ്എസ് ഈ ആവശ്യം ഉന്നയിച്ചപ്പോളും പാര്‍ട്ടി നേരിട്ട് ആവശ്യപ്പെടാതെ താന്‍ പിന്മാറില്ലെന്നായിരുന്നു പത്മകുമാറിന്റെ നിലപാട്. അതായത് താന്‍ വിളിച്ചു പറയുന്ന വിവരക്കേടുകള്‍ അദ്ദേഹത്തിന് ഇതുവരെയും മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് അര്‍ത്ഥം. വിവരക്കേട് വിളിച്ചു പറയുന്നതിനേക്കാള്‍ ഭീകരമാണ് പറഞ്ഞ വിവരക്കേട് തിരിച്ചറിയാതിരിക്കുക എന്ന അവസ്ഥ. രാഷ്ട്രീയ നേതാക്കളും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരും ബുദ്ധിജീവികളും ചേര്‍ന്ന് വൈകുന്നേരങ്ങളെ കോമഡി ടൈം ആക്കിമാറ്റുന്ന അവസ്ഥയിലാണ് ഇപ്പോള്‍ പല ചാനല്‍ ചര്‍ച്ചകളും നടക്കുന്നത്. പുതിയ ആളുകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കാന്‍ ചാനലുകള്‍ തന്നെ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ചിലരെ വിളിക്കുന്ന പതിവ് ചാനലുകള്‍ തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ബിജെപി ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു മാതൃകയായിരിക്കുകയാണ്.

ചര്‍ച്ചകളെ കോമഡി ഷോയാക്കുകയും അതിലൂടെ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നാണക്കേടുണ്ടാക്കുകയും ചെയ്യുന്നവരെ അവര്‍ തന്നെ വിലക്കണമെന്നതാണ് ബിജെപിയുടെ സന്ദേശം. വിവരക്കേട് വിളിച്ചു പറയുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വക്താക്കളും മോശമല്ല. ഇപ്പോള്‍ തന്നെ പത്മകുമാറിനെ കുഴിയില്‍ ചാടിച്ചത് സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്മശദാബ്ദി ആഘോഷിക്കണമെന്ന നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ്. പത്മകുമാറിന്റെ വാദങ്ങളെല്ലാം എതിരാളികള്‍ക്ക് അവസരം നല്‍കുന്നതായിരുന്നു. ദുര്‍ബലമായ വാദങ്ങള്‍ ഉന്നയിച്ച് ചര്‍ച്ചയില്‍ സ്വയം പരിഹാസ്യനായ പത്മകുമാര്‍ പാര്‍ട്ടി നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. അതേസമയം പത്മകുമാറിനെ വിലക്കുന്ന ബിജെപി ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നും അറിയേണ്ടതുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പലപ്പോഴും നിലവാരം കുറഞ്ഞ വാദങ്ങളും പദപ്രയോഗങ്ങളും നടത്തി ട്രോളര്‍മാര്‍ക്ക് വിരുന്നൊരുക്കുന്നതാണ് ശോഭയുടെ രീതിയെന്ന് അവരുടെ ചര്‍ച്ചകള്‍ ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവര്‍ക്ക് അറിയാം. പത്മാവതി സിനിമയ്‌ക്കെതിരെയുള്ള സംഘപരിവാര്‍ പ്രതിഷേധം മനോരമ ന്യൂസ് ചര്‍ച്ചയാക്കിയപ്പോള്‍ ഇത്തരം ചര്‍ച്ചകളിലെ പുതുമുഖമായ അനശ്വര കൊരട്ടിസ്വരൂപത്തിനോട് ശക്തമായ വാദങ്ങള്‍ ഉന്നയിക്കാനാകാതെ ശോഭ വിളിച്ചു പറഞ്ഞ ശുദ്ധ മണ്ടത്തരങ്ങളും നാം കേട്ടതാണ്. ആരോഗ്യപരമായ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അവര്‍ അന്ന് അനശ്വരയെ പലപ്പോഴും പരിഹസിക്കുകയും കടന്നാക്രമിക്കുകയും ചെയ്തു. ഹിന്ദുത്വ, സദാചാര വാദങ്ങള്‍ ഉന്നയിച്ച് പരാജയപ്പെടുമ്പോള്‍ പലപ്പോഴും നിലവാരം കുറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എതിരാളികളോട് തീര്‍ത്തും അനാരോഗ്യകരമായ ഇടപെടലുകള്‍ നടത്തുന്നത് ഇതിന് മുമ്പും ശേഷവും ശോഭയുടെ പതിവാണ്. ബിജെപിയുടെ ടി ജി മോഹന്‍ദാസും ചാനല്‍ ചര്‍ച്ചകളില്‍ കൃത്യമായ പഠനങ്ങളില്ലാതെ പങ്കെടുക്കുകയും പാര്‍ട്ടിയെ ന്യായീകരിക്കുകയും ചെയ്ത് വെട്ടിലാകുന്ന നേതാവാണെന്ന് ഓര്‍ക്കണം.

കോണ്‍ഗ്രസ് നേതാക്കളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി സിദ്ദിഖ്, പിസി വിഷ്ണുനാഥ് എന്നിവരും യാതൊരു ഗൃഹപാഠവും ചെയ്യാതെ ചാനല്‍ ചര്‍ച്ചകളെ കോമഡി ഷോകള്‍ ആക്കി തീര്‍ക്കാറുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ ഒരു സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയപ്പോള്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ചത് ഉണ്ണിത്താനെ ഒരേസമയം പ്രശംസയ്ക്കും വിമര്‍ശനത്തിനും വിധേയരാക്കി. ഈ വിമര്‍ശനത്തിന്റെ പേരില്‍ സംഘപരിവാര്‍ തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. ശശികലയുടെ പ്രസംഗം കേട്ടാല്‍ വാതരോഗം ബാധിച്ച ഹിന്ദു പോലും ചാടിയെഴുന്നേറ്റ് അന്യമതക്കാരെ കുത്തുമെന്നായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം. എന്നാല്‍ ഇതിന് മുമ്പ് അഞ്ച് രൂപയ്ക്ക് വേണ്ടി എല്ലാവര്‍ക്കും തുണി പൊക്കിക്കൊടുക്കുന്ന വേശ്യയെ പോലെയാണ് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് എന്ന ഉണ്ണിത്താന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പി സി ജോര്‍ജ്ജ് ആണെങ്കില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് വരുന്നത് തന്നെ തെറി വിളിയ്ക്കാനാണ്. തെറി വിളി വിവാദമായപ്പോള്‍ താന്‍ ഒരു നാട്ടിന്‍പുറത്തുകാരനാണെന്നും അറിയാതെ നാട്ടുഭാഷ ഉപയോഗിച്ച് പോയതാണെന്നും ന്യായീകരിച്ച് ജോര്‍ജ്ജ് പരസ്യമായി മാപ്പ് പറഞ്ഞതും ഇവിടെ പരിഹാസ്യമായി.

സ്വരാജിന് അഭിവാദ്യങ്ങൾ; ജയശങ്കറിനോട് സഹതാപം; മാധ്യമങ്ങളോട് രണ്ടു വാക്ക്

പൊതുവേദികളില്‍ യാതൊരു ചിന്തയുമില്ലാതെ സംസാരിക്കുന്ന ചിന്താ ജേറോമാണ് ചാനല്‍ ചര്‍ച്ചകളിലെ മറ്റൊരു സ്ത്രീ സാന്നിധ്യം. എം സ്വരാജ് എംഎല്‍എയും പലപ്പോഴും വിഷയം പഠിക്കാതെ ചര്‍ച്ചകള്‍ക്കെത്തി പരിഹാസ്യനായും എതിരാളികളെ വെല്ലുവിളിച്ചും മടങ്ങുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചാനല്‍ ചര്‍ച്ചകളില്‍ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്ന സിപിഎം നേതാക്കള്‍ക്ക് ഏറ്റവും നല്ല ഉദാഹരണം എ എന്‍ ഷംസീര്‍ എംഎല്‍എയാണ്. ചാനല്‍ ചര്‍ച്ചകളിലെ അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളും വിമര്‍ശന വിധേയമാണ്. രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കറിനെ എടുത്തോളാം എന്നതുപോലുള്ള വെല്ലുവിളികളും ഷംസീര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ന്യൂസ് 18 നടത്തിയ ചര്‍ച്ചയിലായിരുന്നു എംഎല്‍എയുടെ ഭീഷണി. പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ അതിന്റെ പ്രതിവിധി കൂടി നേരിടണമെന്നും ഷംസീര്‍ ഭീഷണിപ്പെടുത്തി. തുടര്‍ച്ചയായി ഭീഷണി മുഴക്കിയ ഷംസീറിനെ പിന്തിരിപ്പിക്കാന്‍ അവതാരകന്‍ ശ്രമിച്ചെങ്കിലും ഷംസീര്‍ അതിന് തയ്യാറായില്ല.

ജയശങ്കറും മോശക്കാരനല്ല. അദ്ദേഹം പങ്കെടുക്കുന്ന ചര്‍ച്ചകളിലെല്ലാം തന്നെ ജാതിയതയും തെറിവിളികളും കടന്നു വരുന്നത് പതിവാണ്. ഒരു ചര്‍ച്ചയ്ക്കിടെ ഷംസീറിന്റെ അച്ഛന് വിളിച്ചത് നാമെല്ലാം കേട്ടതാണ്. ലോ അക്കാദമി സമരം കഴിഞ്ഞതിന് ശേഷം ഇതിനെക്കുറിച്ച് മാതൃഭൂമി ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ എ്‌സ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെതിരെയും ജയശങ്കര്‍ അസഭ്യവര്‍ഷം നടത്തിയിരുന്നു. രാത്രിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലും പകല്‍ സിപിഐ ഓഫീസിലുമാണ് ജയശങ്കര്‍ എന്ന ജെയ്ക്കിന്റെ ആരോപണമാണ് ജയശങ്കറെ പ്രകോപിപ്പിച്ചത്. ‘ഒന്നുപോടാ അവിടുന്ന്, നിന്നെക്കാള്‍ വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ട്. മനസിലായോ, വേഷം കെട്ടെടുക്കണ്ട. ഇതിനേക്കാള്‍ വലിയ വേഷംകെട്ട് എനിക്കറിയാം.’ അബദ്ധങ്ങളും പ്രകോപനകരമായ വാക്കുകളും പറയുന്നതില്‍ മോശമല്ലെങ്കിലും അന്ന് ജെയ്ക്ക് അത് സൗമ്യനായി കേട്ടിരിക്കുകയായിരുന്നു. രാഷ്ട്രീയ നിരീക്ഷകനും സിപിഎമ്മിന്റെ സ്വതന്ത്ര ബുദ്ധിജീവിയായി ഇടയ്ക്കിടെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഫക്രുദ്ദീന്‍ ആണ് യാതൊരു പഠനവും നടത്താതെ ചര്‍ച്ചകളെ തമാശയാക്കുന്നത്.

ചാനലുകളില്‍ കയറിയിരുന്ന് ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാരുടെ മര്യാദ എന്നെ പഠിപ്പിക്കേണ്ട; പി സി ജോര്‍ജ്

ദേശാഭിമാനി റസിഡന്റ് എഡിറ്ററും ഇടതുപക്ഷ ബുദ്ധിജീവിയുമായ പിഎം മനോജിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. കോണ്‍ഗ്രസിന് വേണ്ടി മാത്രം എല്ലായ്‌പ്പോഴും സംസാരിക്കുന്ന സണ്ണിക്കുട്ടി എബ്രഹാമിനെ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകന്‍ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ വലിയ തമാശയെന്താണുള്ളത്? എംഎന്‍ പിയേഴ്‌സണ്‍ ആണെങ്കില്‍ അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസിലാകാത്ത വിധത്തിലാണ് സംസാരിക്കുന്നതും. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളുടെ ഒരു വിശകലനം എന്ന നിലയില്‍ ഇന്ന് ഒഴിവാക്കാനാകാത്ത ഒന്നാണ് ചാനല്‍ ചര്‍ച്ചകള്‍. എന്നാല്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ എതിരാളിയെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും പരിഹസിച്ചുമൊക്കെയാണ് ഇന്ന് ചര്‍ച്ചകള്‍ പലതും നടക്കുന്നത്. കുടുംബത്തോടൊപ്പമിരുന്ന് കാണാന്‍ കൊള്ളാവുന്ന പരിപാടിയല്ല ചാനല്‍ ചര്‍ച്ചകള്‍ എന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കുന്ന സാഹചര്യത്തിലേക്ക് വരെയെത്തിയിരിക്കുന്നു ഈ നിലവാര ചര്‍ച്ച. അതേസമയം ചര്‍ച്ചകളിലെത്തുന്ന പുതുമുഖങ്ങള്‍ പലരും സംയമനവും നിലവാരവും പാലിക്കുന്നുമുണ്ട്. തങ്ങള്‍ കണ്ട് വളര്‍ന്ന പൂര്‍വികരുടെ ചര്‍ച്ചകളിലെ കോമാളിത്തവും അസഹിഷ്ണുതയും അവര്‍ ആവര്‍ത്തിക്കുന്നില്ലയെന്നത് നല്ല ലക്ഷണമാണ്.

നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് തങ്ങളെ നാണംകെടുത്തുന്നുവെന്ന് ബിജെപി തിരിച്ചറിഞ്ഞതു പോലെ മറ്റ് പാര്‍ട്ടികളും തിരിച്ചറിഞ്ഞാല്‍ അവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കും. അതിന് ഉദാഹരണമാണ് പത്മകുമാര്‍ നേരിടുന്ന വിലക്ക്. എന്നാല്‍ രാഷ്ട്രീയക്കാരെ വിലക്കാന്‍ പാര്‍ട്ടികളുണ്ട് ഇവിടുത്തെ സ്വതന്ത്ര ബുദ്ധിജീവികളെ ആര് വിലക്കും എന്ന ചോദ്യമാണ് ഉയരുന്നത്. എതിരാളിയെ പ്രതിരോധിക്കാനാകുന്നില്ലെങ്കില്‍ അല്ലെങ്കില്‍ എതിരാളിയെ പ്രതിരോധത്തിലാക്കാനാകുന്നില്ലെങ്കില്‍ ഭീഷണിയോ പുലഭ്യമോ അങ്ങനെ എന്ത് വഷളത്തരവും വിളിച്ചു പറയാമെന്നുള്ള മനോഭാവമാണ് ഇവര്‍ക്കുള്ളത്. ഇവര്‍ സ്വയം വിലക്കേര്‍പ്പെടുത്തുന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴി. അല്ലാത്തപക്ഷം ചര്‍ച്ചകളെ ക്രിയാത്മകവും ആരോഗ്യകരവുമല്ലാതെ കൈകാര്യം ചെയ്യുന്ന നേതാക്കളെയായാലും നിരീക്ഷകരെയായാലും വിലക്കാന്‍ ചാനലുകള്‍ തന്നെ തയ്യാറാകേണ്ടി വരും.

ജയശങ്കറോടും പിയേഴ്സനോടും ഒരപേക്ഷ; രാത്രി ഒന്‍പതു മണിക്ക് ഞങ്ങളെ ശല്യം ചെയ്യാന്‍ ഇനി വരരുത്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍