UPDATES

ട്രെന്‍ഡിങ്ങ്

മോദി-അമിത് ഷാ ഏകാധിപത്യത്തിനെതിരെ ബിജെപിക്കുള്ളില്‍ അസ്വസ്ഥതകള്‍ തലപൊക്കുമ്പോള്‍

എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രവണത ബിജെപിക്ക് വെളിയിലുള്ള ആളുകളുടെ നേരെ മാത്രമല്ല പാര്‍ട്ടിക്കുള്ളിലും പ്രയോഗിക്കപ്പെടുന്നുവെന്നാണ് വാര്‍ത്തകള്‍

എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രവണത ബിജെപിക്ക് വെളിയിലുള്ള ആളുകളുടെ നേരെ മാത്രമല്ല പ്രയോഗിക്കപ്പെടുന്നതെന്ന ആരോപണം കൂടുതല്‍ ശക്തമാകുന്നു. ബിജെപി എംപിമാരുടെ യോഗങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അസഹിഷ്ണുതാപരമായ നിലപാടാണ് സ്വീകരിക്കാറുള്ളതെന്നും ഉന്നയിക്കുന്ന വിഷങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിന് പകരം അത്തരക്കാരെ ശാസിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താത്പര്യമെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി നാന പട്ടോലെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന നീക്കം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയില്ല എന്ന് മാത്രമല്ല, രാജ്യത്തിന്റെ സാമ്പദ് വ്യസ്ഥയെ ആകെ താറുമാറാക്കുകയാണ് ചെയ്തതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ നോട്ട് നിരോധന കാലത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പ്രസക്തമാവുകയാണ്. 2016 നവംബര്‍ എട്ടിനാണ് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള അപ്രതീക്ഷിത തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.

2016 ഡിസംബറില്‍ നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ പല മുതിര്‍ന്ന നേതാക്കളും നടപടിയിലുള്ള തങ്ങളുടെ ആശങ്ക അറിയിക്കുകയും സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാവുമെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിമര്‍ശനം ഉന്നയിച്ചവരോട് യോഗത്തില്‍ വച്ച് തട്ടിക്കയറാനാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമിച്ചതെന്ന് അന്ന് തന്നെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോട്ട് നിരോധന തീരുമാനം തിരിച്ചടിച്ചു എന്ന് വിമര്‍ശിച്ച ഭൂരിപക്ഷം വരുന്ന ദേശീയ ഭാരവാഹികളോട് രോഷത്തോടെയാണ് അമിത് ഷാ പ്രതികരിച്ചതെന്ന് ഒരു ബിജെപി ജനറല്‍ സെക്രട്ടറി തന്നെ അന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നരേന്ദ്ര മോദി തയ്യാറായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു എന്ന ഭൂരിപക്ഷ അഭിപ്രായപ്രകടനമാണ് അന്ന് അമിത് ഷായെ കൂടുതല്‍ ചൊടിപ്പിച്ചത്.


നോട്ട് നിരോധന തീരുമാനം മൂലം പാര്‍ട്ടിയുടെയും നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയില്‍ വലിയ ഇടിവ് സംഭവിച്ചതായും ജനവിശ്വാസം തിരിച്ച് പിടിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ഒരു ഭാരവാഹി ആവശ്യപ്പെട്ടതായി നോട്ട് നിരോധന ചര്‍ച്ചകളില്‍ പങ്കാളിയായിരുന്ന ബിജെപിയുടെ ഒരു വൈസ് പ്രസിഡന്റും അന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ കേട്ട് പൊട്ടിത്തെറിച്ച അമിത് ഷാ, മോദിയുടെ ചരിത്രപരമായ തീരുമാനം വിജയത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നോട്ട് നിരോധന തീരുമാനം അന്ന് പാര്‍ലമെന്റ് സമ്മേളനത്തെ സ്തംഭിപ്പിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനിയും തന്റെ ആശങ്ക അറിയിച്ചിരുന്നു. തീരുമാനത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

Also Read:  ‘ഹിറ്റ്‌ലിസ്റ്റിലാണ് ഞാന്‍’: മോദിയുടെ അസഹിഷ്ണുതയെ വിമര്‍ശിച്ച് ബിജെപി എംപി

ഭരണകാര്യങ്ങളില്‍ അരുണ്‍ ജയ്‌റ്റ്ലി ഉള്‍പ്പെടെയുള്ള ഏതാനും മന്ത്രിമാര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്കൊന്നും തങ്ങളുടെ വകുപ്പുകളില്‍ പോലും കാര്യമായ നിയന്ത്രണം ഇല്ല എന്നതാണ് വാസ്തവം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നത് പരസ്യമായ രഹസ്യമാണ്. സുഷമ സ്വരാജാണ് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി എങ്കിലും മോദി നേരിട്ടാണ് വിദേശരാജ്യങ്ങളിലെ സന്ദര്‍ശനവും ചര്‍ച്ചകളുമൊക്കെ. ഇതിലൊന്നും സുഷമ സ്വരാജിനെ ഉള്‍പ്പെടുത്താറുമില്ല. മറ്റൊരു മുതിര്‍ന്ന നേതാവ് രാജ്നാഥ് സിംഗ് ആണ് ആഭ്യന്തര മന്ത്രി എങ്കിലും ആഭ്യന്തര സുരക്ഷ പോലുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളെക്കാള്‍ കൂടുതല്‍ പി.എം.ഒ ആണ് ഈ വകുപ്പും ഭരിക്കുന്നത്. ജനകീയാടിത്തറയും താക്കൂര്‍ സമുദായ പിന്തുണയുമുള്ള രാജ്നാഥ് സിംഗിനെതിരെ നീങ്ങിയാല്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയരും എന്നതിനാല്‍ അതിര്‍ത്തികള്‍ നിശ്ചയിച്ചാണ് ഭരണം. നിലവിലെ സാഹചര്യത്തില്‍ മോദി-ഷാ കൂട്ടുകെട്ടിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിന്റെ അമര്‍ഷം, ഒരുകാലത്ത് വാജ്പേയി-അദ്വാനി നേതാക്കള്‍ കഴിഞ്ഞാല്‍ അടുത്ത തലമുറയില്‍ മോദിയേക്കാള്‍ മുന്നില്‍ നിന്ന, എന്നാല്‍ ഇപ്പോള്‍ ഒതുക്കിയിരിക്കുന്ന പല നേതാക്കള്‍ക്കുമുണ്ട്. രാജീവ് പ്രതാപ് റൂഡി ദേശീയ തലത്തില്‍ അമിത് ഷായെക്കാള്‍ പ്രവര്‍ത്തനപരിചയവും ബന്ധങ്ങളുമുള്ള ആളാണെങ്കിലും കഴിഞ്ഞ ദിവസം റൂഡിയെ ബീഹാറില്‍ നിന്ന് വിളിച്ചു വരുത്തി അമിത് ഷാ രാജി എഴുതി വാങ്ങിയത് പോലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിയിലും ഇരുവര്‍ക്കുമെതിരെ ഇലയനങ്ങില്ല എന്നതാണ് അവസ്ഥ. അതിനിടെ എം.പിമാര്‍ അടക്കമുള്ളവര്‍ എന്ത് എതിര്‍പ്പുയര്‍ത്തിയാലും അത് നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തപ്പെടും എന്നതാണ് അവസ്ഥ.

എതായാലും അന്ന് എംപിമാര്‍ ഉയര്‍ത്തിയ പ്രശ്നം യാഥാര്‍ത്ഥ്യമാവുകയാണ് എന്ന് വേണം റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍. നോട്ട് നിരോധനം പ്രഖ്യാപിച്ചുകൊണ്ട് ഇത് കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനും എതിരായ പോരാട്ടമാണെന്നും അമ്പത് ദിവസം കൊണ്ട് നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയില്ല എന്ന് മാത്രമല്ല നിരോധനം നിലവില്‍ വന്ന് മുന്നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും രാഷ്ട്രം ആ തീരുമാനത്തിന്റെ കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. മാത്രമല്ല, ചാനല്‍ ചര്‍ച്ചകളില്‍ കൃത്യമായ കണക്കുകള്‍ ഉദ്ധരിച്ച് ഉത്തരം പറയാന്‍ ബിജെപി വക്താക്കള്‍ക്ക് സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ബിജെപിക്കുള്ളില്‍ തന്നെ അസ്വസ്ഥതകള്‍ തലപൊക്കുന്നതിന്റെ സൂചനയായി വേണം നാന പട്ടോലെയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ കാണാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍