UPDATES

ട്രെന്‍ഡിങ്ങ്

ഒടുവില്‍ അമിത് ഷായും സമ്മതിച്ചു; കളിച്ചത് കേരളത്തോടാണ്

എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യമില്ലാതെ ആ നാവിൽ നിന്നും ഇങ്ങനെ നിഷ്ക്കളങ്കമായ ഒരോണാശംസ നമ്മൾ പ്രതീക്ഷിക്കരുത്

അങ്ങനെ ഇത്തവണ അമിത് ഷായും സമ്മതിച്ചു, ഓണം വാമനജയന്തിയല്ല മഹാബലിക്ക് തന്നെ അവകാശപ്പെട്ടതാണെന്ന്. ശരിക്കും അമിത് ഷാ അങ്ങനെയൊരു തിരിച്ചറിവിൽ എത്തിയോ? കാരണം ജിംഗോയിസം കളിക്കുന്ന ഒരു പാർട്ടിയുടെ തലതൊട്ടപ്പനാണ് അയാള്‍. അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യമില്ലാതെ ആ നാവിൽ നിന്നും ഇങ്ങനെ നിഷ്ക്കളങ്കമായ ഒരോണാശംസ നമ്മൾ പ്രതീക്ഷിക്കരുത്. ഒന്ന് മനസിൽ കാണാതെ മറ്റൊന്ന് ചെയ്യില്ല ഈ മഹാരഥൻമാർ; സമീപകാല ചരിത്രം അതാണ് ഓർമ്മിപ്പിക്കന്നത്.

കാര്യം പഴമ്പുരാണമെന്നൊക്കെ നവധാരയിലുള്ളവർ പറയുമെങ്കിലും മവേലിയിലും ഓണത്തിലും ആഘോഷത്തിലും ഈ ഭൂമി മലയാളത്തിലാരും ഒരു എതിരഭിപ്രായം പറഞ്ഞിട്ടില്ല. വാമനൻ എന്ന ആളിൽ കുറിയവൻ അതിബലവാനായ ഒരു രാജാവിനെ അദ്ദേഹത്തിന്റെ ദൗർബല്യം നോക്കി നെറുകയിൽ ചവുട്ടി ഇല്ലാതാക്കിയ കഥ അമ്പല വിശ്വാസികളും അല്ലാത്തവരും ഒരുപോലെ ഏറ്റെടുത്തതിന്റെ ശേഷിപ്പാണ് ഓണമെന്ന വികാരവും മഹാബലിയെന്ന വിരുന്നുകാരനും.

അമിത് ഷാ ഉൾപ്പെടുന്ന ഹിന്ദു ധർമ്മ കരാറുകാർക്ക് ഇതത്ര ദഹിക്കില്ല. ചില ഇമേജറികളുടെ പ്രശ്നവും ഇവിടെയുണ്ട്. അസുരൻ എന്നത് ഒരിക്കലും ഒരു നൻമയും ഇല്ലാത്തയാളാകണം; എങ്കിൽ മാത്രമേ അയാളെ തമസ്ക്കരിക്കുന്ന പ്രവർത്തിയിൽ എളുപ്പം ന്യായീകരണം കണ്ടെത്താൻ കഴിയൂ. ഈ വാദം സമ്പൂർണ്ണമായി പരാജയപ്പെടുന്ന ഒരു മിത്തിക്കൽ ഫിഗറാണ് നമ്മുടെ മാവേലി. ഷായും അദ്ദേഹത്തിന്റെ അനുയായികളും കഴിഞ്ഞ വർഷം ഒന്ന് പണിഞ്ഞു നോക്കി; വാമന ജയന്തിയെന്ന പേരിൽ നമ്മുടെയീ ഹൃദയവികാരം ഒന്ന് മാറ്റിയെടുക്കാൻ. അവർ കളിച്ചത് കേരളത്തോടാണെന്ന ബോധ്യം പോലുമില്ലാത്ത ഒരു ചുവടുവയ്പ്പായിരുന്നു അത്. അതുകൊണ്ടാകാം ഇത്തവണ അദ്ദേഹം ഓണാശംസ തന്നെ നൽകി നമ്മളെ സന്തോഷിപ്പിച്ചു – സന്തോഷമായേ എന്ന് കുമ്മനംജിക്ക് ഒരു കണ്ണടച്ച് ചോദിക്കാം. ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനും വലിയ ഹിന്ദുത്വ കരാറുകാരിയായ ശശികലയും കൂടി വേണമെങ്കില്‍ അതുതന്നെ ചോദിക്കും.


കഴിഞ്ഞ വര്‍ഷത്തെ വാമനജയന്തി ആശംസ

എന്നാൽ ഇതൊരു അച്ഛാ ദിനത്തിന്റെ മുന്നറിയിപ്പാകണമെങ്കില്‍, അതിലേക്ക് പോകണമെങ്കിൽ നമുക്ക് കോൺഗ്രസിലെ സംഘപരിവാർ മനസുള്ള നമ്മുടെ ദേവസ്വം പ്രസിഡന്റില്‍ കൂടി ഇതൊന്നു ഗതിമാറ്റി വിടണം. കേരളത്തിൽ നിലവിലുള്ള എല്ലാ ഹൈന്ദവാചാരങ്ങളുടെയും കുടികിടപ്പവകാശം സ്വന്തമാക്കിയ അദ്ദേഹം തൃക്കാക്കര വാമനക്ഷേത്രത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ച മഹാബലി പ്രതിമയിലേക്ക് കൂടി പോകണം. ബലി പ്രതിമ എന്ന സങ്കല്പം ക്ഷേത്രത്തിന് പുറത്താണെന്നും അത് അമ്പലത്തിലെ പൂജാവിധികളുമായി ഒരിക്കലും കുട്ടിയോജിപ്പിക്കില്ലെന്നും പ്രയാർ ഗോപാലകൃഷ്ണന്‍ ഉറപ്പ് കൊടുത്തിട്ടും അഭിനവ ഹിന്ദുത്വവാദികൾ കേസ് കൊടുക്കുകയും ചെയ്തു. ജഡ്ജിയുടെ അനുഗ്രഹം നേടിയതിനാലാവാം പ്രതിമ പുറത്ത് സ്ഥാപിക്കാൻ അനുവാദം നൽകിക്കൊണ്ട് വിധി പ്രസ്താവം ഉണ്ടായി; അല്ലെങ്കിൽ തന്നെ രാജാവായാലും മണ്ടനായാലും പൂജാവിധികൾ പഠിച്ചവനായാലും ഉയരം കൂടിയവനായാലും അധ:സ്ഥിതന്റെ സ്ഥാനം പുറത്തു തന്നെയാണ്.

മറ്റൊന്ന് കൂടി ഓർമ്മപ്പെടുത്താം, തെളിഞ്ഞുവരുന്ന പുതിയ ഹൈന്ദവത വൈഷ്ണവമാണ്. പ്രാചീനതയിൽ എന്നോ തെക്കുനിന്നും പടയോട്ടം നടത്തിയ ഒരു ബ്രാഹ്മണന്റെ ദ്വിഗ്വിജയം പോലെ, നിലനിന്നിരുന്ന ബുദ്ധ വിഹാരങ്ങൾ സംവാദത്തിലൂടെയും ആക്രമണത്തിലൂടെയും കൈക്കലാക്കിയ ചരിത്രത്തിന്റെ വളരെ മ്ലേച്ഛമായ പുനരവതരണം.

Avatar

അജിത്‌ കുമാര്‍

സാമൂഹിക വിമര്‍ശകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍