UPDATES

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

ശബരിമലയിലെ ബ്രാഹ്മണ്യാധികാരം ഉറപ്പിക്കാന്‍ നടത്തുന്ന യാത്രയില്‍ കേരളത്തിന്റെ നവോഥാന നായകരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള മനസില്‍ കാണുന്നതെന്തായാലും മറ്റുള്ളവര്‍ അതിനെ കാണുന്നത് തമാശായിട്ടു തന്നെയാണ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ ശബരിമല ആചാര സംരക്ഷണ രഥയാത്രയില്‍ വലിയൊരു തമാശയുണ്ട്. ശ്രീനാരായണ ഗുരു, അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, അയ്യാ വൈകുണ്ഡ സ്വാമി, പണ്ഡിറ്റ് കറുപ്പന്‍, ചട്ടമ്പി സ്വാമി എന്നിവരെ ആചാരസംരക്ഷണ യാത്രയില്‍ ശ്രീധരന്‍ പിള്ള തന്റെ രഥത്തില്‍ പിടിച്ചിരുത്തിയിട്ടുണ്ട്. മേല്‍പ്പറഞ്ഞവരുടെ ചരിത്രവും പിള്ളയുടെ ആചാര സംരക്ഷണ യാത്രയുടെ ലക്ഷ്യവും അറിയുന്നവര്‍ക്ക് തമാശ മനസിലായി കാണുമല്ലോ!

ശബരിമലയിലെ ബ്രാഹ്മണ്യാധികാരം ഉറപ്പിക്കാന്‍ നടത്തുന്ന യാത്രയില്‍ കേരളത്തിന്റെ നവോഥാന നായകരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള മനസില്‍ കാണുന്നതെന്തായാലും മറ്റുള്ളവര്‍ അതിനെ കാണുന്നത് തമാശായിട്ടു തന്നെയാണ്. ഒന്നുകില്‍ പിള്ള ഈ സാഹസം കാണിച്ചത്, ശ്രീനാരയാണനെയും അയ്യന്‍കാളിയേയും ഒന്നും അറിയാത്തതുകൊണ്ടായിരിക്കും, അതല്ലെങ്കില്‍ ഇവരെയൊക്കെ കൂട്ടിപിടിച്ചാല്‍ തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ കേരളത്തിലെ സകലമാന ഹിന്ദുക്കളും ബിജെപിക്ക് ഒപ്പം പോരുമെന്ന വിശ്വാസം കൊണ്ടായിരിക്കാം.

ലാല്‍ കൃഷ്ണ അദ്വാനി നടത്തിയ രഥയാത്രയിലൂടെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ന്ന ബിജെപിയുടെ ചരിത്രമാണ് ശ്രീധരന്‍ പിള്ള കാസറഗോഡ് മധൂറില്‍ നിന്നും പത്തനംതിട്ടവരെ രഥമുരുട്ടാന്‍ തുടങ്ങുന്നതിനു മുമ്പ് ഓര്‍മിപ്പിച്ചത്. ആദ്വാനിയുടെ രഥത്തിന് ഇന്ത്യ പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്റെ രഥത്തിന് കേരളം പിടിക്കാന്‍ കഴിയുമെന്നാണ് പിള്ള വിശ്വസിക്കുന്നത്. ധാര്‍മിക മുന്നേറ്റം എന്ന വിശേഷണം നല്‍കിയ രഥയാത്രയുടെ മാര്‍ഗത്തില്‍ കേരളത്തിലെ സകലമാന ഹിന്ദുക്കളും അണിചേരുമെന്നും അതുവഴിയുണ്ടാകുന്ന ഹൈന്ദവ ഏകീകരണത്തിലൂടെ ബിജെപിയ്ക്ക് തണ്ട് ഉറപ്പിക്കാന്‍ കേരളത്തിന്റെ മണ്ണ് പാകപ്പെടുമെന്നും ഈ ‘വിശ്വാസികള്‍’ കരുതിയിട്ടുണ്ട്. ആ കരുതലിന് ബലംകിട്ടാന്‍ വേണ്ടിയായിരിക്കാം ഗുരുവിനെയും അയ്യന്‍ കാളിയേയും കറുപ്പനെയും പൊയ്കയില്‍ അപ്പച്ചനെയുമെല്ലാം കൂട്ടിപിടിച്ചിരിക്കുന്നത്.

ഇന്നാള്‍ വരെ ബിജെപിയും പരിവാര്‍ സംഘടനകളും കണ്ടു വന്ന അതേ സ്വപ്‌നമാണ് അലംകൃതമായ ആ രഥത്തിലിരുന്ന് ശബരിമല എന്ന സുവര്‍ണാവസരം പരമാവധി മുതലെടുക്കാന്‍ തീരുമാനിച്ച് ഉറപ്പിച്ചിറങ്ങിയിരിക്കുന്ന ശ്രീധരന്‍ പിള്ള വീണ്ടും കാണുന്നത്. ആചാരം, വിശ്വാസം, ഹൈന്ദവത എന്നൊക്കെ പറഞ്ഞ് എല്ലാ ഹിന്ദുക്കളേയും ബിജെപിക്ക് അനുകൂലമാക്കിയെടുക്കുക എന്ന യത്‌നം വിജയിച്ചാല്‍ താന്‍ കണ്ട സ്വപ്‌നം പൂവണിയുമെന്നാണ് പിള്ള കരുതുന്നത്. ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമുള്ള സവര്‍ണ ബെല്‍റ്റിനൊക്കൊണ്ട് മാത്രം ഒന്നിനുമാകില്ല. ഇന്ത്യയിലെല്ലായിടത്തുമെന്ന പോലെ കേരളത്തിലും തങ്ങളിലേക്ക് അടുക്കാതെ നില്‍ക്കുന്ന പിന്നാക്ക വിഭാഗത്തെയും ഒപ്പം കിട്ടാതെ രക്ഷയില്ല. അവരാണെങ്കില്‍ സ്വയം ഇങ്ങോട്ട് വരില്ല. അതുകൊണ്ട് ആകര്‍ഷിച്ചു വരുത്തണം. അതിനു കാണിച്ച തന്ത്രമാണ് ആ രഥത്തില്‍ ചെയ്തുവച്ചിരിക്കുന്നത്. അതിനെ തന്ത്രമെന്നല്ല, സാഹസിക എന്നു തന്നെ വിളിക്കണം.

ശബരിമലയില്‍ ശ്രീധരന്‍ പിള്ളയും പിള്ളയുടെ പാര്‍ട്ടിയും ചെയ്യുന്നതെന്താണെന്നും അതിന്റെ മറുഭാഗത്ത് നില്‍ക്കുന്നവര്‍ കഴിഞ്ഞ നാളുകളിലായി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണെന്നും ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് ഈ സാഹസികത മാനസിലാക്കാം. കേരളത്തിന്റെ നവോഥാന ചരിത്രം പിള്ളയേയും പാര്‍ട്ടിയേയും ഓര്‍മിപ്പിക്കുന്നവര്‍ ആവര്‍ത്തിച്ച് ഉച്ഛരിക്കുന്ന പേരുകാരാണ് പിള്ളയുടെ രഥത്തിലെ ചിത്രത്തില്‍ കാണുന്നത്. ഗുരുവും അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനും പൊയ്കയില്‍ അപ്പച്ചനുമെല്ലാം നിര്‍മിച്ചെടുത്ത ഒരു കേരളത്തെ അവര്‍ ഏതു കാലത്തു നിന്ന് അതിനെ നവീകരിച്ചെടുത്തോ അവിടേയ്ക്ക് തന്നെ തള്ളിയിടാന്‍ ശ്രമിക്കുന്നവരാണ് ശ്രീധരന്‍ പിള്ളയും സംഘവും. എന്നിട്ടവര്‍ തന്നെ ആ നവോഥാന നായകന്മാരെ സ്വന്തം ആക്കാന്‍ ശ്രമിക്കുന്നതിലെ താമശ മാറ്റി നിര്‍ത്തി ചില വാസ്തവങ്ങള്‍ പറയട്ടെ. പിള്ളയും സംഘവും അതൊന്നു ശ്രദ്ധിക്കണം.

ആ രഥത്തില്‍ നിങ്ങള്‍ക്ക് ഗുരുവിനെയും അയ്യങ്കാളിയേയും പണ്ഡിറ്റ് കറുപ്പനെയും പൊയ്കയില്‍ അപ്പച്ചനെയും അയ്യ വൈകുണ്ട സ്വാമിയേയും പതിപ്പിക്കേണ്ടി വന്നെങ്കില്‍ അത് തെളിയിക്കുന്നത് ഹിന്ദുത്വ പ്രത്യശാസ്ത്രത്തിന്റെ പൊള്ളത്തരത്തെയാണ്. ഇത്ര നാളും നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നിങ്ങളുടെ സ്വന്തം പ്രത്യയശാസ്ത്രത്തെ തള്ളിക്കളയുകയാണ്. ഗുരുവും അയ്യങ്കാളിയുമൊക്കെ എന്താണ് ചെയ്തതെന്ന് പിള്ളയ്ക്കറിയാമോ? ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തകര്‍ത്തെറിയുകയാണവര്‍ ചെയ്തത്. ആ അവരെ നിങ്ങളിപ്പോള്‍ ഹൈന്ദവതയുടെ പ്രതിപുരുഷന്മാരായി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റുമുയരുന്ന പരിഹാസ ചിരികള്‍ കേള്‍ക്കുന്നില്ലേ! ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് എന്തിനായിരുന്നുവെന്നതിന്റെ ചരിത്രം അറിയുന്നൊരാളായിരുന്നെങ്കില്‍ ആ ഗുരുവിനെ ബ്രാഹ്മണ പൗരോഹിത്യത്തെ അരിയിട്ട് വാഴിക്കാന്‍ വേണ്ടി നടത്തുന്ന ഒരു യാത്രയില്‍ പങ്കാളിയാക്കാന്‍ മുതിരില്ലായിരുന്നു ശ്രീധരന്‍ പിള്ള. എന്തിന് ആ പേര് പ്രസംഗത്തില്‍ പോലും ഉച്ചരിക്കില്ലായിരുന്നു. അണിയിച്ചൊരുക്കിയ ഈ ആചാരസംരക്ഷണ രഥം ഉരുളുന്നതിനും കാലങ്ങള്‍ക്കു മുന്നേ ഈ നാട്ടിലൂടെയൊരു വില്ലുവണ്ടി കുളമ്പടിച്ച് ഓടിയതിന്റെ ചരിത്രം അറിയുമോ പിള്ളയ്്ക്ക്. ബ്രാഹ്മണന് അധികാരം നിലനിര്‍ത്താന്‍ വേണ്ടിയല്ല, അടിയാന്റെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു അന്നാ വില്ലുവണ്ടി പാഞ്ഞത്. ആ കഥകളൊക്കെ കേട്ടറിവെങ്കിലും ഉണ്ടെങ്കില്‍ ചെയ്ത അബദ്ധമോര്‍ത്ത് ഭയക്കും ആ സര്‍വാലംകൃത രഥത്തിലിരുന്നു ശ്രീധരന്‍ പിള്ള.

‘കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍’ എന്നു ചോദിച്ചതാരാണെന്നറിയുമോ ശ്രീധരന്‍ പിള്ളയ്ക്ക്. ശബരിമലയുടെ ചരിത്രം തുടങ്ങുമ്പോള്‍ അവിടെയാരായിരുന്നോ അവകാശികളായിരുന്നത് അവരെ ചരിത്രത്തില്‍ നിന്നും പുറന്തള്ളിയവരുടെ അധീശത്വം ഉറപ്പിച്ചു കിട്ടാന്‍ നടത്തുന്ന യത്രയില്‍ പിള്ള കയറിയിരിക്കുന്ന രഥത്തില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന അതേ പൊയ്കയില്‍ അപ്പച്ചനാണ് കീഴാളന്റെ ചരിത്രം രേഖപ്പെടുത്താതെ വന്നു കയറിയവന്റെ (അതായത് പിള്ള പൂജിക്കുന്ന തന്ത്രിമാരെയും പാണ്ഡ്യ രാജാക്കന്മാരെയും പോലുള്ളവരുടെ) ചരിത്രവും അവകാശങ്ങളും കൊട്ടിഘോഷിക്കുന്നവരെ നോക്കി അങ്ങനെ ചോദിച്ചത്. ഹിന്ദുമതത്തിന്‍ പുറവഴിയെ നമ്മള്‍, അനാഥരെന്നപോല്‍ സഞ്ചരിച്ചു/ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍,അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ഹിന്ദുമതക്കാരും ചേര്‍ത്തില്ലല്ലോ നമ്മെ, ക്രിസ്തുമതക്കാരും ചേര്‍ത്തില്ലല്ലോ/ബുദ്ധിബോധങ്ങളെ ചൊല്ലിത്തരുവതി,നാരും ഒരൂരുമില്ലിഹത്തില്‍ നോക്കൂ എന്നും പൊയ്കയില്‍ അപ്പച്ചന്‍ പാടിയിട്ടുണ്ടെന്ന് കൂടി ഓര്‍ക്കുക പിള്ളേ…

പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മി കവിത ശ്രീധരന്‍ പിള്ള വായിച്ചിരിക്കാനും വഴിയില്ല. മലയാള രാജ്യത്തിലല്ലാതെ/ ഉലകിങ്കലെങ്ങുമീത്തീണ്ടലില്ല/ തലയാളികളായ ഹിന്തുമഹാജനം/ നിലപ്പിക്കണമിതു യോഗപ്പെണ്ണെ!/ ധര്‍മ്മം തലപൊക്കട്ടെ വേഗം ജ്ഞാനപ്പെണ്ണെ! എന്നെഴുതിയ കവിയാണ് പണ്ഡിറ്റ് കറുപ്പന്‍. ജാതി ശ്രേണിയുടെ അധികാരവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന് വാദിക്കുന്നവര്‍ക്ക് കറുപ്പനെ അപമാനിക്കണമെന്ന ഉദ്ദേശമുണ്ടായിട്ടാണോ പിള്ളയുടെ രഥത്തില്‍ കയറ്റിയതെന്നും സംശയം തോന്നാം.

ശബരിമല വിഷയത്തിലെ തന്റെ പ്രസംഗത്തില്‍ ഉടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്ന നവോത്ഥാന കേരളം എന്ന അജണ്ടയിലേക്ക് ഒടുവില്‍ തങ്ങളും വീണു എന്നു സമ്മതിക്കുന്നതിന് തുല്യമായി രഥത്തില്‍ ആലേഖനം ചെയ്ത ചിത്രങ്ങള്‍. ഒരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ ശ്രീധരന്‍ പിള്ളയുടെ രഥം ഒരു തോല്‍വി സമ്മതിക്കല്‍ തന്നെയാണ്. അവരീ പറയുന്ന ഹിന്ദു പ്രത്യായശാസ്ത്രം ഉള്ളുപൊള്ളയായ ഒന്നു മാത്രമാണെന്ന് സ്വയം സമ്മതിച്ചു തരികയാണ്. നിങ്ങള്‍ ഉയര്‍ത്തുന്ന വാദങ്ങളെ പ്രതിരോധിക്കാനോ പ്രതികരിക്കാനോ ഞങ്ങള്‍ക്ക് സ്വന്തമായി ഒന്നുമില്ലെന്നവര്‍ സമ്മതിക്കുകയാണ്. രാജാവും പുരോഹിതരും മാത്രം കൈയാളിയ, ഒരു കീഴാളന് ഒട്ടുമേ പ്രാപ്യമല്ലാതിരുന്ന ക്ഷേത്രങ്ങളെ പൊതു ഇടമാക്കി പ്രഖ്യാപിച്ച ഗുരു ബിജെപിയും സംഘപരിവാറുമെല്ലാം ഉയര്‍ത്തുന്ന ഹൈന്ദവീയതയെ തച്ചു തകര്‍ക്കുകയായിരുന്നു. അന്നവര്‍ക്ക് ഗുരുവിനെ എതിരിടാന്‍ കഴിഞ്ഞില്ല. ഒരിക്കലും കഴിയില്ലെന്നുമറിയാം. ഗുരുവിനെ മാത്രമോ, അയ്യന്‍ കാളിയെ എതിര്‍ക്കാനാകുമോ, കറുപ്പനെയോ പൊയ്കയില്‍ അപ്പച്ചനെയോ എതിരിടാനാകുമോ? അതിനൊന്നുമുള്ളതൊന്നും അവര്‍ക്കില്ല. നവ ബ്രാഹ്മണിക്കല്‍-സവര്‍ണ മുന്നേറ്റത്തിന് ഇക്കാലത്തും തടയിടാന്‍ ഗുരുവും അയ്യന്‍കാളിയുമൊക്കെ തന്നെ പ്രധാന തടസം എന്നുമവര്‍ക്കറിയാം. അന്നായാലും ഇന്നായാലും ഞങ്ങള്‍ക്ക് ഇവരെയൊന്നും നേരിടാനുള്ള പ്രത്യയശാസ്ത്രങ്ങള്‍ ഇല്ലായെന്ന് ശ്രീധരന്‍ പിള്ളയിലൂടെ ഒരിക്കല്‍ കൂടി ഈ സംഘം വെളിപ്പെടുത്തിയെന്നു മാത്രം. പക്ഷേ, അവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയും വേണം. അതിനു കാണിച്ച തന്ത്രമാണ് തങ്ങളുടെ എതിരാളികളായവരെ തന്നെ തങ്ങളുടെ ഉപകരണങ്ങളാക്കി പരീക്ഷിക്കുക എന്നത്. ജാതിശ്രേണി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ വിശാല ഹിന്ദു ലക്ഷ്യത്തിനായി ഇപ്പോള്‍ പയറ്റിയിരിക്കുന്ന ഈ തന്ത്രം, പക്ഷേ, വലിയൊരു തമാശയായി മാറിയെന്നു മാത്രം!

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

രഥയാത്ര അവസാനിക്കുമ്പോള്‍ കേരളം ബിജെപിക്ക് പാകമായ മണ്ണായി മാറും: പിഎസ് ശ്രീധരന്‍ പിള്ള

പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം

ദളിതനെന്ന നിലയില്‍ കോണ്‍ഗ്രസില്‍ നിന്നും നേരിട്ടത് തിക്താനുഭവങ്ങള്‍: കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പാലക്കാട് കൌണ്‍സിലര്‍ ശരവണന്‍

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍