UPDATES

ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍: പറഞ്ഞുകേള്‍ക്കുന്നതെല്ലാം കെട്ടുകഥകളോ?

പോലീസിന് ഇതുവരെയും ഒരാത്മഹത്യയും ബ്ലൂ വെയ്ല്‍ ഗെയിം മൂലമാണെന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മരണ ഗെയിം ആയ ബ്ലൂവെയ്‌ലിന്റെ പേരിലുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ആത്മഹത്യകളും ബ്ലൂവെയ്‌ലും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പോലീസിന് സാധിക്കുന്നില്ല. പല ആത്മഹത്യകള്‍ക്കു പിന്നിലും ബ്ലുവെയ്ല്‍ ഗെയിമിനുള്ള സ്വാധീനം പരക്കെ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും പിന്നീട് പോലീസ് തന്നെ ഇത് നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. ആത്മഹത്യകളെയും ഗെയിമിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തെളിവുകള്‍ അധികമൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് പോലീസ് പലപ്പോഴും ഈ നിഗമനത്തിലെത്തുന്നത്.

പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപ്പുരില്‍ ഇക്കഴിഞ്ഞ 12ന് നടന്ന അങ്കണ്‍ ഡെയുടെ മരണം ഇത്തരത്തിലൊന്നാണ്. മുഖത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ നിലയിലും ഒരു ടവല്‍ കഴുത്തിന് ചുറ്റും മുറുക്കിയ നിലയിലുമായിരുന്നു ഈ 15-കാരന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്റെ നോട്ടുബുക്കില്‍ എഴുതിയ ഒരു ഇംഗ്ലീഷ് കവിത അങ്കണ്‍ തന്റെ കൂട്ടുകാരെ കാണിച്ചിരുന്നു. അവര്‍ അത് അധ്യാപികയെ കാണിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഈ കുട്ടി അതിന് തയ്യാറായില്ല. ഈ കവിത തനിക്ക് ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ചതാണെന്ന് മറുപടി നല്‍കിയാണ് അങ്കണ്‍ ഒഴിഞ്ഞുമാറിയതെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. ആ കവിത ആരുടേതാണെന്ന് അറിയില്ലെങ്കിലും വിഷാദം നിറഞ്ഞ ഒന്നായിരുന്നെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. അങ്കണിന്റേതായി ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഈ വിദ്യാര്‍ത്ഥി വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന ഏക തെളിവാണ് ഈ കവിത.

അങ്കണിന്റെ മരണത്തിന് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ഇത് പശ്ചിമബംഗാളിലെ ആദ്യ ബ്ലൂവെയ്ല്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യയാണെന്ന തരത്തിലുള്ള പ്രചരണങ്ങളും ആരംഭിച്ചു. കൂടാതെ ഗെയിമിനെക്കുറിച്ച് നിരവധി കഥകളും ഇതോടൊപ്പം പ്രചരിച്ചു. അമ്പത് ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട നിരവധി ദൗത്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഈ ഗെയിം എന്നും അവസാന ദൗത്യം ആത്മഹത്യ ചെയ്യാനാണെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. റഷ്യയില്‍ നിന്നാണ് ഈ ഗെയിം പ്രചരിച്ചതെന്നും വിശ്വസിക്കപ്പെട്ടു. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുണ്ടായ ചില ആത്മഹത്യകളെയും ബ്ലൂവെയ്ല്‍ ഗെയിമുമായി ബന്ധപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. ഗെയിം നിരോധിക്കണമെന്ന ആവശ്യം സ്വാഭാവികമായും ഉയരുകയും കേന്ദ്രസര്‍ക്കാര്‍ ഫേസ്ബുക്കിനോടും ഗൂഗിളിനോടും ഇതുമായി ബന്ധപ്പെടുത്തുന്ന ലിങ്കുകളെല്ലാം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ മരണങ്ങളെയെല്ലാം ബ്ലൂവെയ്‌ലുമായ ബന്ധപ്പെടുത്തുന്ന ദുര്‍ബലമായ തെളിവുകള്‍ മാത്രമാണ് പോലീസിന് ലഭിച്ചത്.

അങ്കണ്‍ ഡേ ബ്ലൂവെയ്ല്‍ ദൗത്യങ്ങള്‍ ഏറ്റെടുത്തിരുന്നില്ലെന്നാണ് വെസ്റ്റ് മിഡ്‌നാപുര്‍ പോലീസ് സൂപ്രണ്ട് ഭാരതി ഘോഷ് പറയുന്നത്. ഈ കുട്ടിയ്ക്ക് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായിരുന്നില്ല. തന്റെ അച്ഛന്റെ കടയിലെ കമ്പ്യൂട്ടറില്‍ നിന്നാണ് ഇയാള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ എല്ലാ ഇന്റര്‍നെറ്റ് ഇടപെടലും തങ്ങള്‍ പരിശോധിച്ചെന്നും ഇതുവരെയും അങ്കണ്‍ ബ്ലൂവെയ്ല്‍ വെല്ലുവിളികളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന് തെളിഞ്ഞതായും അദ്ദേഹം പറയുന്നു.

എങ്ങനെയാണ് അങ്കണിന്റെ മരണത്തില്‍ ബ്ലൂവെയ്ല്‍ കടന്നു കൂടിയത്?

അങ്കണ്‍ ഡേയുടെ മരണത്തിന്റെ പിറ്റേന്ന് മുതല്‍ പോലീസ് നാട്ടുകാരും കുട്ടിയുടെ സഹപാഠികളുമായ നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. പോലീസിന്റെ പിന്‍പറ്റി മാധ്യമപ്രവര്‍ത്തകരും ഇത്തരം ചോദ്യം ചെയ്യലുകള്‍ നടത്തി. അങ്കണിന്റെ സുഹൃത്തുക്കളായ ചില കുട്ടികള്‍ ഈ വിദ്യാര്‍ത്ഥി വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തിയതായി ഇവരില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ഈ വെളിപ്പെടുത്തലാണ് ആത്മഹത്യയെ ബ്ലൂവെയ്‌ലുമായി ഇത്രവേഗം ബന്ധപ്പെടുത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ആഗോള തലത്തില്‍ ബ്ലൂവെയ്‌ലിന്റെ പേരിലുള്ള ആത്മഹത്യകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈ നിഗമനത്തിന് ശക്തിപകരുകയായിരുന്നു.

ഈ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ എസ് പിയുടെ വാക്കുകളെ സ്ഥിരീകരിക്കുന്നതാണ്. അങ്കണ്‍ വീഡിയോ ഗെയിമില്‍ ആകൃഷ്ടനായിരുന്നെന്ന് ഇയാളുടെ എല്ലാ സുഹൃത്തുക്കളും സമ്മതിക്കുന്നുണ്ടെങ്കിലും ഇവരിലാരും തന്നെ ബ്ലൂവെയ്‌ലിനെക്കുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നു.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍ക്കും ഇതേ കഥ തന്നെയാണ് പറയാനുള്ളത്. മുംബൈയില്‍ 14-കാരനായ കുട്ടി അന്ധേരി ഈസ്റ്റിലെ ഏഴുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചത് ജൂലൈ 29നാണ്. ചാടുന്നതിന് തൊട്ടുമുമ്പ് ഈ കുട്ടി താന്‍ കെട്ടിടത്തിന്റെ പാരപ്പറ്റില്‍ ഇരിക്കുന്നതിന്റെ ഫോട്ടോ എടുത്ത് ‘ഉടന്‍ തന്നെ നിങ്ങളുടെ കൈവശം എന്റെ ചിത്രം മാത്രം ബാക്കിയാകും’ എന്ന് അടിക്കുറിപ്പിട്ടിരുന്നു. ജൂലൈ 31ന് മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും രാജ്യത്തെ ആദ്യത്തെ ബ്ലൂവെയ്ല്‍ ആത്മഹത്യയായി ഇത് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.

ഒരു മാധ്യമ റിപ്പോര്‍ട്ടിലാണ് ഈ കുട്ടിയുടേത് ബ്ലൂവെയ്ല്‍ ആത്മഹത്യയാണെന്ന് പറഞ്ഞത്. അജ്ഞാതമായ പോലീസ് സ്രോതസുകളെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. കൂടാതെ കുട്ടിയുടെ ഏതാണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും കുട്ടി ബ്ലൂവെയ്ല്‍ കളിക്കുന്നതായി അറിയാമായിരുന്നെന്ന് ഒരു സുഹൃത്ത് മൊഴി നല്‍കിയതായും വാര്‍ത്തയില്‍ അവകാശപ്പെടുവന്നു. ഈ റിപ്പോര്‍ട്ടില്‍ തന്നെ കുട്ടി വീഡിയോ ഗെയിമില്‍ ആകൃഷ്ടനായിരുന്നെന്നും എന്നാല്‍ ബ്ലൂവെയ്ല്‍ കളിക്കുമായിരുന്നോയെന്ന് അറിയില്ലായിരുന്നെന്നും ഒരു അധ്യാപകന്‍ പറഞ്ഞതായും പറയുന്നു. കുട്ടി കഴിഞ്ഞ രണ്ട് വര്‍ഷമായി പതിവായി റഷ്യയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നെന്ന് സ്‌കൂളില്‍ നിന്നും സ്ഥിരീകിരിക്കാത്ത റിപ്പോര്‍ട്ടുണ്ടെന്നാണ് ഈ വാര്‍ത്തയില്‍ പറയുന്നത്.

അതേസമയം ആത്മഹത്യയുടെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും അതിനെ ബ്ലൂവെയ്‌ലുമായി ബന്ധപ്പെടുത്തുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മെഘ്‌വാഡി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പന്തുറാംഗ് പട്ടീല്‍ അറിയിച്ചു. അതേസമയം ഈ കേസില്‍ ബ്ലൂവെയ്ല്‍ സംശയം എങ്ങനെ ഉയര്‍ന്നുവെന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഡല്‍ഹിയില്‍ മണിപ്പൂര്‍ മുന്‍ മന്ത്രിയുടെ മകനായ 19കാരന്റെ മരണമാണ് ബ്ലൂവെയ്‌ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ട മറ്റൊരു സംഭവം. ദക്ഷിണ ഡല്‍ഹിയിലെ ഹൌസ്ഖാസ് മേഖലയില്‍ ഒരു റസ്റ്റോറന്റിന്റെ മുകളില്‍ നിന്നും ചാടിയാണ് ഓഗസ്റ്റ് 12ന് ഇയാള്‍ ആത്മഹത്യ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഈ മരണത്തില്‍ ബ്ലൂവെയ്‌ലിന്റെ സ്വാധീനം ആരോപിച്ചത്. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ ഇതൊരു അപകടമരണമാണെന്നാണ് തെളിഞ്ഞതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ചിന്‍മോയ് ബിസ്വാല്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തെങ്കിലും ബ്ലൂവെയ്‌ലുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഏഴാം ക്ലാസുകാരനായ 14കാരന്റെ ആത്മഹത്യ ശ്രമവും ബ്ലൂവെയ്‌ലുമായി ബന്ധപ്പെട്ട് ചര്‍ച്ചയായിരുന്നു. സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയ കുട്ടിയെ കായിക അധ്യാപകനാണ് രക്ഷിച്ചത്. ബ്ലൂവെയ്ല്‍ ദൗത്യത്തിന്റെ ഭാഗമായാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുട്ടി സ്‌കൂളിലെ പ്രിന്‍സിപ്പലിനോട് തന്നെയാണ് സമ്മതിച്ചത്. കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു തങ്ങളുടെ ആദ്യ ഉത്തരവാദിത്വമെന്നും പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം കൗണ്‍സിലിംഗിന് വിധേയനാക്കിയെന്നും പ്രിന്‍സിപ്പല്‍ സംഗീത പൊഡ്ഡാര്‍ പറയുന്നു. കുട്ടി തന്റെ പിതാവിന്റെ ഫോണില്‍ നിന്നാണ് ബ്ലൂവെയ്ല്‍ കളിച്ചതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയാനാകില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍.

അതേസമയം കുട്ടി ഒരിക്കല്‍ പോലും ബ്ലൂവെയ്ല്‍ കളിച്ചിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മികച്ച സാങ്കേതിക പരിജ്ഞാനമുള്ള കുട്ടി ഒരുതവണ തന്റെ അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച് ബ്ലൂവെയ്‌ലിന്റെ ലിങ്കില്‍ കയറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ലോഗിന്‍ ചെയ്തിട്ടില്ല. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നതിന്റെ മാനസിക സമ്മര്‍ദ്ദം കുട്ടിക്കുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സുഹൃത്തുക്കളില്‍ പലര്‍ക്കും ബ്ലൂവെയ്‌ലിനെക്കുറിച്ച് അറിയാമായിരുന്നതും കുട്ടികള്‍ക്കിടയില്‍ ഈ ഗെയിമിനെക്കുറിച്ച് പല കഥകളും പ്രചരിച്ചിരുന്നതുമാണ് ഈ ആത്മഹത്യ ശ്രമത്തില്‍ ഗെയിം ആരോപണമുണ്ടാകാന്‍ കാരണമെന്നും പോലീസ് പറയുന്നു.

മഹാരാഷ്ട്രയിലെ ഡെറാഡൂണില്‍ ഒരു കുട്ടി വീടുവിട്ടുപോകുകയും പിന്നീട് പോലീസ് ഹൈവേയില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ബ്ലൂവെയ്ല്‍ ദൗത്യത്തിന്റെ ഭാഗമായി സോളപുരിലെ വീട്ടില്‍ നിന്നും പൂനെയിലേക്ക് പോകുകയായിരുന്നു താനെന്നാണ് കുട്ടി പോലീസിനെ അറിയിച്ചത്.

റഷ്യന്‍ ബന്ധം എങ്ങനെ വരുന്നു?

ഇന്ത്യയില്‍ നിന്ന് മാത്രമല്ല ബ്ലൂവേയ്‌ലുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റഷ്യയാണ് ഈ മരണ ഗെയിമിന്റെ ഉത്ഭവകേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞവര്‍ഷം മെയിലാണ് റഷ്യയില്‍ ആദ്യമായി ഈ ഗെയിം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2015 നവംബര്‍ മുതല്‍ 2016 ഏപ്രില്‍ വരെ 130 പേര്‍ ഈ ഗെയിമിന്റെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് നൊവയ ഗസെറ്റെ എന്ന റഷ്യന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ മുന്‍ സോവ്യറ്റ് യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ആത്മഹത്യകളിലൊന്നും ബ്ലൂവെയ്‌ലിന്റെ സ്വാധീനം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ റിംഗ് ലീഡര്‍മാരില്‍ ഒരാളെന്ന് ആരോപിച്ച് ഒരു 22-കാരനെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനങ്ങളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ഇയാളെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ പ്രതികരണം

ഇന്ത്യയില്‍ കേന്ദ്ര വനിത, ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിനും ഈ വിഷയത്തില്‍ കത്തയച്ചിരുന്നു. ഈ ഗെയിമിന്റെ ലിങ്കുകള്‍ രാജ്യത്ത് പ്രചാരത്തിലുള്ള സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലായി നൂറിലേറെ കുട്ടികള്‍ ഈ ഗെയിമിന്റെ സ്വാധീനത്താല്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മനേക ഗാന്ധിയുടെ കത്തില്‍ പറയുന്നു. ഈ മാസം 15ന് കേന്ദ്രസര്‍ക്കാര്‍ ഈ ഗെയിമിന്റെ ലിങ്ക് നീക്കം ചെയ്യാന്‍ ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ്, യാഹു എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഇരട്ട ആത്മഹത്യ

കേരളത്തില്‍ ബ്ലൂവെയ്‌ലുമായി ബന്ധപ്പെട്ട് രണ്ട് ആത്മഹത്യകളാണ് ഉയര്‍ന്നു കേട്ടത്. മെയ് 19ന് മലപ്പുറത്തും ജൂലൈ 27ന് തിരുവനന്തപുരത്തുമാണ് ഈ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എംകെ സാവന്ത് എന്ന 22-കാരനാണ് മെയ് 19ന് മലപ്പുറത്ത് ആത്മഹത്യ ചെയ്തത്. മലപ്പുറത്ത് മനോജ് ചന്ദ്രന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഇരുവരും വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലൂവെയ്‌ലിന്റെ സ്വാധീനമാണെന്ന് മാതാപിതാക്കളാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

മനോജിന്റെ മാതാവ് അനുവാണ് ഇക്കാര്യം ആദ്യമായി പുറത്തുവിട്ടത്. മകന്റെ മരണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ഓഗസ്റ്റ് 16നായിരുന്നു ഇത്. ബ്ലൂവെയ്ല്‍ ദൗത്യങ്ങളിലെ വെല്ലുവിളിയെക്കുറിച്ച് ഒരു സുഹൃത്തില്‍ നിന്നും അറിഞ്ഞതോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നാണ് അവര്‍ അന്ന് പറഞ്ഞത്. ഇതിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ അറിഞ്ഞതോടെയാണ് സാവന്തിന്റെ മാതാവ് സഖി തന്റെ മകന്റെ ആത്മഹത്യയിലും ബ്ലൂവെയ്‌ലാണെന്ന് വെളിപ്പെടുത്തിയത്. അതേസമയം ഇരുകേസുകളിലും ബ്ലൂവെയ്ല്‍ ഗെയിമിന്റെ സ്വാധീനം കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.

സാഹസിക ഗെയിം ആയ ബ്ലൂവെയ്‌ലിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് അനു പറയുന്നത്. ഡിസംബറിന് ശേഷം മകന്റെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസം ഉണ്ടായെന്നും അവര്‍ പറയുന്നു. അനു പറയുന്നത് അനുസരിച്ച് മനോജ് പഠനത്തില്‍ വിമുഖത കാട്ടുകയും ബൈക്കില്‍ ഇന്ത്യ ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുകയും രാത്രി വൈകി ബീച്ചിലും സെമിത്തേരിയിലും ചുറ്റിക്കറങ്ങുകയും ചെയ്തിരുന്നു. രാത്രിയില്‍ സെമിത്തേരിയില്‍ പോയിട്ടുണ്ടെന്ന് മകന്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ മരണ ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അനു പറയുന്നു. അതോടെയാണ് തന്റെ മകന്‍ ബ്ലൂവെയ്ല്‍ വെല്ലുവിളികള്‍ ഏറ്റെടുത്തിരുന്നതായി താന്‍ മനസിലാക്കിയത്. ഇക്കാര്യം പുറത്തുവന്നില്ലെങ്കില്‍ കൂടുതല്‍ കുട്ടികള്‍ ഈ ഗെയിമിന്റെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്യുമെന്ന് തോന്നിയതിനാലാണ് വൈകിയാണെങ്കിലും പോലീസില്‍ അറിയിക്കുന്നതെന്നും ഇവര്‍ പറയുന്നു.

മനോജിനെ മാതാപിതാക്കള്‍ ഒരു മന:ശാസ്ത്രജ്ഞനെ കാണിക്കന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. കയ്യില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് എബിഐ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു. അതേസമയം കുട്ടിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നു.

സാവന്ത് വീഡിയോ ഗെയിമിന് അടിമയായിരുന്നെന്നും രാത്രി മുഴുവന്‍ ഗെയിം കളിച്ച് ഇരിക്കുമായിരുന്നെന്നും അമ്മ സഖി പറയുന്നു. ബ്ലൂവെയ്ല്‍ ലിങ്കിനെക്കുറിച്ച് ഇവര്‍ക്ക് ധാരണയുണ്ടാകുന്നത് മനോജിന്റെ സംഭവം അറിഞ്ഞതോടെയാണ്. പത്താംക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം സാവന്തും വിചിത്ര സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തലശേരിയില്‍ ഐടിഐ വിദ്യാര്‍ത്ഥിയായിരിക്കെ പത്ത് ദിവസത്തോളം ഇയാളെ കാണാതായിരുന്നു. 2016നും 17നും ഇടയില്‍ രണ്ട് തവണ ഇയാള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ വിഷാദരോഗത്തിന് ചികിത്സ തേടുന്നുണ്ട്.

അതേസമയം സാവന്തിന്റെ ആത്മഹത്യ പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്നാണ് പോലീസ് പറയുന്നത്. സാവന്തിന്റെ ആത്മഹത്യയെയും ബ്ലൂവെയ്ല്‍ ഗെയിമിനെയും പരസ്പരം ബന്ധിപ്പിക്കാനുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ശിവ വിക്രം അറിയിച്ചു. കേരള പോലീസിന്റെ സൈബര്‍ ഡോമില്‍ നിന്നും അടുത്തിടെ വിരമിച്ച കെ അനില്‍കുമാറിന്റെ അഭിപ്രായത്തില്‍ ബ്ലൂവെയ്ല്‍ എന്നത് ഒരു കിംവദന്തി മാത്രമാണ്. മരിച്ച വ്യക്തികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ പോലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ ബ്ലൂവെയ്ല്‍ എന്നത് സത്യമോ അതോ മിഥ്യയയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍