UPDATES

ജാഗ്രതരാവുക, അടിവസ്ത്രം കഴുകിക്കാനും കണ്ണു ചൂഴ്ന്ന് കൊന്ന് തള്ളാനും ഇവിടെ ‘പൂണൂൽ കച്ച’ കെട്ടിയവരുണ്ട്

പലപ്പോഴും ജാതി നമ്മള്‍ അത് തിരിച്ചറിയാതെ പോകുന്നത്, ആ ദുര്‍ഗ്ഗന്ധം മനസ്സിലാകാന്‍ പറ്റാത്തവിധം ആ സംവിധാനത്തോട് നമ്മള്‍ സമരസപ്പെട്ട് പോയിട്ടുണ്ട് എന്നതുകൊണ്ടാണ്

ബ്രീട്ടീഷ് കാലത്തിന് ശേഷം യൂറോപ്യൻ ജനാധിപത്യ മാതൃകയിൽ ഇന്ത്യ രൂപം കൊള്ളുമ്പോള്‍ ഇന്ത്യൻ സമൂഹമനസ് അത്തരത്തിലൊരു ജനാധിപത്യ സംവിധാനത്തിന് വളരാൻ തക്ക പാകത വന്നിട്ടുണ്ടായിരുന്നില്ല. ലോകത്തെവിടെയും ഇല്ലാത്ത വിധത്തിലുള്ള സാമൂഹ്യ ഘടനയുടെ അന്തിരീക്ഷം തന്നെയാണ് അതിന് കാരണം. ഇന്ത്യൻ സമൂഹത്തിന്റെ ധര്‍മ്മനീതി തന്നെ മനുസ്മൃതിബോധത്തിന്റെ അടിസ്ഥാനത്തിൽ പ്രവര്‍ത്തിക്കുന്ന ജാതി ധര്‍മ്മമാണ്. ആണിക്കല്ലായി പ്രവര്‍ത്തിക്കുന്ന ഈ ജാതിബോധം സ്വാഭാവികമായിതന്നെ ജനാധിപത്യത്തെ എതിര്‍ദ്രുവത്തിൽ നിര്‍ത്തുന്നതുമാണ്. നവോത്ഥാനം ഉഴുതുമറിച്ച മണ്ണ് എന്നു പൊതുവില്‍ കേരളത്തെ കുറിച്ച് പറഞ്ഞ് നാം ഊറ്റം കൊളളുമ്പോഴും ഇവിടെ ജാതി മതിലുകളും ജാതിക്കുളങ്ങളും ജാതിക്കൊലകളും നിര്‍ലോഭം ഉണ്ടാകുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് അന്വേഷിച്ചാല്‍ അതിന്റെ വേരറ്റം ചെന്നെത്തുക മനുസ്മൃതിയുടെ അകത്തളത്തിലാണ്. 21- ആം നൂറ്റാണ്ടിലും ജാതിയത തുടരുന്നു എന്നത് വിസ്മയിപ്പിക്കുന്ന സത്യമാണ്. എന്തുകൊണ്ടാണ് ഇവിടെ ജാതി സമൂഹബോധത്തിൽ മാറാതെ നിൽക്കുന്നു എന്ന് പൂര്‍ണ്ണ ബോധ്യത്തോടെ പരിശോധിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം നടന്ന കെവിന്റെ കൊലപാതകം ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിലെ ജാതിയുടെയും, സമൂഹത്തിന്റെ സകലതുറകളിലും ജാതി പ്രവര്‍ത്തിക്കുന്നതിന്റെയും ഏറ്റവും മൂര്‍ത്തവും പ്രകടവുമായ കണ്ണകലത്തെ ഉദാഹരണമാണ്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. മതപരമായ കെട്ടുപാടുകളെ തകര്‍ക്കുമ്പോഴും അവരിൽ ജാതിബോധം മാറ്റമില്ലാതെ നിലനിൽക്കുന്നുവെന്ന് ആ കൊലപാതകം തെളിയിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം മൗലികാവകാശമായി പരിഗണിക്കുന്ന കോണ്‍സ്റ്റ്യൂഷന്‍ സിസ്റ്റത്തിനകത്തും നമ്മളറിയാതെ നമ്മളില്‍ പ്രവര്‍ത്തിക്കുന്നത് ഭൂരിപക്ഷ താല്‍പ്പര്യമാണെന്നു തിരിച്ചറിയാതെ പോകുന്നത് കേവല നിഷ്‌കളങ്കതയായി കരുതുക വയ്യ. അപകടകരമായ ചില പ്രഖ്യാപനങ്ങള്‍ നമ്മുടെ സാമുഹ്യ സഹവര്‍ത്തിത്വത്തില്‍ പ്രകടമാണ്. അവ ഇങ്ങനെയൊക്കെയാണ്: ഒന്ന് ‘നിങ്ങള്‍ക്ക് ഞങ്ങള്‍ രണ്ടാം സ്ഥാനമാണ് തരിക’ അത് ഞങ്ങള്‍ ‘തരുന്നത്’ ആണ്. രണ്ട്, ഞങ്ങളുടെ കൂട്ടത്തിലുള്ളവരുമായി ഒരു തരത്തിലുള്ള സാമൂഹ്യബന്ധവും ഉണ്ടാക്കുവാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. മൂന്ന്, ഞങ്ങളെ ധിക്കരിച്ചാല്‍ കണ്ണ് ചൂഴ്‌ന്നെടുത്ത് കൊന്നുതള്ളും. ഇത്രയും മൂര്‍ത്തരൂപത്തില്‍ ‘മതരഹിത കുടുംബം’ ജാതിബോധത്തെ ഇംപ്ലിമെന്റ് ചെയ്യുമ്പോള്‍ ജാതി അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഒരു സമൂഹഘടന വ്യക്തിതാല്‍പര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ബോദ്ധ്യപ്പെടുന്നത്. അത് പ്രകടമാകുമ്പോഴും കണ്ണില്‍ കാണാന്‍ പറ്റാത്തത് നമ്മളും ആ ജാതിഘടനയുടെ നിശബ്ദ വക്താക്കളാണ് എന്നതുകൊണ്ടുതന്നെയാണ്.

സാമ്പത്തികമില്ലാത്ത പയ്യനാണ്. അതുകൊണ്ട് അവനെ അല്ലെങ്കില്‍ അവളെ വേണ്ട എന്നു പറയുന്നത് അവന്‍ അല്ലെങ്കില്‍ അവള്‍ മറ്റേ ജാതിയാണെന്ന് പച്ചക്ക് പറയാന്‍ കഴിയാത്തിനാല്‍, മറ്റൊരു രൂപത്തിലുള്ള ഒരു കരണമറച്ചിലാണത്. ഒരു പുകമറയ്ക്കകത്ത് നിര്‍ത്തിക്കൊണ്ട്, ബ്യൂറോക്രാറ്റ്‌സിലും പത്ര ദൃശ്യമാധ്യമങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈവാഹിക പരസ്യങ്ങളിലെ ബ്രാക്കറ്റുകളിലും സിനിമകളിലും സീരിയലുകളിലും ഗന്ധര്‍വ്വഗാനങ്ങളിലും സാംസ്‌കാരികസംഘടനകളിലും അങ്ങനെയങ്ങനെ സമസ്ത മേഖലകളിലും, ജാതി അതിന്റെ ഉഗ്രരൂപത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ട് എന്ന് നമ്മള്‍ ഇനിയെങ്കിലും സമ്മതിച്ചെ മതിയാകൂ. വിപ്ലവകല്യാണം എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന കേരളത്തില ‘തിളപ്പ് കല്ല്യാണം’ ഇതെ, ബ്രാഹ്മണ്യബോധനിര്‍മ്മിതിയുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തന്നെയാണ്. ക്രിസ്ത്യാനി-മുസ്ലീമിനെ കെട്ടുന്നു. മുസ്ലീം ഹിന്ദുവിനെ കെട്ടുന്നു. ഹിന്ദു ക്രിസ്ത്യാനിയെ കെട്ടുന്നു. ഈ കെട്ടുകളിലെ മൃഗീയഭൂരിപക്ഷവും സവര്‍ണ്ണ ഹിന്ദു സവര്‍ണ്ണ മുസ്ലിമിനേയോ സവര്‍ണ്ണ ക്രിസ്ത്യാനിയേയോ മാത്രമാണ് ‘കെട്ടുന്നത്’. തിരിച്ചും അങ്ങനെ തന്നെ. സവര്‍ണ്ണ വിപ്ലവകാരികളുടെ പരസ്പരം പുണരുന്ന ഈ സമ്പ്രദായം നമ്മള്‍ മതമൈത്രിയെന്നും മതരാഹിത്യം എന്നും വ്യാജകുപ്പായം ധരിപ്പിച്ച് കോള്‍മയിര്‍ക്കൊള്ളുന്നത്.

സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്

പുറംമോടിവിപ്ലവത്തിന്റെ പിന്നാമ്പുറത്തെ ശൂന്യത തെളിഞ്ഞു പുറത്ത് വരുമ്പോള്‍ അവര്‍ണ്ണ അധ:സ്ഥിതവര്‍ഗ്ഗത്തിന്റെ എക്കാലത്തെയും സംരക്ഷകരായിരുന്നു ഞങ്ങള്‍ എന്ന പൊളളത്തരങ്ങളാണ് വെളിവാകുന്നത്. നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുത്ത് ചരിത്രത്തിന്റെ അപനിര്‍മ്മിതി മാത്രമല്ല ഇവിടെ സംഭവിക്കുന്നത്. നവോത്ഥാനത്തിന്റെ, കീഴാള അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ ജീവിതത്തെ പൊതുഇടങ്ങളിലേക്കെത്തിച്ച അയ്യങ്കാളിയുടേയും കുമാരഗുരുവിന്റെയും നാരായണഗുരുവിന്റെയും അംബേദ്കറുടെയും അടക്കമുള്ള യഥാര്‍ത്ഥ നവോത്ഥാന നായകരുടെ ജീവിതങ്ങളെ ഒന്നാകെ റദ്ദ് ചെയ്യലുകൂടിയാണ്. കെവിന്‍ കേസില്‍ പിടിക്കപ്പെട്ട പ്രതികളില്‍ ഒരാള്‍ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ വക്താവാണെന്ന് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തുറുപ്പായി വിളിച്ചു പറയുന്നു. പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രതികള്‍ ഇടതുപക്ഷം നടത്തിയ ജാതിയില്ലാ കേരളത്തിന്റെ ജാഥയില്‍ പങ്കെടുത്തവരോ ജാതിരഹിത കേരളം എന്നു മുദ്രാവാക്യം മുഴക്കിയവരോ ജാതിക്കോളം ഉപേക്ഷിച്ച് സ്‌കൂളില്‍ കുട്ടിയെ ചേര്‍ത്തവരോ ആരുമാകട്ടെ ഇവിടെ ഇടതു പക്ഷമോ വലതുപക്ഷമോ എന്നതല്ല, ജാതി കലരാത്ത ഒരു പക്ഷവും നില്‍നില്‍ക്കുന്നില്ല എന്നതാണ് സത്യം. ക്രിസ്ത്യാനികള്‍ക്കിടയിലും മുസ്ലീംകള്‍ക്കിടയിലും ജാതി ഉണ്ടോ എന്ന് സംശയിക്കുന്നവരും കുറവല്ല. ഇവിടെ ജാതി ഒരു അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക ഭൂമികയിലാണ് ഈ മതങ്ങളും സംഘടനകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ ജാതിബോധം മതത്തിന്റെ മതിലുകള്‍ ഭേദിച്ച് എല്ലാമതത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ മതത്തേക്കാള്‍ ജാതി അപകടകരമാകുന്നത്.

കാശ്മീരിലെ പെണ്‍കുട്ടിയുടെ കൊലപാതകം ജാതിക്കൊലയാണ്, രോഹിത് വെമൂലയുടെ മരണം ജാതിക്കൊലയാണ്, അഖ്‌ലാക്കിന്റെ കൊലപാതകം ജാതിക്കൊലയാണ്, പശുവിന്റെ പേരില്‍ നടന്ന ക്രൂരമര്‍ദ്ദനങ്ങളും എണ്ണമറ്റ അറുംകൊലകളും ജാതിക്കൊലയുടെ ഉഗ്രരൂപമാണ്, വിനായകന്റെ കൊലപാതകം അത് ജാതിക്കൊലയാണ്, ജിഷയുടെ കൊലപാതകം ജാതിക്കൊലയാണ്, മധുവിന്റെ കൊലപാതകം ജാതിക്കൊലയാണ്…, അവസാനിക്കാത്ത കൊലപാതകങ്ങളിലെല്ലാം കൂടിയും കുറഞ്ഞും അളവില്‍ നമുക്ക് ജാതിയുടെ അംശത്തെ കാണാനാകും. ശാന്തമായി നോക്കിയാൽ. അവയൊക്കെ ജാതിക്കൊലകളാണെന്ന് പൊതുമുഖത്ത് ഉറക്കെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതാകണം ഇക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം.

ഉയര്‍ന്ന ജാതിക്കാരൻ (അങ്ങനെത്തന്നെ പറയണം) ഉന്നത ഉദ്യോഗസ്ഥനും കീഴുദ്യോഗസ്ഥൻ കീഴ്ജാതിയും ആവുന്നതെങ്ങനെയെന്ന് നമ്മള്‍ ഇനിയെങ്കിലും ചിന്തിക്കണം. എ.ഡിജിപി എന്ന ഉന്നത സ്ഥാനം വഹിക്കുന്ന സായുധ സേന എഡിജിപി സുദേഷ് കുമാറിന്റെ ദാസ്യ വേല കീഴുദ്യോഗസ്ഥനെ കൊണ്ട് ചെയ്യിച്ചത് കേരളം കണ്ടതാണ്. വീട്ടിലെ പട്ടിക്ക് മീൻ വറുക്കുന്നതിനും മേലുദ്യോഗസ്ഥന്റെ അടിവസ്ത്രം അലക്കിക്കുന്നതിനും എന്തിന് മേലുദ്യോഗസ്ഥന്റെ മകളുടെ അരിശം തീര്‍ക്കുന്നതിനും കീഴുദ്യോഗസ്ഥൻ വേണം എന്നത് വെറുമൊരു ഉദ്യോഗസ്ഥ ഹൈറാര്‍ക്കിയുടെ പ്രശ്നമായി ചുരുക്കിക്കാണാൻ സാധിക്കില്ല. ദാസ്യവേലക്ക് തയ്യാറാകാത്ത കീഴുദ്യോഗസ്ഥനെ ജോലിയിൽ നിന്നു പിരിച്ചുവിടാനുള്ള പിൻചരടുവലിയും എല്ലാം സവര്‍ണ്ണ, ബ്രാഹ്മണിക്കൽ മാടമ്പിത്തരത്തിന്റെ ഉത്തരാധുനിക രൂപം തന്നെയാണ്. കേരളത്തിൽ ജാതിയില്ലെന്ന് തൊണ്ട നനയാതെ വിളമ്പി വിഴുങ്ങുന്നവര്‍ക്ക് കൺതുറന്ന് കാണാൻ സാധിക്കണം, ജാതിയുടെ ഈ പുതിയ രൂപത്തെ.

പ്രണയമല്ല, ജാതിയാണ് കൊലയാളി

വടയമ്പാടിയിലെ ജാതിമതില്‍ വിരുദ്ധ സമരത്തില്‍ കേരളത്തിലെ പൊലീസ് ശത്രുപക്ഷത്ത് നിര്‍ലജ്ജയോടെ നില്‍ക്കുമ്പോള്‍ കാക്കികള്‍ക്കകത്തെ കാവിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇടതുപക്ഷം എന്നു വിവക്ഷിക്കുന്ന സി.പി.എമ്മും ചരിത്രത്തില്‍ ഇവിടെ മാപ്പര്‍ഹിക്കാത്ത തെറ്റു ചെയ്തു പ്രതിയാവുകയാണ്. ആ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമന്‍സ് എത്തിയെങ്കിലും കോടതിയില്‍ എത്തിച്ചേരാനുള്ള മിനിമം സാവകാശം പോലും സമന്‍സ് നല്‍കുന്നില്ല. എന്നു മാത്രമല്ല സമരത്തെ കല്ലെറിഞ്ഞും കൂവിയും അസഭ്യം പറഞ്ഞും പൊളിച്ചടുക്കാന്‍ നോക്കിയ ആര്‍.എസ്.എസ് കൂട്ടങ്ങളിലെ ഒരാള്‍ക്കുമെതിരെ കേസുമില്ല. അതൊരു യാദൃശ്ചികതയായി കണാനാകില്ല. ജാതിയടിസ്ഥാനത്തിലുള്ള ഇരട്ട നീതിയുടെ നടത്തിപ്പുകാരായി പോലീസ് സേന തന്നെ മാറിയെന്ന് സമ്മതിക്കണം. ഈ സംഭവങ്ങളെല്ലാം കോണ്‍ഗ്രസ്സിനേക്കാള്‍ ഏറെ ഇടതുപക്ഷത്തിന് ഏതിരെ നീളുന്ന ചൂണ്ടുവിരലായി മാറുന്നത് ഭരിക്കുന്നത് ഇടതുപക്ഷമായത് കൊണ്ട് മാത്രം അല്ല. ഇടതുപക്ഷം എന്ന പ്രയോഗത്തിന് അഭിനവ സഖാക്കള്‍ കരുതുന്നതിനും അപ്പുറത്ത് ഒരു അര്‍ത്ഥവും ആഴവും ഉത്തരവാദിത്തവും പ്രതീക്ഷയും ഉണ്ട് എന്നതുകൊണ്ടാണ്.

ഫാസിസത്തിന്റെ അടിവേരറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്ന് പറഞ്ഞ് അരിവാളെടുത്ത് പുറപ്പെടും മുമ്പ് ഒന്നാലോചിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഫാസിസത്തിന്റെ മര്‍ദ്ദനോപകരണം മറ്റു രാജ്യങ്ങളേതുപോലെ ഗുണ്ടാസംഘങ്ങളല്ല, ജാതിയാണ്. ജാതിയുടെ അടിത്തറയില്‍ ഒരു പ്രവര്‍ത്തന അജണ്ടയും അക്രമത്തിനുള്ള ആയുധമായി ജാതിയെ തന്നെ ഓരേ സമയം പ്രയോഗിക്കുമ്പോള്‍ ഇവിടുത്ത സംഘപരിവാരേതര മുഖ്യധാരാ സംഘടനകളും ഇതേ ജാതിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന തിരിച്ചറിവ് വേണം. ഫാസിസത്തിന്റെയും ജാതിയുടെയും മൂര്‍ത്ത രൂപങ്ങളെ തിരിച്ചറിയാനുള്ള വിവേചന ബുദ്ധി ഉണ്ടാക്കിയെടുത്താല്‍ മാത്രമേ നമുക്ക് ജാതിയേയും ഫാസിസത്തെയും കൃത്യമായി ഉന്നുവെച്ചെറിയാന്‍ സാധിക്കുകയുള്ളു.

മുഖ്യമധാരാ സിനിമകളും സീരിയലുകളും മിമിക്രി – കോമഡി ഷോകളും എല്ലാം ജാതിയുടെ മൂര്‍ത്തരൂപത്തിന്റെ മൊത്തവിതരണക്കാരാണ് എന്നത് സൂക്ഷ്മമായി നോക്കാതെ തന്നെ തിരിച്ചറിയാനാകും. കറുത്തവന്റെ ജീവിത പരിസരവും സാംസ്‌കാരിക അടയാളങ്ങളുമെല്ലാം എന്നും നമ്മുക്കു ചിരിക്കുള്ള വകയും സവര്‍ണ്ണ ബിംബങ്ങളെല്ലാം നമുക്ക് ഉത്തമ മാതൃകയാണെന്നും നിരന്തരം പറഞ്ഞുറപ്പിക്കുന്നുണ്ട് എന്റര്‍ടൈന്‍മെന്റ് മാധ്യമങ്ങള്‍. കറുത്തവനോ കറുത്തവളോ ഇംഗ്ലീഷ് പറയുമ്പോള്‍ ‘അയ്യോ ഇംഗ്ലീഷ് പറയല്ലേ.. ഈ ശരീരത്തില്‍ നിന്ന് ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ എന്തോപോലെ’ എന്ന് സെന്‍ട്രല്‍ ക്യാരക്ടര്‍ ‘വെളുത്ത സുന്ദരന്‍’ പറയുമ്പോഴും കറുത്തവന്‍ അമ്മയെ ‘മമ്മി’ എന്നു വിളിക്കുമ്പോഴും അതൊരു ചിരിക്കുള്ള വകയായി മാറുന്നു. മൂന്ന് സെന്റിലെ നാലു കീറോലയല്ലേ നിന്റെ ‘ഇല്ലം’ എന്നു പറയുമ്പോഴും എല്ലാം നമ്മള്‍ക്ക് ചിരിപ്പടക്കമായി മാറുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണം. കറുത്തനിറമുള്ള ഒരാള്‍ കരിമരുന്നിന് തീകൊടുക്കുന്ന ജോലി ചെയ്യുന്നു. അയാളെ കാണുന്ന മറ്റൊരാള്‍ “നീ തീ കൊടുക്കുന്നത് കൊണ്ടാണോ ഇതിന് കരിമരുന്ന് എന്ന് പറയുന്നത്” എന്ന് പരിഹസിക്കുമ്പോള്‍ നമ്മളില്‍ ചിരി വരുന്നുണ്ടെങ്കില്‍ നിസംശയം ഉറപ്പിക്കാം ജാതിബോധം നിലനില്‍ക്കുന്നത് നമ്മുടെ ഉളളിലാണെന്ന്. കല്‍പ്പണി ചെയ്യുന്ന നമ്പൂതിരിയേയും കല്‍പ്പണി എടുക്കുന്ന കീഴാളനേയും ഒന്നിച്ചു കാണുമ്പോള്‍ പൂണൂലിട്ടവനോട് തോന്നുന്ന സിമ്പതിയില്‍ കീഴാളനോടുള്ള നിസംഗതയിലും രണ്ടുകാര്യങ്ങളാണ് അയ്യോ കഷ്ടം ‘നമ്പൂതിരിക്കുട്ടി’ അതൊന്നും ചെയ്യേണ്ടവനല്ലെന്നും ‘കീഴാള ചെക്കന്‍’ സ്വാഭാവികമായി, അവന്‍ അതൊക്കെ ചെയ്യേണ്ടവനാണെന്നും പറയാതെ പറഞ്ഞുവെക്കുന്നു. ഇതെല്ലാം എന്ത് തരം സാമൂഹ്യബോധനിര്‍മ്മിതിയാണ് ഇവിടെ ഉണ്ടാകുന്നത്? പത്രമാധ്യമങ്ങളിലെയും എല്ലാ അധികാര സ്ഥാപനങ്ങളിലെയും എന്തിനേറെ ഒരു ചെറിയ കൂട്ടായ്മയില്‍ പോലും അധികാര വടംവലിയുടെ ആണിക്കല്ലായി പ്രവര്‍ത്തിക്കുന്നത് ഇതേ ജാതിയാണ്. എന്നാല്‍, നമ്മള്‍ അത് തിരിച്ചറിയാതെ പോകുന്നത്, ആ ദുര്‍ഗ്ഗന്ധം മനസ്സിലാകാന്‍ പറ്റാത്തവിധം ആ സംവിധാനത്തോട് നമ്മള്‍ സമരസപ്പെട്ട് പോയിട്ടുണ്ട് എന്നതുകൊണ്ടാണ്. അങ്ങനെ സമരസപ്പെടാത്തവര്‍ അസ്വസ്ഥതയിലുമാണ്. സവര്‍ണ്ണ ഹൈന്ദവ ഘടനയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഈ ബോധമില്ലായ്മയെ നമ്മള്‍ പൊതുബോധം, സംസ്‌കാരം, ഭൂരിപക്ഷ ശരി എന്നൊക്കെ പേരിട്ടുവിളിച്ച് ആഘോഷിക്കുമ്പോള്‍ അപര-കീഴാള സാംസ്കാരിക പരിസരത്തെ പൂര്‍ണ്ണമായി തള്ളുക മാത്രമല്ല അതൊരു തെറ്റിന്റെ രൂപമായിക്കൂടി അടിച്ച് സ്ഥാപിക്കുന്നുണ്ട്. ഇതിനെ ‘സാംസ്‌കാരിക ഗുണ്ടായിസം’ എന്നു തന്നെ വിരല്‍ ചൂണ്ടി വിളിക്കണം.

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

സ്വാതന്ത്ര്യാനന്തരം, ഇന്ത്യയില്‍ നടന്ന സമരങ്ങളില്‍ ഭൂരിഭാഗവും ജാതി മേല്‍ക്കോയ്മയുടെ സാമ്പത്തികവും സാമൂഹികവുമായ അസമത്വത്തിനും എതിരെയായിരുന്നുവെങ്കിലും സ്വാതന്ത്ര്യാനന്തരം 70 വര്‍ഷത്തിന് ശേഷം നമ്മള്‍ മുന്നോട്ട് നടന്നെത്തിയത് ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തിന്റെ പൂണൂലില്‍ തന്നെയായതിന്റെ കാരണം അറിയേണ്ടതുണ്ട്. ഇന്ത്യാ, പാകിസ്ഥാന്‍, ബംഗ്ലാദേശ് വിഭജനം മുതല്‍ ഇന്നത്തെ തെരഞ്ഞെടുപ്പുകളില്‍ വരെയുള്ള പൊളിറ്റിക്കല്‍ നെഗോഷിയേഷനുകളില്‍ പോലും പ്രവര്‍ത്തിച്ചത് ഇതേ ജാതിയായിരുന്നു എന്നതിന്റെ ദുരന്തമാണ് ഏഴ് പതിറ്റാണ്ടിനൊടുവിലും നമ്മള്‍ പൂണൂലിന്റെ ‘മഹത്വ’ത്തിലേക്ക് തന്നെ പിന്നാക്കം പോയത്. കീഴാളനെ ക്ഷേത്രത്തില്‍ കയറ്റിയ വിപ്ലവ മുന്നേറ്റം ഇന്ന് സാമൂഹ്യപുരോഗമന വിപ്ലവത്തിലെ സട്രാറ്റജിക്കല്‍ പിശകുകളായി വ്യാഖ്യാനിക്കപ്പെടേണ്ടി വന്നത് മാര്‍ക്‌സിസം ജാതി കലര്‍ന്നാണ് ഇന്ത്യയില്‍ വ്യാപിച്ചത് എന്ന് ശരിവക്കുന്നുണ്ട്. സാമൂഹ്യമായ പുരോഗതിയെന്നാല്‍ ബ്രാഹമണിക്കല്‍ ഓര്‍ഡറിലെ മുകളിലെ സ്റ്റാറ്റസിലെത്തുക എന്ന സൂത്രവാക്യം തന്നെ തെറ്റായിരുന്നു എന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ മാര്‍ക്‌സിസത്തെ ബ്രാഹ്മണ മാര്‍ക്‌സിസം എന്ന് വിളിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. മാര്‍ക്‌സിസവും ചെങ്കൊടിയും ഇന്ത്യന്‍ വിഹായസില്‍ ഉയര്‍ത്തിയത് പൂണൂല്‍ ചരടില്‍ കെട്ടിവലിച്ചായതിന്റെ ദുരന്തം തുടരുക തന്നെചെയ്യും.

ഓരോ ജാതിയും വായുകടക്കാത്ത അടഞ്ഞ അറകളായി നിലനിര്‍ത്തുന്നതാണ് അതിന്റെ ഘടന. അതുകൊണ്ടുതന്നെ ജാതിയമായ ഉച്ഛനീചത്വത്തില്‍ നിന്നും രക്ഷനേടി ഇതര മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതര്‍ ചെന്നെത്തിയിടത്തും അതേ സാമൂഹ്യ നിലവാരത്തില്‍ സ്വാഭാവികമായി തന്നെ തുടരേണ്ടി വരുന്നുണ്ട്. കെവിന്‍ എന്ന ചെറുപ്പക്കാരന്‍ അതിന്റെ അനേകായിരം ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ്. അതുകൊണ്ട് കേവലമായ ഒരു മതമാറ്റത്തിലൂടെയോ ജാതിക്കോളങ്ങള്‍ പൂരിപ്പിക്കാതിരുന്നതുകൊണ്ടോ നമുക്ക് ഇല്ലാതാക്കാന്‍ പറ്റുന്നതിനും അപ്പുറത്ത് അടിവേരോടിയ ഒരു സിസ്റ്റമാണ് നമ്മുടെ ജാതിഘടന. സര്‍വ്വ വ്യാപിത്വ സ്വഭാവമുള്ള സാമൂഹ്യ വിപത്ത് എന്ന നിലയില്‍ ജാതി ഹിന്ദുമതത്തില്‍ മാത്രമല്ല ഇതരമതസ്ഥരിലും ഇടത് പുരോഗമന സംഘടനകളിലും ഒരു പരിധിവരെ ദളിത് സംഘടനയുടെ ബോധത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് സവര്‍ണ്ണത, ജാതിബോധം എന്നൊക്കെ പറയുന്നത് ബ്രാഹമണനെയും ഉയര്‍ന്നജാതി സമൂഹത്തെയും മാത്രം സംബന്ധിക്കുന്ന ഒന്നല്ല. ഗാന്ധിയും അംബേദ്കറും തമ്മിലുള്ള തര്‍ക്ക വിഷയത്തിന്റെ കാതല്‍ ഈ ജാതിയായിരുന്നല്ലോ? ജാതിയെ ഗാന്ധി ഹിന്ദുമതത്തിലെ കേവലം ഒരു ചെറു കരടായി മാത്രം കണ്ടപ്പോള്‍ അംബേദ്കര്‍ ജാതി തന്നെയാണ് ഹൈന്ദവത എന്നും വാദിക്കുന്നു. ഹൈന്ദവത ഒരു കമ്മ്യൂണല്‍ മെജോറിറ്റിയായി മാറിയാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഇന്ത്യയുടെ തന്നെ നാശമായിരിക്കും എന്ന് അദ്ദേഹം പറയുകയുണ്ടായി. ഇന്നത്തെ എന്‍.ഡി.എയുടെ കീഴിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം അംബേദ്കറുടെ ഈ വാദത്തെ ശക്തിയായി തന്നെ ശരിവെക്കുന്നതിന്റെ ദൃക്‌സാക്ഷികളാണ് നമ്മള്‍. ജാതിയെ മറികടക്കാന്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ തന്നെ നിര്‍ദ്ദേശിച്ച, നമ്മള്‍ പ്രയോഗിക്കാന്‍ മടിക്കുന്ന ആ ആശയസമരരൂപത്തെ നമ്മള്‍ ഉള്‍ക്കൊള്ളാതെ വിമോചനം സാധ്യമല്ല. കമ്മ്യൂണല്‍ മെജോറിറ്റിയെ കമ്മ്യൂണല്‍ മൈനോറിറ്റിയാക്കിക്കൊണ്ട് പൊളിറ്റിക്കല്‍ മെജോറിറ്റിയെന്ന ചലനസ്വഭാവമുള്ള സംവിധാനത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യത്തെ തിരിച്ചെത്തിക്കുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും അടിസ്ഥാന സമരമുദ്രാവാക്യമാക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പുലയരുടെ കോട്ടങ്ങള്‍ക്കു മേല്‍ ബ്രാഹ്മണന്റെ വെജിറ്റേറിയന്‍ ദൈവങ്ങളെ ഒളിച്ചു കടത്തുന്ന നവഹിന്ദുത്വ

ചില സനാതന ഹൈന്ദവ രതി ചിന്തകള്‍

കാവിരാജ്യക്കാര്‍ ചരിത്രത്തില്‍ നടത്തുന്ന കുത്തിത്തിരുപ്പുകള്‍

നീതിയെന്ന മായാമൃഗം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാടുകളില്‍ നിന്നിറങ്ങി ഹിന്ദുരാഷ്ട്രത്തിന്റെ ആശ്രമവാടത്തില്‍ നിലവിളിക്കുമ്പോള്‍

ഫാസിസം പല രൂപത്തിൽ വരും; അത് പശുവിന്റെ രൂപത്തിലും വരും

ദേവദാസ് ചെറുകാട്

ദേവദാസ് ചെറുകാട്

ആര്‍ട് ഡയറക്ടര്‍, ലക്ചറര്‍ ആത്മ (ATHMA)

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍