UPDATES

അഭിയുടെ മഹാരാജാസില്‍ ഇന്നത്തെ ദിവസം അവന്‍ മാത്രം ഇല്ലല്ലോ; അഭിമന്യുവിനെ ഓര്‍ത്ത് സഹോദരന്‍

അഭി എവിടെയെങ്കിലും നിന്ന് ഒരുപക്ഷേ എസ് എഫ് ഐക്ക് മുദ്രാവാക്യം വിളിക്കണുണ്ടായിരിക്കും അല്ലേ…

സാഖാവേ…നീ തോല്‍ക്കില്ല, വാക്ക്; കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജില്‍ നിറഞ്ഞ പോസ്റ്ററുകളിലെ വാചകമായിരുന്നു ഇത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് അഭിമന്യു എന്ന വിദ്യാര്‍ത്ഥി നേതാവ് കൊല ചെയ്യപ്പെട്ടതിനു പിന്നാലെ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ പാനലിലും എസ് എഫ് ഐ വിജയം നേടിയപ്പോള്‍, ആ പോസ്റ്ററുകളിലെ ‘വാക്ക്’ അക്ഷരാര്‍ത്ഥില്‍ പാലിക്കപ്പെട്ടു. ഇത് എസ് എഫ് ഐയുടെ മാത്രം വിജയമല്ല; രാഷ്ട്രീയത്തിനപ്പുറം മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രിയപ്പെട്ട അഭിമന്യുവിന്റെ ചോരയ്ക്ക് നല്‍കിയ പിന്തുണ കൂടിയാണ് ഈ വിജയം. എന്നാല്‍ ഈ വിജയം ഏറെ ആഹ്ലാദം നല്‍കുന്നതിനൊപ്പം വേദന കൂടിയായി മാറുകയാണ് അഭിമന്യുവിന്റെ സഹോദരന് പരിജിത്തിന്. മഹാരാജാസിലെ സമ്പൂര്‍ണ വിജയത്തെക്കുറിച്ച് അറിയിച്ചപ്പോള്‍, സന്തോഷം പങ്കുവച്ച ആ ചേട്ടന്റെ വാക്കുകള്‍ ഇടറിയിരുന്നു.

രാവിലെ കണ്ണൂരില്‍ നിന്നുള്ള ഒരു സുഹൃത്ത് വിളിച്ചിരുന്നു, അവന്‍ മഹാരാജാസിലേക്ക് പോവുകയാണ് വരുന്നുണ്ടോ എന്നു ചോദിച്ച്. പക്ഷേ, എനിക്ക് പോകാന്‍ പറ്റിയില്ല. തൊടുപുഴയില്‍ പോകണമായിരുന്നു. ഇപ്പോള്‍ എനിക്ക് സങ്കടം തോന്നുന്നു; ഞാനും കൂടി മഹാരാജാസിലേക്ക് പോകേണ്ടതായിരുന്നു. ഇന്നത്തെ ദിവസം അഭിയുടെ മഹാരാജാസില്‍ ഉണ്ടാകണമായിരുന്നു. ശരിക്കും പറഞ്ഞാല്‍ അവന്‍ കോളേജില്‍ ആണെന്നായിരുന്നു എന്റെ മനസില്‍. വീട്ടില്‍ അവന്‍ ഇല്ലാത്തപ്പോള്‍ കോളേജില്‍ ഉണ്ടെന്നു ഞങ്ങള്‍ കരുതും. അവന്‍ മരിച്ചുപോയെന്ന് തോന്നാറേയില്ല. എവിടെയൊക്കെയുണ്ട്. എപ്പോഴെങ്കിലും എന്നെ വിളിക്കും. ചേട്ടാ ഒരു കാര്യം വേണം, കുറച്ച് കാശ് ഒപ്പിച്ചു താരാമോ, ഞാന്‍ വീട്ടിലേക്ക് വരുന്നുണ്ടേ എന്നൊക്കെ പറയാന്‍ അവന്‍ വിളിക്കുമെന്നാണ് ഞാനിപ്പോഴും കരുതിയിരിക്കുന്നത്. എന്റെ ഫോണില്‍ നിന്നും അവന്റെ നമ്പര്‍ ഞാന്‍ കളഞ്ഞിട്ടില്ല…പക്ഷേ, ഇപ്പോള്‍…മഹാരാജാസിലെ കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഇല്ലല്ലോ എന്ന് മനസിലാവുകയാണ്.

എന്റെ ഒരു സുഹൃത്ത് വിളിച്ചതുകൊണ്ടാണ് ഞാന്‍ തൊടുപുഴയ്ക്ക് പോയത്. അവിടെ പാര്‍ട്ടി ഓഫിസില്‍ പോയിരുന്നു. ചോറുണ്ടിട്ട് കൈകഴുകി തിരിച്ചു വരുമ്പോഴാണ് പാര്‍ട്ടി ഓഫിസിലെ ചുവരില്‍ അഭിയുടെ പടം വരച്ചു വച്ചിരിക്കുന്നത് കണ്ടത്. സത്യം പറഞ്ഞാല്‍ അപ്പോള്‍ മാത്രമാണ് അഭി മരിച്ചു പോയി എന്ന സത്യം വീണ്ടും മനസില്‍ വന്നത്. അവനെക്കുറിച്ച് തന്നെ എപ്പോഴും എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ…അതുകൊണ്ട് അവന്‍ മരിച്ചെന്നൊന്നും ഞങ്ങള്‍ക്ക് തോന്നാറേയില്ല. വീട്ടില്‍ വരുമ്പോള്‍ അമ്മയെ കാണുമ്പോഴാണ് അഭി ഇല്ലല്ലോ എന്ന തോന്നല്‍ പിന്നീട് ഉണ്ടാകുന്നത്. അമ്മ ഇപ്പോഴും അവനെ ഓര്‍ത്ത് കരയുകയാണ്.

മഹാരാജാസില്‍ എസ് എഫ് ഐ ജയിച്ചെന്ന് അറിയുമ്പോള്‍ അമ്മയ്ക്കും അച്ഛനുമൊക്കെ വലിയ സന്തോഷമാകും. ഇപ്പോഴും എല്ലവരും അഭിമന്യുവിന്റെ മഹാരാജാസ് എന്നല്ലേ പറയണത്…അത്രയ്ക്ക് ഇഷ്ടാണല്ലോ അവനെ എല്ലാര്‍ക്കും എന്ന് അറിയുമ്പോള്‍ സത്യത്തില്‍ കരച്ചില്‍ വരികയാണ്. ഇപ്പോള്‍ അവന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ വലിയ സന്തോഷത്തിലായിരുന്നേനെ. മുദ്രാവാക്യമൊക്കെ വിളിച്ച് എല്ലായിടത്തും ഓടിനടക്കും. പക്ഷേ, എല്ലാം ചെയ്തിട്ട് ഈ സമയമായപ്പോള്‍ അവന്‍ മാത്രം അവിടെയില്ല…ബാക്കി എല്ലാവരുമുണ്ട് അവന്‍ മാത്രമില്ല…അതാണ് വിഷമം…ഞാനെങ്കിലും ഇന്നവിടെ ഉണ്ടായിരുന്നിരിക്കണം അല്ലേ… അഭി എവിടെയെങ്കിലും നിന്ന് ഒരുപക്ഷേ എസ് എഫ് ഐക്ക് മുദ്രാവാക്യം വിളിക്കണുണ്ടായിരിക്കും അല്ലേ…

എനിക്ക് പോണമെന്ന് ഉണ്ടായിരുന്നതാണ് മഹാരാജാസിലേക്ക്..ഇപ്പോള്‍ പോകേണ്ട, എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ എന്ന് അമ്മയ്ക്കും അച്ഛനും പേടിയായിരുന്നു. അവരെ വിഷമിപ്പിക്കണ്ടല്ലോ എന്നോര്‍ത്താ പോകാതിരുന്നത്. ഇനി ഞാന്‍ പോകും…പേടിയില്ല, അവന്റെ കോളേജല്ലേ…ആ കോളേജില്‍ ഞാന്‍ പോകും…പോയിരിക്കും..എന്നെ ആര് ഓടിച്ചുവിടാന്‍ വന്നാലും അവിടെ ഞാന്‍ പോകും..പറ്റുമെങ്കില്‍ അഭിയുടെ ഹോസ്റ്റല്‍ മുറിയില്‍ ഒരു ദിവസം കിടന്നുറങ്ങും…അതവന്റെ കോളേജല്ലേ…

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍