UPDATES

ട്രെന്‍ഡിങ്ങ്

ടെക്നോപാര്‍ക്കിലെ ബെന്‍സും ജാഗ്വാറും തല്‍ക്കാലം മാറി നിന്നേ… ഈ കാളവണ്ടി ഒന്നു പോയ്‌ക്കോട്ടേ!

‘ഇദ് ഇപ്പോ, എന്താ അപ്പനേ കഥ’ എന്ന് കണ്ണുതള്ളിയ ടെക്കികള്‍ക്ക് പിന്നെയാണ് സംഭവം മനസ്സിലായത്.

ഇന്നലെ തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെത്തിയ പലരും ഒന്ന് ഞെട്ടി. ബെന്‍സും ജാഗ്വാറും ഉള്‍പ്പെടെ ആഡംബര വാഹനങ്ങള്‍ ഓടുന്ന ടെക്‌നോപാര്‍ക്കിലെ നിരത്തില്‍ കുണുങ്ങി കുണുങ്ങി ഒരു കാളവണ്ടി വരുന്നു.. ‘ഇദ് ഇപ്പോ, എന്താ അപ്പനേ കഥ’ എന്ന് കണ്ണുതള്ളിയ ടെക്കികള്‍ക്ക് പിന്നെയാണ് സംഭവം മനസ്സിലായത്- ഐ ടി ജീവനക്കാരുടെ കുട്ടികള്‍ക്കായി ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി മലയാളം പള്ളിക്കൂടം നടത്തിയ കാളവണ്ടിയാത്രയായിരുന്നു അത്.

ഐ ടി ജീവനക്കാരുടെ കുട്ടികള്‍ പങ്കെടുക്കുന്ന കാളവണ്ടിയാത്രയിലൂടെ ടെക്‌നോളജിയുടെ ആദിരൂപങ്ങളെയും കേരളീയ സംസ്‌കാരത്തിന്റെ നാള്‍വഴികളെയും കുട്ടികളെ അനുഭവത്തില്‍ പരിചയപ്പെടുത്തുകയായിരുന്നു ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ ലക്ഷ്യം. കവി വി. മധുസൂദനന്‍ നായര്‍ ഈണം നല്‍കി, പരിശീലിപ്പിച്ച ഒ.എന്‍.വി. യുടെ ‘ഒരു കാളവണ്ടിക്കാരന്റെ പാട്ട്’ എന്ന കവിത ആലപിച്ചുകൊണ്ടായിരുന്നു കുട്ടികള്‍ കാളവണ്ടിയില്‍ യാത്ര ചെയ്തത്.

മലയാളം പള്ളിക്കൂടം മാര്‍ഗദര്‍ശി ജെസ്സി നാരായണന്‍, പ്രതിധ്വനി മലയാളം പള്ളിക്കൂടം കണ്‍വീനര്‍ സതീഷ് കുമാര്‍, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍, പ്രസിഡന്റ് വിനീത് ചന്ദ്രന്‍, ഗോപി നാരായണന്‍ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കി. കേരളീയ പാരമ്പര്യത്തെയും സംസ്‌ക്കാരത്തെയും അടിസ്ഥാനപ്പെടുത്തി, കവി വി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മലയാളം പള്ളിക്കൂടം അഞ്ചാം വയസിലേക്കും പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കില്‍ രണ്ടാം വര്‍ഷത്തിലേക്കും കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കാളവണ്ടിയാത്ര സംഘടിപ്പിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ വി കെ പ്രശാന്ത് കാളവണ്ടി യാത്ര ഫ്‌ലാഗ്ഗ് ഓഫ് ചെയ്തു. മധുസൂദനന്‍ നായര്‍ കാളവണ്ടിയെപ്പറ്റിയും അത് എങ്ങനെ ജനങ്ങളെ സേവിച്ചിരുന്നു എന്നും കാളവണ്ടിയുടെ ഭാഗങ്ങളും അത് സംരക്ഷിക്കുന്നതിനെ പറ്റിയും വിശദീകരിച്ചു. കാളവണ്ടിക്ക് നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിലുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.


നൂറോളം കുട്ടികള്‍ക്ക് കാളവണ്ടി യാത്രയില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടായി. കുട്ടികള്‍ തന്നെ കാള കള്‍ക്ക് പുല്ലും വൈക്കോലും നല്‍കി. ടെക്നോപാര്‍ക്ക് പാര്‍ക്ക് സെന്ററില്‍ നിന്നും ആരംഭിച്ച കാളവണ്ടി യാത്ര തേജസ്വിനി -ഭവാനി കറങ്ങി പാര്‍ക് സെന്ററില്‍ സമാപിച്ചു. പരിപാടിയില്‍ തിരുവനന്തപുരം നഗരാതിര്‍ത്ഥിക്കുള്ളിലെ ഏക കാളവണ്ടിക്കാരനായ വലിയവിള സ്വദേശി ബാബുവിനെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.

എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ ടെക്നോപാര്‍ക്ക് ക്ലബ് ഹൗസില്‍ അണ് പ്രതിധ്വനി-മലയാളം പള്ളിക്കൂടം പ്രവര്‍ത്തിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍