UPDATES

പലതും പറഞ്ഞാല്‍ സഭ തന്നെ വീണുപോകുമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി, ചീഞ്ഞളിഞ്ഞ രഹസ്യങ്ങള്‍ മൂടിവച്ച് എന്തിന് സഭയെ മുന്നോട്ടു കൊണ്ടുപോകുന്നുവെന്നു വിശ്വാസികള്‍

സീറോ മലബാര്‍ സഭയിലെ ചില മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരേ വലിയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കര്‍ദിനാളിന്റെ മുന്നറിയിപ്പ് വിശ്വാസികള്‍ ചര്‍ച്ചയാക്കുന്നത്

വൈദിക ഉപവാസ സമരത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ സമവായത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടയില്‍ വിമര്‍ശനവുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. തനിക്കെതിരേ നില്‍ക്കുന്ന വൈദികരെ ലക്ഷ്യംവച്ചാണ് കര്‍ദിനാളിന്റെ പുതിയ നീക്കം. വൈദികര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മറുപടി പറയാന്‍ താന്‍ ഇറങ്ങിയിരുന്നുവെങ്കില്‍ സഭ തന്നെ തകര്‍ന്നു പോകുമായിരുന്നുവെന്ന മുന്നറിയിപ്പാണ് കര്‍ദിനാള്‍ നല്‍കുന്നത്. സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്.തോമസില്‍ തന്നെ സന്ദര്‍ശിച്ച കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളോട് സംസാരിക്കുമ്പോഴായിരുന്നു കര്‍ദിനാളിന്റ വെല്ലുവിളി. കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ രൂക്ഷവിമര്‍ശനങ്ങളാണ് അതിരൂപത വൈദികര്‍ക്കെതിരെ നടത്തിയത്. ഈ ചര്‍ച്ചയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് കര്‍ദിനാളിന്റെ വാക്കുകള്‍ പുറത്തറിഞ്ഞത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ ചേര്‍ന്ന് തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന വാദം ആലഞ്ചേരി വീണ്ടും ആവര്‍ത്തിക്കുകയാണ്. ചിലര്‍ ചേര്‍ന്ന് അതിരൂപതയിലെ മറ്റു വൈദികരെ തെറ്റിദ്ധരിപ്പിച്ചാണ് തനിക്കെതിരേയുള്ള പ്രതിഷേധത്തിലേക്ക് എത്തിക്കുന്നതെന്നാണ് കര്‍ദിനാള്‍ പറയുന്നത്. വൈദികര്‍ ആരോപിക്കുന്നതുപോലെ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കര്‍ദിനാള്‍ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളോടും ആവര്‍ത്തിച്ചത്. അക്കാര്യം പലരും മനസിലാക്കി വരുന്നുണ്ടെന്നും മറ്റുള്ളവരും അത് മനസിലാക്കാന്‍ അധികകാലം വേണ്ടി വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കര്‍ദിനാള്‍ ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല നല്‍കിയ തീരുമാനം ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അതിരൂപതയിലെ 480 ഓളം വൈദികരുടെ പിന്തുണയോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് വൈദികര്‍ രണ്ടു ദിവസം ഉപവാസ സമരം നടത്തിയത്. വൈദികരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സ്ഥിരം സിനഡ് അംഗങ്ങളായ മെത്രാന്മാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സ്ഥിരം സിനഡ് വൈദികരുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചതോടെ അതിരൂപതയിലെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് പരിഹരാമാകുമെന്ന് കരുതിയിടത്താണ് കര്‍ദിനാള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നതെന്നത് സാഹചര്യങ്ങള്‍ വീണ്ടും ഗൗരവമുള്ളതാക്കിയിരിക്കുകയാണ്. സ്ഥിരം സിനഡിലെ മറ്റ് ബിഷപ്പുമാര്‍ വൈദികരോട് സമവായത്തിന് തയ്യാറായാലും താന്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന തരത്തിലാണ് കര്‍ദിനാളിന്റെ വാക്കുകളെ കരുതുന്നത്. അതിരൂപത ആസ്ഥാനത്ത് നടത്തിയ ഉപവാസ സമരത്തെ ഉള്‍പ്പെടെ തള്ളിക്കളഞ്ഞുകൊണ്ടാണ് കര്‍ദിനാള്‍ തന്നെ കാണാന്‍ എത്തിയവരോട് സംസാരിച്ചത്. സഭയ്ക്ക് യോജിച്ച രീതിയിലല്ല വൈദികര്‍ സമരം ചെയ്തതെന്നു കുറ്റപ്പെടുത്തുന്ന കര്‍ദിനാള്‍, ഈ വൈദികരെ സിനഡ് തിരുത്തുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. മാധ്യമങ്ങളെ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കു മുന്നില്‍ അവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില പ്രമേയങ്ങളുമായി ഇറങ്ങിച്ചെലുകയാണ് വൈദികര്‍ ചെയ്തത്. കോലം കത്തിക്കല്‍, ഉപവാസം തുടങ്ങിയ സമര മാര്‍ഗങ്ങള്‍ ഒരിക്കലും സഭയ്ക്ക് യോജിച്ചതല്ല. വൈദികരുടെ സമരമാര്‍ഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോജിച്ച രീതിയിലായിരുന്നു; കര്‍ദിനാള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ്. വൈദികരുടെ ഭാഗത്തു നിന്നും ഇത്തരം പ്രതിഷേധം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കര്‍ദിനാള്‍ ആലഞ്ചേരി പറയുന്നത്. എന്തിനാണ് ഇങ്ങനെ പ്രതിഷേധം നടത്തുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധ സമരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് തന്നെ തന്റെ ഭാഗത്ത് വീഴ്ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് അറിയാം. എന്നിട്ടും അവര്‍ മറ്റു ചില ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും പ്രതിഷേധങ്ങളിലേക്ക് നയിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത്തരം പ്രതിഷേധങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും മറുപടി പറയാന്‍ താന്‍ തയ്യാറല്ല. അങ്ങനെ മറുപടി പ്രസ്താവനകള്‍ക്ക് ഇറങ്ങിയിരുന്നുവെങ്കില്‍ സഭ തന്നെ തകര്‍ന്നു പോകുമായിരുന്നു. സഭയെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെ ഭൗതിക വസ്തുക്കളും അനിവാര്യമാണ്. അവയുടെ സംരക്ഷണത്തില്‍ ഒരു വീഴ്ച്ചയും ഉണ്ടായിട്ടില്ല. ഒരു കാര്യത്തിലും തന്റെ ഭാഗത്ത് നിന്നും മനഃപൂര്‍വമായ ഒരു വീഴ്ച്ചയും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ കോടതി വ്യവഹാരങ്ങളും പ്രതിഷേധങ്ങളുമെല്ലാം സഭയ്ക്ക് ആകെ വലിയയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ മനസിലാക്കേണ്ടവര്‍ യഥാസമയം മനസിലാക്കണം. തനിക്ക് പറയാനുള്ളത് സിനഡിനെ അറിയിക്കും. സിനഡ് ശരിയായ നടപടി കൈക്കൊള്ളും.

കര്‍ദിനാളിന്റെ വാക്കുകള്‍ പുതിയ പ്രതിസന്ധികളിലേക്കാണ് വീണ്ടും അതിരൂപതയേയും സഭയേയും കൊണ്ടെത്തിക്കുന്നതെന്നാണ് എതിര്‍പക്ഷത്തിന്റെ വിമര്‍ശനം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് സ്ഥിരം സിനഡ് തന്നെ ഉറപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ അത് തകര്‍ക്കാനാണ് കര്‍ദിനാള്‍ ശ്രമിക്കുന്നതെന്നാണ് അതിരൂപതയിലെ വൈദികരുടെയും വിശ്വാസിസംഘടന പ്രതിനിധികളുടെയും പരാതി. കര്‍ദിനാളിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അത്, സമരം ചെയ്ത വൈദികര്‍ക്കെതിരേയുള്ളത് മാതത്രമല്ല,സഭയിലെ മറ്റ് ബിഷപ്പുമാര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പായി വേണം കരുതാന്‍ എന്ന് എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു. താന്‍ പലതും തുറന്നു പറഞ്ഞാല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നല്ല, സീറോ മലബാര്‍ സഭ തന്നെ തകര്‍ന്നു പോകുമെന്നാണ് കര്‍ദിനാള്‍ പറഞ്ഞിരിക്കുന്നത്. വൈദികരുമായി സമവായത്തിനു തയ്യാറായ സ്ഥിരം സിനഡിലെ ബിഷപ്പുമാര്‍ക്ക് കൂടിയുളള താക്കീതാണോ കര്‍ദിനാള്‍ നല്‍കിയിരിക്കുന്നത്; എതിര്‍പക്ഷം ചോദിക്കുന്നു.

താന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ സഭ തകരുമെന്നു കര്‍ദിനാള്‍ പറയുമ്പോള്‍, സഭ തകര്‍ന്നുപോകാന്‍ തക്കവിധത്തില്‍ ചീഞ്ഞളിഞ്ഞ രഹസ്യങ്ങള്‍ അദ്ദേഹം സൂക്ഷിക്കുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. എങ്കില്‍ അത്തരം രഹസ്യങ്ങള്‍ എന്തിനു വേണ്ടിയാണ് കര്‍ദിനാള്‍ സൂക്ഷിക്കുന്നതെന്നാണ് മറ്റൊരു ചോദ്യം. ഇത്തരം രഹസ്യങ്ങളും ആ രഹസ്യങ്ങളിലെ കഥാപാത്രങ്ങളെയും സംരക്ഷിച്ചുകൊണ്ട് എന്തിനാണ് സഭയെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സഭയുടെ തലവന്‍ ഇത്തരത്തിലാണോ ക്രിസ്തീയ മാര്‍ഗങ്ങള്‍ പാലിക്കേണ്ടതെന്നും എതിര്‍പക്ഷത്തുള്ള വൈദികര്‍ ചോദിക്കുന്നു. കര്‍ദിനാളിന്റെ വാക്കുകള്‍ നിസാരവത്കരിക്കാന്‍ കഴിയില്ല. വളരെ ഗൗരവമേറിയ പരാമര്‍ശമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറാകണമെന്നും വൈദികരും വിശ്വാസി സംഘടനകളും ആവശ്യപ്പെടുന്നു.

സീറോ മലബാര്‍ സഭയുടെ തലവന്‍ തന്നെയാണ് സാധാരണ വിശ്വാസികളെ അടക്കം സംശയത്തില്‍ ആക്കിയിരിക്കുന്നത്. ഈ സഭ ഇപ്പോള്‍ നിലനില്‍ക്കുന്നത് തന്നെ കുറേ രഹസ്യങ്ങള്‍ മൂടിവച്ചിരിക്കുന്നത് കൊണ്ടാണെന്നാണ് സഭ തലവന്‍ പറയുന്നത്. സ്വഭാവികമായും സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാകും. എന്തിനങ്ങനെ ഒരു സഭയെ മുന്നോട്ടു കൊണ്ടുപോകണം? രാഷ്ട്രീയ പാര്‍ട്ടികളുടെ സമര രീതി വൈദികര്‍ നടപ്പാക്കരുതെന്നു കുറ്റപ്പെടുത്തിയ കര്‍ദിനാളിനോട് തിരിച്ചു ചോദിക്കുകയാണ്, എന്തിനാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെ ഒരു ക്രിസ്തീയ സഭ പല രഹസ്യങ്ങളും മൂടിവച്ചുകൊണ്ട് മുന്നോട്ടു പോകുന്നത്? ക്രിസ്തീയ രീതിയതാണോ? വിശ്വാസികളും വൈദികരും മറ്റു സന്ന്യസ്തരും അറിയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ സഭയ്ക്ക് വേണോ? റിയല്‍ എസ്‌റ്റേറ്റ് ഡീലുകളാണോ? ലൈംഗിക ആരോപണങ്ങളാണോ? എന്തുതരം രഹസ്യങ്ങളാണ് കര്‍ദിനാള്‍ ആരോടും പറയാതെ മൂടിവയ്ക്കുന്നത്? വൈദികരുടെയും മെത്രാന്മാരുടെയും അറിയാക്കഥകള്‍ രഹസ്യമാക്കി നിലനിര്‍ത്തിയിട്ട് വിശ്വാസികളോട് ദൈവവചനം പിന്തുടരാന്‍ ഉപദേശിക്കുന്നതില്‍ വലിയ കാപട്യം വേറെന്തുണ്ട്. ഈ സഭ ഇത്തരത്തില്‍ നിലനിര്‍ത്തിയിട്ട് എന്തുകാര്യം? കര്‍ദിനാള്‍ ആലഞ്ചേരിയോട് വൈദികരും വിശ്വാസികളും ചോദിക്കുന്ന ചോദ്യങ്ങളാണ്.

സീറോ മലബാര്‍ സഭയിലെ ചില മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരേ വലിയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കര്‍ദിനാളിന്റെ മുന്നറിയിപ്പ് വിശ്വാസികള്‍ ചര്‍ച്ചയാക്കുന്നത്. സഭയിലെ പല മെത്രാന്മാര്‍ക്കെതിരേയും രൂക്ഷമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കുറ്റാരോപിതരായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം പലഘട്ടങ്ങളിലായി കെസിബിസിക്കും സീറോ മലബാര്‍ സിനഡിനും മുന്നിലും ഉയര്‍ന്നിട്ടുണ്ട്. കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ സംരക്ഷിക്കുന്നൂവെന്നതാണ് സഭയ്‌ക്കെതിരേ നിലവില്‍ ഉള്ളതില്‍വച്ച് ഏറ്റവും രൂക്ഷമായ പരാതി. കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുകയും കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും പരാതിയുണ്ട്. ബിഷപ്പ് ഫ്രാങ്കോയെ കൂടാതെ സഭയുടെ ശക്തരായ മറ്റു നാലു ബിഷപ്പുമാര്‍ക്കെതിരേയും ആരോപണങ്ങളുണ്ട്. ഓരോരോ അതിരൂപത ഭരണങ്ങള്‍ കൈയാളുന്നവരാണ് ഇവര്‍. ഈ ബിഷപ്പുമാരില്‍ ചിലര്‍ കേസുകള്‍ നേരിടുന്നവരുമാണ്. ഭൂമി തട്ടി എടുക്കാന്‍ നോക്കുന്നുവെന്നപേരില്‍ ഒരു വൈദികനും മറ്റൊരു സ്ത്രീയും നല്‍കിയ രണ്ടു കേസുകളാണ് സഭയിലെ ഒരു പ്രമുഖനായ ആര്‍ച്ച് ബിഷപ്പ് നേരിടുന്നതെന്നാണ് പരാതി. മെഡിക്കല്‍ കോളജ് തുടങ്ങണമെന്ന ആവശ്യത്തില്‍ വര്‍ഷങ്ങളായി രൂപത മുഴുവന്‍ നടന്നു പിരിവു നടത്തിയ മറ്റൊരു ബിഷപ്പിനെതിരേയും വിശ്വാസികള്‍ ഒന്നടങ്കം പരാതിപ്പെട്ടിട്ടും സഭ നേതൃത്വം നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നതാണ് മറ്റൊരു പരാതി. ആറു ലക്ഷം സ്‌ക്വയര്‍ ഫീററ് കെട്ടിടത്തിന്റ അടിത്തറ മാത്രമാണ് ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ടും ഇതുവരെ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഈ ബിഷപ്പിനെതിരേയുള്ള ആരോപണം. വത്തിക്കാനില്‍ പുതിയ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നു കരുതപ്പെടുന്ന മറ്റൊരു ആര്‍ച്ച് ബിഷപ്പിനെതിരേയും അഴിമതിയാരോപണങ്ങള്‍ ഉണ്ട്. അതിരൂപത വക 700 ഏക്കര്‍ സ്ഥലം ചുളുവിലക്കു വിറ്റു എന്നതാണ് മറ്റൊരു ബിഷപ്പിനെതിരേയുള്ള ആരോപണം. പ്രഥമദൃഷ്ട്യാ തന്നെ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുപോലും സഭയിലെ ഉന്നതന്മാരായ പലരും അവരവരുടെ സ്ഥാനങ്ങളില്‍ തുടര്‍ന്നുപോരുകയാണെന്നത് വിശ്വാസികളുടെ കാലങ്ങളായുള്ള പരാതിയാണ്. ഇവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണം നേരിടാന്‍ നിര്‍ദേശിക്കാന്‍ ഇതുവരെ സഭ നേതൃത്വം തയ്യാറായിട്ടില്ലെന്നും വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ആരോപണ വിധേയരായി സഭാ നടപടികള്‍ നേരിടുന്ന ബിഷപ്പുമാരുടെ പേരുകള്‍ പരിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കരുതെന്നും ഓരോ രൂപതയിലും ലൈംഗിക സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അല്‍മായര്‍ക്ക് മുന്‍തൂക്കമുള്ള ഇന്റേണല്‍ കംപ്ളെയ്ന്റ് സെല്‍ രൂപീകരിക്കണമെന്നും സാമ്പത്തിക ഇടപാടുകളില്‍ കാനന്‍ നിയമങ്ങളും സിവില്‍ നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഉള്ള ആവശ്യങ്ങളും നടപ്പാക്കണമെന്ന് എഎംടി അടക്കമുള്ള വിശ്വാസി സംഘടനകള്‍ കെസിബിയോടും സിറോ മലബാര്‍ സിനഡിനോടും പലതവണയായി പറയുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാ. റോബിന്‍ വടക്കുഞ്ചേരിയെ പോലുള്ള വൈദികരെ വരെ സംരക്ഷിക്കാന്‍ നോക്കിയത് എന്ത് കാരണം കൊണ്ടായിരുന്നുവെന്ന ചോദ്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കര്‍ദിനാള്‍ ആലഞ്ചേരി, തനിക്കറിയാവുന്ന കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ സഭ തന്നെ തകരുമെന്ന ഭീഷണിയുമായി രംഗത്തു വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കുന്നതിന് ചര്‍ച്ച നടത്തിയ പെര്‍മനന്റ് സിനഡിലെ എട്ട് മെത്രാന്മാരെ തള്ളിപ്പറയുകയാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇന്ന് നടത്തിയ പ്രസ്താവനയിലൂടെ ചെയ്യുന്നതെന്നാണ് സഭ സുതാര്യ സമതി(എഎംടി) ആരോപിക്കുന്നത്. ‘സമവായ ശ്രമങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമമാണിത്. സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കുള്ള താക്കീത് ആണ് ‘എല്ലാം തുറന്നു പറഞ്ഞാല്‍ സഭ തകരും” എന്ന പ്രസ്താവന. ഇത് എറണാകുളം അങ്കമാലി അതിരൂപതയെ ബാധിക്കുന്നതല്ല. മറിച്ച് സഭയിലെ മറ്റു ബിഷപ്പുമാര്‍ക്കുള്ള ഉദ്ദേശിച്ചുള്ളതാണ്. വിശ്വാസികളെ അവഹേളിക്കുന്നതിന് തുല്യമാണ്. ചീഞ്ഞളിഞ്ഞ കുറെ തെറ്റുകള്‍ രഹസ്യങ്ങളാക്കി താന്‍ സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ സമൂഹമധ്യത്തില്‍ സഭയെ താറടിച്ചു കാണിക്കുകയാണ്. എന്നാല്‍ പുറത്തു പറയാന്‍ പറ്റാത്ത രഹസ്യങ്ങള്‍ സഭാതലപ്പത്ത് ഉണ്ടാകണമെന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്നില്ല. എഎംടി തുടക്കം മുതലേ പറയുന്ന കാര്യങ്ങള്‍ ശരിവക്കുന്നതാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പ്രസ്താവന. തെറ്റുകള്‍ തിരുത്തിയാല്‍ സഭ തകരുകയല്ല മറിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ചെയ്യുക. അതിനാല്‍ ഇപ്പോള്‍ രഹസ്യമാക്കി വച്ചിരിക്കുന്ന മുഴുവന്‍ തെറ്റുകളും കര്‍ദ്ദിനാള്‍ തുറന്നു പറയണം. സഭയെ സംരക്ഷിക്കുന്നത് മൂടി വക്കുന്ന തെറ്റുകളല്ല. മറിച്ച് പരിശുദ്ധാത്മാവാണ്’; എഎംടി ഭാരവാഹികള്‍ പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു അതിരൂപ വൈദികരുടെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചത്. 14 കേസുകളില്‍ പ്രതി ആയതിനാലും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണം ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തുക, കാരണം വ്യക്തമാക്കാതെ സസ്പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്‍മാരെ ചുമതലകള്‍ നല്‍കി ഉടന്‍ തിരിച്ചെടുക്കുക, കുറ്റാരോപിതനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി വത്തിക്കാനില്‍ നിന്നുള്ള അപ്പസ്തോലിക നിരീക്ഷകന്റെ സാന്നിധ്യത്തില്‍ അതിരൂപത വിഷയങ്ങളില്‍ സിനഡ് യോഗം ചേരുക, സ്വതന്ത്ര ചുമതലയുള്ള, അതിരൂപതയിലെ വൈദികരെ അറിയാവുന്നതും, വൈദികര്‍ക്ക് പൊതുസമ്മതനും, അതിരൂപത അംഗവുമായ ഒരു അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയക്ക് വേണ്ടി നിയമിക്കുക എന്നിവയായിരുന്നു വൈദികര്‍ മുന്നോട്ടുവച്ചിരുന്ന അഞ്ച് ആവശ്യങ്ങള്‍. ഈ ആവശ്യങ്ങളില്‍ തീര്‍പ്പ് ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫാ. ജോസഫ് പാറേക്കാട്ടില്‍ തുടങ്ങിയ ഉപവാസം സഭയെ മൊത്തത്തില്‍ ബാധിക്കുമെന്ന ഘട്ടത്തിലാണ് സീറോ മലബാര്‍ സഭ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാര്‍ വൈദിക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഈചര്‍ച്ചയില്‍ വൈദികരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ഉപവാസ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റില്‍ നടക്കുന്ന സീറോ മലബാര്‍ സഭ സിനഡില്‍ വൈദികരുടെ ആവശ്യങ്ങളെല്ലാം ചര്‍ച്ച വിഷയമാക്കി തീര്‍പ്പാക്കാമെന്ന ഉറപ്പില്‍ എല്ലാവരും കാത്തിരിക്കുന്നതിനിടയിലാണ് കര്‍ദിനാള്‍ ആലഞ്ചേരിയുടെ വിവാദ പ്രസ്താവനകള്‍ പുറത്തു വന്നിരിക്കുന്നത്. സിനഡില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കമെന്ന പ്രതീക്ഷയില്‍ താത്കാലികമായാണ് പ്രതിഷേധങ്ങളും സമരങ്ങളും അവസാനിപ്പിച്ചിരിക്കുന്നതെന്നും വൈദികര്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ദിനാള്‍ ഇപ്പോള്‍ പറഞ്ഞതുപോലെ, പ്രതിഷേധിച്ച വൈദികരെ സിനഡ് തിരുത്തുമെന്ന തീരുമാനമാണ് നടപ്പിലാകുന്നതെങ്കില്‍ വീണ്ടും ശക്തമായ രീതിയില്‍ വൈദികര്‍ സമരവുമായി രംഗത്തു വരാനാണ് സാധ്യത.

വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണമെന്നും പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുക, സഹായമെത്രന്മാരെ സസ്പെന്‍ഡ് ചെയ്ത കാര്യത്തില്‍ തങ്ങള്‍ക്കുള്ള വികാരവും വേദനയും വൈദിക പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം ഓഗസ്റ്റില്‍ നടക്കുന്ന സിനഡില്‍ ഉറപ്പായും ചര്‍ച്ചയാക്കുക, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കൂടി കുറ്റാരോപിതനായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് മുന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തണമെന്ന വൈദികരുടെ അഭ്യര്‍ത്ഥന വത്തിക്കാനെ അറിയിക്കണമെന്ന കാര്യത്തില്‍ സിനഡില്‍ ചര്‍ച്ച നടത്തുക, അതിരൂപതയുടെ സാധാരണ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേക അധികാരമുള്ള മെത്രാനെ ഉടന്‍ നിയമിക്കുവാന്‍ സിനഡിനോട് ശുപാര്‍ശ ചെയ്യുക എന്നീ ഉറപ്പുകളായിരുന്നു സ്ഥിരം സിനഡ് അംഗങ്ങളായ മെത്രാന്മാര്‍ വൈദികര്‍ക്ക് നല്‍കിയിരുന്നത്. സ്ഥിരം സിനഡ് അംഗവും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് പെരുംതോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പോള്‍ ആലപ്പാട്ട്, കുരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയാപുരക്കല്‍ എന്നീ എട്ടു മെത്രാന്‍മാരായിരുന്നു വൈദികരുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ കര്‍ദിനാളിന്റെ വാദങ്ങള്‍ പുറത്തു വന്നസ്ഥിതിക്ക് ഓഗസ്റ്റിലെ സിനഡില്‍ ഈ ഉറപ്പുകള്‍ എത്രത്തോളം പാലിക്കപ്പെടുമെന്ന ആശങ്ക വൈദികര്‍ക്കുണ്ട്.

Read More: മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍