UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രാ അഴിപ്പിച്ച് മാറിടത്തിലേക്ക് തുറിച്ചുനോക്കി; നീറ്റ് നിരീക്ഷകനെതിരെ കേസെടുത്തു; ആളെ കിട്ടിയില്ലെന്ന് പോലീസ്

പരീക്ഷ നടന്ന പല സ്ഥലങ്ങളിൽ നിന്നും വിവിധ തരം പരാതികൾ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമായി

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

നീറ്റ് പരീക്ഷക്കിടയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പാലക്കാടാണ് നീറ്റ് പരീക്ഷ എഴുതാന്‍ വന്ന പെൺകുട്ടികളുടെ ബ്രാ ഊരിപ്പിച്ചത്. ലോഹക്കൊളുത്ത് ഉണ്ടെന്ന കാരണത്താല്‍ അടിവസ്ത്രം അഴിപ്പിച്ച വിദ്യാര്‍ത്ഥിനിയെ നിരീക്ഷകനായി വന്ന ആൾ മോശമായ രീതിയില്‍ നോക്കുക കൂടി ചെയ്തെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

പാലക്കാട് കൊപ്പത്തുള്ള ലയൺസ് സ്കൂളില്‍ നീറ്റ് പരീക്ഷക്ക് വന്ന വിദ്യാര്‍ത്ഥികളിൽ പലർക്കും ബ്രാ അഴിച്ച് വെച്ചതിന് ശേഷമേ പരീക്ഷക്ക് ഇരിക്കാനായുള്ളു. അടിവസ്ത്രത്തിലെ ലോഹക്കൊളുത്ത് പരീക്ഷാ ഹാളിൽ അനുവദനീയമല്ലെന്ന് നേരത്തേ അറിയിച്ചിട്ടുണ്ടായിരുന്നില്ല. അടിവസ്ത്രമില്ലാതെ ഇരിക്കാന്‍ പാകത്തിലുള്ള മേലുടുപ്പുകൾ ധരിച്ചിട്ടില്ല എന്നത് വിദ്യാര്‍ത്ഥിനികളെ വലിയ ബുദ്ധിമുട്ടിലാക്കി.

ഇതിനിടയിലാണ് നിരീക്ഷകനായി വന്ന ആൾ ഒരു കുട്ടിയുടെ മാറിടത്തിലേക്ക് തുറിച്ചു നോക്കിയത്. ഇതിൽ അസ്വസ്ഥത തോന്നിയ പെൺകുട്ടി മാതാപിതാക്കളോട് പറയുകയും പരാതിയുമായി മുന്നോട്ട് പോകുകയും ചെയ്തു. സുരക്ഷാ പരിശോധനയിൽ ബ്രായും ധരിച്ചിരുന്ന ഷാളും പുറത്ത് വെച്ചാണ് കുട്ടി ഹാളിലേക്ക് കയറിയത്.

കുട്ടിയുടെ പരാതി അനുസരിച്ച് കണ്ടാലറിയാവുന്ന നിരീക്ഷകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാൾക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 509 ആം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആംഗ്യവിക്ഷേപങ്ങൾ കൊണ്ടോ വാക്കുകള്‍ കൊണ്ടോ സ്ത്രീകളെ അപമാനിക്കുന്ന കുറ്റമാണിത്. എന്നാൽ ആരാണ് ഈ വ്യക്തി എന്ന കാര്യത്തില്‍ സി.ബി.എസ്.ഇ യിൽ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കാനുള്ള നടപടികൾ നടക്കുന്നതിനാല്‍ അതിനുശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്ന് പോലീസ് പറഞ്ഞു.

പരീക്ഷ നടന്ന പല സ്ഥലങ്ങളിൽ നിന്നും വിവിധ തരം പരാതികൾ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ ദീപ മനോജ് പറയുന്നു. ‘മുടി പൊക്കി കെട്ടുവാനും മറ്റും പരീക്ഷാ ഹാളിൽ നിന്ന് ആവശ്യപ്പെടാറുണ്ട്. ഈ സംഭവത്തിൽ കുട്ടിയോട് സംസാരിച്ചപ്പോൾ ബ്രാ ഊരി മാറ്റിച്ചതിനു ശേഷം അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ അയാൾ നോക്കിക്കൊണ്ടേ ഇരുന്നതായി പറഞ്ഞു. ടെക്നോളജി ഒക്കെ ഇത്ര വികസിച്ച കാലത്ത് അടിവസ്ത്രത്തിലെ മെറ്റൽ ഹുക്ക് ഒക്കെ ഇങ്ങനെ പ്രശ്നം ആക്കേണ്ട കാര്യമെന്താണ്. അല്ലെങ്കില്‍ ഇത് പോലും ഒഴിവാക്കണമെന്ന് ആദ്യമേ പറയാമായിരുന്നു. സ്വയം നിയന്ത്രിക്കാൻ പറ്റാത്ത ഒരാളെ ഇവിടെയൊക്കെ നിയമിച്ചതാണ് അതിലും കഷ്ടം.’ സംഭവത്തെ കുറിച്ച് പെൺകുട്ടി പറഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാതായപ്പോൾ മാധ്യമ ശ്രദ്ധയിലെത്തിക്കാനും കേസെടുപ്പിക്കാനും ഇടപെട്ടത് ദീപയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍