UPDATES

ട്രെന്‍ഡിങ്ങ്

ഗ്ലാസിലെ നുരയൊഴിഞ്ഞു, ഇപ്പോള്‍ പ്ലേറ്റിലെ കറി മാത്രം; കേസുമായി മുന്നോട്ടു തന്നെയെന്ന് എക്‌സൈസ് വകുപ്പും നേരിട്ടുകൊള്ളാമെന്ന് ജിഎന്‍പിസിയും

ജിഎന്‍പിസിക്കെതിരേയുള്ള നടപടിക്കെതിരേ സര്‍ക്കാരിനും എക്‌സൈസ് വകുപ്പിനും നേരെ തിരിഞ്ഞുകൊണ്ട് നടത്തുന്ന പ്രതികരണങ്ങളില്‍ അമിതാവേശം കാണിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഗ്രൂപ്പ് മോഡറേറ്റര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്.

ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിയെ പൂട്ടിക്കാന്‍ ഒരുങ്ങി തന്നെ എക്‌സൈസ് വകുപ്പ്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഥവ ജിഎന്‍പിസി എന്ന ഫേസ്ബുക്കിലെ ‘സീക്രട്ട് ഗ്രൂപ്പി’ന്റെ അഡ്മിന്‍ അജിത് കുമാറിനും ഭാര്യയ്ക്കുമെതിരേ കേസ് എടുത്ത നടപടിക്കെതിരേ ഇതേ ഗ്രൂപ്പില്‍ ഉള്ളവരും അല്ലാത്തവരുമായി നിരവധി പേര്‍ പ്രതിഷേധവും വിമര്‍ശനങ്ങളുമായി രംഗത്തുവന്നെങ്കിലും എക്‌സൈസ് വകുപ്പ് തങ്ങള്‍ നിയമപരമായി ചെയ്യേണ്ട കര്‍ത്തവ്യമാണ് നടത്തിയതെന്നും ഇതുമായി മുന്നോട്ടു പോകുമെന്നുമാണ് വ്യക്തമാക്കുന്നത്.

സ്ത്രീകളും പുരുഷന്മാരുമായി 18 ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം മെംബര്‍മാരെ സ്വന്തമാക്കി ഫേസ്ബുക്കില്‍ അത്ഭുതമായി മാറിയ ഒരു ഗ്രൂപ്പാണ്. എക്‌സൈസ് വകുപ്പ് അഡ്മിന്റെ പേരില്‍ കേസ് എടുക്കുന്നതുള്‍പ്പെടെ ഗ്രൂപ്പിനെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചതോടെ ജിഎന്‍പിസി കേരളത്തിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നായും മാറിയതും അതുകൊണ്ടാണ്. എക്‌സൈസ് വകുപ്പിനെതിരേയും സര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനങ്ങളും വെല്ലുവിളികളുമാണ് ഗ്രൂപ്പില്‍ ഇപ്പോള്‍ നടക്കുന്നത്. ഇതിനു പുറമെയാണ് ജനാധിപത്യാവകാശത്തിനു നേരെയുള്ള നടപടിയായി എക്‌സൈസ് വകുപ്പ് പ്രവര്‍ത്തിയെ കണ്ട് മറ്റിടങ്ങളില്‍ നിന്നും ഉണ്ടാകുന്ന ജിഎന്‍പിസി അനുകൂല നിലപാടുകളും.

തങ്ങള്‍ക്കെതിരേ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. കേസുമായി മുന്നോട്ടു തന്നെ പോകുമെന്നും അവര്‍ ഉറപ്പിക്കുന്നു. വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ എക്‌സൈസ് വകുപ്പ് തിരുവനന്തപുരം ഡിവിഷണല്‍ എക്‌സൈസ് കമ്മിഷണര്‍ ജി. മുരളീധരന്‍ നായര്‍ അവ തള്ളിക്കളയുകയാണ്. ജനാധിപത്യരാജ്യത്ത് ആര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടല്ലോ എന്നാണ് എക്‌സൈസ് ഡി സി ചോദിക്കുന്നത്. അഭിപ്രായങ്ങളോ വിമര്‍ശനങ്ങളോ ഈ കേസില്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വളരെ പെട്ടെന്ന് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടിയല്ല ഇപ്പോഴത്തെ കേസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ച് ആയതാണല്ലോ, പിന്നെയെങ്ങനെയാണ് ധൃതി പിടിച്ചും ആലോചനയില്ലാത്തതുമായ നടപടിയായി ഇതിനെ കാണാനാകുന്നതെന്നാണ് ജി മുരളീധരന്‍ നായര്‍ തിരിച്ചു ചോദിക്കുന്നത്. തങ്ങള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയോ എക്‌സൈസ് വകുപ്പ് പറയുന്ന തരത്തിലുള്ള കുറ്റകരമായ കാര്യങ്ങള്‍ ചെയ്യുക ഉണ്ടായിട്ടില്ല എന്നുമുള്ള അഡ്മിന്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പിലെ അംഗങ്ങളുടെ വാദത്തെയും അദ്ദേഹം തള്ളിക്കളയുകയാണ്. ഏതെങ്കിലും ഒരു ക്രിമിനല്‍ അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുമോ? ഒരു ക്രിമിനലിനെതിരേ എഫ്ഐആര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തന്റെ കുറ്റം സമ്മതിക്കാറില്ല. പൊലീസിനു മുന്നിലും കോടതിയിലും താന്‍ കുറ്റം ചെയ്തിട്ടില്ല എന്നേ പറയൂ. അതും നമ്മുടെ ജനാധിപത്യത്തിലെ അവകാശമാണ്; എക്‌സൈസ് ഡിവിഷണല്‍ കമ്മീഷണര്‍ പറയുന്നു.

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതും കൂടുതല്‍ കൂടുതല്‍ ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കുകയും ചെയ്യുന്ന എക്‌സൈസ് വകുപ്പാണ് തങ്ങളെ പോലെ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു കൂട്ടാമയ്‌ക്കെതിരേ നടപടിയുമായി വരുന്നതെന്ന പരിഹാസമാണ് ജിഎന്‍പിസി ഗ്രൂപ്പില്‍ മുഴുവന്‍ നിറയുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഒരിക്കലും എക്‌സൈസ് വകുപ്പ് തയ്യാറായിട്ടില്ലെന്നും മദ്യ വര്‍ജ്ജനത്തിനായാണ് തങ്ങളുടെ പ്രവര്‍ത്തനം എന്നുമാണ് ഈ ആക്ഷേപത്തിനുള്ള ഡിവിഷന്‍ കമ്മിഷണറുടെ മറുപടി. ഈ നാട്ടില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പലരുമുണ്ട്. അതുപോലെ മദ്യപാനത്തെ നിരുത്സാഹപ്പെടുത്തുന്നവരും. ഇവിടെ മദ്യവര്‍ജ്ജന സംഘടനകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടൊന്നും ഒറ്റയടിക്ക് മദ്യവര്‍ജ്ജനം പൂര്‍ണമാകില്ല. ഈ ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. അപ്പോള്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും ഡിവിഷണല്‍ കമ്മിഷണര്‍ പറയുന്നു.

ഈ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ജി. മധുസൂദനനന്‍ നായര്‍ വ്യക്തമാക്കിയത്. ഞങ്ങളുടെ മുന്നില്‍ അവര്‍ കുറ്റക്കാരാണ്. അബ്കാരി ആക്ട് ലംഘനം നടത്തിയിട്ടുണ്ട്. ഇതാണ് ഞങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലും പറഞ്ഞിട്ടുള്ളത്. ഗ്രൂപ്പ് അഡ്മിന്‍ ടിക്കറ്റ് വച്ച് മദ്യസത്കാരം നടത്തിയെന്നതടക്കം ഉന്നയിക്കുന്ന കുറ്റങ്ങള്‍ തങ്ങള്‍ക്കു കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തില്‍ പറയുന്നതാണെന്നും ഈ തെളിവുകള്‍ എല്ലാം തന്നെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഡിവിഷണല്‍ കമ്മിഷണര്‍ ജി. മധുസൂദനന്‍ നായര്‍ പറയുന്നു. ജിഎന്‍പിസി ഗ്രൂപ്പിനെതിരേ ഫേസ്ബുക്കിന് പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, അത് ചെയ്യേണ്ടത് കമ്മിഷണര്‍ ആണെന്നും അദ്ദേഹം അത് ചെയ്തിട്ടുണ്ടാകും എന്നു കരുതുന്നുവെന്നും ജി. മധുസൂദനന്‍ നായര്‍ മറുപടി പറഞ്ഞു.

 style=

ടി എല്‍ അജിത് കുമാര്‍

അനധികൃത മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ജിഎന്‍പിസി കൂട്ടായ്മയുടെ അഡ്മിന്‍ ആയ തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം സ്വദേശിയായ ടി.എല്‍ അജിത് കുമാറിനെതിരേ ചുമത്തിയിരിക്കുന്നത്. ജിഎന്‍പിസി കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഒരു ബാര്‍ ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ പണം വാങ്ങി അജിത് കുമാര്‍ മദ്യം വിറ്റെന്നാണ് കേസ്. അജിത് കുമാറിന്റെ വസതിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പണം വാങ്ങിയതിന്റെ രസീതുകളും രജിസ്റ്ററും പാര്‍ട്ടിക്കു വേണ്ടി തയ്യാറാക്കിയ ലഘുലേഖകളും ക്ഷണക്കത്തുകളും കണ്ടെത്തിയിരുന്നു. പാര്‍ട്ടിക്ക് എത്തിയവരില്‍ നിന്നും ഭക്ഷണത്തിനും മദ്യത്തിനുമായി 1399 രൂപ വീതമാണ് വാങ്ങിയത്. മദ്യവില്‍പ്പന നടത്താന്‍ എക്‌സൈസ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് അനുവാദം എന്നാണ് നിയമം. ഇത് ലംഘിച്ചാണ് അജിത് കുമാര്‍ മദ്യം വില്‍പ്പന നടത്തിയതെന്ന് എക്‌സൈസ് വകുപ്പ് പറയുന്നുണ്ട്. ഇയാള്‍ അയച്ച ക്ഷണക്കത്തില്‍ മദ്യത്തിനും ഭക്ഷണത്തിനും പണം ആവശ്യപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അബ്കാരി നിയമലംഘനം നടത്തിയിരിക്കുന്ന അജിത് കുമാറിനെതിരേ പത്തുവര്‍ഷം വരെ തടവും ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

എന്നാല്‍ തങ്ങളുടെ ഗ്രൂപ്പില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും ഉണ്ടായിട്ടില്ലെന്നും ജിഎന്‍പിസി എന്ന പേര് ദുരുപയോഗം ചെയ്തുകൊണ്ട് ഇതേ പേരില്‍ തന്നെയുള്ള മറ്റു ഗ്രൂപ്പുകളിലാണ് മദ്യപാനത്തിന്റെയും വിവിധതരം മദ്യ ബ്രാന്‍ഡുകളെ പരിചയപ്പെടുത്തിയുമുള്ള ചിത്രങ്ങള്‍ വരുന്നതെന്നും ഇവര്‍ അവകാശപ്പെട്ടെങ്കിലും, അജിത് കുമാര്‍ അഡ്മിനായ ഗ്രൂപ്പില്‍ തന്നെയാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ നടന്നതെന്നും ഒന്നരമാസമായി ഈ ഗ്രൂപ്പിനെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസ് ചുമത്തപ്പെട്ടിരിക്കുന്ന അജിത് കുമാറും ഭാര്യ വിനീതയും കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മദ്യപാന ചിത്രങ്ങളും ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും നടപടിക്ക് കാരണമാണ്. കൂടാതെ ജിഎന്‍പിസി മെംബര്‍മാര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കി മദ്യം വില്‍ക്കാന്‍ ചില ബാറുകളും രംഗത്തു വന്നിരുന്നുവെന്നും എക്സൈസ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം എക്‌സൈസ് വകുപ്പിന്റെ നടപടികള്‍ക്കെതിരേ വലിയ പ്രതിഷേധമാണ് ഗ്രൂപ്പില്‍ നടക്കുന്നത്. ട്രോളുകളിലൂടെയും മറ്റും വകുപ്പിനും സര്‍ക്കാരിനുമെതിരേ കടന്നാക്രമണം നടത്തുകയാണ്. ഈ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ വിദ്വേഷം തോന്നിയ ആരോ നല്‍കിയ പരാതിയിലാണ് എക്‌സൈസ് വകുപ്പിന്റെ നടപടിയെന്നാണ് ഗ്രൂപ്പില്‍ പലരും ആരോപണം ഉയര്‍ത്തുന്നത്. എന്നാല്‍ ഈ ആരോപണം എക്‌സൈസ് വകുപ്പ് തള്ളുകയാണ്. എക്‌സൈസ് വകുപ്പ് നേരിട്ടാണ് കേസ് എടുത്തതെന്നും കണ്‍മുന്നില്‍ കാണുന്ന കാര്യമല്ലേ, ആരുടെയും പരാതി ഇല്ലാതെ തന്നെ കേസ് എടുക്കാവുന്നതേയുള്ളൂവെന്നും മാധ്യമങ്ങളോട് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്തെങ്കിലും പ്രതികരണം നടത്തുന്നുണ്ടോയെന്ന് അറിയാന്‍ അഴിമുഖം എക്‌സൈസ് വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടപ്പോള്‍ കേസ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് എടുത്തിരിക്കുന്നതെന്നും അവരെ ബന്ധപ്പെടുക എന്നുമായിരുന്നു മന്ത്രിയുടെ ഓഫിസില്‍ നിന്നും അറിയിപ്പ് കിട്ടിയത്.

കേസിനെ തങ്ങള്‍ ശക്തമായി നേരിടുമെന്നും ഗ്രൂപ്പ് സ്ഥാപകനായ അജിത് കുമാറിനൊപ്പം ഉറച്ച പിന്തുണയുമായി നില്‍ക്കുമെന്നുമുള്ള നിരവധി പോസ്റ്റുകള്‍ ജിഎന്‍പിസി പേജില്‍ കാണാം. ആദ്യം ബാറുകളും ബിവറേജുകളും പൂട്ടട്ടേയെന്നും വിഷലിപ്തമായ ആഹാരസാധനങ്ങളും കുപ്പിവെള്ളവുമൊക്കെ നിരോധിക്കൂ, അതിനുശേഷം ഞങ്ങളുടെ ഗ്രൂപ്പ് പൂട്ടിക്കുന്ന കാര്യം നോക്കാം എന്നൊക്കെയാണ് പലരും പരിഹസിക്കുന്നത്. ഇരുപത് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പ് ആണിതെന്നും തങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യുമോയെന്നും അങ്ങനെ ചെയ്താല്‍ ഇത്രയും ലക്ഷം ആളുകളെ കിടത്താന്‍ ജയിലുകള്‍ തികയുമോ എന്നും വെല്ലുവിളിക്കുന്നവരുണ്ട്. ഗ്രൂപ്പിലെ എല്ലാവരും ഒരുമിച്ച് നിന്ന് സര്‍ക്കാരിനെ നമ്മുടെ ശക്തി കാണിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. സപ്പോര്‍ട്ട് ജിഎന്‍പിസി എന്ന കാമ്പയിനും നടക്കുന്നുണ്ട്.

"</p "</p "</p

അതേസമയം, ജിഎന്‍പിസിക്കെതിരേയുള്ള നടപടിക്കെതിരേ സര്‍ക്കാരിനും എക്‌സൈസ് വകുപ്പിനും നേരെ തിരിഞ്ഞുകൊണ്ട് നടത്തുന്ന പ്രതികരണങ്ങളില്‍ അമിതാവേശം കാണിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഗ്രൂപ്പ് മോഡറേറ്റര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ജിഎന്‍പിസി ഒരു വിധത്തിലും തരത്തിലുമുള്ള പ്രതിഷേധ യോഗങ്ങളോ പ്രക്ഷോഭങ്ങളോ ഒരു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമെതിരെ നടത്താനായി ഒരിക്കലും ആരേയും ചുമതലപ്പെടുത്തുകയോ ആഹ്വാനം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും അംഗങ്ങള്‍ എല്ലാം ഒറ്റക്കെട്ടായി നിന്ന് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ നിന്നു കൊണ്ട് നിയമപരമായി മാത്രം ഇതിനെ നേരിടുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. ഗ്രൂപ്പിനെതിരേ നടപടി വന്നതിനു പിന്നാലെ മദ്യത്തെ പൂര്‍ണമായി ഒഴിവാക്കി കൊണ്ട് ഭക്ഷണത്തിനു മാത്രമായുള്ള ഗ്രൂപ്പാക്കി ജിഎന്‍പിസിയെ ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. ഈ ഗ്രൂപ്പ് ഒരു കാരണവശാലും മദ്യപാനത്തെയോ മദ്യത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നും അത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന ബോധവത്കരണവും ഗ്രൂപ്പ് അഡ്മിന്‍ നല്‍ക്കുന്നുണ്ട്.

"</p

നിലവില്‍ ഈ ഗ്രൂപ്പില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കാണാനാവുന്നത്. അതേസമം തന്നെ ഇത്തരം പോസ്റ്റുകള്‍ കൂടുതലും എക്‌സൈസ് വകുപ്പിനെ പരിഹസിക്കാനുമാണ് ഉപയോഗിക്കുന്നത്. ബിരിയാണി ഉണ്ടാക്കിയാല്‍ കേസ് എടുക്കുമോ, ജ്യൂസ് കുടിച്ചാല്‍ അകത്തിടുമോ തുടങ്ങിയ പരിഹാസങ്ങളുമായാണ് ചില പോസ്റ്റുകള്‍ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നതും. എന്തായാലും ചുരുങ്ങി കാലം കൊണ്ട് ലോകത്താകമാനം തന്നെ ശ്രദ്ധേയമാവുകയും 18 ലക്ഷത്തിനടുത്ത് ആളുകള്‍ അംഗങ്ങളാവുകയും ചെയ്ത (അംഗങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ആറാം സ്ഥാനത്തുള്ള ഫേസ്സ്ബുക്ക് ഗ്രൂപ്പ് ആണ് ജിന്‍പിസി എന്നാണ് അവകാശവാദം) ഒരു ഫേസ്ബുക്ക് കൂട്ടായ്മ ഇപ്പോഴതിന്റെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. എക്‌സൈസ് വകുപ്പ് കര്‍ശനമായി തന്നെ മുന്നോട്ട് പോവുകയാണെങ്കില്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന വിഖ്യാത ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് പൂട്ടുവീഴും എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍