UPDATES

ട്രെന്‍ഡിങ്ങ്

സ്വവർഗരതി; അൾത്താര ബാലന്മാരെ പീഡിപ്പിക്കുന്ന പൌരോഹിത്യ മാഫിയക്കും ഹൈന്ദവ തീവ്രവാദി ശശികലക്കും എതിര്‍ക്കാനെന്തവകാശം?

ശശികല എന്തൊക്കെ ഗർജിച്ചാലും ആർ എസ് എസ് നിലപാട് വ്യക്തമാക്കിയതോടെ അക്കാര്യത്തിൽ ഏതാണ്ടൊരു തീർപ്പു വന്നുവെന്നു തന്നെ വേണം കരുതാൻ

കെ എ ആന്റണി

കെ എ ആന്റണി

എൽ ജി ബി ടി കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട, ഒന്നര നൂറ്റാണ്ടിലേറെയായി ചവിട്ടിമെതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവരുടെ അവകാശ സമരത്തെ അംഗീകരിച്ചുകൊണ്ട് ഇന്നലത്തെ സുപ്രീം കോടതിയുടെ വിധിയെ ബഹുഭൂരിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരും തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ പെട്ടവർ ചരിത്ര വിധിയെന്ന് വിലയിരുത്തിയപ്പോഴും ചില ആശങ്കകൾ ബാക്കിയായിരുന്നു. അതിൽ പ്രധാനമായത് നമ്മുടെ പൗരോഹിത്യവും അവർക്കൊത്ത മത സംഘടനകളും എല്ലാറ്റിനും മീതെ ‘പൊതു സമൂഹം’ എന്ന മേലങ്കി അണിഞ്ഞ കുട്ടിക്കുരങ്ങന്മാരും ഈ ചരിത്ര വിധിയോട് എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക തന്നെ. എന്നാൽ ഇന്നലത്തെ ചാനൽ ചർച്ചകളിൽ പ്രധാനമായും മുഴങ്ങികേട്ടതു മാറുന്ന ഇന്ത്യയുടെ ശബ്ദമായിരുന്നു.

ഈ വിധിയെ ശക്തമായി എതിർക്കുമെന്ന് കരുതിയ കാതോലിക്കാ സഭയുടെ ചില പിണിയാളുകൾ ചില അപശബ്ദങ്ങൾ ഉയർത്താൻ ശ്രമിച്ചുവെന്നത് ശരി തന്നെ. ബിഷപ്പിന്റെ ലൈംഗിക കേളിയെ വിശുദ്ധമെന്നു ഉദ്‌ഘോഷിക്കുന്ന ഇത്തരം വൈതാളിക വേഷങ്ങൾക്ക് പകൽ രാത്രിയും രാത്രി പകലുമായിരിക്കും എന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. സൂര്യൻ ഭൂമിക്കു ചുറ്റുമല്ല ഭൂമി സൂര്യന് ചുറ്റുമാണ് തിരിയുന്നതെന്നു ശാസ്ത്രീയമായി തെളിയിച്ച ഗലീലിയോയെ മുട്ടിൽ നിറുത്തി ശാസ്ത്ര സത്യം തെറ്റെന്നു വിളിച്ചുപറയാൻ പ്രേരിപ്പിച്ചവരുടെ പിന്മുറക്കാരാണവർ. തത്വചിന്തകനും ശാസ്ത്രജ്ഞനുമായിരുന്ന ബ്രൂണോയെ ജീവനോടെ ചുട്ടുകൊന്നവരാണവർ. ബ്രഹ്മചര്യം പ്രസംഗിക്കുമ്പോഴും അന്യന്റെ ഭാര്യക്കും മകൾക്കുമൊക്കെ ഗര്‍ഭമുണ്ടാക്കുന്ന പട്ടക്കാരെ സംരക്ഷിക്കാൻ വ്യഗ്രതപ്പെടുന്ന കൂലിപ്പട്ടാളക്കാരാണവർ. അതുകൊണ്ടുതന്നെ അവരുടെ ജല്പങ്ങൾക്കു അത്ര വിലയേ കല്പിക്കേണ്ടതുള്ളൂ. ഭ്രൂണഹത്യ പാപമാണെന്നു പറയുമ്പോഴും തറവാടിന്റെ മാനം കാക്കാൻ അതീവ രഹസ്യമായി അക്കാര്യവും ഇരു ചെവി അറിയാതെ നടപ്പിലാക്കുന്നവരാണ് അവർ. തങ്ങളുടെ ഈ മഹാ അപാരാധങ്ങൾക്കു എന്ത് ശിക്ഷ എന്നത് അവർ തന്നെ സ്വയം നിർണയിക്കട്ടെ.

സ്വവർഗരതി കുറ്റമല്ലെന്നാണ് ഭാരതത്തിന്റെ ആത്മീയ, സാംസ്കാരിക, ബൗദ്ധിക തലങ്ങൾ തൊട്ടു എല്ലാത്തിന്റെയും ജന്മിയായ ആർ എസ് എസ് ഇന്നലെ പറഞ്ഞത്. അല്ലെങ്കിലും ശിഖണ്ഡിയെ ഉൽപാദിപ്പിച്ച, അന്തപുരങ്ങളിൽ മുഴങ്ങിയ ഇലത്താള മേളത്തിൽ തെറ്റില്ലെന്ന് പണ്ടേ നിര്‍ണ്ണയിച്ചുപോയ ഇക്കൂട്ടർക്ക് മറ്റെന്തു മറുപടി. എങ്കിലും ഒരു കാര്യം ഇന്നലെക്കൂടി അവർ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അത് സ്വവർഗ വിവാഹത്തെ പിന്തുണക്കില്ല എന്നതാണ്. സ്വവർഗ വിവാഹത്തിൽ കുഞ്ഞു ജനിക്കില്ലായെന്നതിനാൽ വരാനിരിക്കുന്ന സംഘി യുദ്ധത്തിന് അംഗബലം കുറയും എന്ന ഭീതി തന്നെയാണ് അവരെ നയിക്കുന്നതെന്നത് വളരെ സ്പഷ്ടം. അല്ലെങ്കിലും ഇന്ത്യ ഒരു സമ്പൂർണ ഹിന്ദു രാജ്യമാകാൻ എളുപ്പവഴി തേടിയപ്പോൾ ഉണ്ടായ വെളിപാട് കുടുംബാസൂത്രണത്തിനു പാര വെച്ചിട്ടാണെങ്കിലും കൂട്ടികളെ ഉത്പാദിപ്പിച്ചുകൂട്ടി ഒരു ഹിന്ദു രാഷ്ട്രം പടുത്തുയുർത്തുക എന്നതായിരുന്നല്ലോ!

ആർ എസ് എസ് നിലപാട് എന്തെന്നറിയും മുൻപേ തന്നെ ഇന്നലെ സംഘി സഹോദരി കെ പി ശശികല സുപ്രീം കോടതി വിധിക്കെതിരെ ആഞ്ഞടിച്ചു കഴിഞ്ഞിരുന്നു. ലോകത്തിന്റെ അച്ചുതണ്ട് തന്നെ വേറേതോ ദിശയിലേക്കു തിരിഞ്ഞു പോയിക്കളയും എന്ന മട്ടിലായിരുന്നു ശശികലാക്ഷേപം. ആ സഹോദരിക്കും നൽകാനുള്ള ഏക ഉപദേശം പുരാണം ഒരിക്കൽ കൂടി വായിക്കൂ എന്ന് മാത്രമല്ല ഉപനിഷത്തുകളും മനസ്സിരുത്തി വായിക്കണം, ദ്വയാർഥങ്ങൾ തിരിച്ചറിയണം എന്ന് മാത്രമാണ്. ശശികല എന്തൊക്കെ ഗർജിച്ചാലും ആർ എസ് എസ് നിലപാട് വ്യക്തമാക്കിയതോടെ അക്കാര്യത്തിൽ ഏതാണ്ടൊരു തീർപ്പു വന്നുവെന്നു തന്നെ വേണം കരുതാൻ.

എൽ ജി ബി ടി കമ്മ്യൂണിറ്റിയെ സ്വാഗതം ചെയ്തതിന്റെ പേരിൽ അല്ലെങ്കിൽ അവരെയും ദൈവത്തിന്റെ സൃഷ്ടികളെന്നും ദൈവം അവരെയും സ്നേഹിക്കുന്നുവെന്നും പറഞ്ഞ ഫ്രാൻസിസ് പാപ്പയെ പുകച്ചു പുറത്തു ചാടിക്കാൻ നിൽക്കുന്ന റോമിലെ അല്ലെങ്കിൽ റോമിനെ ഭരിക്കുന്ന പുരോഹിത മാഫിയ അവിടെ തന്നെ നിലനിൽക്കുന്നിടത്തോളം കാലം ഇക്കാര്യത്തിൽ കേരളത്തിലെയും ഭാരതത്തിലെയും സഭകൾ എന്ത് തീരുമാനിക്കും എന്ന കാര്യത്തിൽ ഇനിയും ആശങ്ക ബാക്കി നിൽക്കുന്നു. സഭക്കുള്ളിലെ പ്രകൃതി വിരുദ്ധമെന്ന് അവർ തന്നെ പാടി നടക്കുന്ന ഹോമോ സെക്സിന്റെയും (അതിൽ ഭൂരിഭാഗവും നമ്മുടെ പോക്സോ നിയമത്തിൽ പെടുന്ന ബാലപീഡനങ്ങൾ) സ്വകാര്യ വക്താക്കൾ അൾത്താര ബാലന്മാരെ പ്രകൃതി വിരുദ്ധ രീതിയിൽ പീഡിപ്പിച്ച കർദിനാളിനെതിരെ നടപടിയെടുത്തു എന്നതിന്റെ പേരിലാണ് പോപ്പ് ഫ്രാൻസിസ് പിതാവ് രാജിവെക്കണമെന്ന് കത്തോലിക്ക സഭയിലെ ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നതെന്നു വോക്‌സ് മീഡിയ ക്കുവേണ്ടി താര ഇസബെല്ലാ ബട്ടൺ റിപ്പോർട്ട് ചെയ്തതും ഈ അടുത്ത കാലത്താണ്. കർദിനാൾമാരും ബിഷപ്പുമാരും പാതിരിമാരും ഏർപ്പെടുന്ന ഇത്തരം കുറ്റ കൃത്യങ്ങൾ സഭ കൊണ്ടാടുന്ന, വിശ്വാസികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന പത്തു കല്പനകൾക്കു മാത്രമല്ല ഏറെ വിശുദ്ധമെന്നു വിശ്വാസികളെ പറഞ്ഞു പറ്റിക്കുന്ന കുമ്പസ്സാരം തുടങ്ങിയ കൂദാശകൾക്കും വിരുദ്ധമാണ്. അടിമപ്പണി അടിമപ്പണി തന്നെയാണ്. അവർ അത് തുടരുന്നിടത്തോളം കാലം സുപ്രീം കോടതി വിധിയെ ആരൊക്കെ വാഴ്ത്തിയാലും കാര്യങ്ങൾ പഴയ മുറക്കല്ലേ നടക്കൂ എന്ന് ഭയപ്പെടാതെ വയ്യ. എന്നിരുന്നാലും ഭീതിയെ നമുക്ക് ദൂരെദേശങ്ങളിലേക്കു മാറ്റി കെട്ടാം. നമുക്കിടയിൽ ജീവിക്കുന്ന, ഒറ്റപ്പെട്ട ഒരു ചെറിയ സമൂഹത്തിനെക്കൂടി ഒപ്പം നിറുത്താം.

സ്വവർഗ്ഗാനുരാഗം പ്രകൃതിവിരുദ്ധമാവുന്നത് ആർക്കാണ്? എന്താണ് കാരണം?

‘കുണ്ടനെന്നും ചാന്തുപൊട്ടെന്നും വിളിച്ചു മാറ്റി നിർത്തിയവരോട് ഇനിയെങ്കിലും മാപ്പു പറയണം’: അനീതിയുടെ ചരിത്രം മറക്കാത്തവരുടെ വാക്കുകൾ

Explainer: സെക്ഷൻ 377: ലൈംഗിക സ്വകാര്യതയിലെ ഭരണകൂട ഇടപെടൽ അവസാനിക്കുമ്പോൾ‌

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍