UPDATES

ബീഫ് രാഷ്ട്രീയം

ബിജെപിയുടെ പശുസ്‌നേഹം രാഷ്ട്രീയം മാത്രമല്ല ഭായ്; ശുദ്ധ കച്ചവടവുമാണ്

ഗ്രാമങ്ങളിലെ കാലി ചന്തകളെ തകര്‍ത്താല്‍ മാത്രമെ വന്‍കിട ഫാമുകള്‍ക്ക് അവിടേക്ക് കയറിവരാന്‍ കഴിയൂ

ഇന്നലത്തെ സര്‍ക്കുലറില്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ അതൊരു ബ്ലാങ്കറ്റ് ബാന്‍ അല്ലെന്നാണ് മനസിലാക്കേണ്ടത്. കാലിച്ചന്തകളിലെ കശാപ്പിനാണ് നിരോധനമെന്നും കശാപ്പിനായി മൃഗങ്ങളെ വളര്‍ത്തുന്ന വന്‍കിട ഫാം ഹൗസുകള്‍ക്ക് ഇത് ബാധകമല്ലെന്നും പറയുമ്പോള്‍ സര്‍ക്കുലര്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം.

രാജ്യത്ത് ബീഫുത്പാദനം ഇതോടു കൂടി നില്‍ക്കുകയൊന്നുമില്ല. ബീഫ് ബിരിയാണി തിന്നാന്‍ പറ്റാതെ നാളെ മുതല്‍ വിമ്മിട്ടപ്പെടേണ്ടി വരുമെന്ന തരത്തിലുളള പ്രചരണങ്ങളും അബദ്ധങ്ങളാണ്. സംഭവിക്കാന്‍ പോകുന്നത് ഒന്നോ രണ്ടോ കാലിയെ വളര്‍ത്തി ജീവിക്കുന്ന ചെറുകിട കര്‍ഷകരുടെ ജീവിതമാര്‍ഗം പരിപൂര്‍ണമായും ഇല്ലാതാകും എന്നതാണ്. രാജ്യത്ത് വന്‍കിട ഫാം ഹൗസുകള്‍ വളരുകയും ചെറുകിട കാലിക്കര്‍ഷകര്‍ പിടിച്ചു നില്‍ക്കാനാകാതെ കളം വിടുകയും ചെയ്യും. ആ വിടവിലേക്ക് വന്‍കിട കമ്പനിക്കാരെത്തും. അവര്‍ ഏക്കര്‍ക്കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കാലികൃഷി ചെയ്യും. സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റുളള അറവുശാലകളില്‍ വെട്ടിയെടുത്ത മൂരിയോ പോത്തോ ഓണ്‍ലൈനായി വീട്ടിലെത്തും.

ഇന്ത്യയിലെ ബീഫ് കച്ചവടം വലിയൊരു വരുമാന സാധ്യതയാണെന്ന് വന്‍കിട കമ്പനികള്‍ മനസിലാക്കിയിട്ടുണ്ട്. അതിന് പ്രധാന തടസം ഏതു ഗ്രാമത്തിലും നിലനില്‍ക്കുന്ന കാലിച്ചന്തകളും ഇറച്ചിയുടെ എളുപ്പത്തിലുളള ലഭ്യതയുമാണ്. ഈ ചന്തകളെ തകര്‍ത്താല്‍ മാത്രമെ വന്‍കിട ഫാം ഹൗസുകള്‍ക്ക് അവിടേക്ക് കയറി വരാന്‍ പറ്റൂ… പണം വിട്ടൊരു കളിയില്ല ഭായ്…!!

രണ്ടു കാര്യമാണ് ബിജെപി പശു രാഷ്ട്രീയത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഒന്ന്, പശുവിനെ ഒരു വിശുദ്ധ സ്ഥാനത്ത് പ്രതിഷ്ഠിക്കുക (സവര്‍ണസ്ഥാനത്ത് എന്നു തന്നെ പറയണം) വഴി ദളിത്, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്തി അതുവഴി നേടിയെടുക്കാന്‍ കഴിയുന്ന പൊളിറ്റിക്കല്‍ മൈലേജ്.

രണ്ട്, ലോകത്തെ ബീഫ് പ്രൊഡക്ഷന്റെ 19 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ മാര്‍ക്കറ്റ് ചുരുങ്ങിയത് 40 ശതമാനത്തിലേക്കെങ്കിലും ഉയര്‍ത്തി ഈ രംഗം പരിപൂര്‍ണമായും കുത്തകകളുടെ കൈപ്പിടിയിലേക്ക് കൊടുക്കുകയും ജനിതകമാറ്റം വരുത്തിയ ഇറച്ചിക്കായി മാത്രം വളര്‍ത്തുന്ന പ്രസവിക്കാത്ത കാലികളെ കൂടി സൃഷ്ടിക്കുന്ന രീതിയിലേക്ക് ഈ വ്യവസായത്തെ വളര്‍ത്തുകയും ചെയ്യുക. കോഴിയില്‍ ഇപ്പോള്‍ തന്നെ അതുണ്ട്: മുട്ടക്കോഴികളും ഇറച്ചിക്കോഴികളും.

ബിജെപിയുടെ പശുസ്‌നേഹം വെറും രാഷ്ട്രീയം മാത്രമല്ല ഭായ്…!

(രാംദാസ് ഫേസ്ബുക്കില്‍ എഴുതിയത്)

പി എസ് രാംദാസ്

പി എസ് രാംദാസ്

എഴുത്തുകാരന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍