UPDATES

ഓഫ് ബീറ്റ്

പാരിസ്ഥിതിക അനുമതി നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ജലസേചന പദ്ധതികളുടെയും മണല്‍, വെണ്ണക്കല്ല്, ചുണ്ണാമ്പുകല്ല്, കളിമണ്ണ് എന്നിവ ഉള്‍പ്പെടെ 47 ധാതുക്കളുടെ ഖനനത്തിനുമുള്ള പാരിസ്ഥിതിക അനുമതികളിലാണ് ഇളവ് അനുവദിക്കുക

ജലസേചന പദ്ധതികളുടെയും മണല്‍, വെണ്ണക്കല്ല്, ചുണ്ണാമ്പുകല്ല്, കളിമണ്ണ് എന്നിവ ഉള്‍പ്പെടെ 47 ധാതുക്കളുടെ ഖനനത്തിനുമുള്ള പാരിസ്ഥിതിക അനുമതി നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഡിസംബര്‍ 18ന് ഇറക്കിയ കരട് വിജ്ഞാപന പ്രകാരം 5,000 ഹെക്ടര്‍ വരെയുള്ള ജലസേചന പദ്ധതികളെ പാരിസ്ഥിതിക അനുമതി നിബന്ധനയില്‍ നിന്നും ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ 2,000 ഹെക്ടറില്‍ കൂടുതലുള്ള ജലസേചന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സംസ്ഥാന സര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ആവശ്യമാണ്.

ജലസേചന പദ്ധതികളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും മന്ത്രാലായം ആവശ്യപ്പെടുന്നു. നിലവിലുള്ള 10,000 ഹെക്ടറിന് പകരം 50,000 ഹെക്ടറിന്റെ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കണം. നിലവില്‍ 50,000 ഹെക്ടറിന്റെ ജലസേചന പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ആവശ്യമാണ്. പാരിസ്ഥിതിക നിയമത്തില്‍ വലിയ രീതിയില്‍ വെള്ളം ചേര്‍ക്കുന്നതാണ് പുതിയ വിജ്ഞാപനമെന്ന് പ്രമുഖ പരിസ്ഥിതി അഭിഭാഷകന്‍ ഋത്വിക് ദത്ത സ്‌ക്രോളിനോട് പറഞ്ഞു. വലിയ ജലസേചന പദ്ധതികള്‍ വിഭജിച്ച് 5,000 ഹെക്ടറിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചുകൊണ്ട് വന്‍കിട നിര്‍മ്മാതാക്കള്‍ക്ക് പാരിസ്ഥിതിക അനുമതി നിബന്ധനകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനങ്ങള്‍ക്ക് ഖനനാനുമതി നല്‍കാവുന്ന പദ്ധതികളുടെ ഭൂവിസൃതി ഇരട്ടിയാക്കാനും കരട് വിജ്ഞാപനം നിര്‍ദ്ദേശിക്കുന്നു. നിലവില്‍ 50 ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ നടക്കുന്ന ഖനന പദ്ധതികള്‍ അനുമതി നല്‍കാന്‍ മാത്രമായിരുന്നു സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നത്. ഇത് 100 ഹെക്ടറായി വര്‍ദ്ധിപ്പിക്കാനാണ് വിജ്ഞാപം നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഖനന നിയന്ത്രണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 47 ധാതുക്കളുടെ ഖനനത്തിനാണ് ഇളവ് ലഭിക്കുക. എന്നാല്‍ പാരിസ്ഥിതിക മന്ത്രാലയം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പരിസ്ഥിതിവാദികള്‍ ആരോപിക്കുന്നു. ഒരു പരിശോധനയും നടത്താതെ പ്രതിദിനം 90 മുതല്‍ 100 പദ്ധതികള്‍ക്ക് വരെ അനുമതി നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദത്ത ചൂണ്ടിക്കാണിക്കുന്നു. ഇത് വലിയ പാരിസ്ഥിതിക പ്രശ്‌നമായി മാറുമെന്ന് ഉറപ്പാണ്.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാരിസ്ഥിതിക അനുമതി നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കാനോ അല്ലെങ്കില്‍ കേന്ദ്രത്തിന്റെ അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാനോ ഉള്ള നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ചിലത് കോടതികള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു. പാരിസ്ഥിതിക നിയമങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഡിസംബര്‍ എട്ടിന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, ഹരിത ട്രിബ്യൂണലിന്റെ ഘടന തന്നെ മാറ്റുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍