UPDATES

ചാള്‍സണ്‍ എന്ന വെള്ളത്തിലാശാന്‍

തുടര്‍ച്ചയായ രണ്ടു വര്‍ഷം സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ലൈഫ് ഗാര്‍ഡിനുള്ള പുരസ്‌ക്കാരം ചാള്‍സനെ തേടിയെത്തി.

മരണത്തിന്റെ ആഴങ്ങളില്‍ നിന്ന് ജീവിതത്തിന്റെ തീരത്തേക്ക് നാലു ജീവനുകളെയും ചുമലിലേറ്റി ചാള്‍സണ്‍ നീന്തിക്കയറിയപ്പോള്‍ ചിലര്‍ പറഞ്ഞു ദൈവത്തിന് ചാള്‍സന്റെ രൂപമാണെന്ന്. ദൈവം ഭൂമിയില്‍ അവതരിക്കുന്നത് ചിലപ്പോള്‍ ഇത്തരം മനുഷ്യരുടെ രൂപത്തിലായിരിക്കാം. മരണത്തെ പോലും വെല്ലുവിളിക്കുന്ന ചാള്‍സണ്‍ എന്ന ഏഴിമലക്കാരനായ ലൈഫ് ഗാര്‍ഡ് ഇന്ന് കണ്ണൂരുകാരുടെ ഹീറോയാണ്. ചാള്‍സേട്ടന്റെ നാട്ടുകാരായതില്‍ അവര്‍ അഭിമാനിക്കുന്നു. അതെ, അവര്‍ അഭിമാനിക്കണം, കാരണം തിരകളെയും ആഴങ്ങളെയും വെല്ലുവിളിക്കുന്ന ഏഴിമലയുടെ ഈ ധീരപുത്രന്റെ ജീവിതം അത്രത്തോളം സംഭവബഹുലമാണ്.

ജൂലായ് 21 വൈകുന്നേരം പയ്യാമ്പലം..

മഴക്കാലമായാല്‍ കടലിന്റെ സ്വഭാവം മാറും. അതറിയാത്തവര്‍ തിരകളില്‍ മെല്ലെ മരണത്തെ പുല്‍കും. അങ്ങനെയൊരു മഴക്കാല വൈകുന്നേരമായിരുന്നു ഈക്കഴിഞ്ഞ ജൂലൈ 21. കോയമ്പത്തൂരില്‍ ഹിന്ദുസ്ഥാന്‍ കോളേജില്‍ നിന്ന് പയ്യാമ്പലത്തെത്തിയ 18-ഓളം വിദ്യാര്‍ഥികള്‍ കടലിന്റെ നിയമങ്ങളോ അധികൃതരുടെ നിര്‍ദ്ദേശങ്ങളോ കേട്ടില്ല. ജീവിതത്തിനും മരണത്തിനുമിടയ്ക്ക് നാട്ടിയ ചുവന്ന അപായ സൂചനയും കടന്ന് അവര്‍ തിരകളില്‍ ആര്‍ത്തുല്ലസിച്ചു. അനിവാര്യമായ ദുരന്തം നിമിഷങ്ങള്‍ക്കകം കടന്നു വന്നു. നാലു വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു. മറ്റുള്ളവര്‍ കരയില്‍ നിന്നു ആര്‍ത്തുവിളിച്ചു. നാലുപേരും തിരയില്‍ മുങ്ങിയും താണും ജീവനു വേണ്ടി കൈകളുയര്‍ത്തി. മറ്റെല്ലാവരും കാഴ്ചക്കാരായി നിന്നപ്പോള്‍ ആര്‍ത്തലയ്ക്കുന്ന തിരകളുടെ ഹുങ്കാരം ഭയക്കാതെ ഒരാള്‍ കടലിലേക്ക് ചാടി. നിമിഷങ്ങള്‍ക്കകം എല്ലാവരെയും അയാള്‍ കരയ്ക്കെത്തിച്ചു. തീരെ ബോധമില്ലാതിരുന്ന നാലാമനെ ചുമലിലേറ്റി അയാള്‍ നീന്തിക്കയറി വാഹനത്തിനടുത്തേക്കോടി. അതിനിടയിലാരോ ആ ചിത്രം പകര്‍ത്തി ഫേസ്ബുക്കിലിട്ടു. നിമിഷങ്ങള്‍ക്കകം പല ഫേസ്ബുക്ക് പേജുകളിലും നിറഞ്ഞു ‘ചാള്‍സണ്‍ നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. നിങ്ങള്‍ കണ്ണൂരുകാരുടെ ഹീറോയാണ്. ഏഴിമലയുടെ മടിത്തട്ടില്‍ പിറന്ന ധീരരില്‍ ഒരുവനാണ് .’ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 60-ഓളം ജീവനുകള്‍ ഇതുപോലെ ചാള്‍സണ്‍ രക്ഷിച്ചിട്ടുണ്ട്. 6000-ത്തോളം ശിഷ്യന്മാര്‍ ചാള്‍സന്റെ കീഴില്‍ നീന്തല്‍ അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴും നിരവധി പേരെ ചാള്‍സണ്‍ നീന്തല്‍ പരിശീലിപ്പിക്കുന്നു.


‘ഒരാള്‍ മരിക്കുമ്പോള്‍ ഒന്നല്ല, കൂടെ പൊലിയുന്നത് മറ്റനേകം ജീവിതങ്ങളാണ്. കാരണം ഓരോ മനുഷ്യനും ആരുടെയൊക്കെയോ ജീവനാണ്. ആ തോന്നലാണ് കണ്‍മുന്നില്‍ ജീവന്‍ മുങ്ങിത്താഴുമ്പോള്‍ ഒരു സുരക്ഷയുമില്ലാതെ കടലിലേക്ക് ചാടാല്‍ പ്രേരിപ്പിക്കുന്നത്. ആ നിമിഷം എന്റെ ജീവനെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ലെന്നതാണ് സത്യം.’

നീന്തിക്കയറിയ ജീവിതം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കടലില്‍ നിന്നു മീന്‍പിടിച്ച് വീടുകള്‍തോറും വില്‍പന നടത്തിയ ചാള്‍സന് കടലിനോടുള്ള അടുപ്പം തന്നെയാണ് ജീവിതത്തിനു വഴികാട്ടിയായത്. ഏഴിമലയിലെ പീറ്റര്‍-റീത്ത ദമ്പതികളുടെ മകനാണ്. മാതാപിതാക്കളും അഞ്ചു സഹോദരങ്ങളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായതിനാല്‍ പത്താംതരത്തിനപ്പുറം സ്‌കൂള്‍ വിദ്യാഭ്യാസം മുന്നോട്ട് നീക്കാനായില്ല. മത്സ്യത്തൊഴിലാളിയായും പുഴയിലെ ആഴങ്ങളില്‍ മുങ്ങി മണല്‍ വാരിയുമാണ് പിന്നീടുള്ള ജീവിതം മുന്നോട്ടു പോയത്. ഇടതുപക്ഷ സഹയാത്രികനാണ് ചാള്‍സണ്‍. കുറച്ചു കാലം ഹോട്ടല്‍ നടത്തി. 12-ാം വയസു മുതല്‍ നാടകം, നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ സജീവമായി. എന്നാല്‍ ജീവിതപാച്ചിലിനിടയില്‍ ആ സജീവത നഷ്ടപ്പെട്ടു. പിന്നീട് 2007 മുതല്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്ത് വരുന്നു. സുമയാണ് ഭാര്യ. വില്യം, ജാസ്മിന്‍ എന്നിവര്‍ മക്കളാണ്.

കായലും പുഴയും കടലും നമിച്ച വീര്യം

ചാള്‍സന് മുന്നില്‍ കായലും പുഴയും കടലും തലതാഴ്ത്തിയപ്പോള്‍ സ്വന്തം പേരില്‍ ഒരു ലോകറെക്കോഡ് എഴുതി ചേര്‍ത്തു ഈ ഏഴിമലക്കാരന്‍. കായല്‍, പുഴ, കടല്‍ എന്നിവയിലൂടെ തുടര്‍ച്ചയായി 16 കിലോമീറ്റര്‍ സാഹസികമായി നീന്തിയാണ് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോകറെക്കോര്‍ഡ് പട്ടികയില്‍ ചാള്‍സണ്‍ ഏഴിമല ഇടം പിടിച്ചത്. പയ്യന്നൂര്‍ കവ്വായി കായലിലെ കൊറ്റിയില്‍ നിന്നാണു ചാള്‍സണ്‍ നീന്തല്‍ ആരംഭിച്ചത്. കവ്വായി കായലിലൂടെ അഞ്ചു കിലോമീറ്റര്‍ നീന്തി ചങ്കൂരിപ്പാലത്തിനടുത്തുനിന്നു പുഴയിലേക്കു പ്രവേശിച്ചു. പുതിയപുഴക്കര വഴി പുഴയിലൂടെ ആറു കിലോമീറ്റര്‍ നീന്തി. ചൂട്ടാട് അഴിമുഖം വഴി കടലിലേക്ക്. അഞ്ചു കിലോമീറ്റര്‍ കൂടി കടലിലൂടെ നീന്തി പുതിയങ്ങാടി ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ യാത്ര അവസാനിപ്പിച്ചു. 16 കിലോമീറ്റര്‍ ചാള്‍സണ്‍ പിന്നിട്ടത് 4.45 മണിക്കൂര്‍ കൊണ്ട്. മൂന്നു വ്യത്യസ്ത ജലാശയങ്ങളിലൂടെ ഏറ്റവും കൂടുതല്‍ ദൂരം കുറഞ്ഞ സമയം കൊണ്ട് പിന്നിട്ടതിനുള്ള യു.ആര്‍.എഫ് റെക്കോര്‍ഡ് ചാള്‍സന് സ്വന്തം.


ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി

2017-ല്‍ 2000 പേരെ നീന്തല്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാള്‍സണ്‍ സ്ഥാപിച്ച സംരഭമാണ് ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദ് അലിയുടെ കടലിലെ സാഹസിക നീന്തല്‍ പ്രകടനത്തോടെയാണ് ഈ ബോധവത്കരണ പരിപാടിയ്ക്ക് തുടക്കമിട്ടത്. ദേശീയ നീന്തല്‍താരങ്ങളും ചടങ്ങിനെത്തി. അനായാസ നീന്തല്‍ സ്വായത്തമാക്കുക, നീന്തലിലൂടെ ആരോഗ്യം സംരക്ഷിക്കുക, ജീവന്‍ രക്ഷിക്കുക എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഒരുമണിക്കൂര്‍ കൊണ്ട് ചാള്‍സണ്‍ ആര്‍ക്കും നീന്തല്‍ പഠിപ്പിച്ചു കൊടുക്കും. വര്‍ഷങ്ങളായി നിരവധി പരിശീലന ക്യാമ്പുകളിലൂടെ ആയിരക്കണക്കിന് ശിഷ്യസമ്പത്ത് ചാള്‍സണ്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും യുവാക്കളും മുതിര്‍ന്നവരും തുടങ്ങി ഏതു പ്രായമുള്ളവരും ചാള്‍സന് ശിഷ്യരാണ്. ദേഹത്തില്‍ സ്പര്‍ശിക്കാതെ നീന്തല്‍ പഠിപ്പിക്കുന്ന രീതിയാണ് ചാള്‍സണ്‍ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ആദ്യ കാലങ്ങളില്‍ പത്തുദിവസം കൊണ്ട് നീന്തല്‍ പഠിപ്പിച്ചിരുന്ന ചാള്‍സണ്‍ ഇന്ന് ഒരു മണിക്കൂറും അരമണിക്കൂറും കൊണ്ട് നീന്തല്‍ പരിശീലിപ്പിച്ചു കൊടുക്കുന്നു.

‘മനുഷ്യന് ജലത്തെ അതിജീവിക്കാനുള്ള സ്വഭാവിക കഴിവിനെ പരിപോഷിപ്പിക്കുകയാണ് എന്റെ രീതി. എന്റെ വിശ്വാസമാണത്. ആ വിശ്വാസത്തെ ഞാന്‍ ഉപയോഗിക്കുന്നു. ജില്ലാ കലക്ടര്‍ അടക്കം ഇന്ന് എന്റെ പ്രിയശിഷ്യരാണ്. നാലുമണിക്കൂറിലധികം ഞങ്ങളൊരുമിച്ച് എട്ടികുളം കടലില്‍ സാഹസിക നീന്തല്‍ നടത്തി, അതും പ്രതികൂല അന്തരീക്ഷത്തില്‍. അദ്ദേഹത്തിനുള്ള താത്പര്യമാണ് അതിനുള്ള കാരണം ‘


ചാള്‍സണ്‍ ദി ബെസ്റ്റ്

തുടര്‍ച്ചയായ രണ്ടു വര്‍ഷം സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ലൈഫ് ഗാര്‍ഡിനുള്ള പുരസ്‌ക്കാരം ചാള്‍സനെ തേടിയെത്തി. 2014-ല്‍ ധീരതയ്ക്കുള്ള സാധുവീര്‍ പുരസ്‌ക്കാരവും ലഭിച്ചു. ജില്ലയില്‍ നിന്നു പല സംഘടനകളും ക്ലബുകളും പലവട്ടം ചാള്‍സനെ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. പക്ഷേ ആ പുരസ്‌ക്കാരങ്ങളേക്കാള്‍ ചാള്‍സന്‍ നേടിയ ഒട്ടനവധി പുരസ്‌ക്കാരങ്ങളുണ്ട്. അത് ചാള്‍സണ്‍ തന്നെ പറയുന്നു.

‘എന്റെ കീഴില്‍ ഓരോ പുതിയൊരാളും നീന്തല്‍ പഠിച്ച് കഴിയുമ്പോള്‍ അവരുടെ മുഖത്ത് ഉണ്ടാകുന്ന ഒരു സന്തോഷമുണ്ട്. അത്തരം ഓരോ സന്തോഷവും ഓരോ അവാര്‍ഡാണ്. അതിന് വിലയിടാനാകില്ല. പക്ഷേ ഏത് അവാര്‍ഡിനേക്കാളും വില അതിനുണ്ടുതാനും. നേവിയിലും ഫയര്‍ഫോഴ്സിലും എല്ലാം ഇന്ന് നീന്തല്‍ അത്യാവശ്യമാണ്. അതിനായി ഒരുപാടുപേരെ ഞാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പത്തുമിനിട്ടാണ് ഫ്ളോട്ട് ചെയ്ത് കിടക്കേണ്ടതെങ്കില്‍ ഞാന്‍ മണിക്കൂറുകളോളം അങ്ങനെ കിടക്കാന്‍ ആരെയും പ്രാപ്തനാക്കും. ‘

പരാതികളുണ്ട് എന്നാല്‍ പരിഭവങ്ങളില്ല

ലൈഫ്ഗാര്‍ഡ് എന്ന നിലയില്‍ ആവശ്യമായ ഒരു സുരക്ഷാ സൗകര്യങ്ങളും ചാള്‍സണടക്കമുള്ള ആളുകള്‍ക്ക് ലഭിക്കുന്നില്ല. ലൈഫ് ഗാര്‍ഡ്സ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി കൂടിയായ ചാള്‍സണ്‍ അത്തരം പ്രശ്നങ്ങളെ കുറിച്ചും വാചാലനാകുന്നു. ‘ഒരു ബീച്ചില്‍ ആറു പേരെങ്കിലും ലൈഫ് ഗാര്‍ഡായി വേണം. എന്നാല്‍ കേരളത്തിലെ പല ബീച്ചുകളിലും ആവശ്യത്തിന് ആളില്ല. മഴക്കാലമായാല്‍ വലിയ രീതിയിലുള്ള അപകടങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. 2000-ത്തിലധികം പേര്‍ ഓരോ വര്‍ഷവും കേരളത്തില്‍ വെള്ളത്തില്‍ മുങ്ങി മരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.


ഇപ്പോഴത്തെ പുതിയ തലമുറയ്ക്ക് നീന്തല്‍ ശാസ്ത്രീയമായി അറിയില്ല, പക്ഷേ വെള്ളം അവര്‍ക്കു ഒരു ഹരമാണ്. നീന്തല്‍ പഠിക്കേണ്ടത് അത്യാവശ്യമാണ്. ലൈഫ് ഗാര്‍ഡിന് പല അത്യാവശ്യ ഉപകരങ്ങളും ഇല്ലെന്നത് സത്യമാണ്. ഞങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഏതെങ്കിലും രീതിയിലുള്ള അപകടം പറ്റിയാല്‍ ആരും അന്വേഷിക്കാറില്ല. മെഡിക്കല്‍ ലീവുപോലുമില്ല. ഒരു ദിവസം ലീവായാല്‍ അന്നത്തെ ശമ്പളം പോകും, അത്രതന്നെ. ഇതൊക്കെ പരിഹരിക്കപ്പെടണം.’

പക്ഷേ ഇതൊക്കെയാണെങ്കിലും ചാള്‍സണ്‍ സന്തുഷ്ടനാണ്. ഓരോ ദിവസവും പുതിയ പുതിയ ആളുകളിലേക്ക് നീന്തല്‍ പാഠങ്ങളുമായി ഈ വെള്ളത്തിലാശാന്‍ യാത്ര തുടരുകയാണ്. ‘എന്റെ തൊഴിലില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. നീന്തലിന് മറ്റൊരു ബദല്‍ മാര്‍ഗമില്ലെന്ന് ഓരോരുത്തരും മനസിലാക്കുക.’

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍