UPDATES

ട്രെന്‍ഡിങ്ങ്

‘അന്ന ദാതാവായ കള്ളന്‍’ ‘അപ്പുറത്തുള്ളവരോട് സംസാരിക്കുന്ന ടോര്‍ച്ച്’; പ്രളയകാലത്ത് കണ്ടതും കേട്ടതും

‘ എന്റെ മക്കളാടാ ഇത്, ഒരു ആപത്ത് വരുമ്പോള്‍ മക്കളെ ഇട്ടിട്ട് ആരെങ്കിലും പോകുവോടാ? ഇവിടെ കിടന്ന് ചത്താലും വേണ്ടില്ല എന്റെ മക്കളുടെ കൂടെ ഞാനുമുണ്ടാവും’

ഐക്യകേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരിതത്തെ ഒരു പരിധി വരെ ഒരുമയോടെ ചെറുക്കാന്‍ സാധിച്ചു. ഇതൊരു ഒരു ചെറിയ കാര്യമല്ല. പ്രളയത്തിനിടയില്‍ പല കാഴ്ചകളും നമ്മള്‍ കണ്ടു. ദയനീയത, സങ്കടം, ക്രൂരത, ദയ, ചൂഷണം, ധൈര്യം, ക്ഷമ അങ്ങനെ മനുഷ്യര്‍ക്കുള്ള പല ഭാവങ്ങളും കണ്ടു, അനുഭവിച്ചു. അത്തരത്തിലുള്ള ചില അനുഭവങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്.

ഓഗസ്റ്റ് 9-ാം തീയതിയാണ് ജോലി ചെയ്യുന്ന തിരുവനന്തപുരത്ത് നിന്ന് 3 ദിവസത്തെ അവധിയില്‍ വീട്ടിലെത്തിയത് (ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂര്‍ എന്ന പ്രദേശത്താണ് വീട്). പത്താം തീയതി മുതല്‍ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പാലയിലെ ഒരു ബന്ധു വീട്ടിലെ ആയുര്‍വേദ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. ഈ സമയങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ പ്രകൃതിക്ഷോഭം രൂക്ഷമായിക്കഴിഞ്ഞിരുന്നു. പെരിയാര്‍ കരകവിഞ്ഞ് ആലുവ പ്രദേശത്തെ മൂടികൊണ്ടിരിക്കുന്നു. അതിന് മുമ്പേ കുട്ടനാട്ടില്‍ വെള്ളം കയറി ദുരിതലായിരുന്നു (ഒന്നര മാസത്തില്‍ലേറെ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന കുട്ടനാട്ടില്‍ ഇപ്പോഴും സ്ഥിതി വലിയ കഷ്ടത്തിലാണ്). ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങള്‍ കേരളത്തിലെ ഓരോ ജില്ലകളെയായി വേട്ടയാടുമ്പോഴാണ്, പമ്പ നദി തീര്‍ത്തും അപ്രതീക്ഷിതമായ രൗദ്ര ഭാവത്തിലേക്ക് മാറിത്തുടങ്ങിയത്.

പ്രായമായ പലര്‍ക്കും വെള്ളം പൊങ്ങിയേക്കുമെന്ന് പതിനഞ്ചാം തീയതി തന്നെ ചെറിയ ധാരണയുണ്ടായിരുന്നു. പക്ഷെ ചെറിയ തോതിലുള്ള വെള്ള കയറ്റമേ അവരും പ്രതീക്ഷിച്ചിരുന്നുള്ളൂ. പമ്പയിലെ ജലനിരപ്പിനെ സ്വാധീനിക്കുന്ന ഡാമുകള്‍ ഒന്നിച്ച് തുറക്കേണ്ടി വന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലേയും ആലപ്പുഴയിലേയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഞങ്ങളുടെ തലമുറയിലെ യുവാക്കള്‍ പമ്പയുടെ പ്രക്ഷുബ്ധത മുമ്പും ചെറിയ തോതില്‍ കണ്ടിട്ടുണ്ട്. ഇത് അതൊക്കെ കടന്നുപോയി. ഉയര്‍ന്ന പ്രദേശം എന്ന് കരുതിയിരുന്ന പല പ്രദേശങ്ങളിലും രണ്ടാള്‍പൊക്കത്തില്‍ വെള്ളമെത്തി. പൊതുവെ ഈ പ്രദേശം പൂര്‍ണമായിട്ടല്ലെങ്കിലും അപ്പര്‍ കുട്ടനാടിന്റെ ഭൂസ്വഭാവത്തില്‍പ്പെട്ടതാണ്. പക്ഷെ അത്രയും താണ ഭൂ നിരപ്പല്ല. കരിമ്പ് കൃഷിക്ക് ഒരു കാലത്ത് പേരു കേട്ട ഇവിടത്തെ മണ്ണിനെ ഫലഭൂവിഷ്ടമാക്കിയിരുന്നത് ഇന്ന് ഞങ്ങളെ ഭയപ്പെടുത്തുന്ന ഇതേ പമ്പ തന്നെയാണ്.

ഇനി പറയുന്ന കാര്യങ്ങളില്‍ പതിനഞ്ചാം തീയതി മുതല്‍ 17 വരെയുള്ള കാര്യങ്ങള്‍ സുഹൃത്തുക്കളും ബന്ധുക്കളും പങ്കുവച്ചതാണ്. 13-ാം തീയതി മുതല്‍ ഈ പ്രദേശങ്ങളില്‍ വൈദ്യുതി പൂര്‍ണമായും നഷ്ടപ്പെട്ടു. പതിനഞ്ചാം തീയതി വൈകിട്ട് മുതല്‍ ശക്തമായി വെള്ളം കയറി തുടങ്ങി. നോക്കിനില്‍ക്കുമ്പോള്‍ തന്നെ ഒരടി, രണ്ടടി, മൂന്നടി എന്ന ക്രമത്തില്‍ വളരെ വേഗത്തില്‍ വെള്ളം കയറി അതുവരെ ഉണ്ടായിരുന്ന പലരുടെയും ധൈര്യം ചോര്‍ത്തി കളയാന്‍ തുടങ്ങി. റാന്നി, കോഴഞ്ചേരി, ആറന്‍മുള, ഓതറ, വള്ളംകുളം, നനാട്, പാണ്ടനാട്, ബുധനൂര്‍, തിരുവന്‍വണ്ടൂര്‍, ഇരമല്ലിക്കര, തുടങ്ങി പമ്പയുടെ തീരത്തുള്ള പല പ്രദേശങ്ങളിലും നിമിഷങ്ങള്‍ക്കകം വെള്ളം കയറി. പലരും തങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത വസ്തുവകകളും വീടുമെല്ലാം ഉപേക്ഷിച്ച് ഉയര്‍ന്ന ഭാഗം നോക്കി പരക്കം പാഞ്ഞു. തൊട്ടടുത്തുള്ള പാണ്ടനാട്ടിലെ ചില വീടുകളില്‍ ഒന്നാം നില വിട്ട് രണ്ടാം നിലയിലേക്ക് വെള്ളം കയറി തുടങ്ങി. മുമ്പ് പറഞ്ഞ് പല പ്രദേശങ്ങളും 15,16,17 തീയതികളില്‍ ഒറ്റപ്പെട്ടുപോയി . പരസ്പരം സഹായിക്കുന്നതിന് പോലും തടസമാകുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍.

ഈ സമയങ്ങളില്‍ ചെങ്ങന്നൂരിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വെള്ളം കയറി കുടുങ്ങി കിടക്കുന്നവരുടെ ലോക്കേഷന്‍ എടുത്ത് റെസ്‌ക്യൂ ടീമിന് അയ്ക്കുകയായിരുന്നു. മാധ്യമ സുഹൃത്തുക്കളും അയല്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന സഹപാഠികളും, മറ്റ്  സുഹൃത്തുക്കളും, രാപ്പകലില്ലാതെ വിശ്രമം ഇല്ലാതെ അതിനുള്ള ശ്രമത്തിലായിരുന്നു. അവരുടെ കൂടെ കൂടി പറ്റാവുന്ന കാര്യങ്ങളും ചെയ്തു. തനിയെ ഒന്നും സാധിക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒന്നിച്ച് നിന്നാല്‍ ചില കാര്യങ്ങള്‍ ഒക്കെ ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍ ഒന്നിച്ച് തന്നെ നിന്നു ഒരു ശ്രമം നടത്തി നോക്കി. പരസ്പരം പറഞ്ഞത് ഒറ്റക്കാര്യം – ഇമോഷണലായി പോകരുത്, നമ്മള്‍ക്ക് പലതും ചെയ്യാനുണ്ട്. ആ പറഞ്ഞതില്‍ ഉണ്ടായിരുന്നു തോല്‍ക്കരുതെന്ന്. ഗവണ്‍മെന്റ് പലതും ചെയ്യുമായിരിക്കും എന്നാല്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ പറ്റുന്നത് ചെയ്യണം എന്ന്.

പതിനെട്ടാം തീയതിയാണ് പാലയില്‍ നിന്ന് തിരുവന്‍വണ്ടൂരില്‍ എത്താന്‍ സാധിച്ചത്. ഗതാഗതം മൊത്തതില്‍ താറുമാറയായത്തോടെ ടോറസിലാണ് തിരുവന്‍വണ്ടൂരിനടുത്തുള്ള എംസി റോഡിലെ പ്രാവിന്‍കൂട് എന്ന സ്ഥലത്ത് എത്താന്‍ സാധിച്ചത്. അവിട് നിന്ന് 2 കി.മീ ഉണ്ട്. വെള്ളവും ഒഴുക്കും മുമ്പോട്ടുള്ള യാത്രയെ ശരിക്കും ബുദ്ധിമുട്ടിലാക്കി. അരപ്പൊക്കത്തിന് മുകളില്‍ വെള്ളത്തിലൂടെ പോകുമ്പോള്‍ പലരും കൈയിലെ മൊബൈല്‍ ഫോണിനായി കെഞ്ചി. അവരുടെ ബന്ധുക്കളെ വിളിച്ച് തല്‍ക്കാലത്തെ മാറി നില്‍ക്കാനാണ്. വിട്ട് വിട്ട് വരുന്ന റെയ്ഞ്ചില്‍ പലര്‍ക്കും ഫോണ്‍ നല്‍കി. മണിക്കൂറുകള്‍ എടുത്താണ് തിരുവന്‍വണ്ടൂരില്‍ എത്തിയത്. വരുന്ന വഴി സുഹൃത്തുക്കളെയും പരിചയക്കാരെയുമെല്ലാം കണ്ടു. രക്ഷാപ്രവര്‍ത്തനത്തിനും ഒരു നേരത്തെ അന്നത്തിനായി പരക്കം പായുന്നവരെയും ഒക്കെയുണ്ടായിരുന്നു ആ കൂട്ടത്തില്‍. ബന്ധുക്കളെല്ലാം സുരക്ഷിരതരാണെന്ന് അറിഞ്ഞപ്പോള്‍ പിന്നെ എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ചിന്തിച്ചത്. ജംഗ്ഷനിലെത്തിയപ്പോള്‍ അതുവരെ പലപ്പോഴും ശത്രുക്കളായിട്ട് പോരാടി കണ്ടിട്ടുള്ള ആളുകള്‍ ഒന്നിച്ച് രക്ഷാപ്രവര്‍ത്തനങ്ങളും കാര്യങ്ങളും ഒക്കെ ചെയ്യുന്നതിനായി ഓടി നടക്കുന്നത് കണ്ടപ്പോള്‍ മനസിലായി, ഈ മനുഷ്യന്മാരെ വെള്ളത്തിന് അങ്ങനങ്ങ് ഒഴുക്കി കളയാന്‍ സാധിക്കില്ലെന്ന്.


മത്സ്യബന്ധന തൊഴിലാളികള്‍ കൊണ്ടുവന്ന ബോട്ടുകള്‍, പൊക്കമുള്ള റോഡ് ഭാഗങ്ങളില്‍ തട്ടി നില്‍ക്കുമ്പോള്‍ തൊട്ടടുത്തുള്ള പുരയിടത്തില്‍ നിന്ന് അതിന്റെ ഉടമയുടെ പോലും അനുവാദം ചോദിക്കാതെ കുലച്ചവാഴ ഉള്‍പ്പടെ വെട്ടി വള്ളത്തിന്റെ അടിയില്‍ ഇട്ട് തള്ളി വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഒറ്റ ലക്ഷ്യമേ കണ്ടിരുന്നുള്ളൂ – അപ്പുറത്തെ കിടക്കുന്നവരെ ഇപ്പുറത്ത് സുരക്ഷിരതരായി എത്തിക്കുക. അതിശപ്പിച്ച ഒരുപ്പാട് മനുഷ്യരെ കണ്ടിരുന്നു. വള്ളം മറിഞ്ഞ് അമ്മയും പിഞ്ചുകുഞ്ഞും ഒഴുക്കില്‍പ്പെട്ടപ്പോള്‍ ജീവന്‍ പണയം വെച്ച് എത്തിയ ഊരോ പേരോ അറിയാത്ത മറുനാടന്‍ തൊഴിലാളിയും, ജീവിതത്തില്‍ ആദ്യമായി പട്ടിണി കാരണം കൈനീട്ടിയവരും (മൂന്ന് ദിവസമായി പട്ടിണി കിടന്ന് അവശരായി, അയല്‍പക്കത്തുള്ളവരോട് എന്തെങ്കിലും കഴിക്കാന്‍ ഉണ്ടോയെന്ന് ദയനീയമായ ചോദിക്കേണ്ടി വന്നു ഈ കോടീശ്വര കുടുംബത്തിന്) അവര്‍ക്ക് യതൊരു മടിയും കൂടാതെ ഉള്ളതില്‍ പങ്ക് കൊടുത്തവരും ഒക്കെയുണ്ട് അതില്‍. ഒരിക്കലും മറക്കാത്ത അനുഭവങ്ങളില്‍ ഒന്ന് രണ്ട് കി.മീ അകലെയുള്ള പാണ്ടനാട് മുറിയായക്കരയിലേക്ക് ഒരു ഫോണ്‍ കൊടുത്തുവിട്ടതാണ്. പാണ്ടനാട്ട് രണ്ട് ഭാഗങ്ങളാണ് പമ്പയുടെ ഇരു കരകളിലുമായിട്ടുള്ളത്. പാണ്ടനാട് ഈസ്റ്റ്, വെസ്റ്റും. പൊതുവേ പറയാറുള്ളത് ബുധനൂര്‍ പാണ്ടനാടും, മുറിയായിക്കര പാണ്ടനാടും എന്നാണ്.

ഇതില്‍ മുറിയായിക്കര പാണ്ടനാട്ടിലേക്ക് ആദ്യം കാര്യമായി രക്ഷാപ്രവര്‍ത്തനം എത്തിയിരുന്നില്ല. കാരണം ഹെല്‍പ്പ് ലൈനിലേക്കുള്ള ഫോണ്‍ കോളുകളില്‍ പാണ്ടനാട് എന്നുപറയുമ്പോള്‍ ബുധനൂര്‍ പാണ്ടനാട്ടിലേക്കാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത്. മുറിയാക്കര ഭാഗത്തെ പമ്പയുടെ രൗദ്രതയെക്കുറിച്ച് നല്ല ധാരണയുള്ളതുകൊണ്ട് അങ്ങോട്ട് പോവുന്ന കാര്യം വളരെ ബുദ്ധിമുട്ടായി. അവിടെ സ്ഥിതി അറിയാന്‍ ജീവന്‍ പണയം വെച്ച് കൊല്ലത്ത് നിന്നുള്ള ഒരു ബോട്ടുകാരന്‍ തയ്യാറായി. ഇതുവരെ പരിചയമില്ലാത്ത അയാളുടെ കൈയില്‍ ഫോണും അത്യാവശ്യം ഭക്ഷണവും വെള്ളവും കൊടുത്തുവിട്ടു. യാത്ര റിസ്‌ക് ആയതിനാല്‍ ഞങ്ങളെ കൂട്ടാന്‍ അവര്‍ തയ്യാറായില്ല. അവര്‍ പോയിട്ട് പിന്നീട് വിവരങ്ങളൊന്നും അറിയാനും സാധിച്ചില്ല. ഒടുവില്‍ വെള്ളം ഇറങ്ങി കഴിഞ്ഞ് മുറിയായിക്കര എത്തി. അവര്‍ ഭക്ഷണവും ഫോണും എത്തിക്കാന്‍ പറഞ്ഞ സ്വാതിയില്‍ പ്രസന്നന്‍ എന്ന ആളെ കണ്ടപ്പോള്‍ തന്നെ പറഞ്ഞത് – “നിങ്ങള്‍ കൊടുത്തുവിട്ടതെല്ലാം കിട്ടി. എന്ത് മനുഷ്യരാണ് അവര്‍? നന്ദി പോലും കേള്‍ക്കാന്‍ നിന്നില്ല. അവരെ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് ഒന്ന് ശ്വാസം നേരെ വീണത്. റോഡുകളില്‍ രണ്ടാള്‍ പൊക്കത്തില്‍ കുത്തി ഒലിക്കുന്ന ഒഴുക്കിലാണ് അവര്‍ ഇവിടെ എത്തിയത്. അസുഖക്കാരോ അടിയന്തരാവശ്യമുള്ളവരോ ഉണ്ടോയെന്ന അന്വേഷിച്ച് പെട്ടെന്ന് അവര്‍ പോയി. പേരോ ഒന്ന് കോണ്‍ടാക്റ്റ് ചെയ്യാനോ ഒന്നും അവരുടെ കൈയില്‍ നിന്ന് മേടിക്കാന്‍ പറ്റിയില്ല. പറ്റിയാല്‍ ഒന്നു കൂടി അവരെ ഒന്നു കാണണം എന്നുണ്ട്”.

തിരുവന്‍വണ്ടൂരിലെ ഗോമതി, തന്റെ അമ്മായിയെയും കുടുംബത്തെയും രക്ഷിച്ച കഥ പറഞ്ഞു. പമ്പയുടെ തീരത്തുള്ള നാലോളം പേരുള്ള ആ കുടുംബം വെള്ളം കയറി കയറി വരുന്നത് കണ്ട് അറയ്ക്ക് അകത്ത് കയറി. പക്ഷെ അത് അവരെ കുടുക്കി കളഞ്ഞു രണ്ടു ദിവസം പട്ടിണിയായിയിട്ട് അവര്‍ക്ക് അറയില്‍ കിടക്കേണ്ടി വന്നു. ഹെലിക്കോപ്റ്ററും രക്ഷാപ്രവര്‍ത്തരും അവരുടെ നിലവിളി അറിഞ്ഞില്ല. ഒടുവില്‍ മൂന്നാം ദിവസം അവരുടെ മച്ച് (തട്ടിന്‍പുറം) തല്ലിപൊളിച്ച് ഒരാള്‍ ഭക്ഷണം കൊണ്ടുകൊടുത്തു. ആവേശത്തോടെ ഭക്ഷണം കഴിച്ച് കഴിഞ്ഞാണ് അവര്‍ ആളെ ശ്രദ്ധിച്ചത്. നാട്ടിലെ പ്രധാന കള്ളനായിരുന്നു ആ അന്നദാതാവ്. തങ്ങളുള്‍പ്പടെ എല്ലാവരും അവജ്ഞയോടെ കണ്ടിരുന്ന ആ കള്ളന്റെ നല്ല മനസ്സായിരുന്നു ആ കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ചത്. “ഇവിടെ ആളുണ്ടെന്ന് എങ്ങനെ മനസിലായി? ഇവിടെ എങ്ങനെ എത്തിപ്പറ്റി?” എന്ന് ചോദിച്ചപ്പോള്‍, കള്ളന്റെ ചമ്മിയ ചിരിയോടുള്ള മറുപടി – “സംശയം തോന്നിയിട്ടാണ് ഒന്നു വീടിന്റെ അടുത്ത് എത്തിയത്. അപ്പോള്‍ നിങ്ങളുടെ നിലവിളി കേട്ടു. പിന്നെ ഭക്ഷണവും കൊണ്ട് ഓട് പോളിച്ചു കയറുവായിരുന്നു. മുമ്പ് ഇവിടെ മോഷണം നടത്തിയത്തിന്റെ പരിചയത്തിലാണ് ഇപ്പോള്‍ കയറിയത്” – ആശാന്റെ മറുപടി കേട്ട് പ്രളയ ഭയത്തിലും പൊട്ടിച്ചിരിച്ചുപോയി ആ കുടുംബം.

തന്റെ പശുക്കളെ കൊണ്ടുപോകാത്തെ ബോട്ടില്‍ കയറില്ല എന്ന പറഞ്ഞ വൃദ്ധനെ എല്ലാവരും വഴക്കു പറഞ്ഞപ്പോള്‍. സങ്കടപ്പെട്ട് എന്റെ മക്കളാടാ ഇത്, ഒരു ആപത്ത് വരുമ്പോള്‍ മക്കളെ ഇട്ടിട്ട് ആരെങ്കിലും പോകുവോടാ? ഇവിടെ കിടന്ന് ചത്താലും വേണ്ടില്ല എന്റെ മക്കളുടെ കൂടെ ഞാനുമുണ്ടാവും എന്ന് പറഞ്ഞ് ആ പച്ച മനുഷ്യനെ നോക്കി ഒന്നും പറയാന്‍ കഴിഞ്ഞില്ലെന്ന് വിഷമത്തോടെ ഇരിക്കുന്ന ബോട്ടുകാര്‍. ചുറ്റുമുള്ളവരുടെ പട്ടിണി കണ്ട്, ഭക്ഷണം അന്വേഷിക്കാനായി രണ്ട് ലെയര്‍ മാത്രം ഫൈബര്‍ കോട്ട് ചെയ്ത പണി തീരാത്ത വള്ളം (ഫൈബര്‍ ബോട്ടുകള്‍ക്ക് നാലഞ്ച് ലെയറുകള്‍ വേണം) ഇറക്കിയ മുറിയായിക്കരയിലെ സിജി പറഞ്ഞത് – “ജീവന്‍ കൈയില്‍ പിടിച്ചാണ് ആ വള്ളത്തില്‍ കുത്തിയൊഴുകുന്ന പമ്പയിലൂടെ തുഴഞ്ഞ് വനവാതുക്കര എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒറ്റപ്പെട്ട ഒരു വീട്ടില്‍ സ്ത്രീകളുടെ നിലവിളി കേട്ടത്. കുറച്ച് മാറിയുള്ള രണ്ടു നില വീട്ടിലെ ആളുകളും നിലവിളിക്കുകയാണ് ആ വീട്ടിലുള്ളവരെ രക്ഷിക്കാന്‍. ഒടുവില്‍ ആ ഒറ്റപ്പെട്ട വീട്ടില്‍ ഊക്കോടെയുള്ള ഒഴുക്കിനെ വകവയ്ക്കാതെ അവിടെ എത്തിയപ്പോള്‍ തടി അലമാരിയുടെ മുകളില്‍ കുഞ്ഞിനെ ഇരുത്തി കഴുത്തറ്റം വെള്ളത്തില്‍ നിലവിളിക്കുന്ന രണ്ടു സ്ത്രീകളെയാണ് കണ്ടത്. ബലമില്ലാത്ത വള്ളത്തില്‍ അവരെ കൂട്ടിയാല്‍ ചിലപ്പോള്‍ അത് ഒടിഞ്ഞ് എല്ലാവരും ആറ്റിലേക്ക് പോകും. കുഞ്ഞിനെ മാത്രം രക്ഷിക്കാം എന്നു പറഞ്ഞ് കുഞ്ഞിനെ എടുത്തു. മനുഷ്യരല്ലേ? കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്ന ആ സ്ത്രീകളുടെ അവസ്ഥ കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല. അവരെയും ഒരു വിധം വലിച്ച് വള്ളത്തില്‍ ഇട്ട്, പാതിരാത്രിയില്‍ ഇരുട്ടത്ത് അകലെയുള്ള രണ്ടു നില വീട് ലക്ഷ്യമാക്കി തുഴഞ്ഞു. എന്തോ ഭാഗ്യത്തിന് വള്ളം ഒടിഞ്ഞില്ല. അവിടെ എത്തിയപ്പോള്‍ അവര് ഒന്നും പറഞ്ഞില്ല, അവര്‍ക്ക് ഒന്നും പറയാന്‍ ആവുമായിരുന്നില്ല, കൈയില്‍ പിടിച്ചിട്ട് അവര് ഒരു നോട്ടം നോക്കി. അതില്‍ അറിഞ്ഞു അവര്‍ക്ക് പറയാനുള്ളത് എന്താണെന്ന്.

മറ്റൊന്ന് പ്രളയത്തില്‍ ഓരോ വീടും ഓരോ തുരുത്തായി മാറിയപ്പോള്‍ നടത്തിയ ആശയ വിനിമയമാണ്. തൊട്ടുത്തുള്ളവരോട് ഉച്ചത്തില്‍ സംസാരിക്കാം കൂടുതല്‍ ദൂരത്തുള്ളവരോട് എങ്ങനെ സംസാരിക്കും? പ്രത്യേകിച്ച് രാത്രിയില്‍. അതിനാണ് ടോര്‍ച്ച്. രാത്രിയില്‍ ടോര്‍ച്ച് സാധാരണ രീതിയില്‍ രണ്ടു മൂന്ന് തവണ മിന്നിച്ചാല്‍ കുഴപ്പമില്ല എന്നാണ്. എന്നാല്‍ തുടര്‍ച്ചയായി മിന്നിച്ചാല്‍ എന്തോ കുഴപ്പമുണ്ട്, ഇങ്ങോട്ട് വരാമോ?, ജാഗ്രതയോടെ നില്‍ക്കണം എന്നാണ്. (വെള്ളം നിലവിട്ട് പൊങ്ങിയ സാഹചര്യത്തില്‍ പുരപ്പുറത്തിരുന്നായിരുന്നു മിക്കവരുടെയും ഈ ടോര്‍ച്ച് തെളിയിക്കല്‍) ഡാം തുറന്ന് വിട്ടപ്പോ പമ്പയുടെ തീരത്ത് പലര്‍ക്കും മുന്നറിയിപ്പ് കിട്ടിയിരുന്നില്ല. അപ്പോള്‍ പ്രായമായവര്‍ കൂകി വിളിക്കാന്‍ തുടങ്ങി. ഏതാണ്ട് റാന്നിയില്‍ നിന്ന് തുടങ്ങിയ കൂകല്‍ കോഴഞ്ചേരി, ആറന്‍മുള, ആറാട്ടുപുഴ, മംഗലം, പാണ്ടനാട്, മാന്നാര്‍, പരുമല, എനിരണം അങ്ങനെ നീണ്ടു. ചെറുപ്പക്കാരില്‍ പലര്‍ക്കും ഈ കൂവലിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും വീട്ടിലെ കാരണവന്മാര്‍ക്ക് കാര്യം പിടികിട്ടി. അവരും കൂവി. കാര്യം അറിഞ്ഞപ്പോള്‍ മറ്റുള്ളവരും കൂവി കൊണ്ടാണ് സാധനങ്ങള്‍ മാറ്റിയതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതും. കിഴക്ക് നിന്നുള്ള ഒരു കൂവല്‍ പടിഞ്ഞാറ് വരെ എത്തി. പക്ഷെ പതിനേഴാം തീയതി പമ്പ ഡാം തുറന്നു എന്ന വ്യാജ സന്ദേശം എത്തിയപ്പോള്‍ പുതിയ തലമുറയിലെ കൂവലിലെ തുടക്കക്കാര്‍ വാര്‍ത്ത അന്വേഷിക്കാതേ കൂകിയത് പരിഭ്രാന്തി പരത്തി. രാത്രി മുഴുവന്‍ പമ്പയുടെ കരയിലുള്ള വീടുകള്‍ കഴുത്തറ്റം വെള്ളത്തില്‍ പരക്കം പാഞ്ഞു.

എല്ലാവരും ഒരുപ്പോലെ ആയിരിക്കില്ലല്ലോ. മണിമാളിക പോലെ കെട്ടിപ്പെടുത്ത കെട്ടിടം കഴുത്തറ്റം വെള്ളത്തില്‍ കിടക്കുന്നവര്‍ക്ക് തുറന്ന് കൊടുക്കാത്തവരും ഒരിറ്റ് അന്നം ചോദിച്ച് വരുന്നവരോട് അവരെക്കാള്‍ വലിയ ദാരിദ്രം പറഞ്ഞ് മടക്കി അയച്ചവരും, കിട്ടുന്ന ഭക്ഷണത്തില്‍ ‘വെറൈറ്റി’ ഇല്ലാത്തതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ച് കൊണ്ടുവന്ന ഭക്ഷണവും വസ്ത്രവും യാതൊരു ഉളുപ്പുമില്ലാതെ മേടിച്ച് ഇഷ്ടപ്പെടാതെ വലിച്ചറിയെന്നതുമൊക്കെ കണ്ട് പല്ല് ഞെരിച്ച് കലിച്ച് നില്‍ക്കേണ്ടി വന്നിരുന്നു. അവരോടുള്ള ദേഷ്യം തീര്‍ക്കുന്ന സമയം കൊണ്ട് കഷ്ടപ്പെടുന്നവന് ഒരു കൈ കൊടുക്കാം എന്ന് ഓര്‍ത്താണ് പലരും പലതും മിണ്ടാതെ നില്‍ക്കേണ്ടി വന്നത്. ദുരിത്വാശ്വാസത്തിന് കൊണ്ടുവരുന്ന സാധനങ്ങള്‍ കുറച്ച് ആളുകള്‍ ഒരു തരം ക്രൂരമായ മിടുക്കോടെ കൈക്കലാക്കുന്നത് നേരിട്ട് കണ്ടു. അതില്‍ കേരളത്തിലെ പ്രമുഖരായ രണ്ട് രാഷ്ട്രീയ സംഘടനകളുടെ യുവജന വിഭാഗമുണ്ട് (തങ്ങളുടെ ആളുകള്‍ക്ക് മാത്രം സാധനം എത്തിച്ച് രക്ഷാപ്രവര്‍ത്തനം തങ്ങളാണ് നടത്തിയതെന്ന് കാണിക്കാന്‍), റിട്ട. ആര്‍മി ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സ്വന്തമായി കടകളും ഹോട്ടലുകളും നടത്തുന്ന വ്യക്തികള്‍ അങ്ങനെ പലരും അര്‍ഹതപ്പെട്ടവരെ പട്ടിണിക്കിട്ടും ദുരിതത്തിലാക്കിയും, വിവിധ ഭാഗങ്ങളില്‍ നിന്ന് പലരും കഷ്ടപ്പെട്ട് അയ്ച്ച പല സാധനങ്ങളും സ്വാര്‍ത്ഥതയോടെ ശേഖരിച്ച് വയ്ക്കുന്നത് കണ്‍മുന്നിലൂടെ കണ്ടു.

വെള്ളം ഇറങ്ങി കഴിഞ്ഞ് ഒന്ന് ഭൂമിയില്‍ ചവിട്ടി നില്‍ക്കാറായപ്പോള്‍ വീണ്ടും അടി തുടങ്ങിയതും കണ്‍മുന്നിലാണ്. ‘നിങ്ങള്‍ ഇന്ന ആള്‍ക്കല്ലേ വോട്ട് ചെയ്തത് അവരോട് പോയി ചോദിക്ക് വെള്ളവും അരിയും’ എന്ന് വരെ കേട്ടു. സിപിഎം, ഡിവൈഎഫ്ഐ, ബിജെപി, ആര്‍എസ്എസ്, കോണ്‍ഗ്രസ്, എന്‍എസ്എസ്, യോഗക്ഷേമ സഭ, എസ്എന്‍ഡിപി, പെന്തകോസ്ത്, പ്രൊട്ടസ്റ്റന്‍സുകള്‍, ജീസസ് യൂത്ത്, തുടങ്ങി നാട്ടിലുള്ള സകലമാന ഗ്രൂപ്പുകളുടെയും പാര്‍ട്ടികളുടെയും വിളവെടുക്കാനുള്ള കളികള്‍ കാണുമ്പോള്‍ വെള്ളം ഇറങ്ങേണ്ടിയിരുന്നില്ലെന്ന് തോന്നിപോവുകയാണ്. ശരിയാണ് ഇവരെല്ലാം പല കാര്യങ്ങളിലും സഹായവുമായി എത്തിയിട്ടുണ്ട്. പക്ഷെ ഇതിനെല്ലാം ഇടയില്‍ ഒളിച്ചു കടത്തുന്ന മതം, വര്‍ഗീയത, ചൂഷണം – ഇതൊക്കെ സഹിക്കണോ?

പ്രളയത്തിന് ശേഷവും വ്യാജവാര്‍ത്തകള്‍ക്ക് യാതൊരു കുറവുമില്ല. മരണസംഖ്യയും പ്രളയ കാരണവും അപകടങ്ങളെക്കുറിച്ചുമെല്ലാം പല തരത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ എല്ലാ വാര്‍ത്തകളോടും ഒരു തരം വിശ്വാസമില്ലായ്മയാണ് ഇവിടുള്ള പലരും പ്രകടിപ്പിക്കുന്നത്. പാണ്ടനാട്ടിലെ ഒരു ക്യാമ്പില്‍ കണ്ട ഒരു അച്ഛന്റെ വാക്കുകളിലൂടെ പറഞ്ഞാല്‍ – “ഈ പ്രളയം പലരെയും തളര്‍ത്തി, പക്ഷെ വീഴ്ത്തിയില്ല. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം. എല്ലാം പോയി. എന്തായാലും അനുഭവിച്ചത് ഞങ്ങള് അല്ലേ? പലരും സഹായിക്കാന്‍ എത്തുന്നുണ്ട്. ഒന്നും പ്രതീക്ഷിക്കാതേ അവര്‍ കൂടെ നില്‍ക്കുമ്പോള്‍ എല്ലാം തിരിച്ച് പിടിക്കാം എന്ന് തോന്നുന്നു. പക്ഷെ പലരും നില്‍ക്കുന്നത് അത്ര നല്ല ഉദ്ദേശത്തിലല്ല എന്ന പേടിയുണ്ട്. ഞങ്ങടെ ഭാഗത്ത് നൂറോളം പേര്‍ മരിച്ചെന്ന് പറയുന്നു. കുറെ പേരെ കാണാനില്ലെന്ന് പറയുന്നു. അങ്ങനെ പലതും.. ഞങ്ങളും കൂടെ നില്‍ക്കാം എന്നു പറഞ്ഞ് വരുമ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും പേടിയാണ്. എനിക്ക് ഉള്ളത് ഇനി രണ്ട് പെണ്‍കുട്ടികളാണ്”.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍