UPDATES

ട്രെന്‍ഡിങ്ങ്

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസ്സിനെയും ചരിത്രം തിരിഞ്ഞുകുത്തുമ്പോള്‍

ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ഡിസിസി നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് ഉപവാസത്തില്‍ പങ്കെടുക്കുന്നുമുണ്ട്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധി വന്നപ്പോള്‍ കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും വിധി പഠിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്.

എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ഈ നിലപാടില്‍ നിന്നും മലക്കം മറിയുന്നതാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. വിശ്വാസികളുടെ വികാരം മാനിക്കണമെന്നും ശബരിമലയില്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമാണ് ചെന്നിത്തല ഇപ്പോള്‍ പറയുന്നത്. കോടതി വിധി നടപ്പാക്കരുതെന്നായിരുന്നില്ല അദ്ദേഹം മുമ്പ് പറഞ്ഞത്. പകരം, വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് ഇത്ര ധൃതിയെന്നും ആലോചിച്ച് തീരുമാനിക്കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. സുപ്രിംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കണം എന്നായി ഇപ്പോള്‍ ആവശ്യം. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകളെ തള്ളിയാണ് ചെന്നിത്തലയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഇത്തരമൊരു നിലപാടെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ശബരിമല വിഷയത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ പോലും അപമാനിക്കുന്നതാണ് ചെന്നിത്തലയുടെ ഈ മലക്കം മറിച്ചില്‍. താന്‍ ശബരിമലയില്‍ പോകാനില്ലെങ്കിലും കോടതി വിധിയെ അനുകൂലിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞത്. മറ്റൊരു നേതാവായ ലതിക സുഭാഷും കോടതി വിധിക്കൊപ്പമാണ് നിലകൊണ്ടത്.

കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാലും പ്രാകൃതമായ മതാചാരങ്ങള്‍ക്കെതിരെ നിലകൊണ്ട ഒരു കാലഘട്ടം നമുക്ക് കാണാനാകും. ക്ഷേത്രാചാരങ്ങളെ ലംഘിക്കുന്നുവെന്ന് വരേണ്യ വര്‍ഗ്ഗം ആരോപിച്ച ക്ഷേത്ര പ്രവേശനം കോണ്‍ഗ്രസിന്റെ കൂടി വിജയമായിരുന്നു. വൈക്കം സത്യാഗ്രഹത്തില്‍ മഹാത്മാ ഗാന്ധി പങ്കെടുത്ത ചരിത്രം പോലും ചെന്നിത്തല മറന്നിരിക്കുന്നു. അധഃസ്ഥിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അന്നും വാദമുയര്‍ന്നിരുന്നു. ആര്‍ത്തവമെന്ന മനുഷ്യത്വരഹിതമായ ന്യായമാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കാന്‍ യാഥാസ്ഥിതികര്‍ ചൂണ്ടിക്കാട്ടുന്നത്. ചെന്നിത്തലയും ഇതേ കാരണത്താല്‍ തന്നെയായിരിക്കും എതിര്‍പ്പുയര്‍ത്തുന്നതെന്ന് വ്യക്തം. അല്ലെങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങള്‍ എന്ന് തുടര്‍ച്ചയായി പറയേണ്ട കാര്യമില്ലല്ലോ! മുമ്പ് ആര്‍ത്തവം അശുദ്ധമാണെന്ന് പറഞ്ഞ എംഎം ഹസനോട് ഒരു പെണ്‍കുട്ടി പരസ്യമായി കയര്‍ത്ത സംഭവം രമേശ് ചെന്നിത്തല മറന്നിട്ടുണ്ടാകില്ല. യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച മാധ്യമ ക്യാമ്പിനിടെയായിരുന്നു ഹസന്റെ വിവാദ പരാമര്‍ശം. ആര്‍ത്തവം അശുദ്ധമാണെന്നും അശുദ്ധിയുള്ള ദിവസം സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകരുതെന്നുമാണ് ഹസന്‍ പറഞ്ഞത്. എന്നാല്‍ എന്ത് അശുദ്ധിയാണ് ഹസന്‍ ഉദ്ദേശിക്കുന്നതെന്ന് പെണ്‍കുട്ടി ചോദിച്ചു. രക്തത്തിനാണ് അശുദ്ധിയെങ്കില്‍ അതേ രക്തമാണ് താങ്കളുടെ ശരീരത്തിലുമെന്നായിരുന്നു പെണ്‍കുട്ടിയുടെ വാദം. എന്നിരുന്നാലും തന്റെ നിലപാട് തിരുത്താന്‍ ഹസന്‍ തയ്യാറായില്ല.

ഇനി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളെ മുറുകെ പിടിക്കുന്ന ചെന്നിത്തലയുടെ ഉദ്ദേശശുദ്ധി തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. 41 ദിവസം വ്രതമെടുത്ത് കറുത്ത വസ്ത്രം ധരിച്ച് ഇരുമുടിക്കെട്ടുമെടുത്ത് വേണം ശബരിമലയില്‍ എത്താന്‍. ആര്‍ത്തവം ഉള്ള സ്ത്രീകള്‍ക്ക് 41 ദിവസം വ്രതമെടുക്കാന്‍ സാധിക്കില്ലെന്നതാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. ഈ വാദത്തെയാണല്ലോ ചെന്നിത്തലയും പിന്തുണയ്ക്കുന്നത്? അയ്യപ്പ ഭക്തനായ അദ്ദേഹം കന്റോണ്‍മെന്റ് ഹൗസില്‍ നിന്നു പോലും മലയ്ക്ക് പോകുന്നതിന്റെ നിരവധി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ 41 ദിവസത്തെ വ്രതമെടുത്തിട്ടാണോ മല ചവിട്ടുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ ഉയരുന്നുണ്ട്. കാരണം ഈ ചിത്രങ്ങളിലെല്ലാം തന്നെ ഷേവ് ചെയ്ത് വൃത്തിയാക്കിയ മുഖമാണ് അദ്ദേഹത്തിന്റേത്. വ്രതമെടുക്കുന്ന ദിവസങ്ങളില്‍ ഷേവ് ചെയ്യരുതെന്നാണ് അനുഷ്ഠാനം. തീര്‍ത്ഥാടനത്തിന് പുറപ്പെട്ട ദിവസം പോലും അദ്ദേഹം ഷേവ് ചെയ്തിട്ടുണ്ടെന്ന് ഈ ചിത്രങ്ങളില്‍ വ്യക്തമാണ്. കല്ലും മുള്ളും കാലുക്ക് മെത്തയെന്നാണ് അയ്യപ്പ ഭക്തര്‍ പറയുന്നത്. നഗ്ന പാദരായാണ് മല ചവിട്ടേണ്ടത് എന്നാണ് ഇതിനര്‍ത്ഥം. ഇതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരവും അനുഷ്ഠാനവുമാണ്. എന്നാല്‍ ചെന്നിത്തലയുടെ പഴയ ഒരു ശബരിമല യാത്രയുടെ ചിത്രത്തില്‍ അദ്ദേഹം ഷൂസ് ധരിച്ചിരിക്കുന്നത് വ്യക്തമായി കാണാം. ഈ ചിത്രത്തില്‍ അദ്ദേഹം ഇരുമുടിക്കെട്ട് തലയിലേന്തിയിട്ടുമില്ല.

2016 ഡിസംബറില്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നാണ് ചെന്നിത്തല മക്കള്‍ക്കൊപ്പം ശബരിമലയ്ക്ക് തിരിച്ചത്. അതിന്റെ ചിത്രങ്ങളിലും മക്കളുടെ മുഖത്ത് താടി രോമങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ ആചാരാനുഷ്ഠാനങ്ങളുടെ കാവല്‍ക്കാരനായ പ്രതിപക്ഷ നേതാവിന്റെ മുഖം മാത്രം ക്ലീന്‍. അന്നൊന്നും ചെന്നിത്തലയ്ക്ക് ഈ ആചാരാനുഷ്ഠാനങ്ങള്‍ പ്രശ്‌നമായിരുന്നില്ലേ?

ഇനി കഴിഞ്ഞ ദിവസം ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും പരിശോധിക്കാം. പന്തളം രാജകുടുംബത്തിന്റെ പ്രതിനിധി ശശികുമാര വര്‍മ്മയെ പന്തളം കൊട്ടാരത്തില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രമാണ് ഇത്. ‘നൂറ്റാണ്ടുകളായി തുടരുന്ന ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പന്തളം രാജ പ്രതിനിധി ശ്രീ ശശികുമാരവര്‍മയെ ഇന്ന് പന്തളം പാലസില്‍ സന്ദര്‍ശിച്ചു.കോണ്‍ഗ്രസും യുഡിഎഫും ശബരിമല വിഷയത്തില്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി’ എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്. സുപ്രിംകോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ചെന്നിത്തലയ്ക്കുമുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി ശബരിമലയില്‍ തുടര്‍ന്നുപോന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ സ്വയം ലംഘിച്ച വ്യക്തി ഇപ്പോള്‍ അതിന്റെ സംരക്ഷകനായി അവതരിക്കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നമില്ലെന്ന് ഈ വിഷയത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ തന്നെ വ്യക്തമാണ്. ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ആര്‍എസ്എസിനും ഒരേ നിലപാടാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ദേവസ്വം ബോര്‍ഡ് റിവ്യൂഹര്‍ജി നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം ബോര്‍ഡ് ആദ്യ നിലപാട് മാറ്റിയെന്നാണ് ചെന്നിത്തല പറയുന്നത്. ഭക്തരുടെ താല്‍പര്യങ്ങളാണ് അല്ലാതെ പിണറായിയുടെ താല്‍പര്യമല്ല സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സുപ്രിംകോടതി വിധിയുടെ മറവില്‍ രാഷ്ട്രീയ നേട്ടം കൊയ്യലാണ് ഇവിടെ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. കോടതി വിധിയല്ല, അത് പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് ചെന്നിത്തല പ്രശ്‌നമാക്കുന്നതും. രാഹുല്‍ ഗാന്ധിയെ പോലും തള്ളിപ്പറയാന്‍ തയ്യാറാകുന്നതും ഈ കലക്കവെള്ളത്തിലെ മീന്‍പിടിത്തം ലക്ഷ്യമിട്ടാണ്.

ആധുനിക രാഷ്ട്രം എന്ന സങ്കല്‍പ്പത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ രൂപം കൊണ്ട പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അയിത്തോച്ഛാടനവും ക്ഷേത്രപ്രവേശനവും പോലുള്ള പുരോഗമന മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നടന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. ആ ചരിത്രത്തെയാണ് കേവല രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചെന്നിത്തലയും കോണ്‍ഗ്രസും ചവറ്റുകുട്ടയിലേക്ക് തള്ളുന്നത്. ആധുനിക ഇന്ത്യയോടും കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളോടും എന്തിനേറെ സ്വന്തം ചരിത്രത്തോട് തന്നെയും ക്രൂരമായ ചതിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

അയ്യപ്പനെ ദർശിക്കാൻ ഒരവസരം തരണമേയെന്നാണ് പ്രാര്‍ത്ഥന; ചെന്നിത്തലയുടെയും കൂട്ടരുടെയും അഭിപ്രായമല്ല അഡ്വ. ബിന്ദു കൃഷ്ണയ്ക്ക് (വീഡിയോ)

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

ശബരിമല: 12 വര്‍ഷം കേസില്‍ ഇടപെടാത്തവര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു: കൊടിയേരി

ശബരിമല നിയമയുദ്ധത്തില്‍ ‘കോണ്‍ഗ്രസും ബിജെപിയും ഒന്നിക്കും’; നാല് റിവ്യൂ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനമായി

ചെങ്കൊടി കത്തിക്കും, മന്ത്രിമാരെ കൈകാര്യം ചെയ്യും; പ്രകോപന പ്രസംഗവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍/ വീഡിയോ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍