UPDATES

ട്രെന്‍ഡിങ്ങ്

തെരുവുകളിലല്ല, വീടുകളിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ കൂടുതല്‍ അരക്ഷിതര്‍; അംഗീകരിച്ചേ മതിയാകൂ

കേരളത്തിലെ വീടുകളില്‍, വീട്ടുകാരാല്‍ ലൈംഗികമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തെ കുറിച്ച് നാം ആലോചിച്ചിട്ടുണ്ടോ? ഞെട്ടിക്കും ആ കണക്കുകള്‍

സമൂഹത്തിനു നടുവില്‍ ഏറ്റവും സുരക്ഷിതമായ ഇടം വീട് ആണെന്നതായിരുന്നു വിശ്വാസം. വീട് എന്നത്, നാലു ചുവരുകള്‍ എന്നല്ല, അതിന്റെ വിശാലമായ അര്‍ത്ഥം മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിങ്ങനെയാണ്. ഇവര്‍ക്കിടയില്‍, ഇവരുള്‍പ്പെടുന്ന സ്‌പേസില്‍ നില്‍ക്കുമ്പോള്‍ നാം ഓരോരുത്തരും-മകന്‍/മകള്‍/സഹോദരന്‍/സഹോദരി- സുരക്ഷിതരാണ് എന്നാണ് കരുതുക.

ഈ കരുതല്‍ എത്രമാത്രം തെറ്റായതാണ് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. നമ്മുടെ കുട്ടികളെങ്കിലും വീട് എന്ന സുരക്ഷിത സ്ഥാപനത്തിനുള്ളില്‍ സുരക്ഷിതരല്ല എന്നാണ് കൊല്ലം കുളത്തൂപ്പുഴയിലെ ഏഴുവയസുകാരിയുടെ അനുഭവം; ഏറ്റവും ഒടുവിലത്തെ ഓര്‍മപ്പെടുത്തലാണത്.

കേരളത്തിലെ കുട്ടികള്‍(ലിംഗഭേദം പറയുന്നില്ല) എത്രമാത്രം സുരക്ഷിതരാണ് എന്ന ചോദ്യം, അവര്‍ എത്രമാത്രം നമ്മുടെ വീടുകളില്‍ സുരക്ഷിതരാണെന്ന സ്‌പെസിഫിക്കേഷനിലേക്ക് മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടതാണ്. ഒരു തെരുവിനെ ഏതുവിധത്തില്‍ നമ്മള്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കുന്നുവോ, അതുപോലെ വീടിനെയും ചെയ്യൂ. കാരണം, അരക്ഷിതത്വത്തിന്റെ മേല്‍ക്കൂരയ്ക്കു താഴെയാണ് നമ്മുടെ ഓരോ കുട്ടികളും വളര്‍ന്നു വരുന്നത്.

കുടുംബം എന്നത് ഒരു സാംസ്‌കാരിക പദമാണ്. സാമ്പ്രദായികവും വിശ്വാസപരവുമായ മൂല്യമാണ് വീട്/കുടുംബം എന്നിവയ്ക്കു നാം നല്‍കുന്നത്. പവിത്രമായതെന്നൊക്കെ പറയും. അതൊരു സ്വകാര്യതയായാണ് നാം കണക്കാക്കുന്നത്. ഓരോ വീടും യഥാര്‍ത്ഥത്തില്‍ സമൂഹത്തിനു മുന്നില്‍ വാതില്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നടക്കുന്നത് പുറത്തറിയണോ എന്ന ചോദ്യത്തോടെ. അയല്‍വക്കങ്ങള്‍ വേണം, എന്നാല്‍ ഒരു വേലിക്കെട്ടിനപ്പുറത്ത് നിര്‍ത്തിക്കൊണ്ട്. ആദ്യം ഒരു വേലി, പിന്നെ, ഒരു വാതില്‍. അതിനുമുള്ളിലാണ് വീടിനുള്ളിലെ മനുഷ്യര്‍ ജീവിക്കുന്നത്. അവിടെ എന്തും നടക്കാം. പക്ഷേ അതിനുള്ളില്‍ തന്നെ അവസാനിക്കണം എന്നാണ് അലിഖിതമായ തീരുമാനം.

കേരളത്തിലെ വീടുകളില്‍, വീട്ടുകാരാല്‍ ലൈംഗികമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തെ കുറിച്ച് നാം ആലോചിച്ചിട്ടുണ്ടോ? ഞെട്ടിക്കും ആ കണക്കുകള്‍. നാം കേള്‍ക്കുന്നതും വാര്‍ത്തയാകുന്നതുമെല്ലാം തെരുവില്‍ നടക്കുന്ന റേപ്പുകളെ കുറിച്ചാണ്/ കൊലകളെക്കുറിച്ചാണ്. അതുകൊണ്ടാണ് തെരുവിലെ സുരക്ഷിതത്വത്തിനുവേണ്ടി നാം ശബ്ദമുയര്‍ത്തുന്നത്. തെരുവുകളുടെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്, അതുകൊണ്ടാണ് ബസില്‍, വഴിയരികില്‍, ഷോപ്പുകളില്‍, പാര്‍ക്കില്‍, തിയേറ്ററില്‍ ഒക്കെ നടക്കുന്ന അതിക്രമങ്ങളുടെ പേരില്‍ ഭരണകൂടത്തിനെതിരേ നാം സമരത്തിനിറങ്ങുന്നത്. ശരിയാണ്, സ്റ്റേറ്റിന് അതിന്റെ ഓരോ പൗരന്റെയും ജീവനിലും സ്വത്തിലും ഉത്തരവാദിത്വമുണ്ട്. വീട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്കോ? ഒരു ക്രിമിനല്‍ കുറ്റമെന്ന നിലയില്‍ ഇത്തരം അക്രമങ്ങള്‍ക്കുമേല്‍ സ്‌റ്റേറ്റ് ഇടപെടണം. അതിന്റെ നിയമസംവിധാനങ്ങള്‍ ഉപയോഗിച്ച് കുറ്റവാളിയെ പിടികൂടണം, ശിക്ഷിക്കണം. ഇരയ്ക്ക് സംരക്ഷണവും അതിജീവനമാര്‍ഗവും ഒരുക്കണം. പക്ഷേ എന്തുകൊണ്ട് തെരുവില്‍ നടക്കുന്നതുപോലെയുള്ള അക്രമങ്ങള്‍ സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന വീട്ടില്‍ നടക്കുന്നു?

കുളത്തൂപ്പുഴയിലെ കേസിലും നാം ആദ്യം കുറ്റപ്പെടുത്തിയത് പൊലീസിനെയാണ്. ആ കുറ്റപ്പെടുത്തല്‍ സ്വാഭാവികമാണ്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണത്തിനു പൊലീസ് താമസം വരുത്തി. ഒരുപക്ഷേ അങ്ങനെ സംഭവച്ചില്ലായിരുന്നെങ്കില്‍ കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന നിരാശയിലാണ് ഇത്തരം കുറ്റപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്.

നിയമസംവിധാനങ്ങളുടെ പിഴവുകളെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. പാലക്കാട് നിര്‍ഭയയില്‍ പാര്‍പ്പിച്ചിരുന്ന ഒരു ബലാത്സംഗ ഇരയായ പെണ്‍കുട്ടിയെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. അതില്‍ അന്വേഷണം പോലും നടക്കുന്നുണ്ടോയെന്നറിയില്ല. പറയാന്‍ ഇത്തരം പലതുണ്ട്. പലതവണയായി പറഞ്ഞിട്ടുമുണ്ട്.

വീടിനെക്കുറിച്ചു തന്നെയാണ് കുളത്തൂപ്പുഴയിലെ ഏഴുവയസുകാരിയുടെ ദുരന്തവും പറയാന്‍ പ്രേരിപ്പിക്കുന്നത്. അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് (നിയമപ്രകാരം വിവാഹിതരായവരല്ലെന്നു പറയുന്നു) ആണ് ഇവിടെ പ്രതി. പാലക്കാട് വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസ് അടുത്തകാലത്ത് നടന്നതായതുകൊണ്ട് മറന്നിട്ടില്ലെന്നു വിചാരിക്കുന്നു. അവിടെയും പ്രതികള്‍ വീടുമായി അടുത്തബന്ധമുള്ളവരായിരുന്നു (ബന്ധുക്കളല്ല). കൊല്ലം കിളിമാനൂരിലെ ഒരു കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടത് ചേച്ചിയുടെ ഭര്‍ത്താവിനാല്‍ ആയിരുന്നു. കൊല്ലത്തു തന്നെ അച്ഛന്‍ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരിയുടെ കേസുമുണ്ട്. പത്തനംതിട്ടയിലും അച്ഛനാല്‍ പീഢിപ്പിക്കപ്പെട്ട കേസുണ്ട്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തില്‍ കഴിയുന്ന പതിമുന്നൂകാരിയെ പീഢിപ്പിച്ചത് പിതാവ്, മാതാവിന്റെ രണ്ടാം ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കള്‍ തുടങ്ങിയവരാണ്. അമ്മയും സഹോദരനുമൊഴികെ ആ വീട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവരുടെയെല്ലാം പീഢനങ്ങള്‍ ആ കുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നു.

"</p

കേരളത്തിലെ ബാലലൈംഗിക പീഢനങ്ങളുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ എടുത്തുനോക്കിയാല്‍ അതില്‍ ഭൂരിഭാഗവും കുടുംബത്തില്‍/ബന്ധുക്കളില്‍ നിന്നു സംഭവിച്ചിരിക്കുന്നവയാണെന്നു കാണാം. അതേ കേരളത്തില്‍ തന്നെയാണ്, പവിത്രമെന്നു നാം പറയുന്ന കുടുംബത്തില്‍ നമ്മുടെ കുട്ടികളില്‍ പീഢിപ്പിക്കപ്പെടുന്നത്. നാം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്ന വിഷയം.

കാലങ്ങളായി ഇത്തരം അപകടങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍ നടന്നു വരുന്നൂ. ദളിത്/ആദിവാസികള്‍ക്കിടയില്‍ മാത്രമാണിതൊക്കെയെന്ന പൊതുധാരണയും തിരുത്താം. അപ്പര്‍ ക്ലാസ്സുകള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ക്കിടയിലുമുണ്ട്. പക്ഷേ വാര്‍ത്തകള്‍ ആകുന്നില്ല. അമ്പലവയലിലെ ആദിവാസി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയാകുന്നത് വാര്‍ത്തയാകും, വാളയാറിലെ ഇരട്ട ആത്മഹത്യയും വാര്‍ത്തയാകും. പക്ഷേ തിരുവനന്തപുരത്തോ എറണാകുളത്തോ ഉള്ള ഒരു നഗര ഗൃഹത്തില്‍ നടന്ന ഗാര്‍ഹിക ലൈംഗിക പീഢനങ്ങള്‍ വാര്‍ത്തയാകില്ല. ആ ‘ഇഷ്യു’ പരിഹരിക്കാന്‍ അവര്‍ക്ക് വഴികളുണ്ട്. പക്ഷേ ഇത്തരം ബാലലൈംഗിക ഇരകള്‍ സമ്പത്തിന്റെയും ജാതിയുടെയുമെല്ലാം ക്ലാസിഫിക്കേഷനില്‍ മുകളില്‍ നിര്‍ത്തിയിരിക്കുന്ന കുടുംബങ്ങളിലുമുണ്ട്. ആറന്മുളയിലെ ഒരു സവര്‍ണകുടുംബത്തിലെ പെണ്‍കുട്ടി ഒമ്പതാം വയസിലും പിന്നീട് അതേയാളാല്‍ തന്നെ പതിനാറാം വയസിലും പീഢിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ കുടുംബത്തിന്റെ സ്റ്റാറ്റസ് അതൊരു വാര്‍ത്തയോ പരാതിയോ ആക്കിയില്ല. കുടുംബത്തിനുമേല്‍ വരുന്ന ‘നാണക്കേടില്‍’ സ്വന്തം കുട്ടികള്‍ക്കുണ്ടാകുന്ന ദുരന്തത്തെ കുറ്റബോധമില്ലാതെ മറച്ചു പിടിക്കുന്ന രക്ഷകര്‍ത്താക്കള്‍ നമുക്കിടയില്‍ ഏറെയുണ്ട്. പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടത് സ്വന്തം അച്ഛനാല്‍ ആയിരുന്നു. ആ കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അവളെ അമ്മ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്, നീ കാരണം എന്റെ ജീവിതം കൂടി നശിക്കരുത്, കുടുംബം തകരരുതെന്നാണ്. അവള്‍ എവിടെ നിന്നു പീഢനം ഏല്‍ക്കേണ്ടി വന്നോ അവിടേയ്ക്കു തന്നെ കൂട്ടിക്കൊണ്ടുപോകുന്നതില്‍ ആ അമ്മ വിജയിച്ചെങ്കിലും അവള്‍ വീണ്ടും വീണ്ടും തോറ്റുകൊണ്ടിരുന്നു.

കുടുംബത്തിന്റെ പേരില്‍ മറയ്ക്കപ്പെടുന്ന എത്രയോ കേസുകള്‍. നിങ്ങള്‍ ഒരു തെരുവില്‍ എത്രമാത്രം അരക്ഷിതരാണോ അത്രത്തോളം തന്നെ സ്വന്തം വീട്ടിലുമാണെന്ന സത്യം നമുക്ക് അംഗീകരിക്കാന്‍ ഇപ്പോഴും മടിയാണ്. അതിന്റെ തിക്തഫലമാണ് ഈ കുട്ടികളൊക്കെ അനുഭവിക്കുന്നത്. കുടുംബം എന്നത് ഒരു നിര്‍മിത സങ്കല്‍പ്പമാണ്. വളരെ നേര്‍ത്തൊരു നൂലിനാല്‍ കെട്ടി തിരിച്ചിരിക്കുകയാണ് ഓരോരുത്തരേയും. ലൈംഗികത എന്നത് ജന്മവാസനയാണ്. കുടുംബത്തിനുള്ളില്‍ നിങ്ങള്‍ വിവേകം കാണിക്കണം എന്നര്‍ത്ഥത്തിലാണ് ബന്ധങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. അമ്മയാണ്, മകളാണ്, സഹോദരിയാണെന്നൊക്കെ പറഞ്ഞു പഠിപ്പിക്കുകയാണ്. ഒരു കല്ലിനുമേല്‍ ദൈവത്വം സങ്കല്‍പ്പിച്ചു കൊടുക്കുംപോലെയാണ് ഒരു മനുഷ്യനെ നിങ്ങളുടെ ബന്ധുവാക്കുന്നത്. നമ്മളതിനെ ജീവശാസ്ത്രപരമായി വ്യാഖ്യാനിക്കുമെങ്കിലും മനുഷ്യന്‍ അവനവനാല്‍ ഒറ്റപ്പെട്ടൊരു ജീവിയാണ്. അവന്‍ തെരുവിലും കുടുംബത്തിലും ഒരുപോലെ പെരുമാറും. നാം ഇതൊക്കെ അംഗീകരിക്കണം. നമ്മുടെ കുട്ടികള്‍ വീടുകളില്‍, ബന്ധുക്കള്‍ക്കിടയില്‍, സുഹൃത്തുക്കള്‍ക്കിടയില്‍ സുരക്ഷിതരാണോ എന്നു ചിന്തിക്കണം. നിങ്ങളവരെ ബാഡ് ടച്ചും ഗുഡ് ടച്ചും പഠിപ്പിക്കുന്നുണ്ടാവാം. പഠിപ്പിക്കുന്നതിനനുസരിച്ച് ഉണ്ടാവുന്ന ഒന്നല്ല സംരക്ഷണം. ഇരകളാകാതിരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിലും ഗുണം ചെയ്യും വേട്ടക്കാരെ തടഞ്ഞു നിര്‍ത്തുന്നതില്‍. കുടുംബം ഒരു പവിത്രസങ്കല്‍പ്പമെന്നത് മാറ്റണം. നിങ്ങളുടെ വീട് നിങ്ങള്‍ സഞ്ചരിക്കുന്ന തെരുവിന്റെ എക്‌സറ്റന്‍ഷനായി തീര്‍ന്നിരിക്കുകയാണ്. ആ സത്യം അംഗീകരിക്കണം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍