UPDATES

ട്രെന്‍ഡിങ്ങ്

മക്കളെയും ബന്ധുക്കളെയും കൊണ്ട് തോറ്റു; സിപിഎമ്മിന്റെ ഒരു ഗതികേടേ…!

മക്കളുടെയും ബന്ധുക്കളുടേയുമൊക്കെ പേരില്‍ ഇ എം എസ്സും നായനാരും വി എസ് അച്യുതാന്ദനുമൊക്കെ ഏറെ പഴി കേട്ടിട്ടുണ്ടെങ്കിലും ഇത്രകണ്ട് അടുപ്പിച്ചടുപ്പിച്ചു പാര്‍ട്ടി നേതാക്കളും പാര്‍ട്ടിയും പ്രതിക്കൂട്ടിലായിട്ടില്ല

കെ എ ആന്റണി

കെ എ ആന്റണി

ലോകത്ത് ഒരു പഞ്ഞവുമില്ലാതെ ലഭിക്കുന്നവയുടെ പട്ടികയില്‍ പെടുന്നതാണ് പാരയും ദ്രോഹവുമൊക്കെ. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തവര്‍ക്കുപോലും ചിലപ്പോള്‍ ഇവ രണ്ടും നിര്‍ലോഭമായി കിട്ടിക്കൊണ്ടേയിരിക്കും. നമ്മുടെ വി എം സുധീരന്റെ കാര്യം തന്നെയെടുക്കാം. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമൊക്കെ കൂടുതല്‍ അലോസരമുണ്ടാക്കേണ്ടന്നു കരുതി കെ പി സി സി പ്രസിഡന്റ് സ്ഥാനം പോലും പാതി വഴിയില്‍ ഉപേക്ഷിച്ച യഥാര്‍ഥ ഗാന്ധി ശിഷ്യനാണ് സുധീരന്‍. എന്നിട്ടും ചില മാരണം ടീമുകള്‍ അദ്ദേഹത്തോടും കുടുംബത്തോടും ചെയ്യുന്ന കടും കൈ കാണുക. വീട്ടു പറമ്പിലെ വാഴയുടെ ചുവട്ടില്‍ നിന്ന് എന്തൊക്കെ കൂടോത്ര സാമഗ്രികളാണ് ഇക്കഴിഞ്ഞ ദിവസം വെളിച്ചപ്പെട്ടത്! ചെമ്പ്, അലുമിനിയം പാളികളില്‍ ആലേഖനം ചെയ്ത കൈ, കണ്ണ്, കാല്, ആള്‍ രൂപം എന്നിവയൊന്നും പോരാഞ്ഞു എന്തൊക്കെയോ മന്ത്രങ്ങളും എഴുതി കുറെ വെള്ളാരം കല്ലുകള്‍ക്കൊപ്പം ഒരു കുപ്പിയില്‍ ഭദ്രമായി അടച്ചു കുഴിച്ചിട്ടിരിക്കുകയായിരുന്നു വാഴയുടെ ചുവട്ടില്‍. ഗണ്‍മാനാണത്രെ ഈ കൂടോത്രകുപ്പി വെളിച്ചത്തു കൊണ്ടുവന്നത്.

ഇത് ഒന്‍പതാം തവണയാണത്രെ കൂടോത്രം ഒളിപ്പിച്ചുവെച്ച കുപ്പികള്‍ സുധീരന്റെ വീട്ടു പറമ്പില്‍ നിന്നും വെളിച്ചപ്പെടുന്നത്. കൂടോത്രത്തിലൊന്നും വിശ്വാസമില്ലെങ്കിലും ഈ ഏര്‍പ്പാട് ഇനിയും തുടരാന്‍ അനുവദിച്ചുകൂടെന്നു തീരുമാനിക്കുകയാല്‍ കൂടോത്ര സാമഗ്രികളുടെ ചിത്രം സഹിതം ഫേസ്ബുക്കില്‍ വിശദമായ ഒരു കാച്ചു കാച്ചി. തുടര്‍ന്ന് ഒരു പരാതി സഹിതം പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇനി ബാക്കിയൊക്കെ പോലീസ് നോക്കെട്ടെയെന്നു ഒരു പക്ഷെ സുധീരന്‍ ചിന്തിച്ചിട്ടുനാവണം. അല്ലെങ്കിലും ഒളിഞ്ഞു നിന്ന് കൂടോത്രം ചെയ്യുന്നവരെ കണ്ടുപിടിക്കാനുള്ള വിദ്യയൊന്നും സുധീരന് വശമില്ലല്ലോ. തനിക്കെതിരെ ഈ നടത്തുന്നതൊക്കെ വെറും പാഴ്വേലയാണെന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇത്തരം വേലകള്‍ ക്ലച്ച് പിടിക്കില്ലെന്നും പറഞ്ഞതില്‍ നിന്നും സുധീരന് കൂടോത്രത്തില്‍ വലിയ വിശ്വാസം പോരാ എന്നു തന്നെ വേണം കരുതാന്‍. അല്ലായിരുന്നെങ്കില്‍ ഏതെങ്കിലും മഷി നോട്ടക്കാരുടെ സഹായത്തോടെ കൂടോത്രക്കാരനെ കയ്യോടെ പിടികൂടാമായിരുന്നു.

കോടിയേരിയും മൂളിപ്പറക്കുന്ന അറബിയും അഥവാ തവളയും കൊതുകും; ഒരു ദൃഷ്ടാന്ത കഥ

കേരളം ദൈവത്തിന്റെ നാട് ആകയാല്‍ ഇവിടെ കൂടോത്രവും കൂടോത്രക്കാരും ചെകുത്താനുമൊക്കെ ഉണ്ടാവുകയെന്നത് തികച്ചും സ്വാഭാവികം മാത്രം. ഗാന്ധി ശിഷ്യന്‍ സുധീരന്റെ തലവേദന കൂടോത്രക്കാരാണെങ്കില്‍ മറ്റു ചിലരെക്കൊണ്ട് സ്വൈര്യക്കേട് അനുഭവിക്കുന്ന ഒരു പ്രസ്ഥാനവും അതിന്റെ ചില നേതാക്കളുമുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍. പറഞ്ഞു വരുന്നത് സി പി എം എന്ന തൊഴിലാളിവര്‍ഗ പാര്‍ട്ടിയെയും അതിന്റെ ചില നേതാക്കളെയും അവര്‍ അനുഭവിക്കുന്ന ചില സ്വകാര്യ ദുഃഖങ്ങളെയും കുറിച്ചാണ്.

ഇവര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത് കൂടോത്രക്കാരോ കുട്ടിച്ചാത്തന്‍ സേവക്കാരോ ഒന്നുമല്ല; മക്കളും ബന്ധുക്കളുമൊക്കെ തന്നെയാണ് വില്ലന്മാര്‍! മക്കളുടെ വിദേശത്തെ ബിസിനസ് ബന്ധങ്ങളും പണമിടപാടും സംബന്ധിച്ച വിവാദങ്ങളില്‍ നിന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു വിധം തലയൂരി നില്‍ക്കുന്നതിനിടയിലാണ് ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം തന്നെ രാജി വെക്കേണ്ടി വന്ന ഇ പി ജയരായജന്‍ എം എല്‍ എക്ക് മകന്‍ ഡയറക്ടര്‍ ആയ ഒരു ആയുവേദ റിസോര്‍ട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റൊരു തലവേദന സമ്മാനിച്ചിരിക്കുന്നത്. കണ്ണൂര്‍ ആന്തൂര്‍ നഗര സഭക്ക് കീഴില്‍ വരുന്ന വെള്ളിക്കീലില്‍ നിയമ വിരുദ്ധമായി കുന്നിടിച്ചു റിസോര്‍ട്ട് നിര്‍മിക്കുന്നവെന്നാണ് ആക്ഷേപം. നിര്‍മാണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എല്ലാവിധ അനുമതികളോടും കൂടിയാണ് നിര്‍മാണം പുരോഗമിക്കുന്നതെന്നും കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ പി രമേഷ്‌കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വിവാദം അവസാനിച്ച മട്ടില്ല.

പി ജയരാജനെ ഭയക്കുന്ന അഴിമതിയുടെ ‘രക്തതാരകങ്ങള്‍’

ഇതിനിടയിലാണ് മറ്റൊരു സി പി എം നേതാവായ പി ശശിയുടെ സഹോദരനെ ജോലി തട്ടിപ്പു കേസില്‍ പോലീസ്സ് അറസ്‌റ് ചെയ്തത്. പാര്‍ട്ടിയുടെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു പി ശശി. ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് ശശിക്ക് സെക്രട്ടറി സ്ഥാനം നഷ്ടമായത്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള സഹോദരന്‍ സതീശനുമായി കഴിഞ്ഞ മുപ്പതു വര്‍ഷമായി യാതൊരു വിധ ബന്ധവുമില്ലെന്ന് ശശി പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ സെക്രട്ടറി എം വി ജയരാജന്റെയുമൊക്കെ പേര് പറഞ്ഞാണ് സതീശന്‍ തട്ടിപ്പു നടത്തിയതെന്നതിനാല്‍ പാര്‍ട്ടി തന്നെ വല്ലാത്തൊരു വെട്ടില്‍ വീണിരിക്കുകയായാണ്. മുന്‍പും മക്കളുടെയും ബന്ധുക്കളുടേയുമൊക്കെ പേരില്‍ ഇ എം എസ്സും നായനാരും വി എസ് അച്യുതാന്ദനുമൊക്കെ ഏറെ പഴി കേട്ടിട്ടുണ്ടെങ്കിലും ഇത്രകണ്ട് അടുപ്പിച്ചടുപ്പിച്ചു പാര്‍ട്ടി നേതാക്കളും പാര്‍ട്ടിയും പ്രതിക്കൂട്ടിലായിട്ടില്ല. സത്യം പറഞ്ഞാല്‍ മക്കളെയും ബന്ധുക്കളെയുമൊക്കെ കൊണ്ട് തോറ്റു എന്നു പറയേണ്ട ഗതികേടിലാണ് പാര്‍ട്ടിയും നേതാക്കളും.

സിപിഐയുടെ ധാര്‍മിക പ്രശ്നങ്ങളും ജയരാജന്റെ ആവലാതികളും

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നമ്പ്യാര്‍ മഹാസഭക്കാരും ഭരണത്തിന്റെ ശോഭ കെടുത്തുന്ന നിയമനങ്ങളും

സിപിഎമ്മില്‍ വീണ്ടും മക്കള്‍ കുരുക്ക്; ഇത്തവണ ഊരിപ്പോരാന്‍ കോടിയേരി കഷ്ടപ്പെടും

സുധീരനെതിരെ കൂടോത്രം? വീട്ടിലെ വാഴച്ചുവട്ടില്‍ നിന്നും കിട്ടിയത് കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍