UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

ദളിത്, അംബേദ്കറൈറ്റ്, രാജ്യത്തെ ആദ്യ ഇന്റര്‍ സെക്സ് സ്ഥാനാര്‍ത്ഥി; എറണാകുളത്ത് ജനവിധി തേടുന്ന ചിഞ്ചു അശ്വതിയുടെ ജീവിതവും പോരാട്ടവും

സ്വന്തം ജീവിതം പറഞ്ഞ് തിരഞ്ഞെടുപ്പിലേക്ക് വന്ന് സ്വതന്ത്രനായി മത്സരിക്കുന്ന അശ്വതിക്ക് പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫോറം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്

“അധികാരത്തില്‍ പങ്കാളിത്തമില്ലാത്തവര്‍ക്ക് അവകാശത്തിലും പങ്കാളിത്തമുണ്ടാവില്ല എന്ന അംബേദ്കര്‍ വചനമാണ് എന്നെ നയിക്കുന്നത്. എന്നെപ്പോലെ ഒരുപാട് പേരുണ്ട്. താന്‍ ആരാണെന്നും സ്വത്വം എന്തെന്നും അറിയാതെ ജീവിക്കുന്നവര്‍. വിദ്യാഭ്യാസം നേടിയതുകൊണ്ടാണ് എനിക്ക് എന്റെ ഐഡന്റിറ്റിയില്‍ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്നത്. ദളിത് ആയ, അംബേദ്കറൈറ്റ് ആയ, മിശ്രലിംഗമായ എനിക്ക് സമൂഹത്തിനും സമുദായത്തിനും വേണ്ടി പലതും ചെയ്യാനുണ്ട്. ഞാനെന്തായിരിക്കുന്നോ അങ്ങനെ തന്നെ എന്നെ സമൂഹം അംഗീകരിക്കണം. കണ്ടത്തില്‍ ഇറങ്ങി നില്‍ക്കുന്നവനേ ചെളിയിലിറങ്ങി നില്‍ക്കുന്നതിന്റെ അവസ്ഥ മനസ്സിലാവൂ. വരമ്പത്ത് നില്‍ക്കുന്നവര്‍ക്ക് അത് മനസ്സിലാവില്ല. അതുകൊണ്ടാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുന്നത്”, രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥിയായ ചിഞ്ചു അശ്വതിയെന്ന അശ്വതി രാജപ്പന്‍ എറണാകുളം മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുകയാണ്. ഇന്ന് പത്രികാ സമര്‍പ്പണം. ജീവിതത്തില്‍ പോരാടി വിജയിച്ച അശ്വതിക്ക് ഇനി രാഷ്ട്രീയ പോരാട്ടത്തിന്റെ നാളുകളാണ്.

അശ്വതിക്ക് ഇപ്പോള്‍ 25 വയസ്സ്. ഇന്റര്‍ സെക്‌സ് ആയി ജനിച്ച അശ്വതി പക്ഷെ 22 വയസ്സ് വരെ ജീവിച്ചത് പെണ്‍കുട്ടിയായാണ്. 2016ല്‍ അതിന് മാറ്റമുണ്ടായി. തന്റെ സ്വത്വം എന്തെന്ന് തിരിച്ചറിവുണ്ടായിട്ടും താത്പര്യമില്ലാതിരുന്നിട്ടോ ധൈര്യമില്ലാതിരുന്നിട്ടോ പൊതുസമൂഹത്തോട് അത് വിളിച്ച് പറയാന്‍ ഒരിക്കലും മുതിര്‍ന്നില്ല. രോഹിത് വെമൂലയുടെ ആത്മഹത്യയാണ് മാറ്റിച്ചിന്തിപ്പിച്ചത്. താന്‍ ഇന്റര്‍ സെക്‌സ് ആണെന്ന് പൊതുസമൂഹത്തോട് ഉറക്കെ പ്രഖ്യാപിച്ചത് രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ അനുശോചിച്ചും അതിലേക്ക് നയിച്ച കാരണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടും നടന്ന ഒരു സമ്മേളനത്തിലാണ്. “അത് പറയാന്‍ എനിക്ക് ധൈര്യം തന്നത് രോഹിത് വെമൂലയാണെന്ന് ഞാന്‍ പറയും. രോഹിതിന്റെ ആത്മഹത്യാ കുറിപ്പിലെ ഒരു വാചകമായിരുന്നു, ‘ഭൂതകാലത്തില്‍ അംഗീകരിക്കപ്പെടാതെ പോയ കുട്ടി മാത്രമാണ് ഞാന്‍’ എന്ന്. ഞാന്‍ മറ്റൊരു രോഹിത് ആണെന്ന് എനിക്ക് തോന്നി. അതാണ് എന്റെ ഐഡന്റിറ്റി എന്തെന്ന് പബ്ലിക് ആയി പറയാന്‍ എനിക്ക് പ്രേരണയായത്.”

അങ്കമാലി മഞ്ഞപ്രയിലാണ് അശ്വതിയുടെ കുടുംബം. മുടി നീട്ടീ വളര്‍ത്തിയ പെണ്‍കുട്ടിയില്‍ നിന്ന് പുരുഷവേഷത്തിലേക്ക് മാറി ഇന്റര്‍ സെക്‌സ് വ്യക്തിത്വമായി നിലനില്‍ക്കുന്നതിന്റെ നേരനുഭവങ്ങള്‍ അശ്വതിയുടെ വാക്കുകളിലൂടെ: “എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ മൂന്ന് മക്കളാണ്. ചേച്ചി, അനുജന്‍, ഞാന്‍. മൂന്ന് ലിംഗത്തിലുള്ള കുട്ടികള്‍. മൂന്ന് പേരെയും ഒരുപോലെയാണ് വളര്‍ത്തിയത്. എന്നെ ഒരു സ്‌പെഷ്യല്‍ കുട്ടിയായല്ല വളര്‍ത്തിയത്. പകരം അമ്മ ഒരു സ്‌പെഷ്യല്‍ മദര്‍ ആയി മാറുകയായിരുന്നു. മൂന്ന് പേരേയും ‘മോനേ’ എന്നേ വിളിക്കൂ അമ്മ. ആ വിളിയിലും വീട്ടിലും ജെന്‍ഡറിന് സ്ഥാനമേയില്ല.

ശരീരം കാണുന്ന പ്രായം മുതല്‍ എന്തോ ഒരു വ്യത്യസ്തത എനിക്കുണ്ടെന്ന് മനസ്സിലായിരുന്നു. വീട്ടുകാര്‍ ഒരുപാട് ഡോക്ടര്‍മാരുടെ അടുത്ത് എന്നെ കൊണ്ടുപോയി. ഞാന്‍ പെണ്‍കുട്ടിയാണെന്നും എനിക്ക് എന്തോ ഒരു അസുഖമാണെന്നും സര്‍ജറി ചെയ്താല്‍ അത് മാറുമെന്നുമെല്ലാം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വളര്‍ന്ന് വലുതായതിന് ശേഷം ശാരീരിക വളര്‍ച്ച നോക്കിയിട്ട് ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കാമെന്ന് ഒരു ഡോക്ടര്‍ മാത്രം പറഞ്ഞു. ആ അഭിപ്രായം ഞങ്ങള്‍ സ്വീകരിച്ചു. പത്താംക്ലാസ് കഴിയുന്നത് വരെ കാത്തിരുന്നു. മെന്‍സ്ട്രുവേഷന്‍ ആയില്ല. അസുഖമാണെന്ന് തന്നെയാണ് ഞാനും കരുതിയത്. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ സര്‍ജറി ചെയ്യാമെന്ന് അമ്മ പറഞ്ഞു. പക്ഷെ എനിക്ക് പഠിക്കണമെന്നായിരുന്നു ആഗ്രഹം. സര്‍ജറി ചെയ്താല്‍ സമയം പോയി പഠിക്കാന്‍ കഴിയില്ല. പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ അമ്മയും പറഞ്ഞു പഠനം തുടരാന്‍. പ്ലസ്ടുവും കഴിഞ്ഞു. അതുകഴിഞ്ഞ് ഡോക്ടറെ കാണാമെന്നാണ് അമ്മ കരുതിയിരുന്നതെങ്കിലും എനിക്ക് എന്‍ട്രന്‍സ് എഴുതി എഞ്ചിനീയറിങ്ങിന് പോണമെന്ന താത്പര്യമായി. എന്‍ട്രന്‍സ് എഴുതിയെങ്കിലും കിട്ടിയില്ല. സാമ്പത്തികമില്ലാത്തതിനാല്‍ മറ്റ് വഴികളുമുണ്ടായിരുന്നില്ല. ബി എസ് സി ഇലക്ട്രോണിക്‌സിന് ചേര്‍ന്നു.

കോളേജില്‍ ആരും എന്നെ കളിയാക്കിയിരുന്നില്ല. പുരുഷ ശബ്ദമുള്ള ഒരു പെണ്‍കുട്ടി എന്നേ എല്ലാവരും കണക്കാക്കിയിരുന്നുള്ളൂ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ‘ ആണേ, ആണേ’ എന്നുള്ള വിളി, ‘ദേ ആണ് പോവുന്നു’ എന്ന് തുടങ്ങിയ പരിഹാസങ്ങളും സഹിച്ചിട്ടുണ്ട്. പക്ഷെ ശരിക്കും അധിക്ഷേപവും പരിഹാസവും ബുദ്ധിമുട്ടുകളുമുണ്ടായത് സമൂഹത്തില്‍ നിന്നാണ്. നല്ല മുടിയുള്ള ഒരു സുന്ദരിക്കുട്ടിയായിരുന്നു അന്നൊക്കെ ഞാന്‍. കൂട്ടുകാരുമായി മറൈന്‍ ഡ്രൈവില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ എന്നെ നോക്കിയിട്ട് പോയി. കുറച്ച് കഴിഞ്ഞ് അയാള്‍ തിരികെ വന്നിട്ട് എന്നോട് മാത്രമായിട്ട് ഒരു ചോദ്യം, ‘ഇയാള്‍ ആണാണോ പെണ്ണാണോ?’ എന്ന്. അയാള്‍ ശരിക്കും എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നത്? ഹ്യുമിലിയേറ്റ് ചെയ്യുന്നതെന്തിനാണ്? ഇത്തരം ഹ്യുമിലിയേഷന്‍ ധാരാളം സമൂഹത്തില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ് ജോലിക്ക് വേണ്ടി അപ്ലൈ ചെയ്ത് ഇന്റര്‍വ്യൂന് വിളിക്കുമ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ക്കെല്ലാം അറിയേണ്ടതും എന്റെ രൂപത്തെയും ശബ്ദത്തെയും കുറിച്ചായിരുന്നു. ഞാനെന്തുകൊണ്ട് വ്യത്യസ്തയായി എന്ന് മാത്രമാണ് അവരെല്ലാം ചോദിച്ചത്. അവരുടെയെല്ലാം സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ ഒതുങ്ങാത്ത കൊണ്ടായിരിക്കാം ആരും എന്നെ ജോലിക്കെടുത്തില്ല.

എനിക്ക് ഫിസിക്കല്‍ ഡിസബിലിറ്റിയൊന്നും ഇല്ലെന്നും ഈ സമൂഹത്തില്‍ ഉയര്‍ന്ന് നില്‍ക്കാന്‍ വേണ്ടത് വിദ്യാഭ്യാസമാണെന്നും പറഞ്ഞ് ശക്തിയായത് അമ്മയാണ്. അച്ഛനും അമ്മയും ദളിത് ആക്ടിവിസ്റ്റുകളാണ്. ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍. കല്ലറ സുകുമാരനൊപ്പം പ്രവര്‍ത്തിച്ചവരാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന അംബേദ്കറൈറ്റ് ഫാമിലിയായിരുന്നു ഞങ്ങളുടേത്. പിജിക്ക് ചേരൂ, പഠിക്കൂ, അപ്പോള്‍, ഇപ്പോള്‍ തള്ളിപ്പറയുന്നവരൊക്കെ തിരിച്ച് വരും എന്ന് പറഞ്ഞ് അമ്മ എന്നെ പിജി കോഴ്‌സിനയച്ചു. പിജിക്ക് ചേര്‍ന്നപ്പോള്‍ അവിടെ ആണ്‍കുട്ടികള്‍ക്കെല്ലാം ഞാന്‍ ആണാണോ പെണ്ണാണോ എന്ന് സംശയം. പെണ്‍വേഷം കെട്ടിയ ആണാണ് ഞാനെന്ന് അവര്‍ ഉറപ്പിച്ചു. ഇതിനിടയിലാണ് ക്വീര്‍ പ്രൈഡ് റാലിയുടെ മുന്നോടിയായി കൊച്ചിയില്‍ പ്രീ പ്രൈഡ് റാലി നടന്നത്. ഞാന്‍ നോക്കുമ്പോള്‍ പലരും പോസ്റ്ററുകള്‍ എഴുതുന്നുണ്ട്. ‘ആണും പെണ്ണും തമ്മില്‍ പ്രണയിക്കുന്നത് പോലെ ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും പ്രണയിക്കാം’ എന്ന എഴുത്തിനോട് എനിക്ക് പ്രത്യേക താത്പര്യം തോന്നി. റാലിയില്‍ ഞാന്‍ അത് പിടിച്ചാണ് പങ്കെടുത്തത്. ആ ചിത്രം വൈറലായി. അതോടെ ബന്ധുക്കളടക്കം ‘നീയിത് എന്തുദ്ദേശിച്ചാണ്’ തുടങ്ങിയ ചോദ്യങ്ങളുന്നയിച്ചു. ഇതിനിടയില്‍ എന്റെ സഹപാഠികള്‍ അര്‍ദ്ധനാരീശ്വരി എന്ന സിനിമയിലെ മനോജ് കെ ജയന്റെ ഫോട്ടോ എടുത്ത് എന്റെ വാളില്‍ പോസ്റ്റ് ചെയ്തിട്ട് ഇവന്‍ ആണും പെണ്ണും കെട്ടവന്‍, ശിഖണ്ഡി തുടങ്ങിയ കമന്റുകളുമിട്ടു. അത് കൂടാതെ കോളേജില്‍ എന്നെ തെറിവിളിക്കുകയും കളിയാക്കുകയും തുടര്‍ന്നു പോന്നു. ഞാന്‍ നിങ്ങളുടെ അടുത്ത് കൂട്ട് കൂടാന്‍ പോലും വരുന്നില്ലല്ലോ പിന്നെ എന്താണ് എന്നെ പഠിക്കാന്‍ സമ്മതിക്കാത്തത് എന്നായിരുന്നു അവരോടെല്ലാം എന്റെ ചോദ്യം. എന്നെ മാനസികമായി ഏറ്റവും വേദനിപ്പിച്ചയാളാണ് പിജിക്ക് ഒന്നാം റാങ്ക് നേടിയത്. എനിക്ക് സപ്ലിമെന്ററി പരീക്ഷയും എഴുതേണ്ടി വന്നു. ഇത്രത്തോളം സമ്മര്‍ദ്ദത്തെ അതിജീവിച്ച് എനിക്ക് പഠിക്കാനായില്ല. കേരളത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ പോളിസി നടപ്പാക്കുന്നതിന് മുമ്പ് അയ്യായിരം പേരുടെ സര്‍വേ നടത്തിയിരുന്നു. അതില്‍ 90 ശതമാനം പേരും പത്താംക്ലാസ്സോടെ പഠനം അവസാനിപ്പിച്ചവരാണ്. അതിന് കാരണം എന്താണെന്ന് പറയണമെന്നില്ലല്ലോ?

ഇതിനിടയില്‍ എനിക്ക് എന്നെ മനസ്സിലാവാതെ വന്നു. ഞാന്‍ ലെസ്ബിയന്‍ ആണെന്നാണ് ആദ്യം കരുതിയത്. പെണ്‍കുട്ടികളോടാണ് ആകര്‍ഷണം തോന്നുന്നത്. അങ്ങനെ ആകെ ആശയക്കുഴപ്പത്തിലിരിക്കുമ്പോള്‍ സഹയാത്രികയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ ബന്ധുവായ സതി അങ്കമാലിയാണ് ‘നീ എങ്ങനെയാണ് സ്വയം മനസ്സിലാക്കുന്നത്?’ എന്ന് ചോദിക്കുന്നത്. ആത്മഹത്യചെയ്യുന്ന കാര്യം പോലും ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കോളേജിലെ ഐഡിന്ററ്റി പ്രശ്‌നം അത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. സതിയാണ് രേഖാ രാജിന്റെ അടുത്തേക്ക് എന്നെ കൊണ്ടുപോവുന്നത്. എന്റെ ജീവിതത്തിലെ അനുഭവങ്ങളെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ എന്റെ അവസ്ഥയ്ക്ക് ഹെര്‍മോപ്രൊഡൈറ്റ് എന്നാണ് പറയുന്നതെന്നും അത് സംബന്ധിച്ച നിരവധി പുസ്തകങ്ങളുണ്ടെന്നും രേഖ രാജ് പറഞ്ഞു. പിന്നെ വായനകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഞാന്‍ ആരാണെന്ന് തിരിച്ചറിയാന്‍ തുടങ്ങി. 2010 മുതല്‍ ഫേസ്ബുക്കിലുള്ള ഞാന്‍ അന്നുമുതല്‍ എന്നെപ്പോലുള്ളവരെ തിരയുന്നുണ്ട്. എന്നാല്‍ ആകെ കണ്ടത് കല്‍ക്കി സുബ്രഹ്മണ്യത്തെയാണ്. പിന്നീട് ഫൈസല്‍ ഫൈസുവിനേയും ശീതളിനേയും പോലുള്ളവരെ പരിചയപ്പെട്ടു. അത് ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. എന്നെപ്പോലെ ഒരുപാട് പേര്‍ ഉണ്ടെന്നും പലരും പുറംലോകമറിയാതെ ജീവിക്കുകയാണെന്നും മനസ്സിലായി.

ജീവിതത്തിലെ 22 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാനൊരു പരീക്ഷണം നടത്തി. എന്റെ മുടിവെട്ടി. എന്നെ ആണ്‍വേഷത്തില്‍ കാണണമെന്നുണ്ടായിരുന്നു. പിറ്റേന്ന് കണ്ണാടി നോക്കിയപ്പോള്‍ ഞാന്‍ ശരിക്കും ആണ് തന്നെയായിരുന്നു. താടിയും മീശയും വന്നു. ഇതിനെല്ലാം എനിക്ക് പിന്തുണ നല്‍കിയത് എന്റെ കുടുംബമാണ്. അച്ഛനും അമ്മയും എനിക്കൊപ്പം നിന്നു. സമൂഹത്തില്‍ നിന്ന് തിരിച്ചടികളേറ്റ് വീട്ടിലേക്ക് വരുമ്പോള്‍ തിരിച്ച് ധൈര്യത്തോടെ സമൂഹത്തിലേക്കിറങ്ങാന്‍ ധൈര്യം തന്നത് അവരാണ്. അവര്‍ ഇല്ലായിരുന്നു എങ്കില്‍ ഇന്ന് എന്നെ നിങ്ങള്‍ കാണുകയോ അറിയുകയോ ഇല്ലായിരുന്നു. ഒരിക്കല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഞങ്ങളെ പരിചയമുള്ള ഒരു ചേച്ചി എന്റെ അമ്മയോട് ചോദിച്ചു,’ ഇത് മകനാണോ, മകളല്ലേ’ എന്ന്. ‘മകളായിട്ടാണ് വളര്‍ത്തിയത്. വളര്‍ന്നപ്പോള്‍ മകനായി. ഞങ്ങള്‍ അത് അംഗീകരിക്കുന്നു’, എന്റെ അമ്മ പറഞ്ഞ മറുപടിയാണ് എനിക്ക് കിട്ടിയ വലിയ അംഗീകാരം. അമ്മ അഞ്ചാംക്ലാസ് വരെ മാത്രം പഠിച്ച സാധാരണക്കാരിയാണ്. പക്ഷെ വായനയും രാഷ്ട്രീയ ബോധവും അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.”

സ്വന്തം ജീവിതം പറഞ്ഞ് അശ്വതി തിരഞ്ഞെടുപ്പിലേക്ക് വന്നു. സ്വതന്ത്രനായി മത്സരിക്കുന്ന അശ്വതിക്ക് പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫോറം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു സമൂഹത്തെ പ്രതിനിധീകരിച്ചെത്തുന്ന തനിക്ക് ഉത്തരവാദിത്തങ്ങള്‍ ഏറെയാണെന്ന് അശ്വതി പറയുന്നു. വലിയ ഒരു സമൂഹം ഇന്നും ഇരുട്ടിലാണ്. അവര്‍ക്കായാണ് താന്‍ മത്സരിക്കുന്നതെന്നും ആര്‍ക്കും എതിരെയല്ല തന്റെ മത്സരമെന്നും അശ്വതി പറയുന്നു. “ട്രാന്‍സ്ജന്‍ഡര്‍ പോളിസി രൂപീകരിച്ച സംസ്ഥാനമാണ് കേരളം. പക്ഷെ അത് വേണ്ടപോലെ നടപ്പാവുന്നില്ല. വോട്ടേഴ്‌സ് ഐഡി കാര്‍ഡ് കൊടുത്തു, ജോലി കൊടുക്കുന്നു, ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് രൂപീകരിച്ചു. പക്ഷെ ആ സാഹചര്യത്തിലാണ് കോഴിക്കോട് ഒരു ട്രാന്‍സ്ജന്‍ഡര്‍ കൊല്ലപ്പെട്ടത്. ജന്‍ഡര്‍ ഇക്വാലിറ്റിയില്ലാത്തയിടത്ത് എന്ത് ജനാധിപത്യമാണ്? സര്‍ക്കാര്‍ ഇത്രയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശരി തന്നെ. പക്ഷെ അപ്പോഴും ഒരു ട്രാന്‍സ്ജന്‍ഡറെ സ്ഥാനാര്‍ഥിയാക്കാന്‍ ഏതെങ്കിലും പാര്‍ട്ടിക്കായോ? ട്രാന്‍സ്ജന്‍ഡര്‍ പോളിസിയില്‍ പോലും ഇന്റര്‍ സെക്‌സ് വ്യക്തിത്വത്തെക്കുറിച്ച് കാര്യമായ പരാമര്‍ശമില്ല. അതിന് നിയമനിര്‍മ്മാണമാണാവശ്യം. ഇന്റര്‍ സെക്‌സ് ആണെന്ന് മനസ്സിലാക്കി ഭ്രൂണഹത്യ നടക്കുന്നുണ്ട്. ജനിക്കുമ്പോള്‍ ജെനിറ്റൈല്‍ ആമ്പിഗ്വിറ്റിയുള്ള കുട്ടികളെ അപ്പോള്‍ തന്നെ സര്‍ജറി ചെയ്യുന്നു. നിയമനിര്‍മ്മാണം മൂലമേ ഇത് തടയാനാവൂ. ബോഡി പാര്‍ട്‌സ് അല്ല ഫിക്‌സ് ചെയ്യേണ്ടത്, ഫിക്‌സ് ചെയ്യേണ്ടത് നിങ്ങളുടെ മനസ്സാണ്.

സാധാരണക്കാരില്‍ സാധാരണക്കാരനായ ദളിതന്‍, ഇന്റര്‍ സെക്‌സ് വ്യക്തി മത്സരിക്കുന്നത് ഒരു വലിയ സമൂഹത്തിനും സമുദായത്തിനും വേണ്ടിയാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നവര്‍ എനിക്ക് വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷ.”

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍