UPDATES

എസ് ബിനീഷ് പണിക്കര്‍

കാഴ്ചപ്പാട്

അകവും പുറവും

എസ് ബിനീഷ് പണിക്കര്‍

പ്രളയം 2019

പ്രളയത്തിന്റെ കെടുതികള്‍ക്ക് മധ്യേ നിറം കെട്ട ചിങ്ങപ്പകര്‍ച്ച; ഓര്‍ക്കാം പരിസ്ഥിതിയെ തകര്‍ക്കാത്ത കാര്‍ഷിക പാരമ്പര്യത്തെ

ഫ്യൂഡല്‍ ആസുരതകള്‍ മുന്‍കാലങ്ങളിലും നിലനിന്നിരുന്നുവെങ്കിലും സാമ്പത്തികലക്ഷ്യം മുന്‍നിര്‍ത്തിയുള്ള തോട്ടവിളകളും മറ്റും കേരളീയ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായി തീരുന്നതോടെയാണ് കൊടിയ ചൂഷണത്തിനുള്ള ഉപാധിയായി ഇവിടത്തെ കാര്‍ഷിക വൃത്തി മാറുന്നത്

ഇന്ന് ചിങ്ങം ഒന്ന്. മലയാള വര്‍ഷത്തിലെ ആണ്ട് പിറപ്പ്. ഗ്രിഗോറിയന്‍ കലണ്ടര്‍ ശീലമാക്കിയ മലയാളികള്‍ക്ക് പക്ഷെ പുതുവര്‍ഷത്തിന്റെ ഹര്‍ഷം ജനുവരി ഒന്നിന് തന്നെ. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എത്തിയ പ്രളയത്തിന്റെ കെടുതികള്‍ക്ക് മധ്യേ നില്‍ക്കുന്നതിനാല്‍ ഇക്കുറിയും നിറം കെട്ട ചിങ്ങപ്പകര്‍ച്ചയാണ്. എതിരുകളോട് എറ്റുമുട്ടി ഏറ്റുമുട്ടി പ്രതിരോധം ചിരകാലം കൊണ്ടുവളര്‍ത്തിയ മനുഷ്യര്‍ക്ക് ഈ എതിര്‍കാലത്തേയും കടന്നേ തീരൂ.

വര്‍ഷ സംക്രമണത്തില്‍ മലയാളികളെ ഊട്ടി വളര്‍ത്തിയ കാര്‍ഷിക സംസ്‌കൃതിയിലേക്ക് വിശ്വാസപ്രമാണങ്ങളിലേക്കും എത്തിനോക്കുകയാണ്, ഒപ്പം മലയാളികളെ അരിയാഹാരം കഴിപ്പിക്കുന്ന നെല്ല് അടക്കമുള്ള കൃഷികളുടെ പുരാവൃത്തങ്ങളിലേക്ക് ഒരു ദിങ്മാത്ര ദര്‍ശനവും. മറ്റേതു സംസ്‌കൃതിയിലേതുമെന്നപോലെ പരിസ്ഥിതിക്കു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കൃഷിസമ്പ്രദായമായിരുന്നു മലയാളികള്‍ ആദ്യകാലത്ത് അനുവര്‍ത്തിച്ചിരുന്നത്. അതിനാല്‍, ഇന്നു സാക്ഷ്യം വഹിക്കുന്നതുപോലുള്ള മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളുടെ ആധിക്യം അക്കാലത്ത് ഉണ്ടായിരുന്നില്ല. എല്ലാത്തരത്തിലുള്ള ഫ്യൂഡല്‍ ദായക്രമങ്ങളും കൊടിയ ചൂഷണങ്ങളും നിലനിന്നിരുന്ന ചരിത്രഘട്ടങ്ങളിലൂടെ കടന്നുവന്ന മലയാളികള്‍, കാര്‍ഷികവൃത്തിക്ക് അനുഷ്ഠാനത്തിന്റെ പരുശുദ്ധിയാണ് കല്‍പ്പിച്ചിരുന്നത്. ഭക്ഷ്യാവശ്യത്തിനുള്ളവ സംഭരിക്കുക എന്ന കേവലമായ ലക്ഷ്യത്തോടെയുള്ളതായിരുന്നു കേരളീയരുടെ കൃഷി സങ്കല്പമെന്ന് ‘മലയാള സംസ്‌കാരം കാഴ്ചയും കാഴ്ചപ്പാടും’ എന്ന പുസ്തകത്തില്‍ ഡോ. എന്‍. അജിത് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഫ്യൂഡല്‍ ആസുരതകള്‍ മുന്‍കാലങ്ങളിലും നിലനിന്നിരുന്നുവെങ്കിലും സാമ്പത്തികലക്ഷ്യം മുന്‍നിര്‍ത്തിയുള്ള തോട്ടവിളകളും മറ്റും കേരളീയ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായി തീരുന്നതോടെയാണ് കൊടിയ ചൂഷണത്തിനുള്ള ഉപാധിയായി ഇവിടത്തെ കാര്‍ഷിക വൃത്തി മാറുന്നത്. രാജവാഴ്ചകാലവും കൊളോണിയല്‍ കാലങ്ങളും ഒരുപോലെ കീഴാളരെ ഇതിന്‍റെ പേരില്‍ നിഷ്ഠൂരമായി പീഡിപ്പിച്ചു. ഭക്ഷ്യാവശ്യത്തിനപ്പുറം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കാര്‍ഷിക വൃത്തി രൂപപ്പെടുന്നതോടെയാണ് മനുഷ്യരെ മാത്രമല്ല പ്രകൃതിയേയും കണ്ണും മൂക്കുമില്ലാതെ ചൂഷണം ചെയ്യാന്‍ തുടങ്ങിയത്. തോട്ടവിളകളുടെ പ്രാമാണ്യം കേരളീയരുടെ കാര്‍ഷിക സങ്കല്പത്തെ സാമ്പത്തികമായി പുനക്രമീകരിച്ചുവെന്ന് പറയാം. ഇത് മറ്റൊരു വിഷയമാണ്. നമ്മള്‍ ആദ്യകാലത്തെ കാര്‍ഷിക സംസ്‌കൃതിയെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്.

സ്വാഭാവിക പരിതസ്ഥിതിയില്‍ നിന്നുള്ള ഭക്ഷ്യശേഖരണം നടത്തുന്ന സമ്പ്രദായം മാറി ഭക്ഷ്യാവശ്യത്തിനുള്ളവ നട്ട് വളര്‍ത്തിത്തുടങ്ങിയതോടെ കാട് നാടായി തീര്‍ന്നുവെന്ന് സാംസ്‌കാരിക പഠിതാക്കള്‍ പറയുന്നു. നടുക എന്ന ധാതുവില്‍ നിന്നും നാട് എന്ന പദമുണ്ടായെന്ന് കരുതുന്ന പണ്ഡിതരുണ്ട്. പറിക്കുന്ന അല്ലെങ്കില്‍ പറയ്ക്കുന്ന സ്ഥലം പറമ്പ്, വിളയുന്ന സ്ഥലം വിള എന്നിങ്ങനേയും പദോത്പത്തിയുടെ സാമൂഹിക പരിസരം ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥ, അന്തരീക്ഷ സ്ഥിതി, ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഗുണം, നീര്‍പ്പറ്റ്, ഭൂമിശാസ്ത്രപരമായ മറ്റു പ്രത്യേകതകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരുന്നു കേരളത്തിലെ പ്രാചീനകൃഷി സബ്രദായം. വളരെ ചരിഞ്ഞ ഭൂപ്രകൃതിയും മഴയുടെ ആധിക്യവും നമ്മുടെ കൃഷിരീതിയെ സ്വാധീനിച്ച ഘടകങ്ങളാണ്. വര്‍ഷത്തില്‍ ആറു മാസത്തോളം നീണ്ടുനില്‍ക്കുന്ന മഴയും ഉഷ്ണാധിക്യവും നീണ്ടകടലോരവും ജലസമ്പത്തും കൃഷിരീതികളെ നിര്‍ണയിച്ചുവെന്ന് പറയാം.

മേടമാസത്തിലെ വിഷു സംക്രമണത്തോടെ നമ്മുടെ കാര്‍ഷിക വര്‍ഷം ആരംഭിച്ചിരുന്നത്. കാര്‍ഷിക കലണ്ടറിലെ വര്‍ഷാരംഭം. കൃഷി വിഭവങ്ങളും മറ്റ് മംഗല്യ വസ്തുക്കളും വിഷുനാള്‍ കണികണ്ട് പത്താമുദയത്തോടെ കാര്‍ഷിക വൃത്തിക്ക് തുടക്കമാകും. പത്താമുദയം ഉത്തരകേരളത്തില്‍ തുലാപ്പത്തും ദക്ഷണികേരളത്തില്‍ മേടപ്പത്തുമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പത്താമുദയത്തില്‍ സൂര്യോദയത്തിനു മുന്‍പ് ദീപം കണികണ്ടശേഷം കന്നുകാലികളേയും ദീപം കാണിച്ച് ഭക്ഷണം കൊടുക്കുന്നു. തിരുവനന്തപുരത്ത് മേടപ്പത്തിന് സൂര്യദേവന് പൊങ്കാല ഇട്ട് നിവേദിച്ചതിനുശേഷം വിത്തുവര്‍ഗങ്ങള്‍ നട്ടുതുടങ്ങുന്നു.
ജ്യോതിഷപ്രകാരം നല്ല ദിവസം നിശ്ചയിച്ച് നിശ്ചിത ദിവസം മുറ്റത്ത് നിലവിളക്ക് കൊളുത്തി അരികെ കാഞ്ഞിരത്തില കൊണ്ടുള്ള കൂടകളില്‍ വിവിധയിനം നെല്‍വിത്തുകള്‍ നിറച്ചശേഷം സമീപത്ത് ചോറ് കൂനകൂട്ടിവെയ്ക്കും. തുടര്‍ന്ന് അരിപ്പൊടികൊണ്ടലങ്കരിച്ച കാളകളെ കലപ്പയോടൊപ്പം പാടത്തേക്ക് ഘോഷയാത്രയായി കൊണ്ടുപോയി പാടത്ത് നേരത്തെ തന്നെ കൂട്ടിയിട്ടുള്ള കൂനകളില്‍ വളവും വിത്തും വിതറും. കാളകളെ പൂട്ടി എതാനും ഭാഗം ഉഴുകയും ചെയ്യും. കൃഷി എങ്ങനെ വന്നു ഭവിക്കുമെന്ന് മൂന്‍കൂട്ടി അറിയാനായി നാളികേരം ഉടച്ച് ഫലം കാണുന്ന ഏര്‍പ്പാടും നിലനിന്നിരുന്നു.

പുത്തന്‍ നെല്‍ക്കതിര്‍ നല്ല മുഹൂര്‍ത്തം നോക്കി ഗൃഹങ്ങളില്‍ പൂജിക്കുന്ന ഉര്‍വരതാനുഷ്ഠാനമാണ് നിറ അഥവാ ഇല്ലം നിറ. ആദ്യ വിളവെടുപ്പിനു മുന്‍പ് പുന്നെല്ലരി ഭക്ഷിച്ച് തുടങ്ങുന്ന ചടങ്ങാണ് പുത്തരി. ഇതിനായി വിഭവ സമൃദ്ധമായ സദ്യയൊരുക്കും. സദ്യയ്ക്കു മുന്‍പ് നാളികേരം, ശര്‍ക്കര, നെയ്യ്, തേന്‍, പച്ചക്കുരുമുളക്, പുന്നെല്ലരി തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന പുത്തരിയുണ്ട കഴിക്കും. കാര്‍ഷിക വൃത്തിയുടെ അവസാന ദിവസത്തെ ഉച്ചാരയെന്നാണ് പറയുക. ഭൂമിദേവി പുഷ്പിണിയാണെന്നു കരുതി ആഘോഷങ്ങളും അതിന്റെ ഭാഗമായിട്ട് ഉണ്ടാകും. രണ്ടാം വിളവെടുപ്പ് കഴിഞ്ഞ് ശേഷം ചൂട് കാലം തുടങ്ങുന്നതിനാല്‍ ഭൂമിദേവി വിശ്രമിക്കുന്നതായും വിശ്വാസമുണ്ട്. ആരന്‍(ചൊവ്വ) ഉച്ചത്തില്‍ വരുന്നത് മകരം 28 മുതലാകയാല്‍ ആ സങ്കല്പത്തിലാണ് ഉച്ചാര ആഘോഷിക്കാറുള്ളത്. ഉച്ചാര ദിവസം ഭൂമിയിലുള്ള പാട്ട അവകാശം അവസാനിക്കുന്നതായി കണക്കാക്കിയിരുന്നതുകൊണ്ട് ധനപരമായ ആ ദിനത്തിന് പ്രാധാന്യവും കൈവന്നിരുന്നു. ഉച്ചാരദിവസങ്ങള്‍ മണ്ണാപ്പേടിക്കും പുലാപ്പേടിക്കും പ്രസിദ്ധങ്ങളായിരുന്നതിനാല്‍ സാമൂഹികാചാരത്തിന്റേതായ പ്രാധാന്യവും ഉണ്ടായിരുന്നു.

കന്നിക്കൊയ്ത്തിനുശേഷം രണ്ടാം വിളയ്ക്കുവേണ്ടി നിലം ഉഴുന്നതിനു മുന്‍പായി മരമടി നടത്തും. കാളപൂട്ടെന്നും ഇതറിയപ്പെട്ടിരുന്നു. ഉഴവുമൃഗങ്ങളെ കുളിപ്പിച്ചശേഷം അവയെ കൂട്ടിക്കെട്ടി വയലിലിറക്കുന്നു. മൃഗങ്ങള്‍ വാലുയര്‍ത്തി മുന്നോട്ട് കുതിക്കുമ്പോള്‍ പോത്തോട്ടക്കാരന്‍ പലകയില്‍ ചവട്ടി നിന്നുകൊണ്ടു തെളിക്കും. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഉഴവുമൃഗങ്ങളെയാണ് ഉപയോഗിക്കുക.

നെല്ലിന്റെ ജന്മദിനം ആഘോഷിച്ച മലയാളി

മലയാളിക്ക് പുന്നെല്ലിന്റെ മണമാണെന്നാണ് പറയുക. അരി മുഖ്യാഹാരമായ കേരളീയരുടെ കൃഷികളില്‍ നെല്ലായിരുന്നു പ്രധാന ഇനം എന്നതിന് ചരിത്രപരമായ ഏറെ സാക്ഷ്യങ്ങള്‍ ഉണ്ട്. വെയിലും ചൂടും കൂടിയ ഉഷ്ണമേഖലയില്‍പ്പെടുന്ന കേരളത്തില്‍ നെല്ല് പ്രധാന ധാന്യവിളവായതിനും കാരണങ്ങള്‍ ഏറെ.

പണ്ടുകാലത്ത് നെല്ല് ഭഗവതിയാണെന്ന് മലയാളികള്‍ വിശ്വസിച്ചിരുന്നു. ആ ഭഗവതിയുടെ ജന്മദിനവും ആഘോഷിച്ചിരുന്നു. കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ് നെല്ല് ജനിച്ചതെന്നാണ് വിശ്വാസം. സവിശേഷമായ ആചാരങ്ങളും ഈ ദിവസം നടത്തിപ്പോന്നിരുന്നു. കന്നിമാസത്തിലെ മകത്തിന്റെ അന്ന് വയലില്‍ പൊഴിഞ്ഞുവീഴുന്ന ഏതാനും നെല്‍വിത്തുകള്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന നെന്മണികളെ കുളിപ്പിച്ച് വീട്ടുമുറ്റത്ത് പലകയില്‍വച്ച് ഉമിക്കരിയും ഈര്‍ക്കിലുമെല്ലാം ഒരുക്കിവെച്ച് ചില ചടങ്ങുകളും തിരുവിതാകൂറിലും മറ്റും അന്നേദിവസം അനുഷ്ഠിച്ച് പോന്നിരുന്നു.

നെല്‍പ്പാടങ്ങളുടെ സ്വഭാവം, കൃഷി ചെയ്തിരുന്ന കാലാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ നെല്‍കൃഷിയെ വിരിപ്പ്, മുണ്ടകന്‍, പുഞ്ച, കോള്‍, കൈപ്പാട്(പൊക്കാളി), പൂതാടി(മോടന്‍), പുനം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മുണ്ടകന്‍, പൊക്കാളി, മോടന്‍ എന്നിങ്ങനെ നെല്‍വിത്തിനങ്ങള്‍ക്കും പേരുകളുണ്ട്. വിരിപ്പും, മുണ്ടകനും, സാധാരണയായി രണ്ട് വിളവെടുക്കുന്ന ഇരിപ്പൂ പാടങ്ങളാണ്. കന്നിക്കൊയ്ത്ത് പ്രധാനമായ വിരിപ്പ് മേടത്തില്‍(മെയ്) വിത തുടങ്ങി കന്നി(ഒക്ടോബര്‍)യില്‍ കൊയ്യുന്നു. കന്നിയില്‍ വിതച്ച് മകരത്തിലോ കുംഭത്തിലോ (ജനുവരി-ഫെബ്രുവരി) കൊയ്യുന്ന നിലങ്ങളാണ് മുണ്ടകന്‍. വിരിപ്പിലും മുണ്ടകനിലുമൊക്കെ ഓരോ നിലത്തിന്റേയും സ്വഭാവമനുസരിച്ച് കൃഷി ചെയ്യാവുന്ന നെല്ലിനങ്ങള്‍ക്കും വ്യത്യാസമുണ്ട്.

‘വിരിപ്പ് നട്ടുണങ്ങണം, മുണ്ടകന്‍ നട്ട് മുങ്ങണം’ എന്നത് കേരളത്തില്‍ നിലനിന്നിരുന്ന കൃഷിച്ചൊല്ലുകളിലൊന്നാണ്. അത് കൃഷിയുടെ സ്വഭാവത്തേയും ദ്യോതിപ്പിക്കുന്നു. അതായത് വിരിപ്പില്‍ വിതയ്ക്കുന്ന നെല്‍വിത്തുകള്‍ ജലാധിക്യം സഹിക്കില്ല, മുണ്ടകന്‍ വിരിപ്പിനേക്കാള്‍ താണനിലമാണ്. കൊളനീര്, വനനീര്, കല്‍നീര്, വളനീര്, മലനീര്, ഊര്‍നീര് എന്ന ആറുതരം ജലസാന്നിധ്യം ഭൂമിയിലുണ്ടെന്ന് കൃഷിഗീത വിശദീകരിക്കുന്നു. മുണ്ടകനില്‍ ഞാറ് നട്ടു മുതിര്‍ന്നാല്‍ വെള്ളം താങ്ങിനിര്‍ത്തണം. മണല്‍കൂടുതലുള്ള പാടത്ത് ഞാറിനായുള്ള പണിയല്ല വിതയാണ് നന്ന്. പാടത്ത് തോല് വളമായിടാതെ കരിംകുറവിത്ത് നട്ടിട്ട് കാര്യമില്ല. ഒലി വിത്തിനും വളം തന്നെ പ്രധാനം. ഒലി വിതയ്ക്കു മഴ ഏറിയാല്‍ പറ്റില്ല. കുട്ടാടന്‍ വിത്തും വട്ടന്‍ വിത്തും കാച്ചില്‍ സഹിക്കാത്തവകയാകയാല്‍ നട്ടാല്‍ ഉടന്‍ മഴവേണം എന്നിങ്ങനെ പോകുന്നു നെല്ലിനങ്ങളില്‍ കാലാവസ്ഥയുടെ രീതിഭേദങ്ങള്‍.
പുനം കൃഷിയില്‍ ഒരിടത്ത് തന്നെ അധിവസിച്ച് കൃഷി ചെയ്യുന്ന സമ്പ്രദായം കാണിക്കാര്‍ക്കില്ലായിരുന്നു, മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെട്ടെന്നു കണ്ടാല്‍ അവര്‍ വാസസ്ഥലം മാറും. അവര്‍ കരനെല്ലും കൃഷി ചെയ്തിരുന്നു. മേടം പത്തിനു മുന്‍പ് വിത്തിട്ട് തീരും.
രണ്ടായിരത്തിലേറെ നെല്‍വിത്തനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അവയില്‍ നല്ല പങ്കും നഷ്ടമായി. ഉണ്ണുനീലി സന്ദേശത്തില്‍ പൂര്‍വ സന്ദേശം ശ്ലോകം 81 ല്‍ അക്കാലത്തുണ്ടായിരുന്ന നെല്ലിനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത് കാണുക.

”കൂരന്‍ ചോഴന്‍ പഴവരി കറക്കൊങ്ങണം വെണ്ണ കണ്ണന്‍
മോടന്‍ കാടന്‍ കുറുവ കൊടിയന്‍ പങ്കിപൊങ്കാളി ചെന്നെല്‍
ആനക്കോടന്‍ കിളിയിറ കനങ്ങാരിയന്‍ വീരവിത്തന്‍
കാണാം മറ്റും പലവിധമുടന്‍ നെല്ലു കല്യാണകീര്‍ത്തേ”

നെല്ലിനു പുറമെ പയറുവര്‍ഗങ്ങള്‍, തിന, ചാമ, ഉഴുന്ന്, മുത്താറി തുടങ്ങിയ ധാന്യങ്ങള്‍, കരിമ്പ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഇഞ്ചി, ഏലം, വാഴ, പ്ലാവ്, മാവ്, പുളി, പച്ചക്കറികള്‍, വിവിധയിനം കിഴങ്ങുകള്‍ തുടങ്ങിയവയായിരുന്നു നമ്മുടെ കാര്‍ഷിക വിഭവങ്ങള്‍. രസകരമായ പല മിത്തുകളും വിശ്വാസങ്ങളും കൃഷികളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. തെങ്ങു നട്ടാല്‍ സ്വര്‍ഗം ലഭിക്കും, പിതൃക്കള്‍ക്ക് പ്രീയപ്പെട്ട പ്ലാവ് നടുന്നവരെ യമകിങ്കരന്മാര്‍ സമീപിക്കില്ല, ദേവകള്‍ക്ക് പ്രീയപ്പെട്ടതാകയാല്‍ വാഴ നടണം, നവധാന്യങ്ങളില്‍ ദേവതാവാസമുള്ളതിനാല്‍ അവ നട്ടുവളര്‍ത്തണം, ദേവതകള്‍ക്ക് ഇഷ്ടമുള്ളതിനാല്‍ പൂന്തോട്ടം നിര്‍മിക്കണം, താംബൂലം ചവയ്ക്കുന്നതിന് മനസ്സിനു സന്തോഷം തരുന്നതിനാല്‍ വെറ്റിലയും കമുകും കൃഷി ചെയ്യണം തുടങ്ങിയ നിരവധി വിശ്വാസങ്ങള്‍ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. കാര്‍ഷിക വൃത്തിയില്‍ ആളുകളെ ഉറപ്പിച്ചുനിര്‍ത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കലാവണം ഇത്തരം വിശ്വാസങ്ങളുടെ വ്യാപനത്തിന് വഴിവെച്ചതെന്ന് അനുമാനിക്കാം.

അതെന്തായാലും പരിസ്ഥിതിക്ക് അധികബാധ്യത ഏല്‍പ്പിക്കാത്ത, വിവിധ സസ്യജാലങ്ങള്‍ ഉള്‍പ്പെട്ട സമ്യക്കും സംയോജിതവുമായ കൃഷി സങ്കല്പമായിരുന്നു ആദ്യകാലത്ത് ഇവിടെ നിലനിന്നിരുന്നതെന്ന് അനുമാനിക്കാനാകും. പരിസ്ഥിതിക്കു പരിക്കേല്‍പ്പിക്കാതെ ആവശ്യങ്ങളുടെ അനുപേക്ഷണീയത അനുഭവങ്ങളുടെ പരിചയ സമ്പന്നതയാല്‍ ക്രീയാത്മകമാക്കുകയെന്ന സാമാന്യതത്വമാണ് അക്കാലത്ത് സംഭവിച്ചിരുന്നതെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. ഇന്നാളുകളില്‍ നമുക്ക് കൈമോശം വരുന്നതും അത് തന്നെയാണെന്ന് പ്രളയം പോലുള്ള ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പറയാതെ പറയുന്നു.

(അവലംബം:
1.പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം, പി. ഭാസ്‌കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
2. മലയാള സംസ്‌കാരം കാഴ്ചയും കാഴ്ചപ്പാടും, ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം.
3. നമ്മുടെ സമൂഹം, നമ്മുടെ സാഹിത്യം, വോള്യം 1, 4, കേരള സാഹിത്യ അക്കാദമി, തൃശൂര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍