UPDATES

മ്യൂസ് മേരി

കാഴ്ചപ്പാട്

മെര്‍ക്കുറി

മ്യൂസ് മേരി

നോമ്പ്, പാതിരാക്കുര്‍ബാന, അപ്പം, ഇറച്ചി, അരയ്ക്കല്‍, വറക്കല്‍, പുല്‍ക്കൂട്ടിലെ ഉണ്ണീശോകള്‍; മ്യൂസ് മേരിയുടെ കാഞ്ഞിരപ്പള്ളി ക്രിസ്തുമസ്

ബീഡിപ്പടക്കവും ഓലപ്പടക്കവും കമ്പിത്തിരീം ലാത്തിരിയും കത്തിയമര്‍ന്ന രാത്രിക്ക് ശേഷം, പൊട്ടാസു വാങ്ങി കല്ലില്‍ വച്ച് ഇടിച്ച് കുഞ്ഞുപടക്കത്തിന്റെ നിര്‍വൃതി കണ്ടെത്തിയ കുരുന്നുകള്‍

”ദേ ഇച്ചിര വെണ്ണഞ്ചും കൂടി വാങ്ങിച്ചോ, റോസമ്മേടെ മാപ്ലയ്ക്ക് വെണ്ണഞ്ചും കപ്പേം കൂടി വേയിച്ചത് വെല്യ കാര്യവാ”, ക്രിസ്മസ് തലേന്ന് പിറ്റേന്നത്തേയ്ക്ക് വേണ്ടുന്ന എറച്ചി വാങ്ങിക്കാനെറങ്ങുമ്പം ഏലിയാമ്മച്ചേടത്തി വിളിച്ചുപറഞ്ഞു. കുഞ്ഞൂട്ടിച്ചേട്ടന് വല്ലോടത്തോട്ടും എറങ്ങുമ്പം പുറകീന്നു വിളിക്കുന്നത് തീരെ ഇഷ്ടമില്ല. നല്ല കലി വന്നെങ്കിലും കുത്തുകല്ലിറങ്ങുന്നതിനു മുന്‍പ് പെണ്ണുമ്പിള്ളേ തിരിഞ്ഞൊന്നു കടുപ്പിച്ചു നോക്കുക മാത്രം ചെയ്തു. ദേഷ്യപ്പെട്ട് ഒന്നും പറഞ്ഞില്ല. നല്ലോരു ദിവസമല്ലേ. ആണ്‍മക്കളും കെട്ടിച്ചുവിട്ട പെണ്‍മക്കളൊക്കെ വന്നിട്ടുണ്ട്. ഇപ്പോള്‍ ഒച്ചയിടുന്നത് ശരിയല്ലെന്നുള്ള വിവേകമൊക്കെ വന്നിട്ടുണ്ട്. കിണറ്റുംകരേലെ വര്‍ക്കീടെ വീട്ടില്‍ ഒരു മൂരിയെ കൊല്ലുന്നുണ്ട്. അതിന്റെ പങ്കു വേണംന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു അഞ്ചാറു കിലോ എറച്ചീം, കൊറച്ച് കരളും പിന്നെ കുറച്ച് വെണ്ണഞ്ചും വാങ്ങണമെന്ന് കരുതിക്കൊണ്ടാണ് വീട്ടീന്ന് എറങ്ങിയത്. (വെണ്ണഞ്ച് എന്നു പറയുന്നത് ഇറച്ചീം എല്ലും കൂടി വെട്ടിയെടുക്കുന്നതാണ്. വാരിയെല്ലും കാലിന്റെ എല്ലുമൊക്കെ ഇങ്ങനെ പറയാറുണ്ട്). അപ്പോഴാണ് ഏലിയാമ്മേടെ പ്രത്യേക നിര്‍ദ്ദേശം. എത്ര പറഞ്ഞാലും എന്തേലും ഒരു നല്ല കാര്യത്തിനിറങ്ങുമ്പം പിറകീന്ന് വിളിച്ച് എന്തേലും പറയാതിരിക്കാനവള്‍ക്ക് പറ്റില്ല. എത്ര കാലമായിട്ട് ഇത് കാണുന്നതാ. കൂഞ്ഞൂട്ടിച്ചേട്ടന്റെ ദേഷ്യം വെയിലു തെളിയുമ്പോള്‍ ധനുമാസക്കുളിര് മായുംപോലെ പതുക്കെ മാറി.

അഞ്ചെട്ടുപേരുകൂടി ഒരു ഇടത്തരം മൂരിയെ ക്രിസ്മസിന്റെ അന്നത്തേക്ക് രണ്ടുമാസം മുന്‍പേ പറഞ്ഞുവച്ചതാണ്. ക്രിസ്തുമസിനും ഈസ്റ്ററിനുമൊക്കെ ഇതു പതിവാണ്. ഇങ്ങനെ പങ്കിട്ട് പോത്തിനേം ആടിനേം പന്നിയേം മൂരിയേയുമൊക്കെ വെട്ടിയിട്ട് പങ്കുപറഞ്ഞോരും അവരോട് പിന്നെ ഇറച്ചി വേണമെന്ന് പറഞ്ഞോരുമൊക്കെച്ചേര്‍ന്ന് ഇറച്ചി പങ്കിട്ടെടുക്കുന്ന രീതി ഇറച്ചിക്കട വ്യാപാരത്തിന് പുറമേ ഉണ്ടായിരുന്നു. ഇറച്ചിയുടെ വിലയും കൊല്ലലിനൊക്കെയുള്ള ചെലവും പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. നാടന്‍ ഇറച്ചീടെ രുചി ഓര്‍ക്കുമ്പം കുറച്ചു കഷ്ടപ്പെട്ടാലും പങ്ക് നടത്താമെന്ന് നിശ്ചയിക്കുന്നവര്‍ അന്നൊക്കെ കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായിരുന്നു.

പങ്കെറച്ചിയുമായി കൂഞ്ഞൂട്ടിച്ചേട്ടന്‍ വരുന്നതിനുമുന്‍പുതന്നെ അതു കറിവയ്ക്കാന്‍ വേണ്ടുന്ന ‘അനുതാരി’കളൊക്കെ ശരിയാക്കി വച്ചിട്ടുണ്ടാവും. കുരുമുളകും മല്ലീം മൊളകും മഞ്ഞളും മസിലാ (ഗരംമസാല)യുമൊക്കെ വറത്ത് കല്ലിലരച്ചോ, ഉരലില്‍ പൊടിച്ചിട്ട് അരച്ചോ ഒക്കെ റെഡിയാക്കി വയ്ക്കും. തേങ്ങാ കൊത്തിയത്, ഉള്ളി ഇത്തിരി കട്ടിയില്‍ അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത് ഒക്കെ ചട്ടീലെണ്ണ ഒഴിച്ച് വഴറ്റി, മസാല അരച്ചതും ചേര്‍ത്ത് മൂപ്പിച്ച് വെച്ചതിലോട്ട് ഇറച്ചി നുറുക്കിയതും ഉപ്പുമിട്ട് തിളച്ചുതിളച്ച് വേകണം. വല്യ ഉരുളിച്ചട്ടീക്കെടന്ന് അരപ്പിലങ്ങനെ പുതഞ്ഞ് ഇറച്ചി വെന്തുവെന്തു വരുന്നതിന്റെ മണം ദൂരേന്നേ കിട്ടും. അഞ്ചെട്ടുകിലോ ഇറച്ചി കൊണ്ടുവന്നാല്‍ മൂന്നാലു കിലോ ഞുറുക്കി എടുക്കും. ഒരു പ്രത്യേക രീതിയിലാണ് നുറുക്കല്‍. ഒരു കണ്ണന്‍ചെരട്ട കമഴ്ത്തിവച്ചിട്ട് അതിന്റെ മുകളില്‍ കത്തി വായ്ത്തല മുകളില്‍ വരത്തക്കവിധം വയ്ക്കും. എന്നിട്ട് കുത്തിയിരിക്കുന്ന അല്ലെങ്കില്‍ കൊരണ്ടിയില്‍ ഇരിക്കുന്ന ആളിന്റെ കാലിന്റെ തള്ളവിരല്‍ കൊണ്ട് ചവിട്ടി ഈ കത്തിയെ ബാലന്‍സ് ചെയ്തുവയ്ക്കും. എന്നിട്ടാണ് ഇറച്ചി ഞുറുക്കല്‍. ആ രീതിയില്‍ രണ്ടുമൂന്നുപേരിരുന്ന് വേഗന്ന് വേഗന്ന് ഇറച്ചി അരിയും. ഇറച്ചി അരിയുക എന്ന വാക്ക് ഉപയോഗിക്കാറില്ല. ഇറച്ചി ‘ഞുറുക്കലാ’ണ് സംഭവിക്കുന്നത്. അത് കഴുകി വാരിയെടുത്ത് മൂപ്പിച്ച് വച്ചിരിക്കുന്ന അരപ്പിലോട്ടിട്ട് അവിടെക്കിടന്ന് അത് വെന്തുവെന്ത് ചാറുപറ്റണം. എന്നാലേ പിറ്റേന്നത്തേയ്ക്ക് വളിച്ചുപോകാതിരിക്കത്തൊള്ളൂ. ആടിന്റെയോ മൂരീടെയോ ഒക്കെ കരളും വാങ്ങിക്കും. കരള് ചെറുതായി ഞുറുക്കി കഴുകി മസിലായും കുരുമുളക് പൊടിച്ചതും വഴറ്റി വെളുത്തുള്ളീം ഇഞ്ചീം ചേര്‍ത്ത് തിളച്ചുകഴിയുമ്പോഴേ ഉപ്പ് ചേര്‍ക്കാവൂ. ഇല്ലെങ്കില്‍ കരള് കല്ലിച്ചുപോകും. വേകാന്‍ താമസിക്കും. അതില്‍ കുറച്ചു നെയ്യ് ചേര്‍ത്ത് മൂപ്പിച്ച് എടുത്താല്‍ നല്ല രുചിയാണ്. മക്കളില്‍ കൂടുതല്‍ മെലിഞ്ഞും ഉണങ്ങീം ഇരിക്കുന്നോരെ വിളിച്ച് ഒതുക്കത്തില്‍ കരള് വറത്തത് അമ്മച്ചിമാര്‍ ആദ്യം കൊടുക്കും. ബാക്കി പൊതു ഫണ്ടിലേയ്ക്ക് മാറ്റിവയ്ക്കും. നോക്കിനില്‍ക്കെ ആള്‍ക്കാരത് പെറുക്കിത്തിന്നും.

പോര്‍ക്ക് മിന്താലു എന്നൊക്കെപ്പറയുന്നത് പരിഷ്‌കാരിപ്പേരാണ്. മിന്താലു മിന്താലുന്നൊന്നും പറയത്തില്ലെങ്കില്‍ പന്നിപ്പെരളന്‍ വയ്ക്കാന്‍ ഏലിയാമ്മച്ചേടത്തി മിടുക്കിയാണ്. പന്നി എന്ന് പറയാറില്ല. ‘കുട്ട’ എന്നാണ് സാധാരണ പറയാറ്. ക്രിസ്തുമസ്, ഈസ്റ്റര്‍ക്കാലത്തേയ്ക്ക് പാകമെത്തി നില്‍ക്കുന്ന കുട്ടകള്‍ ഉണ്ടാവും. പന്നിയെറച്ചി ഞുറുക്കിക്കഴിഞ്ഞാല്‍ പിന്നെ അടുപ്പേ വച്ച് അതിന്റെ നെയ്യ് കുറെ ഉരുക്കിക്കളയണം. ആ നെയ്യ് എടുത്ത് സൂക്ഷിച്ചുവയ്ക്കും. ഉപ്പേരിക്കപ്പ വറക്കാനൊക്കെ അത് ഉപകരിക്കും. മൂരിയെറച്ചി കഴിക്കാന്‍ മേലാത്ത അരിയസുകാര്‍ക്ക് (അര്‍ശസ്) പന്നി കഴിക്കാം. അങ്ങനെ മറ്റൊരു ചട്ടിയില്‍ പന്നി തിളയ്ക്കും, വെന്തു പറ്റും, നെയ്യാറ്റി മൊരിച്ച് ആള്‍ക്കാരെ കാത്ത് അതും റെഡിയാകും.

ആട്ടിറച്ചി ആണെങ്കില്‍ ‘ഷ്ടൂ’ വയ്ക്കാനാണ് താത്പര്യം. താറാവുണ്ടെങ്കില്‍ അതും ‘ഷ്ടൂ’ വയ്ക്കും. തേങ്ങാപ്പാലില്‍ കിടന്ന് വെന്ത് കൊഴുത്ത് വെളുത്ത് ഇരിക്കുന്ന ആട് വെള്ളേപ്പത്തിന്റെയോ പാലപ്പത്തിന്റെയോ കൂടെ ഒറ്റപ്പിടുത്തത്തിനേ കാണത്തൊള്ളൂ. കൊതിയന്‍മാരേം വയറന്‍മാരേം ഒന്നുമെരുക്കി നിര്‍ത്തണങ്കില്‍ പോത്തോ മൂരിയോ തന്നെ വേണം. ആടിന്റെ തലേം നടേം കൂട്ടി സൂപ്പിട്ടു വയ്ക്കും. പെറ്റുകിടക്കുന്ന പെണ്‍മക്കള്‍ക്ക് അമ്മച്ചിമാര്‍ പ്രത്യേകമായി, ആരും കാണാതെ ഒതുക്കത്തില്‍ കൊടുക്കും. കൊതി മൂത്തുനടക്കുന്ന പിള്ളേരെങ്ങാനും കണ്ടാല്‍ ‘വയറ്റുകണ്ണി’ക്ക് കണ്ണുകിട്ടുമല്ലോ. പിന്നെ, പെണ്ണിന് ദഹനക്കേടൊക്കെ വരുമെന്ന പേടിയാണ് അമ്മച്ചിമാര്‍ക്ക്. അടുക്കളക്കോണിലോ, തൊട്ടിമുറീലോ ഒക്കെ വച്ച് ആരുമാരും അറിയാതെ ആ ജനക്കൂട്ടത്തിനിടയിലും അമ്മച്ചിമാര്‍ നല്ല കയ്യൊതുക്കത്തോടെ അതു ചെയ്തിരിക്കും.

വളര്‍ത്തുന്ന കോഴികളില്‍ രണ്ടുമൂന്നെണ്ണം എങ്കിലും അന്ന് ചട്ടീക്കേറും. മല്ലീം മൊളകും വറക്കുക, അരയ്ക്കുക, വറക്കുക, അരയ്ക്കുക… കെട്ടിച്ചുവിടാനുള്ളതും കെട്ടിവന്നതുമായ പെണ്ണുങ്ങള്‍ക്കൊക്കെ ഇതുതന്നെയായിരിക്കും പണി. എന്തോരെ അരച്ചാലാ – എല്ലാം ഒന്ന് അടുപ്പേക്കേറ്റാന്‍. മുട്ടയിടാറായ പിടക്കോഴീം കൂകാറായ പൂവനും- ഇതാണ് പരുവം. ഈ പരുവത്തിലൊള്ളതാണെങ്കി വേകാന്‍ എളുപ്പവും വെന്താല്‍ രുചിയുമാണ്. ഇങ്ങനെ ഓരോരോ രുചികളില്‍ ഇറച്ചികള്‍ വെന്തു പാകമാകുമ്പോള്‍ മറ്റൊരു പണി തകൃതിയായി മുന്നേറുന്നുണ്ടാകും.

കുഴിയുരലോ നിലയുരലോ ആണ് പ്രവര്‍ത്തനരംഗം. അഞ്ചാറു കിലോ പച്ചരി രാവിലെ തന്നെ വെള്ളത്തിലിട്ടു കുതിര്‍ത്തിട്ടുണ്ടാകും. ആ അരിയൊക്കെ കുട്ടയില്‍ വാരിവച്ചിട്ട് ഇടിച്ചുപൊടിക്കല്‍ ആരംഭിക്കും. പൊടിച്ച് വാരി അരിപ്പയില്‍ തെള്ളി, ഉരുളിയില്‍ മുക്കാല്‍ വേവു വറത്ത പൊടി ചൂടാറ്റി വയ്ക്കണം. പിന്നെ അതില്‍ കള്ളും കപ്പിയും (കപ്പി കാച്ചുക എന്നാല്‍ അരിപ്പൊടിയുടെ തരങ്ങ് അല്‍പം വെള്ളമൊഴിച്ച് തിളപ്പിച്ചെടുക്കുന്നത്) ചേര്‍ത്ത് കുഴയ്ക്കണം. പാലപ്പത്തിനാണെങ്കില്‍ ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം. വെള്ളേപ്പത്തിനാണെങ്കില്‍ / കള്ളപ്പത്തിനും, തേങ്ങായും ജീരകവും അരച്ചുചേര്‍ക്കണം. സന്ധ്യയ്ക്ക് കുഴച്ചു വച്ചാല്‍ മതി. വട്ടേപ്പത്തിനും നന്നായി തേങ്ങാ അരച്ചുചേര്‍ക്കണം. പാതിരാക്കുര്‍ബ്ബാന കഴിഞ്ഞാല്‍ പിന്നെ അപ്പംചുടല്‍ ‘മാമാങ്ക’മാണ്. അരി ഇടിച്ചുപൊടിക്കല്‍, കുഴയ്ക്കല്‍, അപ്പം ചുടല്‍ എല്ലാം അമ്മായിയമ്മ, മരുമക്കള്‍, പെണ്‍മക്കള്‍, നാത്തൂന്‍മാര്‍ ഒക്കെക്കൂടി ചെയ്തുതീര്‍ക്കണം എന്നാണ് വയ്പ്. 7, 8 മക്കളെങ്കിലും ഉള്ള വീട്ടില്‍ മക്കളും മരുമക്കളും കൊച്ചുമക്കളും നാത്തൂന്‍മാരും അളിയന്‍മാരും വല്യപ്പനും വല്യമ്മച്ചിയുമൊക്കെ ചേരുമ്പോള്‍ കഴിക്കാന്‍ എത്ര പേരുണ്ടാകും. എത്ര അപ്പം ഉണ്ടാക്കേണ്ടിവരും. ഓര്‍ത്താല്‍ ഇപ്പോള്‍ വിസ്മയം. ഇത്രയൊക്കെപ്പേര്‍ അന്നത്തെ തായ്‌പ്പെരേം ചായ്പ്പും വാരവും തിണ്ണയും അടുക്കളേം ഒരപ്പെരേം ഒക്കെയുള്ള വീട്ടില്‍ എങ്ങനെ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടാകും.

അമ്മച്ചിമാരുടെ പെരളിക്കിടയില്‍ കുഞ്ഞുങ്ങളായ തങ്കച്ചനും, ജോസുകുട്ടീം, ബേബിച്ചനും, ലിസീം, സാലീം, ജോളീമൊക്കെ പുല്‍ക്കൂടൊണ്ടാക്കുന്ന തിരക്കിലായിരിക്കും. ക്രിസ്തുമസ് സീസണില്‍ വളരുന്ന ഒരു പ്രത്യേകതരം പുല്ലാണ് ഉണ്ണീശോപ്പുല്ല്. അതുകൊണ്ടാണ് പുല്‍ക്കൂടുണ്ടാക്കുന്നത്. കനം കുറഞ്ഞ തടികള്‍ (കൊന്നത്തടി ഒക്കെപ്പോലുള്ളത്) കൊണ്ട് പുല്‍ക്കൂടിന്റെ ചട്ടം ഉണ്ടാക്കും. പിന്നെ ഉണ്ണിശോപ്പുല്ലുകൊണ്ട് അത് പൊതിയും. പുല്ലുമേഞ്ഞ – പുല്ലുകൊണ്ടു മറച്ച ഒന്നാന്തരം കുഞ്ഞുവീടുകള്‍. അത് തിണ്ണയുടെ ഒരു കോണില്‍ സ്ഥാപിക്കും. നെല്ലോ തിനയോ ഒക്കെ ചിരട്ടയിലോ ചെറിയ പാത്രത്തിലോ ഇട്ട് പാകി കിളിര്‍പ്പിച്ചതുകൊണ്ട് പുല്‍ക്കൂടിന്റെ പുറംഭാഗമൊക്കെ അലങ്കരിക്കും. പുല്‍ക്കൂട്ടില്‍ വൃത്തിയുള്ള തുണിവിരിച്ച് സന്ധ്യ കഴിയുമ്പോള്‍ മാതാവിന്റെയും യൗസേപ്പ് പിതാവിന്റെയും ഉണ്ണീശോയുടെയുമൊക്കെ ചെറിയ രൂപങ്ങള്‍ വയ്ക്കും. അലങ്കാരമികവില്‍ അഭിമാനപുളകിതരായി മൂത്തവര്‍ നോക്കിനില്‍ക്കുമ്പോള്‍ വകതിരിവില്ലാത്ത കുരുന്നുകള്‍ മാതാവിനെയും ഉണ്ണിശോയെയുമൊക്കെ പെറുക്കിക്കൊണ്ടുപോകും. മൂത്തവരുടെ കയ്യില്‍ നിന്ന് നല്ല കീറുകിട്ടാന്‍ വേറൊന്നും വേണ്ട. പിന്നെ, കാറിച്ച, കൂവിച്ച, മൂക്കൊലിപ്പിക്കല്‍, കണ്ണീരൊഴുക്കല്‍ തുടങ്ങിയവയുടെ അന്ത്യത്തില്‍ അമ്മച്ചിമാര്‍ രംഗപ്രവേശനം ചെയ്യും.

ആണ്‍പിള്ളാരൊക്കെ കൂടിച്ചേര്‍ന്നാണ് നക്ഷത്രവിളക്ക് ഉണ്ടാക്കുന്നത്. ഈറ്റപ്പൊളി നൂല്‍ക്കമ്പി കൊണ്ട് കെട്ടി നക്ഷത്രത്തിന്റെ അസ്ഥികൂടം നിര്‍മ്മിക്കും. ഗ്ലാസോ പേപ്പറോ വോയില്‍പേപ്പറോ കൊണ്ട് ഇതു പൊതിയും. റബ്ബര്‍പ്പാല് മുക്കിയാണ് മിക്കവരും അതൊട്ടിക്കുന്നത്. ചിലര്‍ പശയും ഉപയോഗിക്കും. നക്ഷത്രത്തിന് നടുക്ക് ചെറിയൊരു പീഠം പോലെ നക്ഷത്രത്തിനുള്ളില്‍ വിളക്കോ തിരിയോ വയ്ക്കാനാണത്. കാറ്റടിച്ച് ഇളകാത്ത വിധം അത് വയ്ക്കണം. ഇളകിയാല്‍ നക്ഷത്രത്തിന്റെ പേപ്പറുകള്‍ കരിഞ്ഞുപോകാം. ഇങ്ങനെ സെറ്റു ചെയ്ത നക്ഷത്രങ്ങള്‍ വലിയ റബ്ബര്‍മരത്തിന്റെയൊക്കെ മുകളില്‍ ഫിറ്റ് ചെയ്തുവയ്ക്കുന്ന ആണ്‍കുട്ടികളുടെ മിടുക്ക് സമ്മതിച്ചുകൊടുക്കേണ്ടതാണ്. പിന്നീട് ഇലക്ട്രിസിറ്റി വന്നപ്പോള്‍ വിളക്ക് ബള്‍ബിന് വഴി മാറി.

ഇരുപത്തഞ്ച് നോമ്പ് മിക്കവരും എടുക്കും. തിരുപ്പിറവി കാത്ത് നോമ്പെടുക്കുന്നവരാണ് വരുന്നത്. നോമ്പുവീടലിനുള്ള ഒരുക്കങ്ങളാണ് അപ്പമുണ്ടാക്കലും ഇറച്ചിക്കറി വയ്ക്കലുമൊക്കെ. എല്ലാ ദിവസവും അപ്പോം എറച്ചീമൊക്കെ ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒരു കാലത്തിന്റെ നടുമുറിയിലാണ് അരയ്ക്കലും പൊടിക്കലുമൊക്കെയുള്ള അടുക്കളയെ ഞാന്‍ പ്രതിഷ്ഠിക്കുന്നത്.
രാത്രിക്കുര്‍ബ്ബാന കഴിയാതെ പെണ്ണുങ്ങളൊന്നും നോമ്പു മുറിച്ചിരുന്നില്ല. ഇങ്ങനെ പറയുന്നത് ഒരു ലിംഗവിവേചനം അല്ലാട്ടോ. ആണുങ്ങളിലും ആണ്‍പിള്ളാരിലും ചിലരൊക്കെ ഇറച്ചി വേകുമ്പോള്‍ തൊട്ടുനക്കാനും ഇത്തിരി കോരിക്കൊണ്ടുപോകാനുമൊക്കെ ശ്രമിച്ചിരുന്നു. പകലത്തെ അധ്വാനമൊക്കെ കഴിഞ്ഞ് രാത്രി കുളിച്ച് ഇത്തിരി ഒന്നു കണ്ണടച്ചിട്ട് പാതിരാക്കുര്‍ബ്ബാനയ്ക്കു പോകും. കുന്നിറങ്ങീം കയ്യാല കേറീം വഴി നടന്ന് അവര്‍ പള്ളിയിലെത്തും, കുര്‍ബ്ബാന കാണും. പിന്നെ വന്ന് പലഹാരമുണ്ടാക്കല്‍ പരിപാടിയിലേയ്ക്ക് പ്രവേശിക്കും. റബ്ബര്‍പാലൊറയൊഴിക്കുന്ന ഡിഷിനടിയില്‍ കീ കൊടുക്കും. മൈദയും മുട്ടയും സോഡാപ്പൊടീം പഞ്ചസാരയുമൊക്കെ ചേര്‍ത്ത് കുഴച്ച് പരുവപ്പെടുത്തിയ മിശ്രിതം കിണ്ണത്തിലൊഴിച്ച് മുകളില്‍ അടച്ച് അതിന്റെ മുകളില്‍ വേറൊരു ഡിഷ് വച്ച് അതിന്റെ മുകളില്‍ കനലിട്ട് നാടന്‍കേക്ക് ഉണ്ടാക്കുന്ന പരിഷ്‌കാരി ചേടത്തിമാരും ഉണ്ടായിരുന്നു. ക്രിസ്മസ് പകല്‍ ഇത്തിരി ‘വാട്ടീസ്’ ഒക്കെ അടിച്ച് ഉലര്‍ത്തിറച്ചി ചവയ്ക്കുന്ന ചേട്ടന്‍മാര്‍ക്കരികില്‍ നില്‍ക്കുന്ന ചില സുന്ദരിച്ചേടത്തിമാരെയും മറക്കാന്‍ പറ്റുന്നില്ല. ബീഡിപ്പടക്കവും ഓലപ്പടക്കവും കമ്പിത്തിരീം ലാത്തിരിയും പൊട്ടിച്ചിതറിയ – കത്തിയമര്‍ന്ന രാത്രിക്ക് ശേഷം, പൊട്ടാസു വാങ്ങി കല്ലില്‍ വച്ച് ഇടിച്ച് കുഞ്ഞുപടക്കത്തിന്റെ നിര്‍വൃതി കണ്ടെത്തിയ കുരുന്നുകള്‍, സുകൃതജപവും ആശയടക്കവും വഴി ഉണ്ണീശോയ്ക്കായി മനസ്സില്‍ പുല്‍ക്കൂടു നിര്‍മ്മിച്ച പുണ്യങ്ങളുടെ നാള്‍വഴിയിലെ അനിയന്‍മാരും അനിയത്തിയും, ക്രിസ്മസ് രാത്രിയിലെ കുളിരും നിലാവും കരോള്‍പാട്ടുകാരും ഇങ്ങനെ ഓര്‍മ്മയുടെ കാലിഡോസ്‌കോപ്പില്‍ എത്ര രൂപങ്ങള്‍.

എങ്കിലും കാഞ്ഞിരപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് ഗ്ലാസ് ഹൗസില്‍ കയറി മാതാവ്, ഔസേപ്പിതാവ്, മാലാഖ എന്നിങ്ങനെ എല്ലാ രൂപങ്ങളുടെയും വില ചോദിച്ച് വിസ്മയിച്ച് ഒടുവില്‍ കയ്യിലെ ചില്ലറ കൊടുത്ത് രണ്ടു ചെറുരൂപങ്ങള്‍ വാങ്ങിനടക്കുന്ന ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. ഓര്‍മ്മ നഷ്ടമാകുംവരെ അവര്‍ കൂടെ നടക്കുന്നു. ക്രിസ്മസ് രാത്രിയിലെ ഇരട്ട നക്ഷത്രങ്ങള്‍ പോലെ.

മ്യൂസ് മേരി

മ്യൂസ് മേരി

ഓര്‍മകള്‍ക്ക് എല്ലായ്പ്പോഴും ഒരു രുചിയുണ്ട്, മണമുണ്ട്. കടന്നു പോന്നവര്‍, കൂടെയുള്ളവര്‍, യാത്രകളിലെ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. കുട്ടിക്കാലത്തില്‍ നിന്നും മുതിര്‍ച്ചയിലേക്കുള്ള ആ ദൂരം കടക്കുമ്പോള്‍ അറിയുന്നതൊക്കെ അനുഭവങ്ങളാണ്. മണം, സ്പര്‍ശം, രുചി, വിവിധ കേള്‍വികള്‍ അങ്ങനെ ജീവിതം അറിഞ്ഞ ചില അനുഭങ്ങളാണ് ഈ കുറിപ്പുകള്‍. കവി, ആലുവ യു.സി. കോളേജ് അധ്യാപിക. മെര്‍ക്കുറി.. ജീവിതത്തിന്റെ രസമാപിനി (എന്‍ബിഎസ്), സ്ത്രീയേ എനിക്കും നിനക്കും എന്ത്? (സിഎസ്എഫ് തിരുവല്ല), സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍ (കറന്‍റ് ബുക്സ്), ഉടലധികാരം (ഒലീവ്), ഡിസ്ഗ്രേസ് (വിവര്‍ത്തനം), ഇസ്പേട് റാണി, രഹസ്യേന്ദ്രിയങ്ങള്‍ (കവിത) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍