UPDATES

സിനിമ

ക്യാമറയ്ക്കെന്തിനാണ് വേറെ ലെന്‍സ്‌? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചോദിക്കുന്നു; പൂനെയുടെ വഴിയില്‍ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടും

അധികൃതരുടെ ഏറ്റവും വലിയ പ്രശ്നം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു താമസിക്കുന്ന ഹോസ്റ്റലുകള്‍; കുത്തഴിഞ്ഞ നിലയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) കഴിഞ്ഞാല്‍ പിന്നെ വരുന്ന രാജ്യത്തെ ഏറ്റവും പ്രമുഖമായ ചലച്ചിത്ര പഠന സ്ഥാപനമാണ് കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് ആര്‍ എഫ് ടി ഐ). കുറച്ച് ദിവസമായി ഇവിടെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്. ഹോസ്റ്റലുമായി ബന്ധപ്പെട്ട പ്രശനത്തിലാണ് സമരം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ എന്ന നിലയിലേയ്ക്ക് വരുന്നത്. ഇതുവരെ ഒരേ ഹോസ്റ്റലില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സെക്ഷനുകളാണുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ വേറെ ഹോസ്റ്റലിലേയ്ക്ക് മാറണം എന്ന ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് 14 വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ ഡിസ്മിസ് ചെയ്തു. ഇതോടെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

വിദ്യാര്‍ത്ഥികളുടെ പഠനവും ഡിപ്ലോമ ഫിലിം അടക്കമുള്ള കാര്യങ്ങളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം ഹോസ്റ്റല്‍ വേര്‍തിരിവും പെണ്‍കുട്ടിളെ ലക്ഷ്യം വച്ചുള്ള ലിംഗ വിവേചനവും സദാചാര പൊലീസിംഗ് മനോഭാവവുമെല്ലാം സമരത്തിന് പെട്ടെന്ന് തിരികൊളുത്തിയ കാര്യങ്ങള്‍ മാത്രമാണെന്നും രണ്ട് വര്‍ഷത്തോളമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബാധിച്ചിട്ടുള്ള നിരവധി പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലാണ് സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടും വരുന്നത്. ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടലുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2015ല്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായി ബിജെപി അനുഭാവിയും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതോടെയായിരുന്നു. വളരെ ലിബറല്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നു.

സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ലിബറല്‍ സ്വാഭാവവും സ്വതന്ത്രമായ അന്തരീക്ഷവും തകര്‍ക്കുക എന്ന സൂചന നല്‍കുന്നത് തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. പ്രശ്‌നങ്ങള്‍ക്ക് ആരോടാണ് പരാതി പറയേണ്ടതെന്ന് അറിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു വര്‍ഷത്തിലധികമായി ചെയര്‍പേഴ്‌സണില്ല. സംവിധായകന്‍ പാര്‍ത്ഥ ഘോഷ് ആയിരുന്നു ഏറ്റവും ഒടുവില്‍ ചെയര്‍മാനായത്. ഗവേണിംഗ് കൗണ്‍സിലും അക്കാഡമിക് കൗണ്‍സിലും കുത്തഴിഞ്ഞ രീതിയിലാണ്. 2015 ഡിസംബര്‍ മുതല്‍ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് ഉയര്‍ന്നത്. രണ്ട് തവണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്ന പ്രശസ്ത സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത, സത്യജിത് റേയുടെ മകനും സംവിധായകനുമായ സന്ദീപ് റേ തുടങ്ങിയവര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഡയറക്ടറായിരുന്ന ദേബാഞ്ജന്‍ ചക്രബര്‍ത്തി, രജിസ്ട്രാര്‍ അനിന്ദ്യ ആചാര്യ എന്നിവര്‍ക്ക് നേരെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്നു. ഇവര്‍ക്ക് രാജി വക്കേണ്ടി വന്നു.

1995ല്‍ തുടങ്ങിയ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ 25 വര്‍ഷം ഇല്ലാത്ത സദാചാര പൊലീസിംഗാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ സൗണ്ട് ഡിസൈന്‍ വിദ്യാര്‍ത്ഥിയും മലയാളിയുമായ ശബരി ദാസ് അഴിമുഖത്തോട് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് വെവ്വേറെ ഹോസ്റ്റല്‍ എന്ന തീരുമാനം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ എടുത്തത്. അക്കാഡമിക് കൌണ്‍സിലും ഗവേണിംഗ് കൌണ്‍സിലും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് കഴിയുന്ന കോ എഡ് ഹോസ്റ്റലുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നത് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സെക്ഷനുകള്‍). ലിംഗാടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ വേര്‍തിരിവ് ഏറ്റവുമൊടുവില്‍ സമരത്തിന് തിരികൊളുത്തി എന്നേയുള്ളൂ. മറ്റ് നിരവധി പ്രശ്നങ്ങളുടെ തുടര്‍ച്ചയാണിത്. കുടിവെള്ളം മുതല്‍ ഡിപ്ലോമ ഫിലിം വരെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ പറ്റാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്.”

2013ല്‍ ഇവിടെ ജോയിന്‍ ചെയ്ത ഞാന്‍ അഞ്ച് പ്രോജക്ടുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ ജൂനിയര്‍ ബാച്ചിന് ഒരു പ്രോജക്ട് കുറച്ച് നാല് പ്രോജക്ട് ആക്കി. അഞ്ച് ഒരു പ്രോജക്ടിന് മൂന്ന് ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. പ്രോജക്ട് ബജറ്റ് വെട്ടിക്കുറക്കുയും അക്കാഡമിക് ഫീസ് കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാന്‍ ചേര്‍ന്ന സമയത്ത് ട്യൂഷന്‍ ഫീയും ഹോസ്റ്റല്‍ ഫീയും ചേര്‍ന്ന് 35,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2014 മുതലുള്ള ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപയോളം ഫീസ് കൂടി. ഈ നിലയ്ക്ക് പോവുകയാണെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കോ മധ്യവര്‍ഗക്കാര്‍ക്കോ പഠിക്കാന്‍ പറ്റാത്ത ഇടമായി ഇത് മാറും. Hostel segregation എന്ന പ്രശ്‌നത്തേക്കാളും വലിയ വിഷയങ്ങളാണ് ഇവിടെയുള്ളത്. പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ മുറിയുണ്ടായിട്ട് പോലും അനുവദിക്കുന്നില്ല. ആ റൂമുകള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ് എന്ന് പറഞ്ഞ് ഒഴിച്ചിടുന്നു. ഹോസ്റ്റല്‍ അക്കമഡേഷന്‍ സൗകര്യം വാഗ്ദാനം ചെയ്തിട്ടാണ് ഈ പരിപാടി. എന്റെ മകള്‍ ആണ്‍കുട്ടികളോടൊപ്പം താമസിക്കില്ല, പ്രത്യേക ഹോസ്റ്റലിലേ താമസിക്കൂ എന്ന് പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങുന്ന പരിപാടി രജ്‌സ്ട്രാറിനുണ്ട്. കുടിക്കാന്‍ വെള്ളമില്ല, ടോയ്‌ലറ്റ് ഫ്‌ളഷ് വര്‍ക്ക് ചെയ്യുന്നില്ല എന്നൊക്കെ പരാതി പറയുന്നവരോട് ആദ്യം നീ ഹോസ്റ്റല്‍ ഒഴിയ്, എന്നിട്ട് ആലോചിക്കാം എന്ന് പറയുന്ന ആളുകളാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ഇതുവരെയില്ലാത്ത പുതിയ നിയമങ്ങളാണ് പുതിയ ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ഇതേക്കുറിച്ച് വിശദീകരണം ചോദിക്കുമ്പോള്‍ ഐ ആന്‍ ബി മിനിസ്ട്രിയുടെ നിര്‍ദ്ദേശമാണ് എന്നാണ് പറയുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതില്‍ വരെ അധികൃതര്‍ അസ്വസ്ഥത കാണിച്ച് തുടങ്ങിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യം അടക്കമുള്ള എന്ത് പ്രശ്‌നങ്ങളിലും കത്ത് നല്‍കുകയോ ഒഫീഷ്യലായി ഇവരെ സമീപിക്കാന്‍ ശ്രമിച്ചാലും ഡയറക്ടര്‍ അടക്കമുള്ള അധികൃതരുടെ മറുപടി ആദ്യം നിങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെ വേറെ താമസിക്കാന്‍ തുടങ്ങ്. എന്നിട്ട് നമുക്ക് പ്രശ്‌നം സംസാരിക്കാമെന്നാണ്. എന്റെ ഡിപ്ലോമ ഫിലിമും ഞാന്‍ എവിടെ താമസിക്കുന്നു എന്നതും തമ്മില്‍ എന്ത് ബന്ധം? വിദ്യാര്‍ത്ഥികള്‍ ഇവിടെ പണം കൊടുത്ത് പഠിക്കുമ്പോള്‍, അവരുടെ ഗൗരവമുള്ള പ്രശ്‌നങ്ങളും അക്കാഡമിക് വിഷയങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ പ്രശ്‌നം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ഹോസ്റ്റലുകളില്‍ താമസിക്കുന്നതാണ്.”

“അധ്യാപകരില്ലാത്തതടക്കമുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഉന്നയിച്ചു വരുന്നതാണ്. ഇത് തന്നെയാണ് ഇപ്പോളും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനൊപ്പം ഈ കോ എഡ് ഹോസ്റ്റല്‍ പ്രശ്‌നവും വന്നിരിക്കുന്നു. പുതിയ ഗവേണിംഗ് കൗണ്‍സില്‍ ഈ വര്‍ഷം മേയില്‍ വന്നതിന് ശേഷം പ്രശ്‌നങ്ങള്‍ രൂക്ഷമായി. നടപടിക്രമങ്ങള്‍ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. അക്കാഡമിക് കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച സ്റ്റുഡന്റ്‌സ് ബോഡി അംഗങ്ങളെ കൗണ്‍സില്‍ അംഗങ്ങള്‍ “നോ കമന്റ്‌സ്, ഷട്ട് അപ്പ്” എന്ന് പറഞ്ഞാണ് പുറത്താക്കിയത്. ഇതൊന്നും നിങ്ങളോട് സംസാരിക്കേണ്ട കാര്യമില്ലെന്നാണ് പറയുന്നത്.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ സിലബസ് പരിഷ്‌കരണ പ്രശ്‌നവും അധ്യാപകരുടെ അഭാവവും സ്ഥിരം നിയമനമില്ലാതെ കരാറടിസ്ഥാനത്തില്‍ മാത്രം അധ്യാപകരെ വയ്ക്കുന്നതും കരാര്‍ അധ്യാപകര്‍ക്ക് മതിയായ ശമ്പളം ലഭിക്കാത്തതുമായ പ്രശ്‌നങ്ങളെല്ലാം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പുതുതായി ചുമതലയേറ്റ ചെയര്‍മാന്‍ അനുപം ഖേറിന് വിദ്യാര്‍ത്ഥികള്‍ കത്ത് നല്‍കിയിരിക്കുന്നത്. സ്ഥിരം അധ്യാപകരുടെ പ്രശ്‌നം സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിനേയും ബാധിച്ചിട്ടുണ്ട്. എച്ച്ഒഡി മാരും അസോസിയേറ്റഡ് പ്രൊഫസര്‍മാരും മാത്രമാണ് സ്ഥിരം ജീവനക്കാര്‍. അസിസ്റ്റന്റ് പ്രൊഫസര്‍മാരെല്ലാം കരാറടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ചെയര്‍മാന്‍ ഇല്ലാത്തതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷെ ആരോടാണ് ഇതൊക്കെ പറയേണ്ടത്. ഐ ആന്‍ ബി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇവിടെ വന്നപ്പോള്‍ അവരോട് ഈ പ്രശ്‌നങ്ങളെല്ലാം പറഞ്ഞതാണ്. പല തവണ പരാതികള്‍ ഇ മെയിലായി അയച്ചു. ഏഴെട്ട് മാസത്തോളം ചെയര്‍മാനും ഡയറക്ടറും രജിസ്ട്രാറും ഡീനും ഒന്നുമില്ലാതെ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ട് പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. എച്ച്ഒഡിമാര്‍ താല്‍ക്കാലിക ചുമതല വഹിക്കുകയായിരുന്നു.”

കഴിഞ്ഞ അഞ്ച് മാസമായി ഡീന്‍, പ്രോക്ടര്‍, ഡയറക്ടര്‍ തുടങ്ങിയവരെല്ലാരുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ ആരും തയ്യാറല്ല. “ഞങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളാണ്” എന്നാണ് ഇവരെല്ലാവരും പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഡയറക്ടറുമായി സംസാരിക്കാന്‍ കഴിഞ്ഞത്. കൊടുത്ത കത്തുകള്‍ എടുത്തെറിയുന്ന മനോഭാവമാണ് ഡയറക്ടറുടേത്. സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. സിനിമ എന്താണ് എന്നറിയാത്ത ഡയറക്ടറാണ് ഇപ്പോഴുള്ളത്. സിനിമ നിര്‍മ്മാണത്തെ കുറിച്ച്, അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. ഒരു സിനിമ ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് എന്തൊക്കെ വേണം, ആരൊക്കെ ആവശ്യമുണ്ട് എന്നറിയില്ല. എന്തിനാണ് വേറെ ലെന്‍സ്? ക്യാമറയുടെ കൂടെ ലെന്‍സുണ്ടാവില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. സര്‍ക്കാരിന് കീഴില്‍ വരുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് ഇങ്ങനെ ചോദിക്കുന്നത് എന്നോര്‍ക്കണം.”- ശബരി ദാസ് പറയുന്നു

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍