UPDATES

ട്രെന്‍ഡിങ്ങ്

മരിച്ചാല്‍ പോലും സ്വൈര്യം കൊടുക്കാതെ ആദിവാസിയുടെ ശവവും വില്‍ക്കുകയാണവര്‍; സി.കെ ജാനു പ്രതികരിക്കുന്നു

കിര്‍താഡ്‌സിന്റെ ചുമതലക്കാരായ സവര്‍ണര്‍ക്ക് ആദിവാസികളെക്കുറിച്ച് ഒരു സങ്കല്‍പ്പമുണ്ട്. ഇവര്‍ ഇങ്ങനെയായിരുന്നു, ഇങ്ങനെയാണ്, അങ്ങനെയേ ആകാവൂ എന്ന്- ഭാഗം 5

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു. ആ കൊലപാതകം ഉയര്‍ത്തിവിട്ട നിരവധി ചോദ്യങ്ങളുണ്ട്. അതിലൊന്ന് കിര്‍താഡ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതാണ്. പട്ടിണി, ആട്ടിപ്പായിക്കല്‍, കുടിയൊഴിപ്പിക്കല്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്ന ആദിവാസി ജനത മരിക്കാതിരിക്കാനായി പോരാട്ടം തുടരുമ്പോള്‍ കിര്‍താഡ്‌സ് പോലൊരു സ്ഥാപനം എന്ത് ചെയ്യുന്നു? സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള സംവിധാനം മാത്രമായി കിര്‍താഡ്‌സ് മാറിയോ? അഴിമുഖം അന്വേഷണം തുടരുന്നു. ഈ പരമ്പരയിലെ ആദ്യ നാലു റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം.

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം?

 ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി ‘സംരക്ഷിക്കപ്പെടേണ്ടവര്‍ 

കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്

തുടക്കം മുതല്‍ കിര്‍താഡ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനാത്മകമായ സമീപനം സ്വീകരിച്ചിരുന്നയാളാണ് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു. അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടതിനു ശേഷം ജാനു നടത്തിയ പ്രതികരണം.

കിര്‍താഡ്‌സ് യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നത്? ആദിവാസികളെക്കുറിച്ച് പഠനങ്ങള്‍ നടത്തുക, അത് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുക, പദ്ധതിയിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി അത് ശരിയായ വഴിക്കാക്കുക എന്നതൊക്കെയാണ് കിര്‍താഡ്‌സ് എന്ന സ്ഥാപനത്തിന്റെ പണി. അതവര്‍ ചെയ്യുന്നില്ല. പുറത്തുള്ള പല സംഭവങ്ങളിലും കിര്‍താഡ്‌സിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ ആളുകള്‍ക്ക് അത് നിഷേധിക്കപ്പെടുന്ന അവസ്ഥയുമുണ്ട്.  അത്തരം പഠനം നടത്താനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയാണ് അവിടെ നിയമിക്കുന്നതെന്നത് കൊണ്ടാണ് അതൊന്നും ഉണ്ടാവാത്തത്. ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഒക്കെ നടത്തി റിസര്‍ച്ച് ചെയ്യാന്‍ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളും അവിടെയില്ല. കുറച്ച് ആളുകളെ വച്ച് ശമ്പളം എഴുതി വാങ്ങി തൊഴിലില്ലായ്മ പരിഹരിക്കുന്നത് പോലുള്ള പരിപാടിയാണ് നടക്കുന്നത്. റിസര്‍ച്ചാണ് ആ സെന്ററിന്റെ ഉത്തരവാദിത്തം. അത് ചെയ്യാന്‍ നേരമില്ലാതെ ഇവരെന്ത് പണിയാണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്?

എന്നുമാത്രമല്ല, കിര്‍താഡ്‌സ് മൂലം ആദിവാസികള്‍ക്ക് ഒരുപാട് ദോഷകരമായ സംഗതികളാണ് വന്നുഭവിച്ചിട്ടുള്ളതെന്ന് പല സ്ഥലത്തും പോവുകയും ഇടപെടുകയും ചെയ്യുന്നതില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ളത്. ആദിവാസി ഭൂമിയുടെ പോലുള്ള വിഷയം ഉന്നയിക്കുമ്പോഴൊക്കെ, കിര്‍താഡ്‌സാണ് ശരിക്കും അതെല്ലാം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍ അതൊന്നും ചെയ്യുന്നില്ല. കിര്‍താഡ്‌സ് ശരിക്കും ആദിവാസികളെ ചൂഷണം ചെയ്യുന്ന ഒരു ഏജന്‍സിയായാണ് ഇപ്പോഴുള്ളത്. ആദിവാസികളെ സംരക്ഷിക്കേണ്ടവര്‍ അവരെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്കാണ് വന്നിരിക്കുന്നത്. ആദിവാസികളുടെ പേരില്‍ എഴുതി തയ്യാറാക്കി ഫണ്ട് വാങ്ങുന്നുണ്ട്. പുറമെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആദിവാസികള്‍ക്കായുള്ള സംരംഭങ്ങളും ആദിവാസികളെ ചൂഷണം ചെയ്യുന്നത് പോലെ തന്നെയാണ് കിര്‍താഡ്‌സും ആവര്‍ത്തിക്കുന്നത്. സത്യസന്ധമല്ലാത്ത ഏജന്‍സിയാണെന്ന് മനസ്സിലാക്കി ഞങ്ങള്‍ പലതവണ കിര്‍താഡ്‌സിന് മുന്നില്‍ സമരം ഇരിക്കണമെന്നൊക്കെ പലസമയത്തും തീരുമാനിച്ചതാണ്. സത്യത്തില്‍ കിര്‍താഡ്‌സിനെക്കുറിച്ച് ആദിവാസികള്‍ ഒന്ന് പഠിക്കണമെന്ന ധാരണ തന്നെയാണ് എനിക്കുള്ളത്. കിര്‍താഡ്‌സ് ആദിവാസികളെക്കുറിച്ച് പഠിക്കുക എന്നതിനപ്പുറത്തേക്ക് കിര്‍താഡ്‌സിനെക്കുറിച്ച് ഞങ്ങള്‍ ഒന്ന് പഠിക്കേണ്ടതുണ്ട്. ഇത് ആദിവാസികള്‍ക്കായി സ്ഥാപിച്ച സ്ഥാപനമാണ്. അതിന്റെ പേരില്‍ മാത്രമാണല്ലോ ആ ഉദ്യോഗസ്ഥരും കെട്ടിടവും ജീവനക്കാരും ഒക്കെയുള്ളത്. അവിടെയുള്ളവര്‍ ഇതിന്റെ പേരില്‍ മാത്രമാണല്ലോ ശമ്പളം വാങ്ങുന്നത്.

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

ആദിവാസി കലാരൂപങ്ങള്‍ പഠിപ്പിക്കാനും ഗദ്ദികയ്ക്കുമായാണ് ഇവര്‍ കോടികള്‍ ചെലവഴിക്കുന്നത്. ആദിവാസി നൃത്തവും ഗദ്ദികയുമൊക്കെ എങ്ങനെയാണ് ഇവര്‍ പഠിപ്പിക്കുക? അവര്‍ക്കത് അറിയുമോ? ആദിവാസി പാരമ്പര്യത്തിന്റെ ഭാഗമായ ആചാരങ്ങള്‍, കര്‍മ്മങ്ങള്‍, ഐഡന്റിറ്റി ഇതൊന്നും കിര്‍താഡ്‌സിനറിയില്ലല്ലോ? അത് ആദിവാസികളല്ലേ ചെയ്യുന്നത്. അത് കിര്‍താഡ്‌സ് എങ്ങനെ പഠിപ്പിക്കും? കിര്‍താഡ്‌സ് പഠിപ്പിച്ചാല്‍ തന്നെ അത് ആദിവാസികളുടെ ആചാരങ്ങളാവുമോ? ഇതില്‍ സംഭവിക്കുന്നതെന്താണെന്നുവച്ചാല്‍ ഇത്തരം ഏജന്‍സികള്‍ ഇടയ്ക്ക് കയറിയിട്ട് പാരമ്പര്യമായിട്ടുള്ള ആദിവാസികളുടെ ആചാരകര്‍മ്മങ്ങളുടെ സ്വത്വം ഇല്ലാതാക്കുകയാണ്. അതുകൊണ്ട് ഗദ്ദികയൊന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ അത് പഠിപ്പിക്കാന്‍ പാടില്ല. ഗദ്ദിക അടിയ സമുദായത്തിന്റെയാണ്. ഗദ്ദിക നടത്തുന്നത് ഞങ്ങളാണ്. ഗദ്ദിക കിര്‍താഡ്‌സിന് അറിയില്ല. അവര്‍ അവര്‍ക്ക് തോന്നുന്നത് പോലെ എന്തെങ്കിലും എഴുതിവച്ചിട്ട് പിന്നീട് അത് കാണുന്നയാളുകള്‍ അടിയരുടെ ഗദ്ദിക അതാണെന്നല്ലേ മനസ്സിലാക്കുക.

കിര്‍താഡ്‌സ്, അട്ടപ്പാടി മാത്രമൊന്ന് എടുക്കട്ടെ. അവിടെ ആദിവാസികളുടെ ഭൂമി കയ്യേറി കിര്‍താഡ്‌സിന് ഓഫീസ് ഉണ്ടാക്കാന്‍ പോവുന്നു എന്നാണ് ഞാന്‍ അറിയുന്നത്. അവിടെ ജനിക്കുന്ന ശിശുക്കളില്‍ ഭൂരിഭാഗവും മരിച്ചുപോവുന്നു. 95ല്‍ അവിടെയുണ്ടായിരുന്ന ആദിവാസികളുടെ എണ്ണത്തിന് ഗണ്യമായ തോതില്‍ കുറവ് വന്നിട്ടുണ്ട്. അന്ന് അറുപതിനായിരത്തോളം കുടുംബങ്ങളുടെ കണക്കാണ് പറയുന്നത്. ഇന്നത് ഇരുപത്തേഴായിരത്തിലേക്ക് കുറഞ്ഞ കണക്കാണ് നമുക്കുള്ളത്. എല്ലാ സ്ഥലത്തും ജനസംഖ്യ വര്‍ധിക്കുകയാണ്, ആദിവാസികളുടെ കാര്യത്തില്‍ മാത്രം അത് നേരെ തിരിച്ചാണ്. ആദിവാസികള്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള പഠനം നടത്തി, അത്തരം പഠനങ്ങള്‍ പുറത്തുകൊണ്ടുവന്ന്, അതിന്റെ കാരണക്കാര്‍ ആരാണ്, എന്താണ് എന്ന് റിപ്പോര്‍ട്ട് ചെയ്യുക എന്നതൊക്കെയല്ലേ കിര്‍താഡ്‌സ് ചെയ്യേണ്ടത്. അതിന് പകരം ഇവര് ആദിവാസികളുടെ ഗദ്ദിക പഠിപ്പിക്കാന്‍ പോവുകയാണോ? അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി ഏതാണ്ട് ഭൂരിഭാഗവും തട്ടിയെടുത്തുകഴിഞ്ഞു. കൃഷിയിറക്കാന്‍ പറ്റുന്ന, വിഭവങ്ങളും വെള്ളവുമൊക്കെ കിട്ടുന്ന ഭൂമി മറ്റുള്ളവരുടെ കയ്യിലിരിക്കുകയാണ്. എന്നിട്ടിപ്പോള്‍ കാക്കക്കിരിക്കാന്‍ കൊമ്പില്ലാത്ത വെറും മൊട്ടക്കുന്നുകള്‍ മാത്രമാണ് ആദിവാസികളുടെ കയ്യിലുള്ളത്. ഈ മൊട്ടക്കുന്നില്‍ ഒരു തുള്ളി വെള്ളം കിട്ടാനില്ല. ഏതാണ്ട് മരുഭൂമി പോലത്തെ പ്രദേശമായി അട്ടപ്പാടി മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ പുനരുജ്ജീവിപ്പിക്കാനും ആദിവാസികളുടെ പാരമ്പര്യ കൃഷിരീതി പുന:സ്ഥാപിക്കാനുമായുള്ള പദ്ധതികളാണ് അവര്‍ ഉണ്ടാക്കേണ്ടത്. അത്തരം പദ്ധതികളുണ്ടാക്കിയാല്‍ അവിടുത്തെ ജനത രക്ഷപെടില്ലേ? അതിന് പകരം ആദിവാസിയെ വിറ്റ് കാശാക്കുകയാണ് അവര്‍. ഒരു ബിസിനസ് ആയാണ് അവര്‍ ആദിവാസിയെ കാണുന്നത്. കിര്‍താഡ്‌സിനെ പിരിച്ചുവിടണമെന്നാണ് ഞാനൊക്കെ ആദ്യം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരു സംവിധാനമേ ഇവിടെ വേണ്ട.

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2

ആദിവാസികളെ വനവാസികളായാണ് അവര്‍ മനസ്സിലാക്കിയിരിക്കുന്നത്. കിര്‍താഡ്‌സിലുള്ളവര്‍ ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നതെന്ന് തോന്നുന്നു. കാടിനകത്ത് താമസിക്കുന്ന ആദിവാസികള്‍ ഇപ്പോള്‍ വളരെ കുറവാണ്. കാട്ടില്‍ നിന്ന് പുറത്തുവന്ന് ഗ്രാമങ്ങളും നഗരങ്ങളിലുമൊക്കെയാണ്. കാടിനകത്ത് ജീവിച്ചിരുന്നവരെ എന്നോ തന്നെ കുടിയിറക്കി. അതിന്റെ സെന്‍സസ് ആണ് കിര്‍താഡ്‌സ് ശരിക്കും എടുക്കേണ്ടത്. എത്ര പേരെ കുടിയിറക്കി? അവര്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കി? ഏതൊക്കെ കാലഘട്ടത്തിലാണ് കുടിയിറക്കിയത്? കുടിയിറക്കപ്പെട്ടതിന്റെ പേരില്‍ എന്തെല്ലാം ഭവിഷ്യത്തുകളാണ് അവര്‍ നേരിടേണ്ടി വന്നത്? അതുകൊണ്ട് അവരുടെ വംശീയമായ കാര്യങ്ങള്‍ക്ക് എന്താണ് തടസ്സമുണ്ടായിട്ടുള്ളത്? ഇത്തരം കാര്യങ്ങളാണ് ഇവര്‍ ചെയ്യേണ്ടത്. ഇതൊന്നും ചെയ്യാതെയാണ് കിര്‍താഡ്‌സ് നില്‍ക്കുന്നത്. ആദിവാസികളെക്കുറിച്ച് ഒരു സര്‍വേ, ജീവിതരീതിയെക്കുറിച്ചുള്ള പഠനം, ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്ത് പദ്ധതിയാണ് പ്രാദേശികമായി നടപ്പിലാക്കാന്‍ കഴിയുക എന്ന് നോക്കി ശുപാര്‍ശ ചെയ്യുക-അത്തരം കാര്യങ്ങളാണ് ശരിക്കും കിര്‍താഡ്‌സ് ചെയ്യേണ്ടത്.

ആദിവാസി മേഖലയിലെ ഭൂരിഭാഗം പേരും വിദ്യാഭ്യാസമില്ലാത്തവരാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലുള്ളവര്‍ കുറവാണ്. ഇപ്പോഴത്തെ തലമുറ കുറേയേറെ ഇതില്‍ നിന്ന് മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി ഒരു റിപ്പോര്‍ട്ട് ഇവര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഇടുക്കിയിലൊക്കെ പ്രത്യേകിച്ചും മുതുവ സമുദായത്തിലെ സ്ത്രീകള്‍ ആര്‍ത്തവകാലത്ത് വാലായ്മപുരകളിലാണ് താമസം. അത് കെട്ടിനന്നാക്കുകയോ ഒന്നുമുണ്ടാവില്ല. അങ്ങനെ അവിടെ പോയി നിന്നതിന്റെ ഫലമായി പല സ്ത്രീകളും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പഠനം നടത്താം. ഓരോ വിഭാഗത്തിലും എത്ര ആദിവാസികള്‍? വിവിധ കാലഘട്ടങ്ങളില്‍ ഇവര്‍ എത്രയായിരുന്നു? ഇപ്പോള്‍ എത്രയുണ്ട്? കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണമെന്താണ്? അങ്ങനെയുള്ള സംഭവങ്ങളെക്കുറിച്ചെല്ലാമാണ് കിര്‍താഡ്‌സ് റിസര്‍ച്ച് ചെയ്യേണ്ടത്. അതാണ് സര്‍ക്കാരിലേക്ക് ഇവര്‍ സമര്‍പ്പിക്കേണ്ടതും.

ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി ‘സംരക്ഷിക്കപ്പെടേണ്ടവര്‍’-ഭാഗം 3

ഇപ്പോള്‍ കേട്ടത് കിര്‍താഡ്‌സ് ആദിവാസികള്‍ക്ക് വേണ്ടി മ്യൂസിയം ഉണ്ടാക്കാന്‍ പോവുന്നെന്നാണ്. അവരെ അവിടെനിന്ന് അടിച്ച് പറത്തിക്കുകയാണ് ചെയ്യേണ്ടത്. ആദിവാസികള്‍ക്ക് മരിച്ചാലെങ്കിലും സ്വൈര്യം കൊടുക്കാതെ അവരുടെ ശവവും വിറ്റ് കാശ് മേടിക്കുന്ന പണിയാണ്. കിര്‍താഡ്‌സിന്റെ ചുമതലക്കാരായ സവര്‍ണര്‍ക്ക് ആദിവാസികളെക്കുറിച്ച് മനസ്സില്‍ ഒരു സങ്കല്‍പ്പമുണ്ട്. ഇവര്‍ ഇങ്ങനെയായിരുന്നു, ഇങ്ങനെയാണ്, അങ്ങനെയേ ആകാവൂ എന്നുള്ളത്. അപ്പോള്‍ അതിനനുസരിച്ചുള്ള പദ്ധതിയാണ് അവര്‍ പ്ലാന്‍ ചെയ്യുന്നത്. മ്യൂസിയം അവിടെ പണിതാല്‍ കിര്‍താഡ്‌സിനെ അടിച്ചുതകര്‍ക്കണം. അത് പിന്നെ അവിടെ നിലനിര്‍ത്തരുത്. ആദിവാസികള്‍ക്ക് മ്യൂസിയത്തില്‍ അങ്ങനെയൊരു ഇടം വേണ്ട. ആദിവാസികളെ അവര്‍ക്ക് മ്യൂസിയത്തിനകത്താണ് വേണ്ടത്. മ്യൂസിയമല്ല ആദിവാസികള്‍ക്കാവശ്യം. ആദിവാസികള്‍ മരിച്ചുതീരുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാതിരുന്നിട്ട് മരിച്ച് തീരുമ്പോള്‍ മ്യൂസിയം പണിയാന്‍ വന്നിരിക്കുന്നു.

മരിച്ചാല്‍ അടക്കാന്‍ ആറടി മണ്ണ് പോലും ഇല്ലാത്ത അവസ്ഥയാണ് ആദിവാസികള്‍ക്ക്. എന്നാലോ മരിച്ചുതീര്‍ന്നുകഴിയുമ്പോള്‍ മ്യൂസിയത്തിനായി ആരിയരക്കണക്കിനേക്കര്‍ കിട്ടുന്നു. ജീവനോടെ ഇരിക്കുമ്പോള്‍ ജീവിക്കാന്‍ വേണ്ടി അത് കൊടുത്തിരുന്നെങ്കിലോ? അവര്‍ മരിച്ചപ്പോള്‍ അടക്കം ചെയ്യാന്‍ ഇത് കൊടുത്തിരുന്നെങ്കിലോ? ഇതെല്ലാം കഴിഞ്ഞിട്ട് അവരുടെ പ്രതിമയുണ്ടാക്കി വച്ച് അതിന് ചുറ്റും കോണ്‍ക്രീറ്റ് മതിലും അതിന് മുകളില്‍ കമ്പി വേലിയും ഇട്ട് ഗേറ്റും ഉണ്ടാക്കി ഒരു ബോര്‍ഡും വച്ച് അതില്‍ ഇന്ന വിഭാഗമാണെന്ന് എഴുതിയും വച്ച് എന്നിട്ട് ആ ഗേറ്റിനകത്ത് സെക്യൂരിറ്റിയേയും നിര്‍ത്തി കാണാന്‍ വരുന്നവരില്‍ നിന്ന് അമ്പതും നൂറും വാങ്ങി പ്രതിമ കാണാന്‍ കടത്തിവിടുന്ന അവസ്ഥയാണ് കേരളത്തില്‍ കിര്‍താഡ്‌സിനെപ്പോലുള്ള സംവിധാനം ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് അവരുടെ പദ്ധതിയെന്ന് ഞാന്‍ ഇപ്പഴേ പറയാം. അതായത് ആദിവാസികള്‍ ജീവനോടെ ഇരുന്നാലും മരിച്ചാലും അവര്‍ കാശുണ്ടാക്കും.

കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍