UPDATES

പ്രളയം 2019

‘പന്ത്രണ്ടു മണിക്കൂറിൽ ഇരുന്നൂറു മില്ലി മീറ്റർ മഴ ഒരു പ്രത്യേക പ്രദേശത്തു പെയ്താൽ എത്ര വലിയ വനവിസ്തൃതി കൊണ്ടും അതിനെ പ്രതിരോധിക്കാനാകില്ല’-പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ് ഫൈസി/അഭിമുഖം

പ്രധാന കാരണങ്ങൾ ആഗോള താപനവും അത് സൃഷ്ടിക്കുന്ന വലിയ അളവിലുള്ള കാലാവസ്ഥാ വ്യതിയാനവും

കെ.എ ഷാജി

കെ.എ ഷാജി

തുടർച്ചയായി രണ്ടാം വർഷവും കേരളം അതിഭീകരമായ പ്രളയത്തിന്റെ പിടിയിലമരുമ്പോൾ അതിന്റെ കാരണങ്ങൾ അന്വേഷിക്കുക എന്നത് പെട്ടെന്നുള്ള പുനരധിവാസത്തിനും പുനർജീവിതത്തിനും മാത്രമല്ല മുന്നോട്ടുള്ള വികസന സമീപനങ്ങൾ ആവിഷ്കരിക്കുന്നതിനും വളരെ നിർണ്ണായകമാണ്. പ്രളയം ഒരു വാർഷിക പ്രതിഭാസമായി മാറുകയും നിരവധിയാളുകളുടെ ജീവനെടുക്കുകയും വലിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോൾ മുന്നോട്ടുള്ള ചുവടുവയ്പുകൾ ശ്രദ്ധയോടുകൂടിയവയാകണം. പ്രളയത്തിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ ഇത് മനുഷ്യനിര്‍മ്മിതം ആണെന്നതിൽ തർക്കമില്ല. പക്ഷെ വന വിസ്തൃതിയുടെ കുറയൽ, ജലത്തെ ആഗിരണം ചെയ്യാനുള്ള മണ്ണിന്റെ കഴിവില്ലായ്മ, ഭൂമി കയ്യേറ്റങ്ങൾ, പാറമടകൾ, അശാസ്ത്രീയമായ കെട്ടിട നിർമ്മാണ രീതികൾ, നീർത്തടം നികത്തലുകൾ തുടങ്ങി നിരവധിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഡാമുകളുടെ പങ്കും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ ഇവയുടെ എല്ലാം പങ്ക് ഭാഗികമാണ്‌ എന്നും യഥാർത്ഥ വില്ലൻ ആഗോള താപനവും അത് സൃഷ്ടിക്കുന്ന വലിയ അളവിലുള്ള കാലാവസ്ഥാ വ്യതിയാനവും ആണെന്നാണ് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കാലാവസ്ഥാ വിദഗ്ധനുമായ ഡോക്ടർ എസ് ഫൈസി പറയുന്നത്. ആഗോള പരിസ്ഥിതി നയരൂപീകരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ആഗോള പ്രസ്ഥാനങ്ങളിലും സജീവമായ ഫൈസി എത്തോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമാണ്. നിലവിൽ കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൈസി അഴിമുഖവുമായി സംസാരിക്കുന്നു.

തുടർച്ചയായ രണ്ടാം വർഷവും കേരളം പ്രളയത്തിന്റെ പിടിയിലമരുകയാണ്. വ്യാപകമായ നാശനഷ്ടങ്ങൾ. മരണങ്ങൾ. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. വനനശീകരണവും കയ്യേറ്റങ്ങളും മനുഷ്യരുടെ ആർത്തിയുമാണ് ഇതെല്ലാം വരുത്തിവയ്ക്കുന്നത് എന്നാണ് പൊതുവിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്താണ് വസ്തുത?

കാട്, പുഴകൾ, മലകൾ, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ മേലെല്ലാം അതികഠിനമായ ചൂഷണം കേരളത്തിൽ നടക്കുന്നുണ്ട്. സ്വാഭാവികമായും പ്രളയം ഉണ്ടാകുമ്പോൾ അത്തരം പ്രവർത്തനങ്ങളുടെ പ്രത്യഘാതം അതിൽ പ്രതിഫലിക്കുകയും ചെയ്യും. പ്രാദേശിക സമൂഹങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും അനിയന്ത്രിതമായ ചൂഷണങ്ങളും ദുരന്തങ്ങളുടെ ആഘാതം നിശ്ചയമായും കൂട്ടിയിട്ടുണ്ട്. എന്നാൽ കേരളം നിലവിൽ സാക്ഷ്യം വഹിക്കുന്ന പ്രളയത്തിന്റെ കാരണം വനവിസ്തൃതി കുറയുന്നതോ വയലുകൾ നികത്തപ്പെടുന്നതോ അല്ല. ഈ പറയുന്നതിനര്‍ത്ഥം കയ്യേറ്റക്കാരെയും ഭൂമാഫിയകളെയും ന്യായീകരിക്കുക എന്നതല്ല. തീർച്ചയായും അവരുടെ ഇടപെടലുകൾ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണം ആക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം വിവാദങ്ങൾക്കും പഴിചാരലുകൾക്കും ഇടയിൽ നമ്മൾ കാണാതെ പോകുന്നത് ആഗോള താപനം ഉയർത്തുന്ന വെല്ലുവിളിയാണ്. കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കേരളത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ചെറിയ കാരണങ്ങൾ തേടിപ്പോകുമ്പോൾ നമ്മൾ അഡ്രസ് ചെയ്യാൻ വിട്ടുപോകുന്ന വിഷയം ഇതാണ്. കേരളം ഇപ്പോൾ നേരിടുന്ന പ്രശ്നം ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമാണ്. അതിന്റെ കാരണങ്ങൾ ചികയുകയും ശാസ്ത്രീയവും നീണ്ടകാലത്തിലുള്ളതുമായ പ്രതിരോധങ്ങൾ ആവിഷ്കരിക്കുകയുമാണ് വേണ്ടത്. ശരിയായ രോഗ നിർണ്ണയവും ചികിത്സയുമാണ് വേണ്ടത്.

കേരളത്തിലെ വ്യാപകമായ പരിസ്ഥിതി നാശം ഒരു കാരണം ആകുന്നില്ല എന്നാണോ?

എന്നാരു പറഞ്ഞു. ആഗോളതാപനത്തിലേക്കും കാലാവസ്ഥാ വ്യതിയാനത്തിലേക്കും നയിക്കുന്ന പല ഘടകങ്ങളിൽ ഒന്ന് തന്നെയാണ് പരിസ്ഥിതി നാശം. അനിയന്ത്രിതമായ അളവിലുള്ള കാർബൺ വികിരണം പാശ്ചാത്യ ലോകം മാത്രമല്ല നമ്മുടെ രാജ്യവും നടത്തുന്നുണ്ട്. വ്യാവസായിക മേഖലയിലും ഗതാഗത മേഖലയിലും നമ്മളെടുക്കുന്ന പല നയങ്ങളായും സമീപനങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന് കരണമാകുന്നവയാണ്. കണക്കുകൾ വച്ച് നോക്കിയാൽ കേരളത്തിൽ വനവിസ്തൃതി സമീപ വർഷങ്ങളിൽ കൂടുകയാണ് ചെയ്തത്. കാടുകളുടെ മേലുള്ള ആസൂത്രിതമായ കയ്യേറ്റങ്ങൾ ഏതാണ്ട് പൂർണമായി ഇല്ലാതായി. പന്ത്രണ്ടു മണിക്കൂറിൽ ഇരുന്നൂറു മില്ലി മീറ്റർ മഴ ഒരു പ്രത്യേക പ്രദേശത്തു പെയ്താൽ എത്ര വലിയ വനവിസ്തൃതി കൊണ്ടും അതിനെ പ്രതിരോധിക്കാനാകില്ല. ആലത്തൂരും അട്ടപ്പാടിയിലും നിലമ്പൂരിലെ വായനാട്ടിലുമെല്ലാം നാനൂറിൽ അധികം മില്ലിമീറ്റർ മഴയാണ് പെയ്തത്. കൂടുതൽ വനം ഉണ്ടായിരുന്നുവെങ്കിൽ പ്രളയത്തെ പ്രതിരോധിക്കാൻ കഴിയുമായിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് പറയുന്നത് കാടുകൾ സംരക്ഷിക്കപ്പെടരുത് എന്നും കയ്യേറ്റം ചെയ്യപ്പെടണം എന്നുമുള്ള അർത്ഥങ്ങളിൽ അല്ല.

വെള്ളത്തെ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ കഴിവ് പലവിധ മനുഷ്യ ഇടപെടലുകളാൽ കുറഞ്ഞിരിക്കുന്നു എന്നും നിരീക്ഷണമുണ്ട്. ശരിയാണോ?

ഒരു വർഷത്തെ മഴയുടെ ഒമ്പതുമുതൽ പതിനഞ്ച് ശതമാനം വരെയാണ് മണ്ണിൽ കിനിഞ്ഞിറങ്ങുക. ബാക്കി ഒഴുകി പോകും. ലോകമെങ്ങും സംഭവിക്കുന്ന ഒരു കാര്യമാണത്. അതിവിടെയും സംഭവിക്കുന്നു. അതിൽ അസാധാരണത്വം ഒന്നുമില്ല.

കാലാവസ്ഥാ വ്യതിയാനം ആണ് വില്ലൻ എങ്കിൽ അതിനുള്ള പരിഹാരം എന്താണ്?

കേരളത്തിലെ സമൂഹമോ രാഷ്ട്രീയ പാർട്ടികളോ സർക്കാരോ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും പഠിക്കാൻ ശ്രമിച്ചിട്ടില്ല. വ്യാവസായിക ലോകത്തിന്റെ തിന്മകൾക്കും പാപങ്ങൾക്കും നമ്മൾ ഇരയാക്കപ്പെടുന്ന അവസ്ഥ ഇനിയെങ്കിലും നമ്മൾ ഗൗരവത്തോടെ കാണണം. ചെറിയ കാരണങ്ങൾ അന്വേഷിച്ചു പോകുമ്പോൾ നമ്മൾ മറന്നു പോകുന്നത് വലിയ കാര്യങ്ങളെയാണ്. പരിസ്ഥിതി വിനാശത്തിൽ വന്നുപെടുന്ന വലിയ കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി അവയുടെ പരിഹാരം തേടണം. വലിയ തോതിലുള്ള ഗവേഷണം അക്കാര്യത്തിൽ നടക്കണം. ദുരന്ത നിവാരണ അതോറിറ്റികൾക്കൊപ്പം ഈ മേഖലയിലെ ഗവേഷണങ്ങൾക്കും സർക്കാർ മുൻ‌തൂക്കം നൽകണം. അതിജീവനത്തിനുള്ള സാധ്യതകൾ അറിയണം. പ്രളയത്തെ അതിജീവിക്കുന്ന കൃഷി, അതിജീവനം, ഗൃഹനിർമ്മാണം, ഉപജീവനം, തൊഴിൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാം ഉണ്ടാകണം. ഇപ്പോഴത്തേത് ഒരു അസാധാരണ പ്രതിഭാസമാണ്. ആരും പ്രതീക്ഷിച്ചതോ പ്രവചിച്ചതോ അല്ല സംഭവിച്ചിരിക്കുന്നത്.

എന്താണ് പെട്ടെന്ന് ചെയ്യേണ്ടത്?

താത്കാലികവും ലളിതവുമായ ഉത്തരങ്ങളിൽ എത്തിച്ചേരുക എന്നതല്ല. മാറുന്ന കാലാവസ്ഥയെയും അതുണ്ടാക്കുന്ന പ്രവചനാതീതമായ പ്രത്യാഘാതങ്ങളെയും സംബന്ധിച്ച്ച്ച ശാസ്ത്രീയമായ അന്വേഷണങ്ങൾ മാത്രമേ പരിഹാരമാവുകയുള്ളു. അട്ടപ്പാടിയുടെ കാര്യം തന്നെയെടുക്കുക. കഴിഞ്ഞ തവണ പ്രളയം അവിടെ കാര്യമായ ആഘാതങ്ങൾ ഉണ്ടാക്കിയില്ല. ഇക്കുറി അവിടെ നാശനഷ്ടങ്ങൾ വലിയ തോതിലാണ്. ഒരു പാട് പരിസ്ഥിതി പുനഃസ്ഥാപിക്കൽ പ്രവർത്തനങ്ങൾ നടന്ന സ്ഥലമാണ് അട്ടപ്പാടി. മഴ ഏറ്റവും ദോഷകരമായി ബാധിച്ചത് നമ്മൾ പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളെയല്ല. അധികം പരിസ്ഥിതി നാശം ഉണ്ടാകാത്ത സ്ഥലങ്ങൾ പോലും വലിയ അളവിൽ ബാധിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ പരമ്പരാഗത ധാരണകളിലും സമീപനങ്ങളിലും വലിയൊരു പൊളിച്ചെഴുത്ത് ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.

ഇപ്പോഴത്തെ പ്രളയത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?

മറ്റുപലരും ചൂണ്ടികാണിച്ചതുപോലെ മഴയുടെ അളവ് കൂടി. ഒരു പ്രദേശത്തു ഒരു സമയത്തു പെയ്തിറങ്ങുന്ന മഴയുടെ അളവിൽ വലിയ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒരു മാസത്തെ മഴ ഒരു മണിക്കൂറിൽ ഒരിടത്തു പെയ്യുന്നു. മഴയുടെ അളവും രൂപവും സ്വഭാവവും ഓരോ സ്ഥലത്തും വ്യത്യസ്‍തമാണ്. പ്രളയങ്ങളെയോ സമാനമായ വലിയ ദുരന്തങ്ങളെയോ അതിജീവിക്കാൻ പോന്ന ഒരു സംവിധാനവും കേരളത്തിലില്ല. കേരളത്തിൽ മൊത്തം ഭൂവിസ്തൃതിയുടെ അറുപതു ശതമാനത്തിൽ മരങ്ങൾ ഉണ്ട്. ഇരുപത്തി മൂവ്വായിരത്തി ഇരുന്നൂറ്റി എൺപത് സ്ക്വയർ കിലോമീറ്ററുകളിൽ മരങ്ങൾ വളരുന്നു. അതിൽ കുറെ ഭാഗം വനങ്ങളാണ്. ബാക്കി സ്വകാര്യ ഭൂമികളിലെ മരങ്ങൾ. അഖിലേന്ത്യാ തലത്തിൽ ഇരുപത്തിരണ്ടു ശതമാനത്തിൽ താഴെയാണ് വനങ്ങളുടെയും വൃക്ഷങ്ങളുടെയും വിന്യാസം. കഴിഞ്ഞ രണ്ട് വർഷ കാലയളവിൽ 1043 സ്‌ക്വയർ കിലോമീറ്റർ മേഖലയിൽ മരങ്ങളുടെ വ്യാപ്തി കൂടി. തോട്ടങ്ങളിലെ മരങ്ങളുടെ എന്നതിലെ വർദ്ധനയാകാം അത്. ജലാശയങ്ങളുടെ എണ്ണത്തിലും ദേശീയ ശരാശരിയിലും നമ്മൾ ഏറെ മേലെയാണ്. കരിങ്കൽ ക്വാറികൾ സംസ്ഥാനത്തു പലയിടത്തും പ്രവർത്തിക്കുന്നുണ്ട്. അവ വലിയ പരിസ്ഥിതി-സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. എന്നാൽ പ്രളയത്തിന്റെ ഭാഗമായി സംഭവിക്കുന്ന ഉരുൾപൊട്ടലുകൾ നടക്കുന്നത് ക്വാറികളുടെ സമീപ പ്രദേശങ്ങളിൽ മാത്രമല്ല. ആഗോള താപനം ഇവിടെയെല്ലാം ഒരു അദൃശ്യ പ്രതിഭാസമായി നിൽക്കുന്നു.

പ്രളയങ്ങളുടെ ഇടവേളകൾക്ക് മാറ്റം വന്നിട്ടില്ലേ? ഇപ്പോഴത് വാർഷിക പ്രതിഭാസമായി മാറിയിരിക്കുന്നു.

ഫ്ളഡ് സൈക്കിൾ നൂറു വർഷത്തിൽ ഒരിക്കൽ എന്നതിൽ നിന്നും നാലഞ്ച് വർഷത്തിൽ ഒരിക്കൽ എന്നതിലേക്കും അവിടെ നിന്ന് പ്രതിവർഷം സംഭവിക്കുന്നത് എന്നതിലേക്കുമായി മാറിയിരിക്കുന്നു. ആശങ്ക ഉണർത്തുന്ന വിഷയമാണ്. കൂടുതൽ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണ്. കാലാവസ്ഥാ മാറ്റം കേരളത്തിൽ വളരെ പ്രകടമാണ്. മഴയുടെ സമയക്രമം പോലും മാറി. ഏഷ്യയിൽ മാത്രം നാല്പത്തിയെട്ടു ദശലക്ഷം ആളുകൾ പ്രളയബാധിതർ ആയി ഉണ്ടെന്നാണ് കണക്ക് . ലോകവ്യാപകമായി എണ്ണം വർധിക്കുകയാണ്. അമേരിക്കൻ ഐക്യ നാടുകളും വികസിതലോകവുമാണ് അനിയന്ത്രിതമായി ഉയരുന്ന കാർബൺ വികിരണത്തിനു ഉത്തരവാദികൾ. ആഭ്യന്തര തലത്തിൽ ഇന്ത്യ മൊത്തത്തിൽ തന്നെ ഈ ഒരു ഭീഷണിയെ വേണ്ടവിധം പരിഗണിച്ചിട്ടില്ല.

എന്തെല്ലാമാണ് ഏറ്റവും ആവശ്യമായ ചുവടുവയ്പുകൾ?

ആഗോള താപനത്തിന്റെ മുഴുവൻ കെടുതികൾക്കും കേരളത്തെ വിട്ടുകൊടുക്കുന്ന വികസിത രാജ്യങ്ങളുടെ താത്പര്യങ്ങൾ തിരിച്ചറിയണം. നമ്മുടെ ദുരിതങ്ങൾ പരിഹരിക്കാൻ ആഗോള സമൂഹത്തിനു ഉത്തരവാദിത്വം ഉണ്ട്. ആഗോളനിയമങ്ങൾ പ്രകാരം ദോഷം ഉണ്ടാക്കിയവർ പ്രതിവിധികൾക്കുള്ള ചെലവുകൾ വഹിക്കണം. അതേസമയം തന്നെ കേരളം അതിന്റെ പരിസ്ഥിതി സന്തുലനവും സുസ്ഥിരതയും ഉറപ്പാക്കണം. ദോഷകരമായ പദ്ധതികളിൽ നിന്നും സമീപനങ്ങളിൽ നിന്നും പിന്മാറണം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ അക്കാര്യത്തിൽ വലിയ പരാചയമാണ് എന്ന് പറയാതെ വയ്യ. ശാസ്ത്ര സാങ്കേതിക മേഖലകളെ സർക്കാർ കാര്യമായ അളവിൽ പുനസംഘടിപ്പിക്കണം.

Read More: കേരളത്തിലെ മൺസൂൺ കലണ്ടർ മാറുന്നു; പ്രളയത്തിന് കാരണം ഡാമുകളല്ല, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശം തിരിച്ചു പെയ്യുന്ന കനത്ത മഴയെന്നും കാലാവസ്ഥാ വിദഗ്ദ

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍