UPDATES

അശോകന്‍ ചരുവില്‍

കാഴ്ചപ്പാട്

Guest Column

അശോകന്‍ ചരുവില്‍

ഐ.എസ് ഇസ്ലാമല്ല എന്നതുപോലെ ആര്‍എസ്എസ് ഹിന്ദുവല്ല എന്ന് മതവിശ്വാസികള്‍ ഉറക്കെ വിളിച്ചു പറയണം

തലശ്ശേരി വര്‍ഗ്ഗീയലഹളക്കാലത്ത് മുസ്സീം പള്ളി സംരക്ഷിച്ച് രക്തസാക്ഷിയായ സഖാവ് കുഞ്ഞിരാമന്റെ മഹനീയ മാതൃക നമുക്കു മുന്നിലുണ്ട്.

യുക്തിവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ടാണ് എന്റെ പൊതുജീവിതം ആരംഭിക്കുന്നത്. ബാല്യത്തില്‍ തന്നെ ‘യുക്തിവാദി’ മാസിക സ്ഥിരമായി വായിച്ചിരുന്നു. മുത്തച്ഛനൊപ്പം എം.സി ജോസഫിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ട്. അദ്ദേഹം ഞങ്ങളുടെ വീട്ടിലും വന്നിട്ടുണ്ട്. തൃശൂരിലെ യുവ യുക്തിവാദികള്‍ റാഷണലിസ്റ്റ് യൂത്ത് ഫോറം രൂപീകരിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ അവരുടെ കൂടെ ഉണ്ടായിരുന്നു. അക്കാലത്ത് വാഞ്ചി ലോഡ്ജിലെ നാസ്തികന്‍ സണ്ണിയുടെ മുറിയില്‍ പലപ്പോഴും പോകാറുണ്ട്.

ഇന്ന് യുക്തിവാദികളും കേവല ഭൗതികവാദികളും അവരുടെ നിലപാടുകളില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. മതത്തിനും വിശ്വാസത്തിനുമെതിരെ പ്രചാരണം നടത്തേണ്ട സന്ദര്‍ഭമല്ല ഇത്. മതത്തെ ദുരുപയോഗം ചെയ്ത് അധികാരത്തില്‍ വന്നിരിക്കുന്ന ഫാസിസ്റ്റ് ശക്തിക്കെതിരേ യഥാര്‍ത്ഥ മതവിശ്വാസികള്‍ അടക്കമുള്ള സാമാന്യജനതയെ അണിനിരത്തേണ്ട ഘട്ടമാണ്. മതങ്ങളെക്കുറിച്ച് നാരായണഗുരുവിന്റെ വീക്ഷണം (സി.വി കുഞ്ഞിരാമനുമായി നടത്തിയ സംഭാഷണം) ആയിരിക്കും ഇവിടെ പ്രസക്തം.

മതത്തിലും ദൈവത്തിലുമുള്ള മനഷ്യന്റെ വിശ്വാസം വെറുതെ ഉണ്ടാകുന്നതല്ല. ബോധവത്കരണം കൊണ്ട് മാത്രം ഒഴിവാകുന്നതും അല്ല അത്. മതവിശ്വാസത്തിനാധാരമായ ഭൗതിക സാഹചര്യങ്ങള്‍ രാജ്യത്ത് (ലോകത്തു തന്നെ) നിലനില്‍ക്കുന്നു. മൂലധന വാഴ്ചയുടെ സംഹാരതാണ്ഡവം മനുഷ്യനെ ശാരീരികമായും മാനസികവുമായി തകര്‍ത്തിരിക്കുന്നു. പ്രതീക്ഷ നല്‍കിയിരുന്ന ശാസ്ത്രം ഇന്ന് മനുഷ്യശത്രുവായ മുതലാളിത്തത്തിന്റെ കയ്യിലെ പാവയാണ്. ജനാധിപത്യത്തിന്റെ വസന്തകാലം പ്രഖ്യാപിച്ചുകൊണ്ടു രംഗത്തു വന്ന വിവരസാങ്കേതികവിദ്യയെ സാമ്രാജ്യത്ത ആഗോളീകരണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായത്. ആധുനിക മെഡിക്കല്‍ സയന്‍സും വിദ്യാഭ്യാസവും ലാഭമുണ്ടാക്കാന്‍ മാത്രമുള്ള കച്ചവടമായി ഉപയോഗിക്കപ്പെടുന്നു. മനുഷ്യരാശിക്ക് വന്‍ പ്രതീക്ഷ നല്‍കി ഉദയം ചെയ്ത സോഷിലിസ്റ്റ് ലോകത്തിന്റെ തകര്‍ച്ച സാമാന്യജനങ്ങളിലുണ്ടാക്കിയ നൈരാശ്യവും കാണാതാരുന്നു കൂടാ.

ഇതൊക്കെയുണ്ടാക്കുന്ന ദു:ഖവും ആത്മവേദനയും ചെറുതല്ല. വലിയൊരു പങ്ക് ജനങ്ങളും പലവിധ നിരാശാരോഗങ്ങളുടെ പിടിയിലാണ്. ചിലര്‍ മദ്യപാനത്തിലും മയക്കുമരുന്നിലും സഹജീവികളോടുള്ള ക്രൂരതയിലും അഭയം കണ്ടെത്തുന്നു.

ഇവിടെയാണ്, കാള്‍ മാര്‍ക്‌സ് പറഞ്ഞതുപോലെ മതം അഭയമാകുന്നത്. ഇതൊരു അനിവാര്യതയാണ്.

ഇങ്ങനെ അനിവാര്യമാകുന്ന മതത്തെ ദുരുപയോഗം ചെയ്ത് അധികാരത്തിലെത്താനാണ് മതതീവ്രവാദത്തിന്റെ പരിശ്രമം. രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള മതതീവ്രവാദം (രാഷ്ട്രീയ മതം) യഥാര്‍ത്ഥ മതമല്ല എന്നു തിരിച്ചറിയുവാന്‍ സാധാരണ വിശ്വാസികള്‍ക്കു കഴിയുന്നില്ല എന്നതാണ് വര്‍ഗ്ഗീയവാദികളുടെ സൗകര്യം.

ഇവിടെ യഥാര്‍ത്ഥ മതമെന്ത്, രാഷ്ട്രീയ മതമെന്ത് എന്ന് തിരിച്ചറിവു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണം. മതാന്ധതയുടെ ലോകത്തിനു പുറത്തുവെച്ച് മതങ്ങളെ പഠിക്കുക എന്ന സമീപനമാണ് നാരായണഗുരു സ്വീകരിച്ചത്. അപ്പോള്‍ ആചാരങ്ങള്‍ക്കും കലര്‍പ്പുകള്‍ക്കും അപ്പുറമുള്ള സത്യം തെളിഞ്ഞു കിട്ടും. ആ സത്യം ഒരിക്കലും വിഭജനത്തെയോ വിദ്വേഷത്തെയോ അന്ധതയേയോ ന്യായീകരിക്കുന്നില്ല. ഓരോ ചരിത്ര ഘട്ടത്തിലും മനുഷ്യന്‍ അഭിമുഖീകരിച്ച പ്രതിസന്ധിയെ മറികടക്കാനാന്നാണ് മതങ്ങള്‍ ഉണ്ടായത്. ഹിന്ദുമതം ഒരു മതമല്ല എന്നു ഗുരു കണ്ടെത്തുന്നു. നിരവധി മതങ്ങളുടെ പരസ്പര സംവാദവും സംഘര്‍വുമാണത്. (അതിലെ സംവാദ സാധ്യതയില്ലാത്ത ഹിംസാത്മകമായ വൈദിക പൗരോഹിത്യ മതത്തെയാണ് രാഷ്ട്രീയ ഹിന്ദുത്വം പിന്‍പറ്റുന്നത്.) എല്ലാവരും എല്ലാ മതത്തിന്റെയും അവകാശികളാണെന്നു ഗുരു കണ്ടെത്തി. സ്‌നേഹം ലക്ഷ്യമാക്കുന്ന മതം, ദയ ലക്ഷ്യമാക്കുന്ന മതത്തിന്റെ വിശ്വാസിക്ക് എതിരാവുന്നതെങ്ങനെ? ‘എല്ലാവരും എല്ലാ മതവും പഠിക്കണം. അതില്‍ നിന്നു മനസ്സില്‍ ഉത്ഭൂതമാകുന്ന സാരാംശമാണ് ഞാന്‍ ഉദ്ദേശിക്കുന്ന ഏകമതം‘ – (ഒരു മതം).

ഇങ്ങനെയുള്ള സ്വതന്ത്രവും സമഗ്രവുമായ പഠനത്തിനു വേണ്ടിയാണ് നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം വിളിച്ചു ചേര്‍ത്തത്. ശിവഗിരിയില്‍ എല്ലാ മതങ്ങളും വിസ്തരിച്ചു പഠിപ്പിക്കുന്ന ഒരു സര്‍വ്വ മതപാഠശാല സ്ഥാപിക്കുവാന്‍ ഗുരു ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി പ്ലാനും സ്ഥലവും മൂലധനവും അദ്ദേഹം ഒരുക്കൂട്ടിയിരുന്നു. പക്ഷേ ഗുരു സമാധിയായതിന്റെ ചുളുവില്‍ അനുയായികള്‍ ആ പദ്ധതി ഉപേക്ഷിച്ചു.

ആത്മരക്ഷാര്‍ത്ഥം മതത്തെ ആഞ്ഞു പുല്‍കി നില്‍ക്കുന്ന സാധാരണക്കാരായ വിശ്വാസികളെയാണ് ഇന്ത്യയില്‍ രാഷ്ട്രീയ ഹിന്ദുത്വം അവലംബമാക്കുന്നത്. അതിന് വേണ്ടി അന്യമതസ്ഥരേയും മതവിരോധികളേയും അവര്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു. ഒരു മതവിരോധ പ്രസ്ഥാനമെന്ന തെറ്റായ ഇമേജ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായിട്ടുണ്ട്. അതില്‍ നിന്നു മുക്തമാകണം. മതത്തിനെതിരായല്ല; അതിനകത്തെ ചൂഷണത്തിന്നും ജാതി മേധാവിത്തത്തിനും എതിരായാണ് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും പൗരോഹിത്യ മേധാവിത്തത്തിനും എതിരായ പ്രചരണം തുടരുകയും അവയെ, മതത്തെ ദുരുപയോഗം ചെയ്യുന്ന വര്‍ഗ്ഗീയ രാഷ്ടീയക്കാര്‍ക്കെതിരായ പോരാട്ടവുമായി ബന്ധപ്പെടുത്തുകയും വേണം. ഐ.എസ്. ഇസ്ലാമല്ല എന്നതു പോലെ ആര്‍.എസ്.എസ്. ഹിന്ദുവല്ല എന്ന് മതവിശ്വാസികള്‍ ഉറക്കെ വിളിച്ചു പറയുന്ന ഒരു സന്ദര്‍ഭം തീര്‍ച്ചയായും ഉണ്ടാകും.

ക്ഷേത്രങ്ങളേയും പള്ളികളേയും അവയുമായി ബന്ധപ്പെട്ട കലകളേയും മതരാഷ്ട്രീയക്കാരില്‍ നിന്നും കലാപങ്ങളില്‍ നിന്നും സംരക്ഷിക്കണം. തലശ്ശേരി വര്‍ഗ്ഗീയലഹളക്കാലത്ത് മുസ്സീം പള്ളി സംരക്ഷിച്ച് രക്തസാക്ഷിയായ സഖാവ് കുഞ്ഞിരാമന്റെ മഹനീയ മാതൃക നമുക്കു മുന്നിലുണ്ട്. ഉത്സവങ്ങളും പെരുന്നാളുകളും മറ്റ് ആഘോഷങ്ങളും തീവ്രവാദ ബാധയേല്‍ക്കാതെ നോക്കണം. മതങ്ങളെ പരസ്പരം മാനിച്ചുകൊണ്ടുള്ള ആചാരങ്ങളുടെ മഹനീയമായ പാരമ്പര്യം കേരളീയ ഗ്രാമങ്ങള്‍ക്കുണ്ട്. അതു സംരക്ഷിക്കാന്‍ ഇടതുപക്ഷം തന്നെയാണ് മുന്‍കയ്യെടുക്കേണ്ടത്. പാവപ്പെട്ട മതവിശ്വാസികളെ തീവ്രവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഒരു പ്രവര്‍ത്തനവും മതേതര ജനാധിപത്യ വിശ്വാസികളില്‍ നിന്ന് ഉണ്ടാകരുത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അശോകന്‍ ചരുവില്‍

അശോകന്‍ ചരുവില്‍

ചെറുകഥാകൃത്ത്, നോവലിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍