UPDATES

ട്രെന്‍ഡിങ്ങ്

ഔദാര്യം പറ്റിയവര്‍ ആര്‍ക്കൊപ്പമെങ്കിലും നില്‍ക്കട്ടെ, അവള്‍ക്കൊപ്പം സാധാരണ ജനമുണ്ട്

സിനിമ മേഖലയിലെ ചുരുക്കം ചില സ്ത്രീകള്‍ മാത്രം ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നുള്ളൂ എന്നത് വേദനാജനകം തന്നെ

പതിനഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി, അവള്‍ സ്‌കൂളില്‍ പോകുന്നതും വരുന്നതും സ്വകാര്യ ബസിലാണ്, പലദിവസങ്ങളിലും തിങ്ങിനിറഞ്ഞു പോകുന്ന ബസുകളില്‍ സ്വന്തം ശരീരത്തിലേക്ക് കടന്നുവരുന്ന കയ്യേറ്റങ്ങള്‍ ചെറുക്കാന്‍ ഒരു സേഫ്റ്റി പിന്‍ മാത്രമായിരുന്നു അവളുടെ ആയുധം. കയ്യേറ്റങ്ങളോട് മൗനമാണ് നല്ല ശീലം എന്ന് പരിശീലിപ്പിക്കപ്പെട്ടവള്‍. ഒരിക്കല്‍ ഇതേ ബസ് യാത്രയില്‍ ചുരിദാറിന്റെ പിന്നില്‍ ഏതോ മനോരോഗി തന്റെ കാമം തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, കരഞ്ഞു കൊണ്ട് സ്‌റ്റോപ്പില്‍ ഇറങ്ങി നിന്നവള്‍, ചുറ്റും നിന്നവര്‍ പരിഹാസത്തോടെ ചിരിച്ചപ്പോള്‍ മിണ്ടാതെ വിഷാദത്തിന്റെ ആഴങ്ങളില്‍ അവള്‍ ഇറങ്ങി പോയി.

ചെറിയ പെണ്‍കുട്ടികളും, ചിലപ്പോള്‍ ആണ്‍കുട്ടികളും, സ്ത്രീകളും അടക്കമുള്ള മനുഷ്യര്‍ ഇത്തരം അനുഭവങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് ഒറ്റപ്പെട്ട വിഷയമല്ല. തിരക്കുള്ള ബസുകളില്‍ സ്ഥിരം യാത്ര ചെയുന്ന സ്ത്രീകള്‍ക്ക് ഇത്തരം പീഡാനുഭവങ്ങള്‍ സാധാരണമായിരിക്കണം. പലപ്പോഴും ശരീരത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വീരന്മാരുടെ അടുത്ത് നിന്നും മാറി നിന്നും മറഞ്ഞു നിന്നും എല്ലാം സ്വയമേ സംരക്ഷിക്കാന്‍ ശ്രമിക്കും എങ്കിലും, പലപ്പോഴും ഇത്തരം കയ്യേറ്റങ്ങള്‍ മാനസികമായി തളര്‍ത്തുക തന്നെ ചെയ്യും. അത്ഭുതം തോന്നിയിട്ടുണ്ട്, സേഫ്റ്റി പിന്‍ എന്ന ആയുധം കണ്ടുപിടിച്ചിരിക്കുന്നത് ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ വേണ്ടി തന്നയാണോ എന്ന്.

എന്ത് തന്നെയും ആകട്ടെ, സ്വന്തം ശരീരത്തിലേക്ക് ഉള്ള കടന്നുകയറ്റം അത് ലിംഗഭേദമന്യേ വേദനാജനകം തന്നെയാണ്. ഇത് അറിയാവുന്നതിനാല്‍ തന്നെയാണ് വാഹനത്തില്‍ വെച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാന്‍ കേരളത്തിലെ
ഭൂരിപക്ഷം ‘സാധാരണക്കാരും’ (താരങ്ങളുടെ ഭാഷയില്‍) മുന്നിട്ടു നില്‍ക്കുന്നത്. അവള്‍ മുന്‍പോട്ടു വച്ച ഒരു ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമുണ്ട്, ഇര അല്ല, ഈ ക്രൂരകൃത്യത്തെ അതിജീവിച്ചവളാണ് താന്‍ എന്ന സന്ദേശം; മുഖം മറയ്ക്കേണ്ടത്, ഇരുട്ടില്‍ ഒളിക്കേണ്ടത് താനല്ല മറിച്ച്, ഈ കുറ്റകൃത്യം ചെയ്ത, ചെയ്യിച്ച നികൃഷ്ട ജീവികളാണ് എന്ന സന്ദേശം. സൗമ്യയെ പോലെയോ, നിര്‍ഭയയെ പോലയോ അവള്‍ കൊല്ലപ്പെട്ടില്ല, ജീവിച്ചിരിപ്പുണ്ട്; അതുതന്നെയാണ് അവള്‍ക്കൊപ്പം നില്‍ക്കാന്‍ സാധരണക്കാരെ പ്രേരിപ്പിക്കുന്നത്; അല്ലാതെ അവള്‍ ഒരു നടി ആയതു കൊണ്ടല്ല.

ഇരയ്ക്കൊപ്പവും അതോടൊപ്പം തന്നെ പ്രതിക്കൊപ്പവും എന്ന് വിളിച്ചു കൂവുന്ന, അവളുടെ തൊഴില്‍ മേഖലയില്‍ തന്നെ ആധിപത്യം ഉറപ്പിച്ച ഭൂരിഭാഗം താരങ്ങളുടെയും ഭാഷയില്‍ ഇത് അവരുടെ കുടുംബപ്രശ്‌നമാണ്. ജനപ്രതിനിധികളും യുവജനങ്ങളുടെ ആരാധനാപാത്രങ്ങളും അടങ്ങുന്ന ഈ കൂട്ടത്തിന്റെ കാഴ്ചപ്പാടില്‍ ഇതിന് ഒരു സാമൂഹികപ്രസക്തിയും ഇല്ല. അവരെ സംബന്ധിച്ച് കുടുംബത്തിലെ ഒരു സഹോദരന്‍ മറ്റൊരു സഹോദരിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്താല്‍ അത് ഒരു കുടുംബസംഗമം കൂടി പറഞ്ഞു അവസാനിപ്പിക്കണം. അല്ലങ്കില്‍ ഇന്ന് പ്രതിയായി ജയിലില്‍ കിടക്കുന്ന നായകന്‍ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ച പോലെ, സഹോദരി മിണ്ടാതെയിരിക്കണം; അല്ലെങ്കില്‍ ആത്മഹത്യ ചെയ്യണം.

പ്രബലന്മാരുടെ കൂട്ടായ്മ പെട്ടന്നൊരു ദിവസം തുടങ്ങിയതാണെന്നു കരുതാന്‍ വയ്യ. കാരണം, നടി ആക്രമിക്കപ്പെട്ട് അധികം ദിവസം തികയും മുന്‍പേ, അതായത് ദിലീപ് എന്ന കുറ്റാരോപിതനിലേക്ക് അന്വേഷണം എത്തിപ്പെടുന്നതിനു മുന്‍പേ, ഇന്ന് ഇദ്ദേഹത്തിന് വേണ്ടി ഘോര വാദങ്ങള്‍ നടത്തുന്ന പൂഞ്ഞാറില്ലേ ജനപ്രധിനിധി മറുനാടന്‍ മലയാളിക്ക് നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ ചില നടിമാര്‍ തട്ടിക്കൊണ്ടു പോകല്‍ അര്‍ഹിക്കുന്നു എന്ന രീതിയില്‍ നടത്തിയ പരാമര്‍ശം അധികം ശ്രദ്ധയില്‍ പെട്ടിട്ടില്ല. എങ്കില്‍ പോലും ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെയും മറ്റും ഇദ്ദേഹം എടുക്കുന്ന നിലപാടുകളില്‍ ചിലപ്പോള്‍ ആദ്യത്തേത് എന്ന നിലയില്‍ ഈ ഇന്റര്‍വ്യൂ ഇന്ന് പ്രസക്തമാണ്.

സിനിമയിലെ നിറസാന്നിധ്യമായിരുന്ന ജഗതി ശ്രീകുമാറിന്റെ ബന്ധു എന്ന നിലയില്‍ ഇദ്ദേഹത്തിന് സിനിമ മേഖലയുമായി യാതൊരു ബന്ധവും ഇല്ല എന്നും കരുതാനാവില്ല. തന്റെ മറ്റൊരു മകളെ ഒരു ടി.വി പരിപാടിയിലൂടെ അംഗീകരിച്ച ജഗതി ശ്രീകുമാര്‍ അധികം വൈകാതെ അപകടത്തില്‍പെട്ടു. പിന്നീട്, ഈ മകള്‍ക്ക് അച്ഛനെ കാണാന്‍ അനുമതി നിഷേധിക്കപ്പെട്ടതും അതില്‍ ഈ പറയുന്ന വ്യക്തിക്കുള്ള പങ്കും മറ്റും സംശയത്തിന്റെ നിഴലില്‍ തന്നെ നില്‍ക്കെയാണ് ആ പെണ്‍കുട്ടിയുടെ സിനിമ അരങ്ങേറ്റവും അതിലും വേഗത്തിലുള്ള പിന്മാറ്റവും. സൂചിപ്പിച്ചത് ഇദ്ദേഹത്തിന്റെ സിനിമ മേഖലയില്‍ ഉള്ള ബന്ധങ്ങള്‍ തന്നെയാണ്. ഇരയുടെ ശരീരമുറിവുകളുടെ ആഴത്തില്‍ നിന്നും പീഡനത്തിന്റെ വ്യാപ്തി തിരയുന്ന ഇങ്ങനെ ഉള്ള ഒരു വ്യക്തിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പിന്തുണ ആ പെണ്‍കുട്ടി പ്രതീക്ഷിച്ചതു തന്നെ തെറ്റ്.

ഒരാശ്വാസം, പലപ്പോഴും രണ്ടു തട്ടില്‍ നിന്നിട്ടുള്ള ഇദ്ദേഹവും, മറ്റൊരു ജനപ്രധിനിധിയായ ഗണേഷ് കുമാറും ദിലീപിന്നെ പിന്തുണക്കുന്നതില്‍ ഒരേ തട്ടില്‍ എത്തി എന്നത് തന്നെ. ഗണേഷ് കുമാര്‍ എന്ന വ്യക്തിയുടെ അപഹാസ്യവും നിന്ദ്യവുമായ പ്രസ്താവന കേരള ജനത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തള്ളിക്കളഞ്ഞു എങ്കില്‍ പോലും, അദ്ദേഹം മുന്‍പോട്ടു വയ്ക്കുന്ന യുക്തി ഭീതിജനകം തന്നെയാണ്. തെറ്റ് ചെയ്തു എന്ന് കണ്ട് അറസ്‌റ്റ് ചെയ്ത ഒരു പ്രതി, അയാള്‍ പ്രബലനും സമ്പന്നനുമാണ് എങ്കില്‍ തീര്‍ച്ചയായും അയാളുടെ ഔദാര്യം പറ്റിയവര്‍ ഏറെ ഉണ്ടാകും. അവരോടൊക്കെ തന്നെ ഇയാള്‍ക്ക് വേണ്ടി മുന്‍പോട്ടു വരൂ, എന്ന് പ്രസ്താവിക്കുന്നതിലൂടെ, പണത്തിനും പ്രതാപത്തിന്നും മേലെ പരുന്തും പറക്കില്ല എന്ന് ഇദ്ദേഹം പറഞ്ഞുറപ്പിക്കുന്നു. കുറച്ചു കാലം മുന്‍പ് ഇദ്ദേഹത്തിന്റെ തന്നെ മുന്‍ ഭാര്യ കണ്ണീരോടെ, ശരീരമാസകലം മുറിവുകളോടെയും രണ്ടു കുഞ്ഞുങ്ങളോടൊപ്പം ചാനലുകളില്‍ വന്നു നിന്നപ്പോള്‍ തന്നെ ഇദ്ദേഹത്തിന് സ്ത്രീകളോടുള്ള നിലപാട് മനസിലാക്കാന്‍ കഴിഞ്ഞതാണ്.

"</p

തോക്കേന്തിയ രാജാവിന്റെയും ഔദാര്യം പറ്റിയ താരത്തിന്റെയും നിലപാടിനേക്കാളും ഭയാനകമാണ് മൗനം കൊണ്ട് ഈ അനീതിക്ക് നേരെ കണ്ണടക്കുന്ന, സ്വയം പ്രഖ്യാപിത ‘എല്ലാം തികഞ്ഞ’ താരരാജാക്കന്മാര്‍. കൗരവസഭയില്‍ പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോള്‍ നിശബ്ദമായി അവിടെ സ്വയം പ്രതിഷ്ഠിച്ച പിതാമഹന്‍ അടക്കം ചെയ്തത് പാപം തന്നെയാണ്. ഒരു കുടുംബത്തോട് സിനിമ മേഖലയെ ഉപമിക്കുന്നവര്‍, കഴിയുമെങ്കില്‍ കൗരവ കുലത്തോട് തന്നെ സ്വയമേ താരതമ്യം ചെയുന്നത് നന്നാണ്. ദുര്യോധനന്‍ ആജ്ഞ നല്‍കിയതേ ഉള്ളു, ദുശ്ശാസനനാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയത്, അതിനര്‍ത്ഥം ശിക്ഷയ്ക്ക് അര്‍ഹന്‍
ദുശ്ശാസനന്‍ മാത്രമാആണ് എന്നല്ല. അടുത്തയിടെ ഇറങ്ങിയ വിക്രം വേദ എന്ന സിനിമയിലെ സംഭാഷണവും മറിച്ചല്ല, ചെയ്തവന്‍ ആണോ ചെയ്യിച്ചവന്‍ ആണോ കൂടുതല്‍ ശിക്ഷയ്ക്ക് അര്‍ഹന്‍? അങ്ങനെ ഒരു സംഭാഷണത്തിന് കൈ അടിക്കാമെങ്കില്‍ അതിനര്‍ത്ഥം ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്കൊപ്പം തന്നെ പീഡിപ്പിക്കാന്‍ പ്രേരണ നല്‍കിയവനും ശിക്ഷാര്‍ഹരാണ് എന്ന് തന്നെ അല്ലേ.

സിനിമ മേഖലയിലെ ചുരുക്കം ചില സ്ത്രീകള്‍ മാത്രം ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നുള്ളൂ എന്നത് വേദനാജനകം തന്നെ. ഇത്രയും ക്രൂരമായ ഒരു കൃത്യം ആസൂത്രണം ചെയ്തിട്ടുണ്ട് എങ്കില്‍, ദിലീപ് എന്ന കുറ്റാരോപിതന്‍ നിയമത്തിനു മുന്‍പില്‍ വരിക തന്നെ ചെയ്യണം. മണിക്കൂറിനു ലക്ഷങ്ങള്‍ നല്‍കി പ്രഗത്ഭരായ വക്കീലുമാരെ വയ്ക്കാന്‍ കഴിവും സമ്പത്തും ഉള്ള ഒരു വ്യക്തി ആണ് അദ്ദേഹം, ആരാധകവൃന്ദം പഞ്ചപുച്ഛമടക്കി ഇദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാന്‍ മുന്നിട്ടു നില്‍ക്കുന്നു, താരത്തമ്പുരാക്കന്മാരുടെ പ്രതിനിധികള്‍ അടക്കം പട്ടുകുപ്പായവുമായി മുഖം കാണിക്കുന്നു, ഇങ്ങനെ എല്ലാ രീതിയിലും സ്വന്തം പ്രബലത തെളിയിച്ചിട്ടുള്ള ഈ വ്യക്തിക്ക് വേണ്ടി നില്‍ക്കാന്‍ എന്തായാലും കേരളത്തിലെ സാധാരണക്കാര്‍ക്ക് കഴിയും എന്ന് തോന്നുന്നില്ല, മറിച്ച് ഈ കൊടും മഴയത്ത് കുറച്ചു കൂട്ടുകാരുടെ മാത്രം തണലില്‍ നില്‍ക്കുന്ന, ആ പെണ്‍കുട്ടിക്കൊപ്പമാകും കരുണയുള്ള കേരളത്തിലെ ഓരോ സാധാരക്കാരന്റെ മനസും; അവള്‍ക്കൊപ്പം മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍