UPDATES

ട്രെന്‍ഡിങ്ങ്

തൃശ്ശൂര്‍ പൂരത്തെ അവഹേളിച്ചെന്ന് ആരോപണം; ഡി.വൈ.എഫ്.ഐ, സംഘപരിവാര്‍ പരാതിയില്‍ ആർ.എം.പി നേതാവിനെതിരെ കേസ്

സംഘപരിവാര്‍ സംഘടനകൾ ഇത്തരമൊരു നിലപാട് എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാം. നേരെമറിച്ച് ഡി.വൈ.എഫ്.ഐ ഇതേറ്റെടുക്കുന്നത് എന്തിനാണ്?

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

തൃശ്ശൂര്‍ പൂരത്തെ കുറിച്ച് മതസ്പർധ പരത്തുന്ന തരത്തിൽ പോസ്റ്റിട്ടെന്ന പരാതിയില്‍ ആർ.എം.പി നേതാവിനെതിരെ ജാമ്യമില്ലാ കേസെടുത്തു. ആർ.എം.പി യുടെ യുവജനസംഘടനാ സംസ്ഥാനതല നേതാവ് എന്‍ എ സഫീറിന്റെ പേരിലാണ് വാടാനപ്പിള്ളി സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്.

പൂരത്തിന്‍റെ ഐതിഹ്യം എന്ന തരത്തിൽ ഏപ്രിൽ 25 ന് സഫീർ തൻറെ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റാണ് വിവാദമായത്. വടക്കുംനാഥനെയും കാണാനെത്തുന്ന ദേവിമാരേയും ബന്ധപ്പെടുത്തി വെടിക്കെട്ടിനെ കുറിച്ചും കുടമാറ്റത്തെ കുറിച്ചും നടത്തിയ പരാമർശങ്ങളാണ് പലരേയും പ്രകോപിപ്പിച്ചത്. ഒരു സൗഹൃദ സദസിൽ നിന്ന് കേട്ട കഥ താൻ തമാശരൂപേണ പങ്കുവെച്ചതാണെന്നും, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എഴുതി സഫീർ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുറഞ്ഞ സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും സംഘപരിവാര്‍ ഗ്രൂപ്പുകളിലും ഇതിൻറെ സ്ക്രീൻഷോട്ടുകൾ പരന്ന് തൃശ്ശൂര്‍ പൂരത്തെ അപമാനിച്ചു എന്ന ആരോപണം ശക്തമായി.

ഇതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ തളിക്കുളം മേഖലാക്കമ്മിറ്റി, ബി.ജെ.പി. തളിക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് ഭഗീഷ് പൂരാടൻ, വിശ്വഹിന്ദു പരിഷത്ത് തളിക്കുളം ഖണ്ഠ് ജനറൽ സെക്രട്ടറി പ്രജീഷ് പടിയത്ത് തുടങ്ങിയവർ വാടാനപ്പിള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. ഇത് പ്രകാരമാണ് ഇന്ത്യന്‍ ശിക്ഷാനിയമം 153 A പ്രകാരം കേസെടുത്തിരിക്കുന്നത്. വിവിധ മതവിഭാഗങ്ങളിൽക്കിടയിൽ സ്പർധ വളർത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നതിനെ സംബന്ധിക്കുന്ന ഈ വകുപ്പ് പ്രകാരം അഞ്ച് വർഷം വരെ തടവ് ലഭിക്കാം.

വിഷയം വർഗ്ഗീയപരമായ അവസ്ഥയിലേക്ക് നീങ്ങുകയും നിയമ നടപടികള്‍ വരികയും ചെയ്ത സാഹചര്യത്തിൽ സഫീർ പറയുന്നു. ‘കോളേജ് കാലഘട്ടം മുതല്‍ ഒരു മതത്തിൻറെയോ വിശ്വാസത്തിൻറെയോ ഭാഗമായി നിൽക്കാത്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ് ഞാൻ. മതസൂചകമായ ഒരു പേര് മാത്രമാണ് എനിക്കുള്ളത്. തൃശ്ശൂർ നഗരത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിൻറെ ഭാഗമായി നിൽക്കുന്ന സമയത്ത് മുതിർന്ന ആളുകളിൽ നിന്നൊക്കെ കേട്ടിട്ടുള്ള പൂരത്തെ കുറിച്ചുള്ള തമാശ കലർന്ന കഥകൾ കേൾക്കാറുണ്ട്. അതിലൊന്നാണ് ഫേസ്ബുക്കിൽ എഴുതിയത്. വായിക്കുന്ന ആളുകളും അത് ആ സ്പിരിറ്റിൽ എടുക്കും എന്നാണ് കരുതിയത്. ഇത്തരം പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിട്ടേ ഇല്ല. ഒരു ഉത്തരവാദിത്തപ്പെട്ട പ്രസ്ഥാനത്തിന്‍റെ ഭാഗമായി നിൽക്കുന്ന ആളെന്ന നിലയില്‍ ഒരു ജനാധിപത്യ സംവിധാനത്തിലുള്ള പലതരം ആളുകളിൽ ആരെയും മുറിപ്പെടുത്തുന്ന ഒന്നും ചെയ്യരുത് എന്നാണ് ഞാൻ കരുതുന്നത്. ആളുകൾക്ക് പോസ്റ്റിലെ പരാമർശങ്ങൾ ബുദ്ധിമുട്ട് അനുഭവിപ്പിച്ചു എന്ന് അറിയാൻ കഴിഞ്ഞതുകൊണ്ടാണ് ഖേദം പ്രകടിപ്പിച്ച് പിൻവലിച്ചത്. പക്ഷേ ഇപ്പോള്‍ എന്‍റെ പോസ്റ്റിന് വിവിധ തരം വ്യാഖ്യാനങ്ങൾ ചമച്ചുണ്ടാക്കുകയാണ്.’

ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരമാണ് തൃശൂര്‍ പൂരം: പൂരത്തിന്റെ പെണ്ണനുഭവം

തൃശ്ശൂര്‍ പൂരവും അതിൻറെ ഐതിഹ്യവുമായി ബന്ധപ്പെട്ട് വർഗ്ഗീയകലാപത്തിന് കോപ്പ് കൂട്ടുന്ന തരത്തിൽ വർഗ്ഗീയ വാർത്തകൾ പ്രചരിപ്പിച്ചെന്നാണ് ഡി.വൈ.എഫ്.ഐയുടെ പരാതി. സഫീറിൻറെ പോസ്റ്റ് ഒരു നാടിനെ മുഴുവൻ വർഗ്ഗീയതയിലേക്ക് നയിക്കുന്നെന്നും ഇയാളുടെ പേരിൽ നടപടികള്‍ സ്വീകരിക്കണമെന്നും തളിക്കുളം മേഖലക്കമ്മിറ്റിയുടെ പേരിൽ നൽകിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

‘ഡി.വൈ.എഫ്.ഐ എല്ലാകാലത്തും മതേതരത്വം സൂക്ഷിക്കുന്ന ഒരു സംഘടനയാണ്. ഇതിനു മുമ്പും സഫീറിന്‍റെ ഭാഗത്ത് നിന്ന് മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ആ പോസ്റ്റ് വായിച്ചാൽ തന്നെ അതിലടങ്ങിയ വർഗ്ഗീയത മനസ്സിലാകും. മതേതരത്വത്തിന് ഭീഷണിയാകുന്ന നടപടി എന്ന നിലക്കാണ് ഡി.വൈ.എഫ്.ഐ പരാതി നൽകിയത്.’ ഡി.വൈ.എഫ്.ഐ തളിക്കുളം മേഖല പ്രസിഡന്‍റ് ഷിഹാബ് അഴിമുഖത്തോട് പറഞ്ഞു.

മതപരമായി വിദ്വേഷം നടത്തുന്ന യാതൊരു നടപടികളും താൻ ഇതിന് മുമ്പും ചെയ്തിട്ടില്ലെന്നും അങ്ങനെ ഒരാരോപണം വെച്ചാൽ അത് ഡി.വൈ.എഫ്.ഐ തെളിയിക്കണമെന്നും സഫീർ പറഞ്ഞു. സംഘപരിവാര്‍ സംഘടനകൾ ഇത്തരമൊരു നിലപാട് എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാം. നേരെമറിച്ച് ഡി.വൈ.എഫ്.ഐ ഇതേറ്റെടുക്കുന്നതിൽ ആർ.എം.പി യെ തകർക്കുക എന്ന അജണ്ടയാണുള്ളത്. എന്നെ ഒരു മതതീവ്രവാദി ആക്കി വരുത്തി തീർക്കുക എന്നതും ഇത് അതിന്‍റെ ഭാഗമാണെന്നും സഫീർ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍