UPDATES

ഗുരുത്വം കുട്ടികള്‍ക്ക് മാത്രം മതിയോ? പുഷ്പജ ടീച്ചറും ആദരാഞ്ജലി പോസ്റ്ററും എസ് എഫ് ഐയും

പതിറ്റാണ്ടുകളുടെ അദ്ധ്യാപകവൃത്തിക്കുശേഷം പിരിഞ്ഞുപോകുന്നവര്‍ക്ക് റീത്തും കുഴിമാടവും ‘സമ്മാനമായി’ കിട്ടുന്ന സാഹചര്യം എങ്ങനെ ഉണ്ടാവുന്നു എന്ന ആത്മപരിശോധനയ്ക്ക് അദ്ധ്യാപകരും തയ്യാറാവണം

കേരളത്തിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ സംബന്ധിച്ച് ഗൗരവപൂര്‍വമായ പൊളിച്ചെഴുത്തിനും പുനരാലോചനയ്ക്കും സമയമായെന്ന സൂചനയാണ് കാഞ്ഞങ്ങാട് നെഹൃ കോളേജ് പ്രിന്‍സിപ്പല്‍ പി വി പുഷ്പജയ്‌ക്കെതിരെയുണ്ടായ ആദരാഞ്ജലി പോസ്റ്റര്‍ വിവാദം പൊതുസമൂഹത്തിന് നല്‍കുന്നത്. അതിന്‍റെ പേരില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ കേസുകൊടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ച അദ്ധ്യാപിക എങ്ങനെയാണ് മാതൃകാ അദ്ധ്യാപികയാവുന്നത് എന്ന ചോദ്യവും ഉയരുന്നു.

ഗുരുനാഥയ്ക്ക് അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഈ വിഷയവുമായി ബന്ധപ്പെട്ടാണ്. പ്രിന്‍സിപ്പലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. പുഷ്പജ ടീച്ചര്‍ക്കെതിരെ ‘ആദരാഞ്ജലി’ പോസ്റ്റര്‍ പതിച്ചതും പടക്കം പൊട്ടിച്ചതും മധുരം വിതരണം ചെയ്തതും സാക്ഷര കേരളത്തിന് അപമാനകരമാണെന്നാണ് നിയമസഭയില്‍ സബ്മിഷനായി ഈ വിഷയം ഉന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാദിച്ചത്. അതിനുശേഷം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പുഷ്പജ ടീച്ചറെ നേരില്‍കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തു.

യു ഡി എഫ് അനുകൂല അദ്ധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പുഷ്പജടീച്ചറുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ വ്യക്തവുമാണ്.

യഥാര്‍ത്ഥത്തില്‍, നെഹ്റു കോളേജില്‍ ഉണ്ടായതെന്താണ്? കോളേജ് കാമ്പസില്‍ ഊരുംപേരുമില്ലാതെ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്:’വിദ്യാര്‍ത്ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. കാമ്പസ് സ്വതന്ത്രമാവുന്നു. നെഹ്റുവിന് ശാപമോക്ഷം’. വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കുന്ന ദിവസം രണ്ടുമൂന്ന് വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചു. ലഡു വിതരണം ചെയ്തു. മെയ് 31ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പുഷ്പജ ടീച്ചര്‍ക്കെതിരെയാണിതെന്നും അതിനു പിന്നില്‍ എസ് എഫ് ഐ ആണെന്നും പ്രചാരണം വളരെപ്പെട്ടെന്നായിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്ന കാലമായതിനാല്‍, സ്വാഭാവികമായും ആ സംഭവത്തിന്റെ വ്യാപ്തി വലുതായി.

ഈ പോസ്റ്ററില്‍ ഒരു സംഘടനയുടെയും പേരില്ല. കൈകൊണ്ടെഴുതിയ ഈ ഒരൊറ്റ പോസ്റ്ററിന്റെ പേരില്‍ ഉടന്‍ പ്രിന്‍സിപ്പല്‍ പരസ്യമായി മാധ്യമങ്ങളോട് പറയുന്നു: ‘ഇതിനുപിന്നില്‍ എസ് എഫ് ഐ ആണ്. കാമ്പസിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എസ് എഫ് ഐ ആണ്. ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണിതിന് കാരണം’

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന ന്യായം ഇവിടെയും ബാധകമാണ്! നേരത്തെ,വിരമിച്ച അധ്യാപികയ്‌ക്കെതിരെ കുഴിമാടം തീര്‍ത്തതും അദ്ധ്യാപകന്റെ കസേരയ്ക്കടിയില്‍ പടക്കം വച്ചതും അതിന് ഊര്‍ജം പകര്‍ന്നു.

കുപ്പിവെള്ളം മുതല്‍ സ്വാശ്രയ കൂട്ടുകച്ചവടം വരെ; യുവാക്കളുടെ നാണംകെട്ട പ്രതികരണ ഷണ്ഡത്വം

ഇതിനോടനുബന്ധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശരത് ദാമോദറിന്റെ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതും പിന്നീട് ഒഴിവാക്കപ്പെട്ടതുമായ കുറിപ്പിലെ ആരോപണങ്ങള്‍ ഇങ്ങനെയാണ്: 1)കോളേജിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജനാധിപത്യപരമായി യോഗം ചേര്‍ന്നതിന് വിദ്യാര്‍ത്ഥികളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി കേസുകൊടുത്തു. 2)മതിയായ ഹാജര്‍ രേഖകള്‍ ഹാജരാക്കിയിട്ടും 10 വിദ്യാര്‍ത്ഥികളെ പുറത്താക്കി. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കാതെ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറച്ചു. 3) ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ വരാന്തകളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. 4) വകുപ്പദ്ധ്യക്ഷരുടെ അധികാരങ്ങള്‍ പ്രിന്‍സിപ്പല്‍ ഏറ്റെടുത്തു.

ഇതില്‍, ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വകുപ്പദ്ധ്യക്ഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാതെ പ്രിന്‍സിപ്പല്‍ തിരുത്തിയത് വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐക്കാരായതിനാലാണെന്നത് വസ്തുതയുമാണ്. ഹാജറിന്റെയൊക്കെ കാര്യത്തില്‍ ഒരു പ്രിന്‍സിപ്പലല്ലല്ലോ നടപടി എടുക്കേണ്ടത്. അതിന് വകുപ്പ് മേധാവികളുണ്ടല്ലോ. അവരുടെ അധികാരം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും?

ഇതോടനുബന്ധിച്ച് പുഷ്പജ ടീച്ചറുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പയ്യന്നൂര്‍ കോളേജ് അദ്ധ്യാപകനുമായ എ.നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്ന കാര്യങ്ങളെയും അവഗണക്കാനാവില്ല. ‘സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമം അനുവദിക്കുന്ന ഫീസിളവ് അംഗീകരിക്കാത്ത ആദ്യത്തെ പ്രിന്‍സിപ്പലായിരുന്നു പുഷ്പജ ടീച്ചര്‍’. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിന് അത് തിരുത്തേണ്ടിവന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടീച്ചറുടെ അതേ വകുപ്പായ സ്റ്റാറ്റിസ്റ്റിക്‌സിലെ സഹപ്രവര്‍ത്തകനായിരുന്ന രാജന്‍സാറിന്റെ സര്‍വീസ് രേഖകള്‍ ഒപ്പിടാതെ വൈകിപ്പിച്ചതെന്തിനെന്ന ചോദ്യവും ഈ കോളേജ് അദ്ധ്യാപകന്‍ ഉന്നയിക്കുന്നു. നെഹ്റു കോളേജിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എസ്.എഫ്.ഐ നടത്തിയ സമരത്തെയും പ്രിന്‍സിപ്പല്‍ നല്ല നിലയിലല്ല കൈകാര്യം ചെയ്തതെന്ന സൂചനയും നിശാന്തിന്റെ കുറിപ്പിലുണ്ട്.

ചുവരെഴുത്ത് ഇത്ര വല്യ കുറ്റാ? മഹാരാജാസില്‍ നടക്കുന്നതെന്ത്? ഒരു വിദ്യാര്‍ഥിനിക്ക് പറയാനുള്ളത്

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട് – 2016 ഫെബ്രുവരിയില്‍ മാത്രം പ്രിന്‍സിപ്പലായ പുഷ്പജ ടീച്ചര്‍ പലപ്പോഴും രാഷ്ട്രീയ താല്പര്യങ്ങളോടെ ഇടപെടലുകള്‍ നടത്തിയിരുന്നു. സ്വന്തം വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്യണം എന്ന പരാതിയുമായി ഒരു പ്രിന്‍സിപ്പല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കില്‍ അതിനര്‍ത്ഥം ഗുരുനാഥ എന്ന നിലയില്‍ അവര്‍ പരാജയപ്പെട്ടു എന്നല്ലേ? ഗുരുനാഥയ്ക്ക് അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ഓര്‍ക്കണം. സ്വന്തം വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്യിച്ച അദ്ധ്യാപിക എന്ന നിലയില്‍ പുഷ്പജ ടീച്ചര്‍ക്ക് എത്രമാത്രം സാമൂഹിക അംഗീകാരം കിട്ടും എന്നതിന് കേരളീയ സമൂഹം മറുപടി പറയട്ടെ. ഇതേപ്പറ്റി, കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു കോളേജിലെ അദ്ധ്യാപിക പറഞ്ഞത് ഇപ്രകാരമാണ്: ‘എനിക്കെതിരെയാണ് ആദരാഞ്ജലി പോസ്റ്റര്‍ പതിച്ചത് എങ്കില്‍ അത് തെറ്റാണെങ്കിലും ഞാന്‍ കേസ് കൊടുക്കുന്നില്ലെന്ന് പരസ്യമായി ആ വിദ്യാര്‍ത്ഥികളെ അറിയിക്കും. മക്കള്‍ തെറ്റു ചെയ്താല്‍ ഒരു അമ്മ പൊറുക്കുന്നതുപോലെ ഞാനും ക്ഷമിക്കുന്നു എന്ന പരസ്യ നിലപാട് സ്വീകരിക്കും. അതിലൂടെ ആ വിദ്യാര്‍ത്ഥികള്‍ സ്വയം തിരുത്തുമെന്ന് എനിക്കുറപ്പുണ്ട്’

അധ്യാപകര്‍ ഇത്തരം ചില ‘കളി’കള്‍ കളിക്കുന്നത് നല്ലതാണ്; എന്നാലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചില്‍ മാറുമല്ലോ

ഇതിനര്‍ത്ഥം എസ് എഫ് ഐ ചെയ്തതെല്ലാം ശരിയാണ് എന്നല്ല. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ എസ് എഫ് ഐ അനുവദിക്കുന്നില്ല എന്ന പരാതി പുഷ്പജ ടീച്ചര്‍ക്ക് മാത്രമല്ല. ആ അദ്ധ്യാപികയെ എതിര്‍ക്കുന്ന, കടുത്ത ഇടതുപക്ഷ നിലപാടുള്ള കുറെയേറെ അദ്ധ്യാപകര്‍, എസ് എഫ് ഐ കാമ്പസുകളില്‍ ജനാധിപത്യം തിരിച്ചുപിടിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന മാതൃകയില്‍, ശക്തിയുള്ള കോളേജുകളില്‍ എസ് എഫ് ഐയും എ ബി വി പിയും എം എസ് എഫും കെ എസ് യുവും എതിരാളികളെ അടിച്ചോടിക്കുമ്പോള്‍ ഇവര്‍ക്ക് എങ്ങനെയാണ് അനീതിക്കും അക്രമത്തിനും അമിതാധികാരവാഴ്ചയ്ക്കും എതിരെ പ്രതികരിക്കാനാവുന്നത്? വിദ്യാര്‍ത്ഥികളും കലാലയങ്ങളും പുതിയ കാലയളവില്‍ എങ്ങനെയാവണം എന്നതിനെയും പറ്റി സര്‍ഗാത്മകമായി ചിന്തിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തയ്യാറാകണം.അതിന് മുന്‍കൈ എടുക്കേണ്ടത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പൊതുജനാധിപത്യ വേദികളുടെ അമരത്തിരിക്കുന്ന, ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ തന്നെയാണ്.

പെനല്‍റ്റി കിക്ക് കാത്തിരിക്കുന്ന എസ്എഫ്ഐയുടെ ഏകാന്തത

വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ എത്രമാത്രം അകന്നുമാറി എന്നതിന് കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെരിറ്റ് അട്ടിമറിപോലെ വേറൊരു ഉദാഹരണത്തിന്റെ ആവശ്യമില്ല. ഇക്കാര്യത്തില്‍ ഇപ്പോഴും കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ പുലര്‍ത്തുന്ന മൗനത്തിന്റെ അശ്‌ളീലം യൗവനങ്ങളെ ലജ്ജിപ്പിക്കണം. സമരമെന്നാല്‍ ‘അടിച്ചുതകര്‍ക്കല്‍’ എന്ന നിലയിലേക്ക് പരിഭാഷപ്പെടുത്തുന്നത് അവസാനിപ്പിക്കാനും വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. സമരം എത്രമാത്രം സര്‍ഗാത്മകമാക്കാമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മതമൗലികവാദ സംഘടനകളും കൂട്ടായ്മകളും കലാലയങ്ങളില്‍ പിടിമുറുക്കുമ്പോള്‍ അദ്ധ്യാപകരുടെ ഉത്തരവാദിത്തം വളരെ വലുതാണ്. പതിറ്റാണ്ടുകളുടെ അദ്ധ്യാപകവൃത്തിക്കുശേഷം പിരിഞ്ഞുപോകുന്നവര്‍ക്ക് റീത്തും കുഴിമാടവും ‘സമ്മാനമായി’ കിട്ടുന്ന സാഹചര്യം എങ്ങനെ ഉണ്ടാവുന്നു എന്ന ആത്മപരിശോധനയ്ക്ക് അദ്ധ്യാപകരും തയ്യാറാവണം. യു ജി സി സ്‌കെയിലും വിലകൂടിയ കാറും വലിയ വീടും സ്വന്തമാക്കിയപ്പോള്‍ പഠിപ്പിക്കുന്ന കലാലയങ്ങളിലെ സജീവത വിദ്യാര്‍ത്ഥികളുടെ സര്‍ഗയൗവനമാണെന്നും അതിനെ തളിര്‍ത്തുപടര്‍ത്താന്‍ എന്തൊക്കെ ചെയ്തുവെന്നും അദ്ധ്യാപകര്‍ സ്വയംവിലയിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബെന്നി ബെഹനാനെ ആദര്‍ശകുട്ടപ്പനാക്കാന്‍ കെ എം ഷാജഹാന്റെ ‘ഡിജിറ്റല്‍ ഇടപെടല്‍’

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍