UPDATES

അതിരമ്പുഴ പള്ളിയൊഴികെയുള്ള പള്ളികളില്‍ കുമ്പസാരം നടത്തുന്നവര്‍ ഇനി എന്ത് ചെയ്യും?

(തേക്കിന്‍ തടിയില്‍ തീര്‍ത്ത) കുമ്പസാരക്കൂടുകള്‍ (എ.സി, സൌണ്ട് പ്രൂഫ്‌) നമ്മോട് പറയുന്ന ചില രഹസ്യങ്ങള്‍

കെ എ ആന്റണി

കെ എ ആന്റണി

മനുഷ്യനെ അവന്റെ സകല തിന്മകളില്‍ നിന്നും മോചിപ്പിച്ചു അവനെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവം സ്വന്തം പുത്രനെ ഭൂമിയിലേക്ക് അയച്ചതെന്നാണ് കത്തോലിക്കാ വിശ്വാസം . അങ്ങനെ മനുഷ്യ ജന്മം എടുത്ത യേശു മനുഷ്യരുടെ പാപങ്ങള്‍ കേള്‍ക്കുകയും അവര്‍ക്കു മാപ്പു നല്‍കുകയും ചെയ്തു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കണ്‍ഫെഷന്‍ അഥവാ കുമ്പസാരം എന്ന കൂദാശ സ്ഥാപിതമായതത്രെ . ഇങ്ങനെ സ്ഥാപിതമായ കുമ്പസ്സാരം അത്യന്തം രഹസ്യ സ്വഭാവമുള്ള ഒരു കൂദാശ ആയാണ് കത്തോലിക്കാ സഭ വിശേഷിപ്പിക്കുന്നത്. പാപം ചെയ്തയാള്‍ പശ്ചാത്തപിക്കുകയും പുരോഹിതനോട് കുറ്റം ഏറ്റു പറയുകയും ചെയ്യുന്നു. പുരോഹിതന്‍ അയാള്‍ക്ക്/അവള്‍ക്കു പാപ വിമുക്തി നല്‍കുന്നു. ഇങ്ങനെ ഒരാള്‍ നടത്തുന്ന ഏറ്റു പറച്ചില്‍ അത്യന്തം രഹസ്യമാക്കി വെക്കാന്‍ പുരോഹിതന്‍ ബാധ്യസ്ഥനാണ്.

കുമ്പസാരത്തെക്കുറിച്ചും അതിന്റെ രഹസ്യ സ്വഭാവത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാന്‍ ഇടയായത് കോട്ടയം അതിരമ്പുഴയില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ്. പ്രസ്തുത വാര്‍ത്ത ഇങ്ങനെ: ‘കുമ്പസാര രഹസ്യങ്ങള്‍ മൂന്നാമതൊരാള്‍ കേള്‍ക്കാത്ത രാജ്യത്തെ ആദ്യത്തെ കുമ്പസാരക്കൂട് അതിരമ്പുഴ ഫൊറോനാ പള്ളിയില്‍. യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിച്ച കുമ്പസാരക്കൂട് സൗണ്ട് പ്രൂഫാണ്. രണ്ടു മീറ്ററിലേറെ ഉയരവും രണ്ടു മീറ്റര്‍ വീതിയുമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇരുന്നു കുമ്പസ്സാരിക്കാന്‍ സൗകര്യമുണ്ട്. ഈ സൗകര്യം ആവശ്യമില്ലെങ്കില്‍ ഇരിപ്പിടം മടക്കിവെച്ചു മുട്ടുകുത്തി നില്‍ക്കാം. കൂടിനുള്ളില്‍ പ്രത്യേക വെളിച്ച സംവിധാനവും ഫാനുമുണ്ട്. ഇത്തരത്തില്‍ മൂന്നുകൂടുകളാണ് ചാപ്പലില്‍ സ്ഥാപിക്കുന്നത്.’ സെപ്റ്റംബര്‍ ഒന്‍പതാം തിയ്യതിയിലെ മലയാള മനോരമ പത്രത്തിന്റെ കണ്ണൂര്‍ എഡിഷന്റെ ഒന്നാം പേജില്‍ ഫോട്ടോ സഹിതം പ്രത്യക്ഷ പെട്ട ഈ വാര്‍ത്തയില്‍ കുമ്പസ്സാരക്കൂട് എയര്‍ കണ്ടിഷന്‍ ചെയ്തതാണെന്നും വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത തേക്ക് തടി ഉപയോഗിച്ചാണ് കുമ്പസ്സാര കൂടുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും പറയുന്നുണ്ട്.

ഈ വാര്‍ത്ത വായിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകാന്‍ ഇടയുള്ള സംശയം ഇത്രകാലവും കുമ്പസാരം മൂന്നാമതൊരാള്‍ക്കു കേള്‍ക്കാന്‍ കഴിയുമായിരുന്നോ എന്നതാണ്. അങ്ങനെയെങ്കില്‍ കത്തോലിക്കര്‍ പരമ പരിശുദ്ധവും പരമ രഹസ്യവുമായി കരുതുന്ന കുമ്പസാരം എന്ന കൂദാശയ്ക്കു രഹസ്യ സ്വഭാവം ഇല്ലെന്നു വരില്ലേ? തന്നെയുമല്ല, അതിരമ്പുഴ ഫൊറോനാ പള്ളിയൊഴികെയുള്ള പള്ളികളില്‍ കുമ്പസാരം നടത്തുന്നവര്‍ ഇനി എന്ത് ചെയ്യും? രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. മറ്റു പള്ളികളും കഴിയുന്നത്ര വേഗത്തില്‍ അതിരമ്പുഴ മാതൃക പിന്തുടരുക തന്നെ ചെയ്യും. എന്നുവെച്ചാല്‍ ഇടവകയില്‍ നിന്നും വിദേശത്തുനിന്നുമൊക്കെയുള്ള പണപ്പിരിവ് പൊടിപൊടിക്കും എന്ന് സാരം. കുമ്പസാര രഹസ്യം പുറത്തുപോകുക എന്നത് ഒരു കത്തോലിക്കാ വിശ്വാസിക്കും ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാകയാല്‍ കൈയ്യയച്ചു ധനസഹായം നല്‍കാന്‍ അവര്‍ തയ്യാറാകും എന്നത് നൂറുതരം.

കുമ്പസാര രഹസ്യത്തിന്റെ രഹസ്യ സ്വഭാവം അരക്കിട്ടു ഉറപ്പിക്കാന്‍ പോന്ന ഒരു കഥ കുട്ടിക്കാലത്തു പറഞ്ഞു കേട്ടിട്ടുണ്ട്. ആ കഥ ഇങ്ങനെ: ഒരിക്കല്‍ കൊലപാതകം ചെയ്ത ഒരാള്‍ പാപഭാരം താങ്ങാനാവാതെ വന്നപ്പോള്‍ ഒരു പുരോഹിതനെ സമീപിച്ചു കുറ്റം ഏറ്റു പറഞ്ഞു. നാട്ടില്‍ തെളിയിക്കപ്പെടാതെ കിടന്ന ആ കൊടും കൊലപാതകം നടത്തിയ ആളെ തിരിച്ചറിഞ്ഞ പുരോഹിതന് ഇരിക്കപ്പൊറുതിയില്ലാതായി. ഒടുവില്‍ ആ കുമ്പസാര രഹസ്യം പുരോഹിതന്‍ പോലീസിനോട് പറഞ്ഞു. കൊലപാതകി അറസ്റ്റു ചെയ്യപ്പെട്ടു. കയ്യാമം വെച്ച് പള്ളിമേടയ്ക്കു മുന്നിലൂടെ നടത്തികൊണ്ടുപോകുന്ന വേളയില്‍ അത് കണ്ടുകൊണ്ടു നിന്നിരുന്ന പുരോഹിതനെ അയാള്‍ ശപിച്ചു. അന്ന് വൈകുന്നേരത്തോടെ വെട്ടുകിളികള്‍ കൂട്ടത്തോടെ ആ നാട്ടില്‍ പറന്നിറങ്ങി അവിടുത്തെ കൃഷികള്‍ മുഴുവന്‍ നശിപ്പിച്ചു. അവ ഒടുവില്‍ മനുഷ്യര്‍ക്ക് നേരെ തിരിഞ്ഞതോടെ അവര്‍ അവിടെ നിന്നും പലായനം ചെയ്തു. പള്ളിയും പള്ളിമേടയും പെട്ടെന്നുണ്ടായ ഒരു ഇടിമിന്നലില്‍ ഇതിനകം തകരുകയും കുമ്പസാര രഹസ്യം വെളിപ്പെടുത്തിയ വൈദികന്‍ മിന്നലേറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. പലായനം ചെയ്യുകയായിരുന്ന ആളുകളില്‍ ചിലര്‍ തകര്‍ന്നു വീണ പള്ളിയിലെ വലിയ മരക്കുരിശ്ശ് പൊക്കിയെടുത്ത് അവര്‍ ചെന്നുപെട്ട ദിക്കില്‍ ഒരു കാഞ്ഞിര മരത്തില്‍ ചാരിവെച്ചുവെന്നും കാലക്രമത്തില്‍ അവര്‍ അവിടെ ഒരു പള്ളി പണിതെന്നുമാണ് കഥ. ഈ കഥയുടെ വാസ്തവം എന്തുതന്നെയായാലും രഹസ്യത്തിന്റെ രഹസ്യ സ്വഭാവത്തിന് അത് നല്‍കിയ ബലം ചില്ലറയൊന്നുമല്ല.

മുകളില്‍ പ്രതിപാദിച്ച കഥ കുമ്പസാര രഹസ്യത്തിന്റെ രഹസ്യ സ്വഭാവത്തെ അരക്കിട്ടുറപ്പിക്കുന്ന ഒന്നാണെങ്കില്‍ കുമ്പാസരത്തിന്റെ ആവശ്യകത ഊന്നിപ്പറയാന്‍ പാതിരിമാര്‍ ഏതറ്റം വരെയും പോകും എന്നതിനും ധാരാളം തെളിവുകളുണ്ട്. പള്ളിയേയും പട്ടക്കാരനെയും തള്ളിപ്പറഞ്ഞവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളായ നസ്രാണികള്‍ എന്നൊരു പൊതുധാരണ ഈ അടുത്ത കാലം വരെ ശക്തമായിരുന്നു. ഇന്ന് ആ അവസ്ഥക്ക് അല്ലറ ചില്ലറ മാറ്റമൊക്കെ വന്നിട്ടുണ്ട്. ജയിക്കണമെങ്കില്‍ പള്ളിയേയും പട്ടക്കാരനെയും ബഹുമാനിച്ചില്ലെങ്കിലും അപമാനിച്ചുകൂടാ എന്നൊരു ലൈന്‍ പാര്‍ട്ടി എടുത്തതോടുകൂടിയാണ് ഇങ്ങനെ ഒരു മാറ്റം സംജാതമായിട്ടുള്ളത്. എങ്കിലും പള്ളിയില്‍ കയറാതെ, ആണ്ടു കുമ്പസാരം പോലും നടത്താതെ നടന്നിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ മരണ സമയത്തു മാനസാന്തരപ്പെട്ട് കുമ്പസ്സാരിച്ചു കുര്‍ബാന സ്വീകരിച്ചു എന്ന് പ്രചരിപ്പിക്കുന്നതില്‍ നമ്മുടെ ചില ബിഷപ്പുമാരും പാതിരിമാരും വല്ലാത്തൊരു ആനന്ദം കണ്ടതുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവായിരുന്നു അന്തരിച്ച സി പി ഐ നേതാവും മന്ത്രിയുമായിരുന്ന ടി.വി തോമസിന്റെയും മാര്‍ക്‌സിസ്റ്റ് എംഎല്‍എ ആയിരുന്ന മത്തായി ചാക്കോയുടെയും മരണ ശേഷം ചില ബിഷപ്പുമാര്‍ നടത്തിയ വിവാദ പ്രസ്താവനകള്‍.

മരണത്തിനു തൊട്ടു മുന്‍പായി മത്തായി ചാക്കോ സ്വന്തം ഇഷ്ടപ്രകാരം കുമ്പസ്സാരിച്ച് കുര്‍ബാന സ്വീകരിച്ചുവെന്ന ഒരു ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ ‘നികൃഷ്ടജീവി’ പ്രയോഗം ഉണ്ടാക്കിയ കോലാഹലം അത്ര പഴയതൊന്നും ആയിട്ടില്ല. കമ്മ്യൂണിസ്റ്റുകാരുടെ കാര്യത്തില്‍ കാണിക്കുന്ന ഈ ആവേശം പക്ഷെ എന്തുകൊണ്ടോ ഇതര മതസ്ഥരെ വിവാഹം ചെയ്ത മറ്റു രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ ബിഷപ്പുമാര്‍ കാണിച്ചുകണ്ടിട്ടില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ കോണ്‍ഗ്രസ് എംപിയുമായ വയലാര്‍ രവിയുടെ ഭാര്യ മേഴ്സി രവി എം.എല്‍.എയുടെ മരണശേഷം കുമ്പസാരത്തിന്റെയോ കുര്‍ബാന സ്വീകരണത്തിന്റെയോ കഥ പറഞ്ഞു കേട്ടില്ല.

മേഴ്സി രവി എറണാകുളം ജില്ലയില്‍ പെട്ട ഒരു നസ്രാണി കുടുംബത്തിലാണ് ജനിച്ചതെന്നും അവരുടെ മാതാപിതാക്കള്‍ കുരുവിള കട്ടിക്കാരനും തണ്ടമ്മയും ആയിരുന്നവെന്നും നമ്മുടെ അഭിവന്ദ്യ മെത്രാന്മാര്‍ അറിയാതെ പോയതാവാന്‍ ഇടയില്ലല്ലോ. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്: കുമ്പസാരം വെറുമൊരു കൂദാശ മാത്രമല്ല, അതില്‍ അല്പം രാഷ്ട്രീയം കൂടിയുണ്ട്. തീര്‍ച്ച.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍