UPDATES

ഓഫ് ബീറ്റ്

മീനുകള്‍ക്ക് കോസ്മറ്റിക് സര്‍ജറിയോ? സംശയിക്കേണ്ട സിംഗപ്പൂരില്‍ ഇതൊരു പതിവ് കാഴ്ച

നമ്മുടെ നാട്ടില്‍ പണ്ട് ആനയുള്ളവര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന അന്തസ്സിനു തുല്യമാണ് ഒരു റെഡ് അരോണ ഉടമയ്ക്ക് സിംഗപ്പൂരില്‍ ലഭിക്കുക

തൂങ്ങിയ കണ്ണും താടിയുമൊക്കെ നേരെയാക്കുന്ന ശസ്ത്രക്രിയകള്‍ സിനിമാരംഗത്തു നിന്ന് നമ്മള്‍ പലവട്ടം കേട്ടിട്ടുണ്ട്. എന്നാല്‍ സുന്ദരന്‍ മീനിനു ഭംഗി വീണ്ടെടുക്കാന്‍ ഐ ലിഫ്റ്റ്‌, ജോ ലിഫ്റ്റ്‌ സര്‍ജറികള്‍ ഒക്കെ പതിവ് കാഴ്ചയാണ് സിംഗപ്പൂരില്‍ എന്നു ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അരോണ മത്സ്യം നമ്മുടെ നാട്ടിലും അലങ്കാര മത്സ്യ വിപണിയില്‍ വിലയേറിയ താരം ആണ്. എന്നാല്‍ കുറച്ചു കൂടി മുന്തിയ ഏഷ്യന്‍ റെഡ് അരോണ ആണ് സിംഗപ്പൂരിലും ചൈനയിലും ഡിമാന്‍ഡ് കൂടിയ കക്ഷി. അരോണകളുടെ ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയകള്‍ക്കായി നൂറു ഡോളര്‍ വരെയൊക്കെ ചെലവാക്കാന്‍ ഉടമകള്‍ക്ക് മടിയില്ല.

നമ്മുടെ നാട്ടില്‍ പണ്ട് ആനയുള്ളവര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന അന്തസ്സിനു തുല്യമാണ് ഒരു റെഡ് അരോണ ഉടമയ്ക്ക് സിംഗപ്പൂരില്‍ ലഭിക്കുക. നൂറു ഡോളര്‍ മുതല്‍ പതിനായിരങ്ങള്‍ വരെ മുടക്കിയാല്‍ ഒരു റെഡ് അരോണയെ സ്വന്തമാക്കാം. പക്ഷേ മീനിന്‍റെ സൌന്ദര്യം അനുസരിച്ച് വിലയേറും. മൂന്ന് ലക്ഷം ഡോളര്‍ മുടക്കി ഒരു കമ്യൂണിസ്റ്റ് നേതാവ് ഈ മീനിനെ സ്വന്തമാക്കിയ കഥ അവിടെ അലങ്കാര മത്സ്യവിപണിയില്‍ പാട്ടാണ്.

ലോങ്ങ്‌ യു അഥവാ ഡ്രാഗണ്‍ ഫിഷ്‌ എന്നാണ് റെഡ് അരോണ അറിയപ്പെടുന്നത്. ചുവന്ന നിറത്തില്‍ ചൈനീസ്‌ വിശ്വാസത്തിലെ ഡ്രാഗണെപ്പോലെ നീന്തിക്കളിക്കുന്ന അരോണ അവര്‍ക്ക് ഭാഗ്യ ചിഹ്നമാണ്. തിളക്കമേറിയ ചെതുമ്പലുകളും മനോഹരമായ കൃതാവുകളും ആക്രമണോത്സുകമായ സ്വഭാവവും ചൈനീസ്‌ ഡ്രാഗണിനെ അനുസ്മരിപ്പിക്കുന്നു. ഉടമയ്ക്ക് അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കാന്‍ ടാങ്കിനുള്ളില്‍ നിന്ന് കുതിച്ചു ചാടി ആത്മത്യാഗം ചെയ്യുന്ന മീന്‍ എന്ന പരിവേഷം ആണ് അരോണയുടെ മാര്‍ക്കറ്റ് ഉയര്‍ത്തിയത്‌. ഇതുകൊണ്ട് തന്നെ അരോണയെ വളര്‍ത്തുമീനുകള്‍ക്കിടയിലെ രാജാവായും ടാങ്കിലെ ചക്രവര്‍ത്തിയെന്നുമൊക്കെ വിശേഷിപ്പിക്കാറുണ്ട്.

ഭാഗ്യവും സമ്പത്തും കൊണ്ടു വരുമെന്ന വിശ്വാസമാണ് അരോണയെ ചൈനക്കാര്‍ക്ക് പ്രിയങ്കരമാക്കുന്നതെന്നു സിംഗപ്പൂരിലെ അരോണ ബ്രീഡര്‍മാരില്‍ പ്രമുഖനായ കെന്നി യാപ് പറയുന്നു. ക്വിവാന്‍ ഹു ഫിഷ്‌ എന്ന പേരില്‍ അലങ്കാര മത്സ്യവിപണിയിലെ മികച്ച ഫാമുകളില്‍ ഒന്നിന്‍റെ ഉടമയാണ് കെന്നി.

കെവിന്‍ ക്വാന്‍ എഴുതിയ ‘ക്രേസി റിച്ച് ഏഷ്യന്‍സ്’ നോവല്‍ പരമ്പരയില്‍ രണ്ടര ലക്ഷം ഡോളര്‍ വിലയുള്ള വാലെന്‍റിനോ എന്ന റെഡ് അരോണയെപ്പറ്റി പരാമര്‍ശമുണ്ട്.

ഭ്രാന്തമായ കമ്പമാണ് മീനിന്‍റെ കാര്യത്തില്‍ സിംഗപ്പൂരുകാര്‍ക്കുള്ളതെന്നാണ് ‘ദി ഡ്രാഗണ്‍ ബിഹൈന്‍ഡ് ദി ഗ്ലാസ്‌’ എന്ന അരോണകളെക്കുറിച്ചുള്ള പുസ്തകത്തില്‍ എമിലി വോയ്റ്റ് പറയുന്നത്. കുറ്റകൃത്യങ്ങള്‍ തീരെ കുറവായ സിംഗപ്പൂരില്‍ പോലും അരോണ മോഷണം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതായി വോയ്റ്റ് എഴുതുന്നു.

തടിച്ചുരുണ്ട് ഇരിക്കുന്ന അരോണയ്ക്ക് വിലയില്ല. പാകത്തിന് ശരീരത്തോടെ നല്ല ഉറപ്പുള്ള ശരീരമുള്ളവയ്ക്കാണ് ഡിമാന്‍ഡ്.

അരനൂറ്റാണ്ട് മുന്‍പ് ബോര്‍ണിയോയിലും ഇന്തോനേഷ്യയിലും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ചതുപ്പ് മീനായിരുന്നു ഇന്നത്തെ അരോണകളുടെ മുന്‍ഗാമി. വംശനാശം വരുന്ന ജീവജാലങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി 1975ല്‍ ഒപ്പുവച്ച കരാര്‍ ആണ് ഇവയെ ഇന്നും നിലനില്‍ക്കാന്‍ ഇടയാക്കിയത്. കരാര്‍ നിലവില്‍ വന്നതോടെ അപൂര്‍വ ഇനമായി പ്രഖ്യാപിച്ച് ഈ മത്സ്യത്തെ കച്ചവടം നടത്തുന്നതിനു നിരോധനം വന്നു. അതോടെ അരോണയുടെ കള്ളക്കടത്തു വ്യാപകമായി. ഏഷ്യന്‍ രാജ്യങ്ങള്‍ കടന്നു അമേരിക്കയില്‍ വരെ ഈ മത്സ്യം അലങ്കാര വിപണിയില്‍ വിലയേറിയ താരമായി. അത് പക്ഷേ സ്വാഭാവിക അരോണയുടെ നാശത്തിനു വഴി വച്ചതോടെ എണ്‍പതുകളില്‍ നിരോധനത്തിനു അയവ് വരുത്തി ഇവയെ ഫാമുകളില്‍ വളര്‍ത്തിയെടുക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. ഇന്ന് ചൈനയും ഈ രംഗത്ത് നേട്ടം കൊയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍