UPDATES

സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വിശുദ്ധ പശു അജണ്ട

ഗോവധ നിരോധന നിയമം നിലനില്‍ക്കുന്ന ഉത്താരാഖണ്ഡിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തിനാണ് രാജ്യത്തിനാകയുള്ള നിയമമായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്

2017ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ (കന്നുകാലി ചന്തകളുടെ നിയന്ത്രണം) നിയമത്തിനെതിരായ ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രിം കോടതി ഒടുവില്‍ സമ്മതിച്ചു. നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി പക്ഷെ പരാതിക്കാര്‍ക്ക് അനുകൂലമായി പ്രഥമ ദൃഷ്ട്യ ശക്തമായ കേസ് നിലവിലുണ്ടെന്ന് ഇന്നലെ നിരീക്ഷിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനും സംസ്ഥാന വിഷയങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വഴികള്‍ രൂപപ്പെടുത്തുന്നതിനുമായി കേരള നിയമസഭ ഇന്ന് യോഗം ചേര്‍ന്നു.

എന്നെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിയുടെ മുന്‍ ഉത്തരവിന്റെ മറവില്‍ തങ്ങളുടെ അജണ്ട ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നിന്ദ്യവും വഞ്ചനാപരവുമായ മാര്‍ഗ്ഗമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ കേസുകളില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരുമെന്നും തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിനിടയില്‍ പരമോന്നത കോടതിയുടെ ഉത്തരവ് കേന്ദ്രം ലംഘിച്ചിരിക്കുകയാണെന്ന വാദം സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എങ്ങനെയാണ് കോടതി വിധിയെ ലംഘിക്കുന്നത്?
2015 ജൂലൈ 13ന് പുറത്തിറങ്ങിയ സുപ്രിം കോടതി ഉത്തരവ് പ്രകാരമാണ് മേയ് 23-ലെ നിയമത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് മേയ് 27-ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നു. പത്രക്കുറിപ്പില്‍ നിന്ന്: സുപ്രിം കോടതിക്ക് മുന്നിലുള്ള W.P(Civil) No.881 of 2014 എന്ന ‘ഇന്ത്യന്‍ യൂണിയന്‍ X ഗൗരി മൗലേഖി കേസില്‍, വലിയ രീതിയില്‍ മൃഗബലി നടക്കുന്ന നേപ്പാളിലെ ഗാദിമൈ ഉത്സവത്തിന് ഇന്ത്യയില്‍ നിന്നും കന്നുകാലികളെ കടത്തുന്നത് തടയുന്നതിനുള്ള മാര്‍ഗ്ഗരേഖയ്ക്ക് രൂപം കൊടുക്കാന്‍ പരമോന്നത കോടതി 2015 ജൂലൈ 13ന് ഇറക്കിയ ഒരുത്തരവിലൂടെ നിര്‍ദ്ദേശിച്ചിരുന്നു എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു. ശശസ്ത്ര സീമ ബല്ലിന്റെ (എസ്എസ്ബി) ഡിജിയുടെ അധ്യക്ഷതയിലുള്ള ഒരു കമ്മിറ്റിക്ക് സുപ്രീം കോടതി രൂപം നല്‍കുകയും അതിര്‍ത്തി കടന്നുള്ള കന്നുകാലി കടത്തു നിയന്ത്രിക്കുന്നതിനുള്‍പ്പെടെയുള്ള ചില നിര്‍ദ്ദേശങ്ങള്‍ അവര്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. കന്നുകാലി കമ്പോളങ്ങളും തുകല്‍ വസ്തു മൃഗങ്ങളെ കുറിച്ചുമുള്ള ചട്ടങ്ങളും പ്രഖ്യാപിക്കണമെന്ന് മറ്റ് പലതിനോടും ഒപ്പം സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 1960ലെ, മൃഗങ്ങള്‍ക്കെതിരായ ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിലെ 38-ാം വകുപ്പ് പ്രകാരം നിയമങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഈ മന്ത്രാലയത്തോട് അന്തിമ ഉത്തരവിന്റെ രൂപത്തില്‍ 2016 ജൂലൈ 12ന് ബഹുമാനപ്പെട്ട സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.’

എന്താണ് ആ സുപ്രീം കോടതി കേസും അത് സംബന്ധിച്ച ഉത്തരവും?

പത്രക്കുറിപ്പില്‍ പറയുന്നത് പോലെ, ആയിരക്കണക്കിന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന (2009ല്‍ അഞ്ച് ലക്ഷവും 2014ല്‍ 35,000-വും എന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് ഈ ഉത്സവം നടക്കുന്നത്). ഗാദിമൈ ഉത്സവത്തിനായി നേപ്പാളിലേക്ക് കന്നുകാലികളെ കടത്തുന്നത് തടയാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിച്ച് ഗൗരി മൗലേഖി (WP-Civil 881,2014) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും അതിന്റെ വിവിധ വകുപ്പുകളെയും കൂടാതെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളെയും കേസില്‍ കക്ഷി ചേര്‍ത്തിരുന്നു. കൂടാതെ, ‘അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടഞ്ഞുകൊണ്ട് ഇന്ത്യയുടെ നിശ്ചിത അതിര്‍ത്തികള്‍ സംരക്ഷിക്കുകയും അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യുകയും ചെയ്യുക എന്ന ചുമതല നിക്ഷിപ്തമായിരിക്കുന്ന ശശസ്ത്ര സീമ ബെല്‍ (എസ്എസ്ബി) എന്ന അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനെയും കേസില്‍ കക്ഷി ചേര്‍ത്തിരുന്നു.

കേസിന്റെ വാദത്തിനിടയില്‍, കന്നുകാലികളുടെ കടത്ത് തടയുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുന്നതിനായി വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട നാല് സംസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ എസ്എസ്ബി ഡയറക്ടര്‍ ജനറലിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ ബന്‍സി ദാര്‍ ശര്‍മ്മ ഇത്തരത്തില്‍ ഒരു യോഗം വിളിക്കുകയും പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ചില നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുകയും കന്നുകാലി കടത്ത് തടയുന്നതിന് ഉതകുന്ന തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങളടക്കം ഒരു സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ‘നിലവിലുള്ള വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ ഭാവി പദ്ധതി രൂപപ്പെടുത്തുന്നതിനായി’, പരാതിക്കാരുടെയും മറ്റ് ബന്ധപ്പെട്ട കക്ഷികളുടെയും മറ്റൊരു യോഗം വിളിച്ചു ചേര്‍ക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇവിടെ ‘നിലവിലുള്ള വിഷയം’ എന്നത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.

ഇതുപ്രകാരം, അദ്ദേഹം മറ്റൊരു യോഗം വിളിച്ചുകൂട്ടുകയും ഒരു നിര്‍ദ്ദേശ പട്ടികയ്ക്ക് രൂപം കൊടുക്കുകയും അത് ഒരു രേഖയായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതി ഉത്തരവിന്റെ അനുബന്ധം രണ്ടായി ഈ രേഖ ചേര്‍ത്തിട്ടുണ്ട്. ഈ രേഖയില്‍ നേപ്പാളില്‍ വളരെ വ്യാപകമായി നടക്കുന്ന മൃഗബലിയെ കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിക്കുകയും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മൃഗങ്ങളെ കടത്തുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.

കേസിന്റെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടാണ് രേഖ (അനുബന്ധം രണ്ട്) ആരംഭിക്കുന്നത്: ‘ജീവിതത്തോട് നിര്‍ദ്ദയമായ അനീതി പുലര്‍ത്തിക്കൊണ്ട്, നേപ്പാള്‍-ബിഹാര്‍ അതിര്‍ത്തിക്ക് സമീപമുള്ള ബരിയാര്‍പൂര്‍ എന്ന നേപ്പാളി ഗ്രാമത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഗാദിമൈ ഉത്സവത്തിലെ ദാരുണവും അപരിഷ്‌കൃതവുമായ ആചാരബലിക്കായി ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തി വഴി കടത്തുന്ന കന്നുകാലികളുടെയും മറ്റ് മൃഗങ്ങളുടെയും ക്ഷേമത്തില്‍ ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ സുപ്രീം കോടതിയില്‍  ഡറാഡൂണ്‍ നിവാസിയായ ഗൗരി മൗലേഖി മുകളില്‍ പറഞ്ഞ റിട്ട് പരാതി സമര്‍പ്പിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നടക്കുന്ന ഇവിടെ രണ്ട് ദിവസത്തിനുള്ള അഞ്ച് ലക്ഷം മൃഗങ്ങളെയാണ് ബലി നല്‍കുന്നത്.’

ഈ പരാമര്‍ശത്തോട് കൂടിയാണ് അനുബന്ധം രണ്ട് അവസാനിക്കുന്നത്:

‘അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഗാദിമൈ ഉത്സവം കൂടാതെ മൃഗബലി അരങ്ങേറുന്ന ചെറുകിട ഉത്സവങ്ങളും നേപ്പാളില്‍ നടക്കാറുണ്ട്. ഈ കാലഘട്ടങ്ങളിലൊക്കെ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഒരു നിരീക്ഷണ, മേല്‍നോട്ട കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും അവര്‍ എല്ലാ ആറുമാസത്തിലും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ കന്നുകാലിക്കടത്തില്‍ നീണ്ടുനില്‍ക്കുന്ന ഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇത് മൂലം സാധിക്കും.’ ഇപ്പോള്‍ കോടതി കൈകാര്യം ചെയ്ത പ്രശ്‌നം എന്താണെന്നും നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വരാന്‍ എസ്എസ്ബി ഡിജിയോട് കോടതി ആവശ്യപ്പെട്ടത് എന്തിനാണെന്നും നിങ്ങള്‍ക്ക് വ്യക്തമാണ്: നാല് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളിലേക്കുള്ള കന്നുകാലി കടത്ത്. അത് ശരിയായി മനസിലായിട്ടുണ്ടാവുമല്ലോ?

‘പരിഗണനയിലുള്ള വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സമഗ്രമായ ഭാവി പരിപാടിക്ക് രൂപം നല്‍കുന്നതിന് മുമ്പ്’ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങള്‍ രണ്ട് തവണ കേട്ടു എന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ഉന്നത കോടതി അധിക കരുതലാണെടുത്തതെന്നും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.

ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പുതിയ നിയമങ്ങള്‍ക്ക് രൂപം കൊടുത്തത് എന്നാണ്.

എന്താണ് ആ ഉത്തരവ്?
‘നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍, അത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ എസ്പിസിഎ നിയമങ്ങളിലെ മൂന്നാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എസ്പിസിഎകള്‍ക്ക് ഇന്നുമുതല്‍ നാല ആഴ്ചകള്‍ക്കുള്ളില്‍ രൂപം നല്‍കണം. അതുപോലെ തന്നെ, ജില്ല എസ്പിസിഎകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാന മൃഗക്ഷേമ ബോര്‍ഡുകള്‍ രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.’

നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ‘ബന്ധപ്പെട്ട എല്ലാവര്‍ക്കും’ സുപ്രീം കോടതി ഉത്തരവ് നല്‍കി. മറ്റ് കാര്യങ്ങള്‍ക്ക് ഒപ്പം നിയമങ്ങള്‍ക്ക് രൂപം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയെന്ന് സര്‍ക്കാര്‍ പറയുന്ന കാലിചന്തകളുമായി ബന്ധപ്പെട്ട എന്തൊക്കെയാണ് നിര്‍ദ്ദേശങ്ങളില്‍ ഉള്ളത്? അനുബന്ധം രണ്ടില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ‘നിയമപരമായ അനുമതി നല്‍കപ്പെട്ട ഉദ്ദേശങ്ങള്‍ക്ക് മാത്രമായി ആരോഗ്യമുള്ള കന്നുകാലികളെയാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തുന്ന തരത്തില്‍ കന്നുകാലി ചന്തകളെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് രൂപം നല്‍കണം. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ 2010 ഡിസംബര്‍ 22ന് പുറത്തിറക്കിയ GO number 2722/XV/-1/10/7/59/08 എന്ന ഉത്തരവിലൂടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിലെ 38(1) വകുപ്പ് പ്രകാരം ഇത് നിയമമായി സ്വീകരിക്കണം.

ഇവിടെയാണ് കളി ആരംഭിക്കുന്നത്.

ഗോവധം നിരോധിച്ച ഉത്താരാഖണ്ഡ് സര്‍ക്കാരിന്റെ നിയമങ്ങളുടെ ചുവടുപിടിച്ച് രാജ്യത്തെമ്പാടുമുള്ള കന്നുകാലിച്ചന്തകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് രൂപം നല്‍കാനുള്ള ഒരു ഉത്തരവാണ് ഇതെന്ന് കേന്ദ്രം വ്യാഖ്യാനിക്കുന്നു. മാത്രമല്ല, കേന്ദ്രം ഒരു ചുവട് കൂടി മുന്നോട്ട് പോവുകയും പോത്ത് – എരുമകളുടെ അറവും നിരോധിക്കുകയും ചെയ്തിരിക്കുന്നു.

അപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്:

1. ഒരു നിയമവിരുദ്ധ പ്രവൃത്തി നിരോധിക്കുന്നതിനായുള്ള ഒരു പരാതി പരിഗണിക്കുന്നതിനിടയില്‍, ആ നിയമവിരുദ്ധ പ്രവൃത്തി തടയുന്നതിന് ആവശ്യമായ നിയമങ്ങള്‍ രൂപീകരിക്കുന്നതിനായി ഒന്നിന് പുറകെ മറ്റൊന്നായി രണ്ട് യോഗങ്ങളാണ് സുപ്രീം കോടതി വിളിച്ചുചേര്‍ത്തത്. എന്നാല്‍ ചില സംസ്ഥാനങ്ങളിലെങ്കിലും പൂര്‍ണമായും നിയമവിധേയമായ ഒരു പ്രവര്‍ത്തനം നിരോധിക്കുന്ന നിയമനിര്‍മ്മാണത്തിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്തത്? എല്ലാ കക്ഷികള്‍ക്കും പറയാനുള്ളത് കേട്ട ഒരു യോഗത്തിന്റെ ഫലത്തില്‍ തൃപ്തരാവാതെ സുപ്രിം കോടതി മറ്റൊരു യോഗം കൂടി വിളിച്ചുചേര്‍ത്തപ്പോള്‍ ബന്ധപ്പെട്ട കക്ഷികളുടെ ഒരു യോഗമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തോ? (ഇത്തരം ശ്രമങ്ങളുടെ ഒരു സൂചനയും പിഐബി പത്രക്കുറിപ്പ് നല്‍കുന്നില്ല. ഞാന്‍ മനസിലാക്കിയത് പ്രകാരം കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കരട് പ്രസിദ്ധീകരിക്കുകയും അതിന് 13 പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. അതിന് ശേഷം മേയ് 23ന് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ അത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. മേയ് 27ന് മാത്രമാണ് ഇത് പൊതുജന ശ്രദ്ധയില്‍ പെടുന്നത്. ജനാധിപത്യത്തോടുള്ള സര്‍ക്കാര്‍ മനോഭാവം അതാണ്! എന്നാല്‍ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടുകയും കേരള സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നിയമത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയതില്ലെങ്കില്‍ ചോദ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നേരെ ഉയരുമായിരുന്നു.)

2. ഇന്ത്യയിലെ നാല് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളിലേക്ക് കന്നുകാലി കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു രേഖയില്‍ നിന്നും ആ വിഷയുമായി ബന്ധപ്പെട്ട് മാത്രം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ‘കാലിച്ചന്തകള്‍’ എന്ന പ്രയോഗത്തെ എങ്ങനെയാണ് ഇന്ത്യയിലെ മുഴുവന്‍ കാലിച്ചന്തകളുടെ കാര്യത്തിനായി കേന്ദ്ര സര്‍ക്കാരിന് എടുക്കാന്‍ സാധിക്കുന്നത്? ‘ബന്ധപ്പെട്ടവരെല്ലാം’ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ‘ബന്ധപ്പെട്ട എല്ലാ സംസ്ഥാന സര്‍ക്കാരുകളും’ സംസ്ഥാന, ജില്ല സമിതികള്‍ രൂപീകരിക്കണമെന്ന് അത് നിര്‍ദ്ദേശിക്കുന്നു. യഥാര്‍ത്ഥത്തില്‍ നാല് സംസ്ഥാനങ്ങള്‍ക്കു മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്ന ഒരു ഉത്തരവ് രാജ്യത്ത് ആകമാനമായി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്ന ഒന്നും തന്നെ ആ ഉത്തരവിന്റെ വാചകങ്ങളിലോ ആത്മാവിലോ ഇല്ല. സുപ്രിം കോടതി ഉത്തരവില്‍ നിന്നും ചില കാര്യങ്ങള്‍ എടുക്കുകയും അതിനെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് തങ്ങളുടെ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി ഉത്തരവിനെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നു.

3. രാജ്യത്തിന് മുഴുവനായി ഒരു നിയമം ഉണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന് അംഗീകരിച്ചാല്‍ തന്നെയും (കാരണം 1960ലെ പിസിഎയെ ഒരു കേന്ദ്ര നിയമമാണ്), ‘നിയമപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഉദ്ദേശങ്ങള്‍ക്കായി ആരോഗ്യമുള്ള കന്നുകാലികളെ മാത്രം വില്‍ക്കുന്നു,’ എന്ന നിബന്ധന എങ്ങനെയാണ് തഴയപ്പെട്ടത്? എന്നിട്ട് അറവിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിക്കുന്ന ഒരു നിയമം എങ്ങനെ നടപ്പിലാക്കാന്‍ സാധിക്കും? (22 e.i: കന്നുകാലികളെ വാങ്ങുന്ന ആള്‍ അതിനെ (i) കശാപ്പിനായി വില്‍ക്കരുത്).

നിയമം എന്താണ് പറയുന്നത്?
1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പ് 11(3): അനാവശ്യമായ വേദനയോ കഷ്ടപ്പാടുകളോ ഏല്‍പ്പിക്കപ്പെടാതിരിക്കുന്ന പക്ഷം മനുഷ്യരുടെ ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുകയോ കൊല്ലാന്‍ തയ്യാറെടുക്കുകയോ ചെയ്യുന്ന ഏതങ്കിലും നടപടിയെ തടയുന്ന ഒന്നും തന്നെ ഈ ചട്ടങ്ങള്‍ പ്രകാരം ചെയ്യാന്‍ പാടില്ല.

അതായത് ഭക്ഷണത്തിനായി അറവ് നടത്താം.

പിന്നെ എന്തിനാണ് അറവിനായുള്ള വില്‍പ്പന നിരോധിക്കുന്നത്? മാത്രമല്ല, മറ്റ് കാര്യങ്ങള്‍ക്കൊപ്പം കന്നുകാലിച്ചന്തകളില്‍ ‘നിയമപരമായ ഉദ്ദേശങ്ങള്‍ക്കായി ആരോഗമുള്ള കാലികളെ വില്‍ക്കാന്‍’ അനുവദിക്കുന്ന സുപ്രീം കോടതി ഉത്തരവ് സര്‍ക്കാര്‍ ലംഘിക്കുകയല്ലേ ചെയ്തിരിക്കുന്നത്? കേരളത്തില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് ‘നിയമപരമായി അനുവദിക്കപ്പെട്ടിരിക്കുന്ന ഉദ്ദേശം’ അല്ലേ? സുപ്രീം കോടതി ഉത്തരവ് അതനുവദിക്കുമ്പോള്‍ എങ്ങനെയാണ് ഒരു കേന്ദ്രസര്‍ക്കാര്‍ നിയമം അത് നിഷേധിക്കുക? സുപ്രിം കോടതി ഉത്തരവിന് അപ്പുറം കേന്ദ്ര സര്‍ക്കാര്‍ അജണ്ട തന്നെയല്ലേ നിരോധനത്തിന്റെ യഥാര്‍ത്ഥ കാരണം?

4. ഗോവധ നിരോധന നിയമം നിലനില്‍ക്കുന്ന ഉത്താരാഖണ്ഡിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തിനാണ് രാജ്യത്തിനാകയുള്ള നിയമമായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്? 2007ലെ ഉത്തരാഖണ്ഡ് ഗോപരമ്പര സംരക്ഷണ നിയമപ്രകാരം രണ്ട് സാഹചര്യങ്ങളില്‍ മാത്രമേ സംസ്ഥാനത്ത് ഗോവധം അനുവദിക്കൂ. 1. ഭേദപ്പെടുത്താനാവാത്ത രോഗബാധയും അതുമായി ബന്ധപ്പെട്ട അസഹനീയ വേദനയും. 2. മനുഷ്യനും മറ്റ് കാലിസമ്പത്തിനും അപകടകരമായ രീതിയിലുള്ള പകര്‍ച്ചവ്യാധികളുടെ ആക്രമണം).

2007ലെ ഉത്തരാഖണ്ഡ് ഗോപരമ്പര നിയമം മാത്രമാണ് മര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഒരേ ഒരു നിയമം എന്നതാണ് കൗതുകകരം. ഈ നിയമം ആകട്ടെ പശു, വിത്തുകാള, വണ്ടിക്കാള, പശുക്കുട്ടി, കാളക്കുട്ടി എന്നിവയ്ക്ക് മാത്രം ബാധകമാണ്. പിന്നെ എങ്ങനെയാണ് വിജ്ഞാപനത്തില്‍ എരുമ കടന്നുകൂടിയത്? ഇവിടെയും നാല് അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമായ അനുബന്ധം രണ്ടിലെ നിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് ആകമാനം നടപ്പിലാക്കിയപ്പോള്‍ ഇവിടെയും സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം നടത്തുകയായിരുന്നു.

5. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം: ഭരണഘടനയെ ബഹുമാനിക്കാനുള്ള ചുമതല കേന്ദ്രസര്‍ക്കാരിനില്ലേ? ‘കമ്പോളങ്ങളും ചന്തകളും’ സംസ്ഥാന പട്ടികയിലാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം നല്‍കുന്ന ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ പ്രകാരം, ‘കമ്പോളങ്ങളും ചന്തകളും’ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ പട്ടികയിലാണ് വരുന്നത്. ഭരണഘടനാപരമായി പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നിയമങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ?

ഈ ചോദ്യങ്ങള്‍ കേള്‍ക്കാനും ഒരു തീരുമാനം എടുക്കാനും കോടതികള്‍ തയ്യാറാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

തെറ്റിദ്ധരിക്കേണ്ടതില്ല, ഇതാണ് സര്‍ക്കാര്‍ ചെയ്തത്:

ഗോവധം നിരോധിച്ചിരിക്കുന്ന ഉത്തരാഖണ്ഡിലെ കമ്പോളങ്ങളെ ഭരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ, നേപ്പാളിലെ ഗാദിമൈ ഉത്സവത്തിന് കാലികളെ കള്ളക്കടത്ത് നടത്തുന്നത് തടയുന്നതിന് മാത്രമായി പുറപ്പെടുവിക്കപ്പെട്ട ഒരു സുപ്രിം കോടതി ഉത്തരവിന്റെ മറപിടിച്ച് രാജ്യത്തെമ്പാടുമുള്ള കന്നുകാലിച്ചന്തകള്‍ക്ക് ബാധകമാക്കുക. അങ്ങനെ ചെയ്യുന്നതിനിടയില്‍ ആ ഉത്തരവ് തന്നെ ലംഘിക്കുക.

കാര്യം പിടികിട്ടിയില്ലെ? ഇത് നിന്ദ്യവും വഞ്ചനാപരവുമായ ഒരു കളിയാണ്.

(കെജെ ജേക്കബിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ വിവര്‍ത്തനം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍