UPDATES

ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? ആരവിടെ, ബ്രാഹ്മണര്‍ക്ക് പശുദാനവും വഴിപാടൂട്ടും തുടങ്ങട്ടെ

അതേ ഭവത്രാത, ‘പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, നമ്മളുണ്ണും’ എന്ന സുന്ദരകാലം പോയതോര്‍മ്മിപ്പിക്കാതെ

ഒരു കയ്യില്‍ ഓലക്കുട, നനഞ്ഞൊട്ടിയ ശരീരത്തില്‍ പൂണൂല്‍, കൊയ്ത്തുകഴിഞ്ഞ പാടത്തുകൂടെ രണ്ടു ബ്രാഹ്മണര്‍ നടന്നുവരികയാണ്. കേരളത്തിന്റെ സാമൂഹ്യനവോത്ഥാനമെന്ന പരിപാടിയുടെ ഇരകള്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണത്തിന്റെ ഇരകള്‍! കടകംപള്ളി സുരേന്ദ്രനെന്ന സിപിഎം മന്ത്രിയുടെ വ്യഥകള്‍! “പറയൂ ബ്രഹ്മദത്ത, ഇക്കാണുന്ന ഭൂമിയെല്ലാം നമ്മുടേതായിരുന്നില്ലേ.” “അതേ ഭവത്രാത, പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, നമ്മളുണ്ണും” എന്ന സുന്ദരകാലം പോയതോര്‍മ്മിപ്പിക്കാതെ.” “ഇതൊഴിപ്പിക്കുമ്പോള്‍ നമുക്കൊന്നും തന്നില്ലല്ലോ”, അപ്പോള്‍ വരമ്പിനടിയില്‍ നിന്നും കറുത്ത മെല്ലിച്ച ഒരു ശരീരം നിവര്‍ന്നു ചോദിച്ചു, “അതിനു നീയോ നിന്റെ തന്ത, തള്ളമാരോ അദ്ധ്വാനിച്ചുണ്ടാക്കിയ ഏത് ഭൂമിയാടോ തനിക്ക് നഷ്ടപ്പെട്ടത്?”

പാട്ടവും വാരവുമളന്ന്, സാമൂഹ്യ മൂലധനത്തിന് ഒട്ടും കുറവില്ലാത്ത, എന്നാല്‍ ഏറ്റവും അധമമായ, സ്ത്രീവിരുദ്ധമായ ഒരു ആന്തരിക ജീവിതം സ്വന്തം സമുദായത്തില്‍ ഏര്‍പ്പെട്ട കേരളത്തിലെ ബ്രാഹ്മണരും മറ്റ് സവര്‍ണരും, രണ്ടു തലമുറയ്ക്കപ്പുറം വിദ്യാഭ്യാസമുള്ള, സാമൂഹ്യമായ സ്വീകാര്യതയുള്ള ഒരാള്‍പ്പോലുമില്ലാത്ത പുലയരും ഒരേ തരത്തിലുള്ള സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് വെളിപാടുയര്‍ത്തിയ വിപ്ലവനക്ഷത്രമേ, എങ്ങുപോയൊളിച്ചിരുന്നു ഇത്ര നാളും ചങ്ങായീ!

പുഷ്പക ബ്രാഹ്മണരുടെ സവിശേഷ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കരളലിയിച്ചു എന്നു കരുതട്ടെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ടിതുപോലൊരു സവിശേഷ വിശേഷ ജാതിക്കോമരങ്ങളുടെ സമ്മേളനത്തിന് പോയ തിരുവഞ്ചൂര്‍ മന്ത്രി പറഞ്ഞത് ബ്രാഹ്മണ ശാപം വാങ്ങാന്‍ ഈ സര്‍ക്കാരിന് ഉദ്ദേശമില്ല എന്നാണ്. എന്തായാലും നായര്‍ ശാപത്തിലായിരുന്നു തിരുവഞ്ചൂരടക്കം പുളഞ്ഞത്; ബ്രാഹ്മണര്‍ വിട്ടുനിന്നു.

ഈ പഴയ ജന്മിമാരുടെയും രാജാക്കന്മാരുടെയും കരളലിയിക്കുന്ന കദനകഥകളും അവരുടെ സവിശേഷ ഗൃഹാതുരതയും കേരള സിപിഎംകാര്‍ എന്തായാലും കുറച്ചായി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട്.

പണ്ട് പുതിയ നിയമസഭാ മന്ദിരമെന്ന വികൃത സൃഷ്ടി പണിതീര്‍ന്നപ്പോള്‍ അന്നത്തെ സ്പീക്കര്‍ വിജയകുമാര്‍ തിരുവിതാംകൂര്‍ രാജകുടുംബം എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്ന കുറെയാളുകളെ കൊണ്ടുവന്നു കാണിച്ചു. “ഒരുകാലത്ത് ഇവിടെ ഭരിച്ചിരുന്നതവരല്ലേ” എന്ന് ആ പുഞ്ചിരി മത്തായി പുളകം കൊണ്ടു. ‘പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്ന് അടുത്തകൊല്ലവും വിളിച്ചു. വെടിയേറ്റ തെങ്ങ് ഞായറാഴ്ച്ച പതിപ്പില്‍ നിറഞ്ഞു. പഴയ സഖാക്കളെ പുതിയ സഖാക്കള്‍ സന്ദര്‍ശിച്ചു. ഫലകവും മേലാടയും കൊടുത്തു. പക്ഷേ നിയമസഭ കാണിക്കണമെങ്കില്‍ പൂയില്യന്‍ തിരുനാളാകണം, പായസപ്പാത്രത്തില്‍ വരെ സ്വര്‍ണം കക്കുന്ന പദ്മനാഭ ദാസന്‍മാരാകണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി എന്‍ സീമ കവടിയാര്‍ കൊട്ടാരത്തില്‍ ചെന്നു. വോട്ടഭ്യര്‍ത്ഥിച്ചു. രാജകുടുംബമല്ലേ, വേണ്ടതുതന്നെ! തീര്‍ന്നില്ല, ‘തമ്പുരാട്ടി’ തനിക്ക് ‘വിഷുക്കൈനീട്ടം’ തന്നു എന്ന് ചിത്രസഹിതം സീമ എഫ് ബിയില്‍ ഓടിവന്നു പോസ്റ്റിട്ടു. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, രാജഭരണം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യങ്ങള്‍ ചെങ്കൊടിത്തൊണ്ടകളില്‍ പിടഞ്ഞുമരിച്ചു.

കഴിഞ്ഞില്ല, സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ മാതൃകയായി. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ആപ്പീസില്‍ കോഴിക്കോട് സാമൂതിരി സന്ദര്‍ശിച്ചെന്ന് കുറിപ്പും ചിത്രവും. ഏത് സാമൂതിരി, മുഖ്യമന്ത്രി? അയാള്‍ക്കെന്താ വിശേഷം? നാട്ടിലെ ഏതെങ്കിലും സ്കൂള്‍ മാഷ് നിങ്ങളെ കാണാന്‍ വന്നാല്‍ അത് എഫ് ബിയില്‍ ഇടുമോ? അപ്പോള്‍ പഴയ രാജാവ് അല്ലേ? ആഹാ! നമ്മളൊക്കെ രാജാക്കന്‍മാരല്ലേ ഗഡീന്ന്!
സാമൂതിരി കുടുംബക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇരകളായ സകല ബ്രാഹ്മണര്‍ക്കും അത് നീട്ടിക്കൊടുത്ത് എല്ലാം ശരിയാക്കണം പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍. അപ്പോഴേ ചരിത്രം വട്ടത്തിലെത്തൂ.

റഷ്യന്‍ വിപ്ലവകാലത്ത് കൊല്ലപ്പെട്ട സാര്‍ ചക്രവര്‍ത്തിയുടെയും കുടുംബത്തിന്റെയും മൃതദേഹാവശിഷ്ടങ്ങള്‍ കുഴിമാന്തിയെടുത്ത് വീണ്ടും രാഷ്ട്ര ബഹുമതികളോടെ അടക്കം ചെയ്ത റഷ്യന്‍ ഭരണാധികാരി സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ പിബി അംഗമായിരുന്നു. എന്തായിരിക്കും അക്കണ്ടകാലം കൊണ്ട് പിബിയിലെത്തിയ അയാള്‍ ആര്‍ജിച്ചെടുത്ത കമ്മ്യൂണിസ്റ്റ് ബോധം! റൊമാനോവ് കുടുംബത്തിന്റെ അടക്കം നടന്ന നഗരത്തിന്റെ പേര് Sverdlovsk എന്നായിരുന്നു. സാര്‍ ചക്രവര്‍ത്തി കുടുംബത്തിന്റെ വധത്തിനുള്ള ടെലെഗ്രാമില്‍ ഒപ്പുവെച്ച ബോള്‍ഷെവിക് Yakov M. Sverdlov-ന്‍റെ പേരായിരുന്നു ആ നഗരത്തിന് പിന്നീട് നല്‍കിയത്. മൂകസാക്ഷിയായ സ്വെര്‍ദ്ലോവ്; ആചാരാകമ്പടികളോടെ വീണ്ടും അടക്കാന്‍ ശവക്കുഴിയില്‍ നിന്നും ഒരു ചക്രവര്‍ത്തി.

70 കൊല്ലം എന്നൊക്കെ പറഞ്ഞാല്‍ പലതും മറക്കാനുള്ള സമയമായി. പുന്നപ്ര വയലാര്‍ സമരം ഒക്ടോബര്‍ 1946; ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്!

ആരെവിടെ, ബ്രാഹ്മണര്‍ക്ക് പശുദാനവും വഴിപാടൂട്ടും തുടങ്ങട്ടെ. പൂയില്യം തിരുനാളിന് പിറന്നാല്‍ സമ്മാനവുമായി ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ജനകീയ മന്ത്രി തന്നെ പോകണം. വൈകീട്ട് കാര്‍ത്തികതിരുനാള്‍ ഓഡിറ്റോറിയത്തില്‍ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം മകം തിരുനാളുകാരി ഏതെങ്കിലും ഒരു തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. വരൂ കുഞ്ഞേ, അടുത്ത പാര്‍ട്ടി ക്ലാസിന് സമയമായി, “ലോക വിപ്ലവ ചരിത്രം”.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍