UPDATES

ട്രെന്‍ഡിങ്ങ്

സഖാക്കളേ, നിങ്ങള്‍ ബിജെപിക്കെതിരെ ആരെ അണിനിരത്തുമെന്നാണ്?

അത്തരം സർക്കാരുകൾ കെട്ടിപ്പടുക്കുന്ന വ്യഗ്രതക്കിടയിലാണ് ഇന്നിപ്പോൾ മുഖ്യശത്രുവായ ബി ജെ പി യെയും അധികാരത്തിന്റെ ശീതളച്ഛായയിൽ എത്തിച്ചു ഒടുവിൽ സ്വന്തമായി രാജ്യം ഭരിക്കാൻ പോന്ന ഒരു ശക്തിയായി വളർത്തിയെടുത്തതെന്നും മറക്കരുത്

കെ എ ആന്റണി

കെ എ ആന്റണി

സി പി എം കോൺഗ്രസിന് കൈകൊടുക്കുമോ ഇല്ലയോ എന്ന ചോദ്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നിട്ടു മാസങ്ങളായെങ്കിലും അതിനുള്ള കൃത്യമായ ഉത്തരം ഇന്ന് ലഭിക്കുമെന്നതിനാൽ ഇനിയങ്ങോട്ടുള്ള എല്ലാ ചർച്ചകളും വിശകലനങ്ങളും ഈ വിഷയം സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ സി പി എം എന്ത് തീരുമാനം എടുത്തുവെന്നതും ആ തീരുമാനത്തിന്റെ ഗുണദോഷങ്ങൾ സംബന്ധിച്ചും ഉള്ളതായിരിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട. ബി ജെ പിയെ മുഖ്യ ശത്രുവായി കാണുമ്പോഴും കോൺഗ്രസ്സുമായി സഖ്യം പോയിട്ട് ധാരണ പോലും വേണ്ടെന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന് നിലവിൽ ജനറൽ സെക്രട്ടറി ആയ സീതാറാം യെച്ചൂരി തിരുത്തു നിർദ്ദേശിച്ചിട്ടുണ്ട്. പ്രമേയവും തിരുത്തും സംബന്ധിച്ചുള്ള ചർച്ചയിൽ നിലവിൽ യെച്ചൂരിക്കാണ് മേൽകൈ എന്നും അല്ലെന്നുമുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

വാർത്തകളുടെ നിജ സ്ഥിതി എന്തുമാകാം. ഇവിടെ ഉന്നയിക്കപ്പെടേണ്ട പ്രധാന ചോദ്യം എന്തുകൊണ്ട് തങ്ങളുടെ പാർട്ടിയും പാർട്ടി കോൺഗ്രസ്സും ഇത്രകണ്ട് ശ്രദ്ധാകേന്ദ്രമാകുന്നുവെന്നു സി പി എം നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നതാണ്. രാജ്യം മുൻപെങ്ങുമില്ലാത്തവിധം അന്ധകാരാവൃതമായ നാളുകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അധർമം ധർമത്തെ ചവിട്ടി മെതിക്കുന്നു. പിഞ്ചോമനകൾ ക്രൂര ബലാത്സംഗത്തിനു ഇരയാവുന്നു. എതിർ ശബ്ദങ്ങൾ തോക്കിനാലും കത്തിയാലും നിശബ്ദമാക്കപ്പെടുന്നു. നീതിപീഠങ്ങൾ പോലും വിലക്കെടുക്കപ്പെടുന്നു. ഇങ്ങനെയൊരു ഘട്ടത്തിൽ ഉയർന്ന ജനാധിപത്യ-മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നു അവകാശപ്പെടുന്ന സി പി എമ്മിനെ പോലുള്ള ഒരു രാഷ്ട്രീയ കക്ഷി എന്ത് നിലപാടാണെടുക്കുക എന്നറിയാൻ വേണ്ടി മാത്രമാണ് ആളുകൾ നിങ്ങളെ ഉറ്റുനോക്കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു മഹാഭാരത യുദ്ധ പരിവേഷം ഇതിനകം കൈവന്നിട്ടുണ്ട്. ഭരണ കക്ഷിയായ ബി ജെ പി പോലും ഒരു പക്ഷെ അതിനെ അങ്ങിനെ തന്നെയാണ് കാണുന്നതും. ഈ യുദ്ധത്തിൽ ബി ജെ പിയെ കൗരവരായി കാണുന്നവരാണ് കോൺഗ്രസ്സും സി പി എമ്മുമൊക്കെ. അങ്ങിനെ വരുമ്പോൾ ബി ജെ പിക്കെതിരായ ഭാരത യുദ്ധം ആര് നയിക്കും ആരൊക്കെ അവർക്കു പിന്നിൽ അണിനിരക്കും എന്ന ചോദ്യം മാസങ്ങൾക്കു മുൻപ് തന്നെ ഉയർന്നു കഴിഞ്ഞതാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സി പി എമ്മിന്റെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്ന കോൺഗ്രസ് ബന്ധം സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയം പ്രസക്തമാകുന്നത്.

മണിക് സര്‍ക്കാര്‍ സിപിഎം ജനറല്‍ സെക്രട്ടറിയാകുമോ?

കോൺഗ്രസിനെ പാടെ മാറ്റി നിറുത്തി തങ്ങൾക്കു യോജിക്കാനാവുന്ന മറ്റു പാർട്ടികളെ അണിനിരത്തി ബി ജെ പിയെ തുരത്താം എന്ന വാദമാണ് കാരാട്ട് പക്ഷം മുന്നോട്ടു വെക്കുന്നത്. ഈ മറ്റു പാർട്ടികൾ എന്ന് പറയുന്നവ ഒന്നും തന്നെ കോൺഗ്രസ്സിനെക്കാൾ ഒട്ടും ഭേദമല്ലെന്നതാണ് യാഥാർഥ്യം. ഇത്തരക്കാരെ കൂടെക്കൂട്ടി രാജ്യ ഭരണം പിടിച്ചുവെന്നു തന്നെ കരുതുക. മുന്നോട്ടുള്ള പ്രയാണം ഒട്ടുമേ സുഗമമായിരിക്കില്ലയെന്നു മുൻകാല അനുഭവങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൊറാർജി ദേശായിയിൽ തുടങ്ങുന്ന സ്ഥിരതയില്ലാത്ത എത്ര സർക്കാരുകളെയാണ് നിങ്ങൾ വാഴിച്ചത് എന്ന കാര്യം വിസ്മരിക്കരുത്. അത്തരം സർക്കാരുകൾ കെട്ടിപ്പടുക്കുന്ന വ്യഗ്രതക്കിടയിലാണ് ഇന്നിപ്പോൾ മുഖ്യശത്രുവായ ബി ജെ പി യെയും അധികാരത്തിന്റെ ശീതളച്ഛായയിൽ എത്തിച്ചു ഒടുവിൽ സ്വന്തമായി രാജ്യം ഭരിക്കാൻ പോന്ന ഒരു ശക്തിയായി വളർത്തിയെടുത്തതെന്നും മറക്കരുത്.

കേരളത്തിൽ കോൺഗ്രസ്സുമായി യോജിക്കാൻ സി പി എമ്മിനാവില്ലെന്നത് ശരി തന്നെ. തീർച്ചയായും അത് ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് വളമാവുകയേ ഉള്ളു. പക്ഷെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ലല്ലോ. എടുക്കാനും വെക്കാനും മാത്രം അംഗങ്ങൾ പോലുമില്ലാത്ത അവസ്ഥയല്ലേ പലയിടത്തും. എന്നിട്ടും ഈ പിടിവാശിയുടെ പൊരുൾ മനസ്സിലാവുന്നില്ല.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രത്തിലേക്കോ ‘ചരിത്രപരമായ വിഡ്ഢിത്ത’ത്തിലേക്കോ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍