UPDATES

ആരിഫ് മുതല്‍ കടകംപള്ളി വരെ; യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ എന്താണ് സിപിഎം നിലപാട്?

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സിപിഎം നിലപാട് മാറ്റിയോ

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയെ സിപിഎം പിന്തുണയ്ക്കുന്നത് നവോത്ഥാന പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിട്ടാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പ്രസംഗങ്ങളില്‍ പിണറായി വിജയന്‍ ഈ നിലപാട് ആവര്‍ത്തിച്ചു. ഒന്നൊ രണ്ടോ വോട്ടുകളുടെ അടിസ്ഥാനത്തിലല്ല സിപിഎം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റെതിന് കാരണവും ശബരിമലയാണെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞുവെന്നും അവരുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തുമെന്നുമായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തലായി പുറത്തുവന്നത്.

വിശ്വാസം തിരിച്ചുപിടിക്കാന്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.
ശബരിമലയില്‍ ആചാര സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ കൊണ്ടുവന്ന ബില്ലിനെ സിപിഎം അതിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ തന്നെ തള്ളിക്കളയേണ്ടതായിരുന്നു. കാരണം ശബരിമല വിധിയെ നവോത്ഥാനത്തിന്റെ തുടര്‍ സംഭവങ്ങള്‍ക്കുള്ള ഒരു ഉപാധിയായിട്ടാണ് കണ്ടതെന്നാണ് സിപിഎം പറഞ്ഞത്. എന്നാല്‍ ബില്ല് കൊണ്ടുവരേണ്ടത് എന്‍ കെ പ്രേമചന്ദ്രനല്ലെന്നും കേന്ദ്ര സര്‍ക്കാര്‍തന്നെ ബില്ലുകൊണ്ടുവന്ന് ആചാരം സംരക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സിപിഎം ആചാര സംരക്ഷണത്തിനാണെന്ന നിലപാടാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മന്ത്രി പറഞ്ഞത്. ശബരിമലയുമായി സിപിഎം സ്വീകരിച്ച നിലപാടുകളോട് പൊരുത്തപ്പെടാത്ത പ്രസ്തവനകള്‍ നേരത്തെയും നടത്തിയയാളാണ് മന്ത്രി കടകംപള്ളി

സമാനമായ നിലപാടാണ് സിപിഎമ്മിന്റെ കേരളത്തില്‍നിന്നുള്ള ഏക എംപിയായ എ എം ആരിഫും സ്വീകരിച്ചത്. ശബരിമല ബില്ലിന്റെ കാര്യത്തില്‍ വ്യക്തമായ ഒരു അഭിപ്രായം അദ്ദേഹം പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശനം നടത്തിയതിനെ ചോദ്യം ചെയ്യുകയും അവരുടെ താല്‍പര്യമെന്തായിരുന്നുവെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. നേരത്തെ ബിജെപിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കനകദുര്‍ഗയെ ശബരിമലയില്‍ പ്രതിഷേധക്കാര്‍ തടയാതിരുന്നത് നിഗുഢമാണെന്ന സംശയവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതായത് ശബരിമല കാര്യത്തില്‍ പാര്‍ട്ടി എംപിയുടെ നിലപാടും സ്ത്രീ പ്രവേശനത്തിന് അനുകൂലമല്ലെന്ന് വ്യക്തം.

ബില്ലിനെ എതിര്‍ക്കുമെന്ന് പറയാന്‍ അദ്ദേഹം എന്തായാലും തയ്യാറായിട്ടില്ല. അതേസമയം ഇന്നലെ ആലപ്പുഴയില്‍ നടന്നൊരു ചടങ്ങില്‍ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ മന്ത്രി ജി സുധാകരന്‍ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തത്. വ്യത്യസ്ത നിലപാടുകള്‍ നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും സ്വകാര്യ ബില്ലിന്റെ കാര്യത്തിലോ സിപിഎം ഔദ്യോഗികമായി ഒരു നിലപാട് സ്വീകരിച്ചിട്ടുമില്ല.

മുഖ്യമന്ത്രി പറഞ്ഞതില്‍നിന്ന് ഭിന്നമായി ഒരു തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ നിലപാട് മാറ്റത്തിലേക്ക് നയിക്കുന്നുവെന്ന് സൂചനയാണ് നേതാക്കളുടെ പ്രസ്തവനയില്‍നിന്ന് കിട്ടുന്നത്. ഇതാണ് സ്വകാര്യ ബില്ലിന്റെ കാര്യത്തിലോ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടോ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ഒരു അഭിപ്രായ പ്രകടനം നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന് കാരണമെന്ന് വേണം കരുതാന്‍. . സിപിഎമ്മിന്റെ സംസ്ഥാന സമിതിയോഗം ചേരുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു നിലപാട് രൂപികരിക്കുമോ അതോ, സെക്രട്ടറിയുടെ മകന്റെ സ്ത്രീ പീഡനക്കേസിലും ആന്തുര് നഗരസഭ അധ്യക്ഷ വ്യവസായിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരിയായി എന്ന ആരോപണത്തെക്കുറിച്ചുമുള്ള ചര്‍ച്ചയില്‍ മാത്രം ഒതുങ്ങുമോ എന്നും വ്യക്തമല്ല. പാര്‍ട്ടി ഔദ്യോഗിക അഭിപ്രായം പറയാതെ മാറ്റിവെയ്ക്കുകയും നേതാക്കള്‍ ഭിന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നത് ഒരു അടവ് നയമായി സിപിഎം പരീക്ഷിക്കുകയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Read More: കനകദുര്‍ഗ മല കയറിയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനോ എന്ന് സംശയിക്കുന്നതായി ആരിഫ് എംപി; സമരക്കാര്‍ അവരെ തടഞ്ഞില്ലെന്നതില്‍ നിഗൂഢത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍