UPDATES

ട്രെന്‍ഡിങ്ങ്

ഗൂണ്ടകള്‍ക്കിടയിലെ കോബ്ര; ഏഴുവയസുകാരനെ മൃതപ്രായനാക്കിയ അരുണ്‍ കൊടുംകുറ്റവാളി

കൊലപാതകം ഉള്‍പ്പെടെ ഏഴ് കേസുകളില്‍ പ്രതിയാണ് അരുണ്‍

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ അരുണിനുള്ളത് കൊടും ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. കൊലപാതകം ഉള്‍പ്പെടെ ഏഴ് കേസുകളാണ് തിരുവനന്തപുരത്ത് നാല് പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേയുള്ളത്. തലസ്ഥാനത്ത് കുപ്രസിദ്ധ ഗുണ്ടകളുമായിട്ടെല്ലാം അരുണിന് ബന്ധമുണ്ട്. ഗൂണ്ടാ സംഘങ്ങള്‍ക്കിടയില്‍ കോബ്ര എന്ന അപരനാമത്തിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്.

വിജയരാഘവന്‍ എന്നയാളെ 2008-ല്‍ ജഗതിയില്‍വച്ച് ബിയര്‍കുപ്പി തലയില്‍ അടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയാണ് അരുണ്‍. ഇയാളുടെ സുഹൃത്തുകൂടിയായിരുന്നു കൊല്ലപ്പെട്ട വിജയരാഘവന്‍. ഈ കേസില്‍ അരുണ്‍ ശിക്ഷിക്കപ്പെട്ടില്ല. 2007ല്‍ നന്തന്‍കോടുള്ള ഫ്ലാറ്റില്‍ താമസക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. മ്യൂസിയം സ്റ്റേഷനില്‍ മൂന്നു ക്രിമിനല്‍ കേസുകളാണ് അരുണിനെതിരേയുള്ളത്. ഫോര്‍ട്ട്, വിഴിഞ്ഞം, വലിയതുറ സ്‌റ്റേഷനുകളിലായും അരുണിനെതിരേ കേസുകളുണ്ട്. തിരുവനന്തപുരത്തിന് പുറത്ത് ഇയാള്‍ക്കെതിരേ ഏതെങ്കിലും കേസുകള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍.

ബാങ്ക് ജീവനക്കാരായിരുന്ന മാതാപിതാക്കളുടെ ഇളയ മകനാണ് അരുണ്‍ ആനന്ദ്. ഇയാളുടെ സഹോദരന്‍ സൈനികനാണ്. പത്താം ക്ലാസ് വരെയാണ് അരുണ്‍ പഠിച്ചിരിക്കുന്നത്. അച്ഛന്‍ സര്‍വീസില്‍ ഇരിക്കവെ മരിച്ചതിനെ തുടര്‍ന്ന് ആശ്രിതനിയമനപ്രകാരം അരുണിന് ബാങ്കില്‍ ജോലി കിട്ടി. ഒരു വര്‍ഷത്തോളം മലപ്പുറത്തെ ഒരു ബാങ്കില്‍ ജോലി നോക്കിയെങ്കിലും അത് രാജി വച്ചു. ഈ സമയം ഇയാള്‍ ലഹരിക്ക് അടിമപ്പെട്ടിരുന്നു. ജോലി കളഞ്ഞ് തിരിച്ചെത്തിയശേഷമാണ് തിരുവനന്തപുരത്തെ ഒരു കുപ്രസിദ്ധ ഗുണ്ടയുമായി ചേര്‍ന്ന് മണല്‍ക്കടത്ത് തുടങ്ങുന്നത്. പിന്നീട് കൂടുതല്‍ പണം സമ്പാദനത്തിനായി ലഹരിമരുന്ന് കച്ചവടവും തുടങ്ങി. ഇതിനൊപ്പം ഭീഷണിപ്പെടുത്തല്‍, അടിപിടി, പണം തട്ടല്‍ എന്നിവയും തൊഴിലാക്കി. ലഹരിയുടെ ബലത്തില്‍ എന്തും ചെയ്യാന്‍ തയാറായ ആളായിരുന്നു അരുണ്‍. ഇയാളുടെ വാഹനത്തില്‍ എപ്പോഴും മദ്യവും മയക്കുമരുന്നും ആയുധങ്ങളും ഉണ്ടാകുമായിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ അരുണിന്റെ കാര്‍ പരിശോധിച്ചപ്പോഴും അതിനകത്ത് നിന്നും മദ്യവും മഴുവും പോലീസ് കണ്ടെത്തിയിരുന്നു. അമ്മയെ ഭീഷണിപ്പെടുത്തി നന്തന്‍കോടുള്ള ഫ്ലാറ്റ് ത്‌ന്റെ പേരില്‍ എഴുതി വാങ്ങിക്കുകയും ചെയ്തിട്ടുണ്ട് അരുണ്‍.

സ്ത്രീകളോടും കുട്ടികളോടും ക്രൂരമായി പെരുമാറുന്നത് അരുണിന്റെ സ്വഭാവമായിരുന്നുവെന്നും പോലീസ് പറയുന്നു. ഇതേ ക്രൂരതയാണ് രണ്ടുകുട്ടികളോടും അയാള്‍ കാണിച്ചിരുന്നത്. ഈ കുട്ടികളുടെ മുഖത്ത് അടിക്കുന്നതും തൊഴിക്കുന്നതും സിഗരറ്റ് കുത്തി പൊള്ളിക്കുന്നതും ഒരു വിനോദം പോലെയായിരുന്നു അരുണ്‍ ചെയ്തിരുന്നതെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ തല്ലാന്‍ വേണ്ടി ഇരുമ്പ് കെട്ടിയ ഒരു വടി ഇയാള്‍ സൂക്ഷിച്ചിരുന്നു. റാസ്‌കല്‍ എന്നായിരുന്നു എപ്പോഴും കുട്ടികളെ വിളിച്ചിരുന്നത്. വീട്ടുജോലികളെല്ലാം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കും. മൂത്ത കുട്ടിയോടായിരുന്നു കൂടുതലും ക്രൂരത കാണിച്ചിരുന്നത്. മര്‍ദ്ദിക്കുന്നതില്‍ ഇളയ കുട്ടിയോടും കരുണ കാണിച്ചിരുന്നില്ല. ലഹരി ഉപയോഗിച്ച് സമനില തെറ്റുന്ന സമയത്ത് ഇളയ കുട്ടിയേയും മര്‍ദ്ദിക്കും. കുട്ടികളെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ യുവതിയുടെ മുഖത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്യും.

പലദിവസങ്ങളിലും രണ്ടു ചെറിയ കുട്ടികളെയും വീട്ടില്‍ തനിച്ചാക്കി കൊണ്ട് രാത്രിയില്‍ യുവതിയേയും വിളിച്ച് അരുണ്‍ പുറത്തു പോകും. പുലര്‍ച്ചെയായിരിക്കും പിന്നീട് ഇരുവരും തിരിച്ചു വരിക. ഏഴു വയസുകാരനെ മര്‍ദ്ദിച്ച ദിവസവും പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അരുണും യുവതിയും വീട്ടില്‍ തിരിച്ചെത്തിയത്. അപ്പോഴാണ് ഇളയ കുട്ടി മൂത്രമൊഴിച്ചിരിക്കുന്നത് കണ്ടതും അതിന്റെ പേരില്‍ മൂത്തകുട്ടിയെ തല്ലിക്കൊല്ലാറാക്കിയതും. രാത്രിയില്‍ പുറത്തു പോകുമ്പോഴും ഇയാള്‍ ലഹരി ഉപയോഗിച്ച അവസ്ഥയിലായിരിക്കും. പോലീസ് ചെക്കിംഗില്‍ നിന്നും രക്ഷപ്പെടാന്‍ യുവതിയെ കൊണ്ടായിരിക്കും മിക്കപ്പോഴും കാര്‍ ഓടിപ്പിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ വച്ചുപോലും കുട്ടികളെ തല്ലാനും അസഭ്യം പറയാനും അരുണിന് മടിയില്ലായിരുന്നു. കുട്ടികളെ തല്ലാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ഇടപെട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

രണ്ടു കുട്ടികളെയും ഏതെങ്കിലും അനാഥാലയത്തിലോ ബോര്‍ഡിംഗിലോ കൊണ്ടു പോയി ആക്കണമെന്നതാണ് അരുണ്‍ നിരന്തരം ആവശ്യപ്പെട്ടിരുന്ന കാര്യം. കുട്ടികള്‍ തങ്ങളുടെ കൂടെയുള്ളത് അയാള്‍ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ഇതേ കുട്ടികളോട് സ്‌നേഹം കാണിച്ചാണ് യുവതിയുമായി അരുണ്‍ അടുപ്പം സ്ഥാപിക്കുന്നതും. യുവതിയുടെ ഭര്‍ത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അരുണ്‍. അരുണും യുവതിയുടെ ഭര്‍ത്താവുമായി ചേര്‍ച്ചയിലായിരുന്നില്ല. തന്റെ കൈയില്‍ നിന്നും കടം വാങ്ങിയ പണം തിരികെ തരാത്തതിനെ തുടര്‍ന്ന്, കടം വീട്ടാതെ തന്റെ വീട്ടില്‍ കയറരുതെന്ന് അരുണിനോട് യുവതിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മേയില്‍ യുവതിയുടെ ഭര്‍ത്താവ് ആകസ്മികമായി മരിച്ചതോടെ അരുണ്‍ വീണ്ടും ആ വീട്ടിലെത്തി. യുവതിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ആദ്യം അരുണ്‍ എത്തുന്നത്. ഈ സമയത്ത് കുട്ടികളോട് വലിയ അടുപ്പമാണ് അരുണ്‍ കാണിച്ചത്. കുട്ടികളെ ഉപയോഗിച്ചാണ് യുവതിയുമായി അടുപ്പത്തിലാകുന്നത്. തനിക്ക് കുട്ടികളോട് സംസാരിക്കണമെന്നു പറഞ്ഞ് യുവതിയെ വിളിക്കും. കുട്ടികളെ കാണാനെന്ന പേരില്‍ വീട്ടിലും ചെല്ലുമായിരുന്നു. ക്രമേണ യുവതിക്കും അരുണിനും ഇടയിലും ബന്ധം വളര്‍ന്നു. എന്നാല്‍ ഈ ബന്ധത്തെ യുവതിയുടെ ബന്ധുക്കള്‍ ശക്തമായി എതിര്‍ത്തു. ആ എതിര്‍പ്പുകളെല്ലാം അവഗണിച്ച്, ഭര്‍ത്താവ് മരിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ യുവതി അരുണിനൊപ്പം പോവുകയായിരുന്നു. പേരൂര്‍ക്കടയിലായിരുന്നു ആദ്യം അരുണും യുവതിയും കുട്ടികളും വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് തൊടുപുഴയിലേക്ക് മാറുന്നത്.

യുവതിയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ ഇപ്പോള്‍ ദുരൂഹതകള്‍ ആരോപിക്കുന്നുണ്ട്. മകന്റെ മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മേയിലായിരുന്നു യുവതിയുടെ ഭര്‍ത്താവായിരുന്ന ബിജുവിന്റെ മരണം. ഹൃദായാഘാതമാണെന്ന നിഗമനത്തിലായിരുന്നു മൃതദേഹം ദഹിപ്പിച്ചത്. മണക്കാട് സ്വദേശിയായ ബിജു പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിടെക് ബിരുദം നേടിയിരുന്നു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു യുവതിയെ ബിജു വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് സി-ഡിറ്റ് ജീവനക്കാരനായിരുന്ന ബിജു പിന്നീട് ടെക്‌നോപാര്‍ക്കിലേക്ക് മാറി. അവിടെ നിന്നും ആലുവായിലേക്ക് ജോലി സംബന്ധമായി എത്തി.

കല്ലാട്ടുമുക്കിലായിരുന്നു ബിജു കുടംബമായി താമസിച്ചിരുന്നത്. അമ്മാവന്റെ മകനായ ബിജുവിനോട് അരുണ്‍ നാലായിരം രൂപയാണ് കടം വാങ്ങിയിരുന്നത്. ഇത് തിരികെ കൊടുക്കാതിരിക്കുയും പണം ചോദിച്ചപ്പോള്‍ ബിജുവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു അരുണ്‍. ഇതേ തുടര്‍ന്നാണ് തന്റെ വീട്ടിലേക്ക് കയറരുതെന്ന് ബിജു അരുണിന് താക്കീത് നല്‍കുന്നത്.

ബിജു മരിച്ചതിനു തൊട്ടുപിന്നാലെ അരുണ്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചതില്‍ അന്നു തന്നെ ബന്ധുക്കളില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നതാണ്. ബിജുവിന്റെ മരണത്തെ കുറിച്ചും ചില സംശയങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ, ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചു കളഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് സാധ്യതയില്ല. അരുണിനെയും യുവതിയേയും ചോദ്യം ചെയ്യുക മാത്രമാണ് പൊലീസിനു മുന്നിലുള്ള മാര്‍ഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍