UPDATES

ട്രെന്‍ഡിങ്ങ്

ക്രിമിനല്‍ പോലീസുകാരെ പടിക്കു പുറത്താക്കണം

പോലീസ് സേനയിലെ ക്രിമിനൽ വൽക്കരണം ഒരു സുപ്രഭാതത്തിൽ സംഭവിച്ച ഒന്നല്ല

കെ എ ആന്റണി

കെ എ ആന്റണി

ഏപ്രിൽ 25 ന്റെ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ട പ്രധാന വാർത്തയുടെ തലക്കെട്ട് ‘പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും’ എന്നതായിരുന്നു. വാർത്ത ഇങ്ങനെ; ‘ക്രിമിനൽ കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. ഇവരെക്കുറിച്ചു അന്വേഷിക്കാനും ഇവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യാനും ക്രൈം ബ്രാഞ്ച് മേധാവി ഡി ജി പി മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സമിതിക്കു രൂപം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.’

കേൾക്കാൻ ഏറെ സുഖമുള്ള വാർത്ത. പക്ഷെ ഇതത്ര എളുപ്പത്തിൽ നടക്കുന്ന ഒന്നാവുമോ എന്ന് സംശയമുണ്ട്. പൊലീസിലെ ക്രിമിനലുകൾക്ക് ഭരണ-പ്രതിപക്ഷ പാർട്ടികളിലുള്ള സ്വാധീനവും അവരിൽ നിന്നും ലഭിക്കുന്ന സംരക്ഷണവും തന്നെയാണ് ഇങ്ങനെ സംശയിക്കാനുള്ള പ്രധാന കാരണം.

മാതൃഭൂമി വാർത്ത ഇങ്ങനെ തുടരുന്നു: ‘ഇന്റലിജൻസ് ഐ ജി ബൽറാം കുമാർ ഉപാധ്യായ, ആഭ്യന്തര സുരക്ഷാ വിഭാഗം എസ് പി ടി നാരായണൻ, സായുധ സേന ഡി ഐ ജി ഷെഫിൻ അഹമ്മദ്, എൻ ആർ ഐ സെൽ എസ് പി എൻ വിജയകുമാർ എന്നിവരാണ് സമിതിയിൽ ഉള്ളത്. സമിതി ഉടൻ ചേർന്ന് നടപടി സ്വീകരിക്കണമെന്നാണ് നിദ്ദേശം.

വിവരാവകാശ രേഖ പ്രകാരം പോലീസ് സേനയിലെ 1129 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ പലതും ഗുരുതരമായ കുറ്റകൃത്യങ്ങൾ. ക്രിമിനൽ കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നതിന്റെ ധാർമികത കോടതികളും വിവിധ ഏജൻസികളും ചോദ്യം ചെയ്തിരുന്നു.’

മാതൃഭൂമി വാർത്തയനുസരിച്ചു ക്രിമിനൽ കേസിൽ പ്രതികളായ 215 പോലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. എന്നുവെച്ചാൽ നമ്മുടെ ഭരണ സിരാകേന്ദ്രത്തിൽ. ഇതിൽ 10 ഡി വൈ എസ് പി മാർ, 8 സി ഐ മാർ, 195 എസ് ഐ മാർ. കൊല്ലം ജില്ലയിൽ 146 ഉം എറണാകുളം ജില്ലയിൽ 125 ഉം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നു വാർത്ത പറയുന്നു. കസ്റ്റഡി മർദ്ദനം, സ്ത്രീ പീഡനം, മയക്കു മരുന്ന്, കൈക്കൂലി എന്നിങ്ങനെ പോകുന്നു നമ്മുടെ പോലീസ് ഏമാന്മാർക്കെതിരെയുള്ള കേസുകൾ.

എന്നാണ് പോലീസേ, നിങ്ങള്‍ മനുഷ്യമ്മാരാവുക?

നിയമപാലനത്തിലൂടെ പൗരന്റെ സംരക്ഷണം ഉറപ്പുവരുത്താൻ വേണ്ടി ചെല്ലും ചെലവും നൽകി നിയോഗിക്കപ്പെട്ടിട്ടുള്ളവരാണ് കൊടുംകുറ്റകൃത്യങ്ങൾ നടത്തി കാക്കിയും ധരിച്ചു നാട്ടിൽ വിലസി നടക്കുന്നത്. ഇത്തരം ക്രിമിനൽ ഉദ്യോഗസ്ഥരുടെ എണ്ണം ഒരു പക്ഷെ മാതൃഭൂമി വാർത്തയിൽ പറയുന്നതിനേക്കാൾ ഏറെയാവാനേ ഇടയുള്ളൂ. ഇവിടെ ലഭ്യമായിട്ടുള്ളത് പിടിക്കപ്പെട്ട കുറ്റവാളി പോലീസ് ഉദ്യോസ്ഥരുടെ എണ്ണം മാത്രമാണ്. ഭരണത്തിന്റെയും മറ്റും സ്വാധീനം ഉപയോഗിച്ച് ഈ ലിസ്റ്റിൽ പെടാതെ കഴിയുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇതിലും കൂടും എന്ന കാര്യത്തിൽ സംശയം വേണ്ട.

പോലീസ് സേനയിലെ ക്രിമിനൽ വൽക്കരണം ഒരു സുപ്രഭാതത്തിൽ സംഭവിച്ച ഒന്നല്ല. സേനയുടെ രൂപീകരണ കാലഘട്ടത്തിൽ തന്നെ ഇത്തരക്കാർ സേനയിൽ കടന്നു കൂടിയിരുന്നു. കാലം ചെല്ലുന്തോറും അവരുടെ എണ്ണവും അവർ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവവും കൂടി വന്നുവെന്നേയുള്ളു. നക്സൽ വർഗീസിനെ പിടിച്ചുകെട്ടി വെടിവെച്ചു കൊന്ന ശേഷം അത് ഏറ്റുമുട്ടൽ കൊലപാതകം ആക്കി മാറ്റിയ ലക്ഷ്മണയുടെയും ശാസ്തമംഗലത്തെ കോൺസെൻട്രേഷൻ കാമ്പിൽ കിരാത പീഡന മുറകൾ ഒന്നൊന്നായി പരീക്ഷിച്ച ജയറാം പടിക്കലിന്റെയുമൊക്കെ എലീറ്റ്‌ ക്രിമിനൽ പോലീസ് മാത്രമല്ല കേരളത്തിൽ ഉണ്ടായത്. കോപ്പി അടിച്ചു പിടിക്കപ്പെടുന്ന ഐ ജിയും വാടക കൊലയാളികളെ ഉപയോഗിച്ച് ഭാര്യയുടെ കാമുകൻ എന്ന് കരുതിയ യുവാവിനെ കൊന്നു തുണ്ടം തുണ്ടമാക്കി മുറിച്ചു കായലിൽ തള്ളിയ ഡി വൈ എസ് പി മുതൽ സെക്യൂരിറ്റി ജീവനക്കാരനെ നിർദ്ദയം കൊലചെയ്ത കോടീശ്വരനെ രക്ഷിക്കാൻ കച്ചകെട്ടി ഇറങ്ങിയ ഉന്നത പോലീസ്സ് ഉദ്യോസ്ഥനെ വരെ കേരളം ഇതിനകം കണ്ടുകഴിഞ്ഞു.

‘അവന്മാരെ കാണിക്കരുത് എന്റെ മൃതദേഹം’; ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതാന്‍ ആ പോലീസുകാരനെ പ്രേരിപ്പിച്ചതെന്ത്?

കസ്റ്റഡി മരണങ്ങളും പോലീസുകാർ ഉൾപ്പെടുന്ന സ്ത്രീ പീഡനക്കേസുകളും മയക്കു മരുന്ന് കേസുകളും വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഇതിനൊക്കെ ഒരു അറുതി ഉണ്ടാവണമെങ്കിൽ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർ മാത്രമല്ല കുറ്റവാസനയുള്ള പോലീസുകാരെയും സേനയിൽ നിന്നും പുറത്താക്കിക്കൊണ്ടു ഒരു സമ്പൂർണ ശുദ്ധികലശം തന്നെ നടത്തിയേ മതിയാവു.

ആരായിരിക്കണം പോലീസ്; കേരള പോലീസിനെക്കുറിച്ച് സുകുമാര്‍ അഴിക്കോടിന്റെ നിരീക്ഷണങ്ങള്‍

ആള്‍ക്കൂട്ട നീതി നടപ്പാക്കലാണോ (കേരള) പോലീസിന്റെ പണി?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍