UPDATES

പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കട്ടെ, പക്ഷേ ഗാഡ്ഗിലിനെതിരെ സമരം ചെയ്ത താമരശ്ശേരി മെത്രാനോ?

വിമർശനത്തിന് തുനിയും മുൻപ് ‘സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തിട്ടാവാം അപരന്റെ കണ്ണിലെ കരടെടുത്തു മാറ്റൽ’ എന്ന ബൈബിൾ വചനം ഓർക്കുന്നത് നന്നായിരിക്കും

കെ എ ആന്റണി

കെ എ ആന്റണി

മഹാപ്രളയം വിതച്ച ദുരന്തത്തിൽ നിന്നും കേരളം ഇനിയും പൂർണമായും കരകയറിയിട്ടില്ല. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകളെ എത്രയും വേഗം പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഇവരിൽ പലരും കിടപ്പാടം പോലും നഷ്ടമായവരാണ്. പ്രളയത്തെ അതിജീവിച്ച ഭവനങ്ങളും അവിടത്തെ കിണറുകളും ശുദ്ധമാക്കുക എന്ന ശ്രമകരമായ ജോലിയും ബാക്കിയാണ്. പ്രളയം അഗതികളാക്കിയവരെ പുനരധിവസിപ്പിച്ചിട്ടുവേണം കേരളത്തിന്റെ പുനർനിർമാണം. പ്രളയ നാളുകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ട നല്ല വാക്കുകൾ ഇപ്പോൾ കേൾക്കാനില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും ഒക്കെ പ്രശംസകൊണ്ട് മൂടിയവർ തല്‍ക്കാലം മൗനികളായിരിക്കുന്നു. ഇപ്പോൾ ഉയർന്നു കേൾക്കുന്നത് വിമർശകരുടെ വാഗ്‌ധോരണി മാത്രം.

വിമർശകരിൽ പ്രധാനി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ. സർക്കാരിന്റെ പിടിപ്പുകേടിനെയും കെ എസ് ഇ ബി യുടെ അത്യാർത്തിയെയുമാണ് ചെന്നിത്തല വിമർശിക്കുന്നത്. യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകൾ തുറന്നുവിട്ടു. ട്രയൽ റൺ നടത്തിയില്ല. പ്രളയ ദുരന്തത്തെ നേരിടാൻ മതിയായ മുന്നൊരുക്കങ്ങൾ നടത്തിയില്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിമർശനം. പാളിച്ചകൾ സംബന്ധിച്ച ചെന്നിത്തലയുടെ ആക്ഷേപങ്ങൾ പൂർണമായും ആരും തള്ളിക്കളയുന്നില്ല. പാളിച്ചകൾ ചിലതൊക്കെ സംഭവിച്ചിട്ടുണ്ടാകാം. അത്തരം പാളിച്ചകൾ പരിശോധിക്കുകയും ഭാവിയിൽ അവ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കപ്പെടുകയും വേണം. പക്ഷെ പ്രളയ നാളുകളിൽ സകലമാന മനുഷ്യരും കൈമെയ് മറന്നു പ്രവർത്തിച്ചതുപോലെ പുനരധിവാസവും സാധ്യമാക്കേണ്ട ഈ നിർണായക വേളയിൽ തന്നെ വേണോ ഇത്തരം ഒരു പോസ്റ്റുമോർട്ടം എന്ന കാര്യത്തിൽ തർക്കം രേഖപ്പെടുത്താതെ വയ്യ. വിമർശിക്കാൻ എളുപ്പമാണ്. ചെയ്തുകാണിക്കൽ പക്ഷെ അത്ര എളുപ്പമല്ലെന്ന കാര്യവും പ്രതിപക്ഷ നേതാവ് ഓർത്താൽ നന്ന്.

സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനുള്ള ചുമതല തീർച്ചയായും പ്രതിപക്ഷത്തിനുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാർട്ടിയും അനവസരത്തിൽ നടത്തുന്ന വിമർശനത്തിലൂടെ രാഷ്ട്രീയം കളിക്കുക തന്നെയാണ്. അതല്ലായിരുന്നുവെങ്കിൽ ദുരന്തം പൂർണമായി അടങ്ങും വരെ കാത്തിരിക്കുമായിരുന്നു.

പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമൊക്കെ സര്‍ക്കാരിനെ വിമർശിക്കുന്നതിലെ രാഷ്ട്രീയം മനസ്സിലാവും. പക്ഷെ താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിക്കൽ എന്തിന്റെ പേരിലാണ് ഈ പ്രളയ ദുരന്ത കാലത്ത്‌ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നു വ്യക്തമല്ല. അണക്കെട്ടുകൾ തുറക്കുന്ന കാര്യത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ കാര്യത്തിലും സർക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പറയുന്നതു കേട്ടാൽ തോന്നും ഡാമുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ പാണ്ഡിത്വമുള്ളയാളാണ് താമരശ്ശേരി മെത്രാനെന്ന്. അദ്ദേഹത്തിന് കാനോലിക നിയമത്തിൽ ഡോക്ടറേറ്റ് ഉള്ളതായി അറിയാം. പക്ഷെ അണക്കെട്ടുകളുടെ സുരക്ഷിതത്വം കാനോലിക നിയമത്തിൽ വരില്ലല്ലോ.

കോൺഗ്രസിനൊപ്പം ചേർന്ന് മെത്രാനും രാഷ്ട്രീയം കളിക്കുകയാണ് എന്ന കാര്യത്തിൽ തര്‍ക്കമില്ല. അതൊക്കെ എന്തുമാകട്ടെ അണക്കെട്ടുകൾ മാത്രമല്ല പ്രളയത്തിനും ദുരന്തത്തിനും കാരണം എന്നും പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തങ്ങളും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും ഒക്കെ കാരണമാവുന്നുണ്ടെന്നും കസ്തുരി രംഗൻ റിപ്പോർട്ടിനെതിരെ വിശ്വാസികളെയും നാട്ടുകാരെയും സംഘടിപ്പിച്ചു സമരം ചെയ്യുന്ന ഈ മെത്രാന് അറിയായ്കയൊന്നുമല്ല. അത് പക്ഷെ സ്വന്തം കാര്യവും സ്വന്തം അജഗണത്തിന്റെ കാര്യവും ആകയാൽ താമരശ്ശേരി മേഖലയാകെ അടുത്ത മഴയിൽ ഒലിച്ചുപോകുമെന്നു കേട്ടാൽ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമരങ്ങൾ തുടരുക തന്നെ ചെയ്യും. എങ്കിലും എന്റെ മെത്രാനച്ചോ വിമർശനത്തിന് തുനിയും മുൻപ് ‘സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തിട്ടാവാം അപരന്റെ കണ്ണിലെ കരടെടുത്തു മാറ്റൽ’ എന്ന ബൈബിൾ വചനം ഓർക്കുന്നത് നന്നായിരിക്കും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍