UPDATES

ധന്യശ്രീ

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ധന്യശ്രീ

വായന/സംസ്കാരം

മീശയിലെ ഇരുന്നൂറ്റി തൊണ്ണൂറ്റിനാലാം പേജ് കണ്ടു ഞെട്ടിയ മലയാളികളോട്, എന്തൊക്കെയാണ് നിങ്ങളുടെ വായനയുടെ ഭൂതകാലക്കുളിർ?

കഥാപാത്രങ്ങളെ മുഴുവൻ നന്മയുടെ നിറകുടങ്ങളായി സൃഷ്ടിച്ചു വെക്കണം. അവരെല്ലാം സ്ത്രീകളെയും ദളിതരെയും ബഹുമാനിക്കുന്നവരായിരിക്കണം എന്ന് പറഞ്ഞാൽ പോയി പണി നോക്കാൻ പറയാനേ തരമുള്ളൂ

ധന്യശ്രീ

സാഹിത്യ ചരിത്രം തന്നെ നിരവധി നിരോധനങ്ങളുടേതും, വിവാദങ്ങളുടേതുമാണല്ലോ..കല കലയ്ക്കു വേണ്ടിയാണോ അതോ ജീവിതത്തിനു വേണ്ടിയാണോ എന്ന വാദത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. മാർക്സിയൻ സൗന്ദര്യ ശാസ്ത്രമാണ് കല ജീവിതത്തിനു വേണ്ടിയാണെന്ന് വാദിച്ചത്. എന്ന് പറഞ്ഞാൽ സമൂഹത്തിനുപകാരപ്പെടുന്ന എന്തെങ്കിലും സന്ദേശങ്ങൾ നൽകുന്നത് മാത്രമാണ് ഉത്തമ സാഹിത്യം. അല്ലാത്തതെല്ലാം ചവറാണ്. ഒരുതരം പ്രായോഗികത വാദം. മാർക്സിയൻ വിചാരധാര പ്രകാരം ‘അന്നാ കരിന’ വെറും ചവറാണെന്നു വാദിച്ചവരുണ്ട്. ഒരു ബൂർഷ്വാ സ്ത്രീയുടെ പ്രണയ ചാപല്യങ്ങൾ എന്നാണ് ‘അന്നാ കരിന’ വായിക്കപ്പെട്ടത്.

ഹരീഷിന്റെ ‘മീശ’യാണ് ഇപ്പോള്‍ മലയാളത്തില്‍ വിവാദങ്ങൾക്കു തീ കൊളുത്തി വിട്ടിരിക്കുന്നത്. ഓരോ സാഹിത്യ കൃതിയും അതിറങ്ങിയ സമയത്തു കൃത്യമായ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വിഷയമായിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വിഷയങ്ങളെ കുറിച്ചെഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തെ കൃതിയായ ബഷീറിന്റെ ‘ശബ്ദങ്ങളെ’ക്കുറിച്ചു സാഹിത്യ വിമർശകൻ എം കെ സാനു പറഞ്ഞത് “ശബ്ദങ്ങൾ നോവലാണെങ്കിൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ഭഗവത് ഗീതയാണെന്നാ”യിരുന്നു. പുതിയ കാലഘട്ടത്തിൽ ശബ്ദങ്ങള്‍ വായിക്കുമ്പോഴാണ് എത്രമാത്രം ക്രാന്തദർശിയായിരിന്നു ബഷീർ എന്ന് അനുഭവപ്പെടുക. റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങൾ’, ഡാൻ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ്‌’, ബാപ്‌സി സിദ്ധവായുടെ ‘ഐസ് കാൻഡി മാൻ’, ഡി ച്ച്‌ ലോറൻസിന്റെ ‘ലേഡി ചാറ്റർലീസ് ലവർ’ തുടങ്ങി ബഷീറിയൻ ഭാഷ കടമെടുക്കുകയാണെങ്കിൽ വിമർശന പീരങ്കിയുണ്ടകളേറ്റ നോവലുകൾ അനവധിയാണ്. നല്ല സാഹിത്യത്തിനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനമായ ഗുണങ്ങളിലൊന്ന് അത് കാലാനുവർത്തിയായിരിക്കണം എന്നാണ്. നിലവിലെ മൂല്യങ്ങളെ മറികടന്നു ചിന്തിക്കാൻ സാഹിത്യത്തിനാകണം, അങ്ങനെയുള്ള സൃഷ്ടികളെ ഓര്‍മ്മിക്കപ്പെടൂ, അല്ലാത്തവ ചവറ്റുകുട്ടയിലേക്കെറിയപ്പെടും.

കൽബുർഗിമാർ കൊല ചെയ്യപ്പെടുന്ന, പെരുമാൾ മുരുഗന് എഴുത്ത് നിർത്തേണ്ടി വരുന്ന ഒരു കാലത്താണ് എസ് ഹരീഷ് മീശ എഴുതുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിരുന്ന മീശ വിവാദത്തിലേക്ക് വരുന്നത്. “സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് പുരുഷന്മാരെ ആകർഷിക്കാനാണ്. ആർത്തവ ദിനങ്ങളിൽ അമ്പലത്തിൽ പോകാത്തത് ഞങ്ങൾ രതിക്ക് സന്നദ്ധരല്ല എന്നൊരു സന്ദേശം പുരുഷന്മാർക്ക് നൽകുവാനും ആണ്” എന്ന് നോവലിലെ ഒരു കഥാപാത്രം അഭിപ്രായപ്പെടുന്ന ഭാഗം പ്രസിദ്ധീകരിച്ചതോടെയാണ് കുഴപ്പം തുടങ്ങിയത്. നോവൽ ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തുന്നു, അമ്പലത്തിൽ പോകുന്ന സ്ത്രീകളെ കഥാകൃത്ത് അപമാനിക്കുന്നു എന്ന് തുടങ്ങി മീശ പ്രസിദ്ധീകരണം നിർത്തിവയ്ക്കണമെന്ന് വരെ എത്തി കാര്യങ്ങൾ. എസ് ഹരീഷ് ക്രൂരമായ വെർബൽ അബ്യൂസിനു ഇരയായി. ഭാര്യയും, കുട്ടികളും വരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. കൊല്ലും, തല്ലും എന്ന് ഭീഷണി ഉയർത്തുന്ന ഇക്കൂട്ടർ അത് ചെയ്യാൻ മടിക്കില്ല എന്നതിനും നമുക്ക് ഉദാഹരണങ്ങളുണ്ട്.

എന്താണ് നമ്മൾ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് കൊണ്ടുദ്ദേശിക്കുന്നത്? എം എഫ് ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നരായി വരച്ചപ്പോൾ അത് മത വികാരങ്ങളെ വൃണപ്പെടുത്തി എന്നായിരുന്നു വിമർശനം. എവിടെയാണ് നമ്മൾ ആവിഷ്കാര സ്വാതന്ത്രത്തിന്റെ അതിരു വരയ്ക്കേണ്ടത്? സുപ്രീം കോടതി നിലകൊണ്ടത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. പക്ഷെ നോവൽ പ്രസിദ്ധീകരിക്കാൻ ഡി സി ബുക്ക്സ് തയ്യാറായപ്പോൾ പുരോഗമനവാദികൾ എന്ന് വിളിക്കപ്പെടുന്നവരുൾപ്പെടെ ഇരുനൂറ്റി തൊണ്ണൂറ്റി നാലാം പേജിനെ ഹൈലൈറ്റ് ചെയ്യാൻ തുടങ്ങി. “പൂറും പാമ്പും എവിടെ കണ്ടാലും അടിക്കണം. ഇല്ലെങ്കിൽ കൈ വിട്ടു പോകും “, ഞാൻ എല്ലാ തരം പെണ്ണുങ്ങളെയും ഭോഗിച്ചിട്ടുണ്ട് തുടങ്ങിയ സംഭാഷണങ്ങളാണ് പുരോഗമന സദാചാര വാദികളെ ചൊടിപ്പിച്ചത്.

നോവൽ ദളിത് വിരുദ്ധവും, സ്ത്രീ വിരുദ്ധവും, നാലാം കിടയും ആണെന്നാണ് വിമർശനം. ഈ കഥാപാത്രം പറയുന്നത് കൊടിയ വംശീയതയും, സ്ത്രീ വിരുദ്ധതയും തന്നെയാണ്. അതിനർത്ഥം പക്ഷെ നോവലിസ്റ്റും, നോവലും മുന്നോട്ടു വെക്കുന്ന ആശയം ഇതാണെന്നാണോ? സ്ത്രീകളെല്ലാം ഭോഗിക്കപ്പെടേണ്ടവരാണ് എന്ന ചിന്തയുള്ള തലച്ചോറിന്റെ സ്ഥാനത്തു ഉദ്ധരിച്ച ലിംഗവുമായി നടക്കുന്ന മനുഷ്യരെ നമുക്ക് തന്നെ ചുറ്റും കണ്ടുപിടിക്കാൻ കഴിയും? പോകട്ടെ, ഒന്നിലേറെ സ്ത്രീകളെ ഭോഗിച്ചിട്ടുണ്ട്, പ്രേമിച്ചിട്ടുണ്ട്, അവളെനിക്ക് തന്നിട്ടുണ്ട് എന്ന് വീരസ്യം പറയുന്ന എത്ര ആണുങ്ങളെ നമ്മൾ എന്നും കാണുന്നുണ്ട്? എന്റെ പരിചയത്തിൽ തന്നെ അര ഡസനുണ്ട്.

കഥാപാത്രങ്ങളെ മുഴുവൻ നന്മയുടെ നിറകുടങ്ങളായി സൃഷ്ടിച്ചു വെക്കണം. അവരെല്ലാം സ്ത്രീകളെയും ദളിതരെയും ബഹുമാനിക്കുന്നവരായിരിക്കണം എന്ന് പറഞ്ഞാൽ പോയി പണി നോക്കാൻ പറയാനേ തരമുള്ളൂ. നമ്മൾ ജീവിക്കുന്ന ഒട്ടുമേ ഐഡിയൽ അല്ലാത്ത ഒരു ലോകത്തിന്റെ പരിച്ഛേദമാണ് സാഹിത്യവും. അത് മനുഷ്യരുടെ കഥയാണ്. മാലാഖമാരുടെ അല്ല. ഇനി ഈ കഥാപാത്രത്തിന്റെ നിലപാടുകള്‍ പ്രശ്നവൽക്കരിക്കപ്പെടുന്നതെപ്പോഴാണെന്നു നോക്കാം. നോവൽ ഈ സ്ത്രീ വിരുദ്ധതയെ പ്രമോട് ചെയ്യുന്നുവെങ്കിൽ, ഗ്ലോറിഫൈ ചെയ്യുന്നുവെങ്കിൽ, ലെജിറ്റിമൈസ് ചെയ്യുന്നുവെങ്കിൽ മാത്രം. അവിടെയാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം ചോദ്യം ചെയ്യപ്പെടുന്നത്. സഹപ്രവർത്തകയുടെ ബെൽറ്റിന് കുത്തിപ്പിടിച്ചു “ഇഫ് ഐ ഫക്ക് യു, യു ക്യാൻ നോട് വാക് പ്രോപ്പർലി ഫോർ എ വീക്ക്” എന്ന് പറയുമ്പോൾ അത് റേപ്പ് ത്രെട്ട് ആണ്. അതിനെ മഹത്വവൽക്കരിക്കുന്ന, നീതികരിക്കുന്ന രീതിയാണ് സിനിമ അവലംബിച്ചിട്ടുള്ളത്. അവിടെയാണ് അത്രയും തലമൂത്ത ഒരു താരം അത്തരമൊരു നെഗറ്റീവ് ഇംപാക്ടുണ്ടാക്കുന്ന ഡയലോഗ് പറയരുതായിരുന്നു എന്ന് പറയാനുള്ള ആർജവം നടി പാർവതി കാണിക്കുച്ചതും, ഫെമിനിച്ചി ആക്ഷേപങ്ങൾക്കിരയാകുന്നതും, അവരുടെ സിനിമകളടക്കം സംഘം ചേർന്നാക്രമിക്കപെടുന്നതും.

ഇനിയിപ്പോൾ ഈ ഇരുനൂറ്റി തൊണ്ണൂറ്റി നാലാം പേജ് കണ്ടു ഞെട്ടി വിറങ്ങലിച്ചു പോകുന്ന മലയാളികളോട്, എന്തൊക്കെയാണ് നിങ്ങളുടെ വായന ഗൃഹാതുരത്വം അല്ലെങ്കില്‍ ഭൂതകാലക്കുളിർ? മാർക്വേസും, നബോക്കോവും ഒക്കെ തന്നെല്ലോ? ഭോഗിക്കാൻ ഒരു പെണ്ണിനെ കിട്ടാതെ കോഴിയെ ഇട്ടോടിക്കുന്ന മാർക്വേസ് നായകനെ ഓര്‍മ്മ ഉണ്ടാകുമോ ആവോ?

ആദ്യമായി മലയാള സിനിമയിൽ ഒരു പ്രണയ രംഗം കണ്ടപ്പോൾ അന്നത്തെ കാഴ്ചക്കാർ പ്രകോപിതരായി എന്ന് കേട്ടിട്ടുണ്ട്. പ്രണയ രംഗം എന്ന് പറയാനൊന്നുമില്ല, നായികയുടെ തലയിലെ ഒരു പൂവ് നായകൻ എടുക്കുന്നതായിരിന്നു സീൻ. അന്ന് കൂവി വിളിച്ച പ്രേക്ഷകസമൂഹം ഇന്ന് മായാനദിയിലെ ലിപ് ലോക്ക് കാണാനും മാത്രം വളർന്നില്ലേ? ഇനിയും നോവൽ വായിച്ചിട്ടില്ല. പക്ഷെ പേജുകളൊന്നെടുത്തു അടിയിൽ വരച്ചു കാറ്റഗറൈസ് ചെയ്യുന്നതിനോട് പരമ പുച്ഛം മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നോവലുകൾ സ്വതന്ത്രരാജ്യങ്ങളായതുകൊണ്ട് എഴുത്തുകാരനതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല-എസ് ഹരീഷ് എഴുതുന്നു

ധന്യശ്രീ

ധന്യശ്രീ

അധ്യാപിക, ഇംഗ്ലീഷ് വിഭാഗം, ഗവ. ആര്‍ട്സ് കോളേജ്, തിരുവനന്തപുരം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍