UPDATES

മി. ചെന്നിത്തല, താങ്കള്‍ ബിഎക്കാരനും മുന്തിയ ഇനം ജാതിയുമാണ്; എംഎം മണിമാരെ നിങ്ങള്‍ക്കൊരിക്കലും മനസിലാകുകയുമില്ല

വര്‍ണ്ണത്തില്‍ കറുത്തിരിക്കുന്ന കുമ്മനം രാജശേഖരന്‍ ഒരിക്കലും ആ വര്‍ണ്ണത്തിന്‍റെ പേരില്‍ പൊതുബോധത്തിന്‍റെ അപമാനം ഏറ്റുവാങ്ങേണ്ടി വരില്ല

കീഴാള വിരുദ്ധതയും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചര്‍ച്ചകളും കാലങ്ങളായി നമ്മുടെ പൊതു-സാംസ്കാരിക മണ്ഡലങ്ങളേയും സോഷ്യല്‍ മീഡിയ സംവാദ മേഖലകളെയും ആഴത്തില്‍ സ്വാധീനിച്ചതും ഇന്നും സ്വാധീനിച്ചു കൊണ്ടിരിക്കുന്നതുമായ വിഷയമാണ്. പൊളിറ്റിക്കല്‍ കറക്റ്റ്നെസ് എന്നത് കേവലമൊരു ഭാഷാ പ്രയോഗത്തിലെ ശ്രദ്ധ ചെലുത്തലില്‍ കവിഞ്ഞ് അത് പ്രയോഗാര്‍ത്ഥത്തിലല്ലെങ്കിലും ആന്തരികമായി മനുഷ്യ മനസ്സുകളില്‍ ലീനമായി കിടക്കുന്ന കീഴാള വിരുദ്ധ ആശയങ്ങളുടെ ഉപോത്പ്പന്നത്തെ ഇല്ലാതാക്കാന്‍ എത്രകണ്ട് ഇത്തരം സംവാദങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ കാര്യമായ സംശയമുണ്ട്‌.

ദളിത്, കീഴാളം തുടങ്ങിയ പദങ്ങള്‍ കേവലമൊരു ജാതി സ്വരൂപത്തെയോ വംശത്തേയോ അടയാളപ്പെടുത്തുന്നു എന്ന അര്‍ത്ഥത്തില്‍ കവിഞ്ഞ് നിരന്തരം നമ്മുടെ സാമൂഹിക മേഖലകളിലെ വാക്കുകളാലും പ്രവര്‍ത്തികളാലും, എന്തിന് നോക്കുകളാല്‍ പോലും അബോധമായി അകറ്റി നിര്‍ത്തപ്പെടുന്ന അഥവാ സമൂഹത്തിന്‍റെ സ്വാഭാവിക ബഹുമാനത്തിന് പാത്രമാകാതെ പോകുന്ന ഒരു വിഭാഗത്തിന്‍റെ സൂചികയായാണ് ഉപയോഗിച്ചിരിക്കുന്നത്. അത്, ജാതി നേരിട്ട് പറഞ്ഞുള്ള അധിക്ഷേപമായി നേരിട്ട് ഇടപെടണമെന്നില്ല, മറിച്ച് ആ സ്വത്വം പ്രതിനിധാനം ചെയ്യുന്ന രൂപത്തെ, സൌന്ദര്യ സങ്കല്‍പ്പത്തെ, ഭാഷാ പ്രയോഗങ്ങളെ, വസ്ത്രരീതിയെ, ഭക്ഷണത്തെ, വിദ്യാഭ്യാസ യോഗ്യതയെ, പെരുമാറ്റ രീതികളെ ഒക്കെ പരിഹാസപൂര്‍വ്വം സമീപിച്ചു കൊണ്ടുള്ള പരോക്ഷമായ ഒരു കീഴാള വിരുദ്ധ സമീപനമാണ്.

എംഎം മണി എന്ന കേരള സംസ്ഥാന വൈദ്യതി മന്ത്രി, ആ സ്ഥാനത്തിരിക്കും മുന്നേ തന്നെ വിവാദങ്ങളുടെ തോഴനാണ്, ഏറെ പഴി കേട്ടത് അദ്ദേഹത്തിന്‍റെ സംസാര ശൈലിയുടെ പേരിലാണ്, ഇടുക്കി ജില്ലയിലെ സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ നിന്നും കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന സ്ഥാനത്തേക്ക് എത്തിയെങ്കിലും തന്‍റെ സംസാര ശൈലിയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ അദ്ദേഹം വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആ സംസാരശൈലിയുടെ പേരില്‍ തന്നെ നിരന്തരം വിവാദങ്ങളില്‍ ചെന്ന് ചാടാറുമുണ്ട് മണിയാശാന്‍. ഏറ്റവുമൊടുവില്‍ മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ വരെയുള്ള അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ പ്രതിപക്ഷത്തിന്‍റെയും മുഖ്യധാരാ മധ്യവര്‍ഗ്ഗത്തിന്‍റെയും വേട്ടമൃഗമായി മാറിയിരിക്കുകയാണ് എംഎം മണി.

എംഎം മണിയടക്കം ഏതൊരാളും വിമര്‍ശിക്കപ്പെടണം, ആരും തന്നെ വിമര്‍ശനത്തിന് അതീതരല്ല. തെറ്റു ചെയ്യുമ്പോള്‍ ആ ചെയ്ത്തിന്‍റെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. പക്ഷേ എംഎം മണിയെയോ, അല്ലെങ്കില്‍ മണിയെപ്പോലുള്ളവരെയോ വിമര്‍ശിക്കുമ്പോള്‍ ആലങ്കാരികമായി ഉപയോഗിക്കുന്ന പദങ്ങളിലെ ഒട്ടും തന്നെ നിഷ്കളങ്കമല്ലാതെ കടന്നു വരുന്ന, എന്ന അപകടകരമായ പൊതുബോധ നിര്‍മ്മിതിയാണ്‌ ഇവിടെ വേറിട്ട്‌ കാണേണ്ടത്. കരിങ്കുരങ്ങന്‍, രാക്ഷസന്‍, കാട്ടാളന്‍, വിരൂപന്‍, ആദിവാസി, സ്കൂളിന്‍റെ പടി കണ്ടിട്ടില്ലാത്തവന്‍ – സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ എംഎം മണിക്കെതിരെ കണ്ട പരിഹാസ പദങ്ങളില്‍ ചിലത് മാത്രമാണ് ഇവയൊക്കെ.

“വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് സംസ്ഥാനത്തിന്‍റെ വൈദ്യുതി മന്ത്രി” : കേരള സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ഇന്നലെയൊരു കോണ്‍ഗ്രസ് ചടങ്ങില്‍ വച്ച് നടത്തിയ പ്രസംഗത്തിലെ വരികളാണ് ഇത്. എംഎം മണിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹാസപൂര്‍വ്വം പ്രസംഗിക്കുന്ന രമേശ് ചെന്നിത്തലക്ക് പുച്ഛം കലര്‍ന്ന ചിരിയോടെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ശ്രോതാക്കള്‍. എത്രമാത്രം മനുഷ്യത്വവിരുദ്ധമായൊരു പൊതുബോധ നിര്‍മ്മിതിക്കാണ് ആ പ്രോത്സാഹനം എന്ന് നോക്കൂ.

വിദ്യുച്ഛക്തി എന്ന് എഴുതാന്‍ അറിയാത്തത്ര പാമരനാണ് എംഎം മണിയെന്നാണ് ബിഎ എല്‍എല്‍ബിക്കാരനായ രമേശ് ചെന്നിത്തല നായര്‍ പ്രസംഗിക്കുന്നത്. ശരിയാണ്, മണിക്ക് വിദ്യാഭ്യാസം കുറവാണ്, അഞ്ചാം തരത്തില്‍ വച്ച് കുടുംബ പ്രാരാബ്ദങ്ങള്‍ മൂലം പഠനം നിര്‍ത്തി വീട്ടുകാരുടെ കൂടെ തോട്ടം തൊഴിലാളിയായി മല കയറിയവനാണ് എംഎം മണി. വി രാമകൃഷ്ണന്‍ നായരുടെ മകനായി പിറന്ന് ബിഎയും നിയമ ബിരുദവും നേടിയ രമേശ് ചെന്നിത്തല നായര്‍ക്ക് പരിഹസിക്കാന്‍ തക്ക കാരണങ്ങള്‍ തീര്‍ച്ചയായും ഉണ്ട് തന്നെ. വിദ്യാഭ്യാസമാണ് മികച്ച ഭരണാധികാരികള്‍ക്കുള്ള മാനദണ്ഡമെന്നു ധരിച്ചു വെച്ചിരിക്കുന്ന സംസ്ഥാന കോണ്‍ഗ്രസ്സിന്‍റെ തല മുതിര്‍ന്ന നേതാവിന് വേണ്ട മിനിമം ചരിത്രജ്ഞാനമെങ്കിലും നിര്‍ണ്ണയിക്കപ്പെടേണ്ടതാണ്.

എംഎം മണിയെ മന്ത്രിയായി സിപിഎം തീരുമാനിച്ച ദിവസം മലയാള സിനിമാ സംവിധായകനും നടനുമായ ജൂഡ് ആന്തണി തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചത് ‘വെറുതെ സ്കൂളില്‍ പോയി സമയം കളഞ്ഞു’ എന്നാണ്, പതിനായിരത്തില്‍പ്പരം പൊട്ടിച്ചിരികള്‍ കലര്‍ന്ന അനുഭാവലൈക്കുകളും ഷെയറുകളും. എത്രമാത്രം നിഷ്കളങ്കം എന്ന നടിപ്പാണ് നമ്മുടെ പോതുബോധമെന്നു നോക്കൂ. ഒരു മനുഷ്യന്‍റെ സാമ്പത്തിക പരാധീനതകളെ, ആ പരാധീനതകള്‍ നിഷേധിച്ച ഉന്നത വിദ്യാഭ്യാസത്തെ വളരെ ഒഴുക്കോടെ പരിഹസിച്ചു പോകുന്നത് ഏറ്റവും ലളിതമായി പറഞ്ഞാല്‍ പച്ചയായ മനുഷ്യത്വ വിരുദ്ധതയാണ്. കീഴാള തൊഴിലാളികളെ അടിമകള്‍ക്ക് സമം ഉപയോഗിച്ച് പോന്നിരുന്നൊരു കാലത്ത് ദരിദ്ര, കീഴാള, തൊഴിലാളി കുടുംബത്തില്‍ പിറന്ന് അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി എല്ല് മുറിയെ പണിയെടുത്തു പട വെട്ടി ജീവന്‍പണയം വച്ച് ഒരു പ്രസ്ഥാനം പടുത്തുയര്‍ത്തി അന്നാട്ടിലെ തൊഴിലാളികളുടെ നേതാവായി വളര്‍ന്ന് ഇന്നൊരു മന്ത്രി സ്ഥാനത്ത് വരെയെത്തി നില്‍ക്കുന്നൊരു ജനാധിപത്യം തീര്‍ച്ചയായും രമേശ് ചെന്നിത്തലമാര്‍ക്കും ജൂഡ് ആന്തണിമാര്‍ക്കും അന്യമാകാനേ തരമുള്ളൂ.

പക്ഷേ വിദ്യാഭ്യാസം കുറഞ്ഞൊരു മനുഷ്യനെ പരിഹസിച്ചു എന്നൊരു തലത്തിലേക്ക് മാത്രം ഒതുക്കാവുന്ന ഒരു വിഷയമല്ലിത്. മണിയാശാനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ യോഗ്യത എന്നത് മൂന്നാമതോ നാലാമതൊ വരുന്നൊരു വിഷയം മാത്രമാണ്. പിന്നെ എന്തുകൊണ്ട് എംഎം മണി അല്ലെങ്കില്‍ എംഎം മണിമാര്‍?

നോക്കൂ, കേരള രാഷ്ട്രീയത്തിലെ ചാണക്യനായി വിശേഷിപ്പിക്കുന്ന ലീഡര്‍ എന്ന് വിളിപ്പേരുള്ള മുന്‍ മുഖ്യമന്ത്രിയും രമേശ്  ചെന്നിത്തലയുടെ രാഷ്ട്രീയ ഗുരുവുമായിരുന്ന കെ കരുണാകരന്‍ എട്ടാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തി ചിത്രകല അഭ്യസിക്കാന്‍ പോയ വ്യക്തിയാണ്, ഒരുവേള ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ പോലുമെത്തപ്പെടാമെന്നു കേട്ട ആ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത അദ്ദേഹത്തിലെ ഭരണകര്‍ത്താവിനെ, രാഷ്ട്രീയ നേതാവിനെ ഏതെങ്കിലും തരത്തിലും ബാധിച്ചതായി ചെന്നിത്തലമാരുടെ ചിന്തകളില്‍ പോലും കടന്നു ചെല്ലില്ല.

കെ കാമരാജ് എന്നൊരു നേതാവുണ്ടായിരുന്നു തമിഴ്നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന അദ്ദേഹം 60-കളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായാണ് അറിയപ്പെട്ടിരുന്നത്. 1952-54, 1967-75 കാലയളവിൽ അദ്ദേഹം എംപിയുമായിരുന്നു. ഇതിനുപരിയായി അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനുമായിരുന്നു. സൗജന്യ സ്കൂൾ വിദ്യാഭ്യാസം + ഉച്ച ഭക്ഷണം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉറപ്പാക്കിയതിന്റെ പേരിലാണ് കെ കാമരാജ് അറിയപ്പെടുന്നത് (കടപ്പാട്). സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത കാമാരാജിനോട് അദ്ദേഹം ഭരിച്ചിരുന്ന വകുപ്പിന്റെ പേര് ഏത് ഭാഷയില്‍ എഴുതാനും ഒരു ചെന്നിത്തലമാരും ആവശ്യപ്പെടില്ല എന്നിടത്താണ് ആ പരിഹാസത്തിലെ അപകടകരമായ നിഷ്കളങ്കത ഒളിച്ചിരിക്കുന്നത്.

ഇതിനു മുന്നേ വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ പരിഹാസം ഏറ്റുവാങ്ങിയത് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനായിരുന്നു. ബിഎ വിദ്യാഭ്യാസം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും കടന്നു വരുന്നത് പലപ്പോഴും കള്ള് ചെത്തുകാരന്‍ കോരന്‍റെ മകന്‍ എന്നാണ്. ഇലക്ഷന്‍ കാലത്ത് പിണറായി വിജയനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത് പിണറായി വിരൂപനും രാക്ഷസ രൂപിയുമാണ്, അദ്ദേഹം മുഖ്യമന്ത്രിയായാല്‍ നാട് നശിക്കുമെന്നാണ്‌.

വിഷയം വിദ്യാഭ്യാസമോ നിറമോ അല്ല അവര്‍ണ്ണതയാണ്. കീഴാളത്വമാണ്. വര്‍ണ്ണത്തില്‍ കറുത്തിരിക്കുന്ന കുമ്മനം രാജശേഖരന്‍ ഒരിക്കലും ആ വര്‍ണ്ണത്തിന്‍റെ പേരില്‍ പൊതുബോധത്തിന്‍റെ അപമാനം ഏറ്റുവാങ്ങേണ്ടി വരില്ല. മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് എന്ന കാര്‍ട്ടൂണില്‍  പ്രത്യേക്ഷപ്പെട്ട കുമ്മനത്തേയും എംഎം മണിയും ഓര്‍മയില്ലേ, തലേദിവസത്തെ കാര്‍ട്ടൂണില്‍ ചന്ദനക്കുറിയണിഞ്ഞ ‘ആഡ്യത്വ’മുള്ള വെളുത്ത കുമ്മനത്തെയും പിറ്റേ ദിവസമത് കരിയോയില്‍ പുരണ്ട കണക്കിന് മേനിയുള്ള, ക്രൂരഭാവമുള്ള എംഎം മണിയേയും, രണ്ടും പുറത്തു വന്നത് ഒരേ തൂലികയില്‍ നിന്നാണ്, ആ തൂലിക കേവലമൊരു വ്യക്തിയുടേതല്ല, ഒരു സമൂഹത്തിന്‍റെതാണ്.

രമേശ് ചെന്നിത്തല നായരാണ്, പ്രിവിലേജുകള്‍ക്കുള്ളില്‍ ജനിച്ചു വീണ മനുഷ്യന്‍, ജാതി തിരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ തക്കവണ്ണം സാമുദായിക പിന്‍ബലമുള്ള നേതാവ്. കഴിഞ്ഞ ഉമ്മന്‍‌ ചാണ്ടി മന്ത്രി സഭയില്‍ ഒരു നായര്‍ സമുദായക്കാരനെ താക്കോല്‍ സ്ഥാനത്ത് കൊണ്ടു വരണം എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയ്ക്കായി കോലാഹലമുണ്ടാക്കിയത് കേരളത്തിലെയൊരു പ്രബല സമുദായ സംഘടനയുടെ നേതാവാണ്‌. ആ സ്ഥാനത്ത് നായര്‍ പ്രതിനിധിയായി അമര്‍ന്നിരുന്ന മനുഷ്യനാണ് എംഎം മണിയുടെ വിദ്യാഭ്യാസ യോഗ്യതയെയും മന്ത്രി സ്ഥാനത്തേയും പരിഹസിക്കുന്നത്. എംഎം മണിയെ പോലുള്ളവര്‍ക്ക് ഏതു സമുദായ സംഘടന, ഏത് സ്ഥാനം ചോദിച്ചു വരുമെന്നാണ് ചെന്നിത്തല കരുതുന്നത്. അങ്ങനെ വരുന്ന സമുദായ സംഘടനയെ കേരള പോളിറ്റി എത്ര വില നല്‍കി സ്വീകരിക്കുമെന്നാണ് ചെന്നിത്തലമാര്‍ ചിന്തിക്കുന്നത്?

സവര്‍ണ്ണത പ്രതിനിധാനം ചെയ്യുന്ന എല്ലാ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ-സൌന്ദര്യ സങ്കല്‍പ്പ പരിരക്ഷകള്‍ക്കും ഉള്ളില്‍ എല്ലാ പ്രിവിലേജുകളോടും കൂടി ഒരു ഗ്രേഡഡ് ഇന്‍ഈക്വല്‍ സിസ്റ്റത്തില്‍ കിടന്ന്, ഇതൊന്നും സ്വഭാവികമായി വന്നു ചേരാത്ത, പൊരുതി വിജയിച്ച ഒരുവനെ വീണ്ടും വീണ്ടും ഇതേ എലമെന്റുകളുടെ പേരില്‍ പരിഹസിക്കുന്നത് ഒരു മിനിമം പൊളിറ്റിക്കല്‍ സെന്‍സ് പോലും ആ രാഷ്ട്രീയ നേതാവ് ആര്‍ജ്ജിച്ചിട്ടില്ല എന്നതിന് ഉദാഹരണം തന്നെയാണ്.

പ്രിയപ്പെട്ട രമേശ് ചെന്നിത്തല നായര്‍, താങ്കള്‍ ഒരു പ്രതിനിധിയാണ്. ജാത്യാഭിമാനത്തിലൂന്നിയ മനുഷ്യത്വ വിരുദ്ധത അലങ്കാരമാക്കി കൊണ്ടു നടക്കുന്ന സംഘിവത്ക്കരിച്ച ഒരു സമൂഹത്തിന്‍റെ പ്രതിനിധി. പൊളിക്കല്‍ കറക്റ്റ്നെസ് ചികയുന്ന 916 നിഷ്കളങ്കരുടെ ക്യാമറ ലെന്‍സുകള്‍ നിങ്ങളെയും നിങ്ങളുടെ പാര്‍ട്ടിയെയും തിരഞ്ഞ് ഒരിക്കലും വരാന്‍ സാധ്യതയില്ലെന്നൊരു പ്രിവിലേജ് കൂടി നിങ്ങള്‍ക്കുണ്ട്‌. നിങ്ങളുടെ കീഴാള വിരുദ്ധത, മനുഷ്യത്വ വിരുദ്ധത താങ്കള്‍ക്ക് ലഭിച്ച കയ്യടികള്‍ക്കൊപ്പം നേര്‍ത്ത് ഇല്ലാതാകും. കാരണം അത്രമേല്‍ മലീമസമായ സമൂഹമാണിത്. അപ്പോഴും നിരന്തരം നാവാലും കണ്ണാലും പരിഹസിച്ചു മാറ്റി നിര്‍ത്തപ്പെടുന്ന എംഎം മണിമാരെ മന്ത്രി സ്ഥാനത്തുറപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്നൊരു രാഷ്ട്രീയ പക്ഷം നിലവിലുണ്ടെന്നുള്ളത് പ്രതീക്ഷ തന്നെയാണ്, നിങ്ങളുടെ സ്വാഭാവിക നീതി ഒരിക്കലും കടന്നു ചെല്ലാത്ത, എംഎം മണിമാര്‍ മന്ത്രിമാരായിരിക്കുന്ന ജനാധിപത്യത്തിന്‍റെ സൌന്ദര്യം ആസ്വാദ്യകരവുമാണ്.

വാല്‍: വൈദ്യുതി എന്ന് എഴുതാന്‍ മാത്രമല്ല, അത് എല്ലാ വീടുകളിലും എത്തിക്കാനുമറിയാം എന്ന് ചെന്നിത്തലക്ക് എംഎം മണിയുടെ മറുപടി.

മിസ്റ്റര്‍ നായര്‍, ഈ മറുപടിയാണ് നിങ്ങള്‍ക്കുള്ള ഉത്തരം. ഒരു മനുഷ്യനെ അളക്കേണ്ടത് അവരുടെ രൂപത്തെയോ വിദ്യാഭ്യാസ യോഗ്യതയെയോ മറ്റു ലക്ഷണങ്ങളോ നോക്കിയല്ലെന്നും അവരുടെ പ്രവര്‍ത്തികള്‍ നോക്കിയാണെന്നും താങ്കളോട് ഇത്രയും ലളിത ഭാഷയില്‍ പറഞ്ഞ അഞ്ചാം തരക്കാരന്‍ എംഎം മണി യഥാര്‍ത്ഥത്തില്‍ വിവേകത്തില്‍ നിങ്ങളേക്കാളേറെ മുകളിലാണ്. നിങ്ങള്‍ നൂറു ഭാഷകളില്‍ വിദ്യുച്ഛക്തി എന്നെഴുതി കാണിച്ചാലും ആര്‍ജ്ജിക്കാന്‍ സാധ്യതയില്ലാത്തൊരു വിദ്യാഭ്യാസമാണത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍